ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച UNCTAD അന്തർസർക്കാർ വിദഗ്ദ്ധ സംഘത്തിൻ്റെ ഒമ്പതാം സെഷനിൽ ഇന്ത്യ അധ്യക്ഷത വഹിക്കും
प्रविष्टि तिथि:
05 JUL 2026 1:30PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സംഘടന (UNCTAD) 2026 ജൂലൈ 06 മുതൽ 08 വരെ സ്വിറ്റ്‌സർലൻഡിലെ ജനീവയിലുള്ള പാലൈസ് ഡെസ് നേഷൻസിൽ സംഘടിപ്പിക്കുന്ന ഉപഭോക്തൃ സംരക്ഷണ നിയമവും നയവും സംബന്ധിച്ച അന്തർസർക്കാർ വിദഗ്ദ്ധ സംഘത്തിൻ്റെ ഒമ്പതാം സെഷനിൽ ഇന്ത്യ അധ്യക്ഷത വഹിക്കും. ഉപഭോക്തൃ സംരക്ഷണ നിയമത്തിലും നയത്തിലും ഉയർന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അംഗരാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, ഉപഭോക്തൃ സംരക്ഷണ അതോറിറ്റികൾ, അക്കാദമിക് മേഖല, മറ്റ് പങ്കാളികൾ എന്നിവരെ ഈ സെഷൻ ഒരുമിച്ച് ചേർക്കും.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലും നയത്തിലും സഹകരണത്തിനും സംഭാഷണത്തിനുമുള്ള പ്രധാന അന്തർസർക്കാർ വേദിയാണ് ഐക്യരാഷ്ട്രസഭയുടെ ഉപഭോക്തൃ സംരക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ രൂപീകരിച്ച അന്തർസർക്കാർ വിദഗ്ദ്ധ സംഘം.
ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകളിൽ ഇന്ത്യ സജീവമായി പങ്കെടുത്തുവരുന്നു. 2025 ജൂലൈയിൽ ജനീവയിൽ നടന്ന മത്സരവും ഉപഭോക്തൃ സംരക്ഷണവും സംബന്ധിച്ച ഒമ്പതാമത് ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ, ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിനെയും (NCH) അതിൻ്റെ വ്യവഹാരപൂർവ്വ സംയോജന മാതൃകയെയും ഉയർത്തിക്കാട്ടിക്കൊണ്ട്, ഒന്നിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യയുടെ അനുഭവം ഉപഭോക്തൃ കാര്യ വകുപ്പ് പങ്കിട്ടു.
ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി നിധി ഖരെയായിരിക്കും ഇന്ത്യാ ഗവണ്മെൻ്റിനെ പ്രതിനിധീകരിക്കുക. യോഗത്തിൻ്റെ ഒമ്പതാം സെഷന് നേതൃത്വം നൽകാൻ UNCTAD അവരെ നിയോഗിച്ചിട്ടുണ്ട്. ചെയർപേഴ്‌സൺ എന്ന നിലയിൽ, മൂന്ന് ദിവസത്തെ ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുന്ന അവർ പ്രധാന ആഗോള ഉപഭോക്തൃ സംരക്ഷണ മുൻഗണനകളെക്കുറിച്ച് അംഗരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
യോഗം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ
- 2025 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച "ഉപഭോക്തൃ ഉത്പന്ന സുരക്ഷയ്ക്കുള്ള ഐക്യരാഷ്ട്രസഭ തത്വങ്ങൾ" ഔദ്യോഗികമായി അവതരിപ്പിക്കും.
- "തത്ത്വങ്ങൾ എന്തുകൊണ്ട് പ്രധാനമാണ്" എന്ന വിഷയത്തിൽ ഇന്ത്യ പങ്കെടുക്കുന്ന ഉന്നതതല അനൗപചാരിക ചർച്ച ഉണ്ടായിരിക്കും.
- ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ സ്വന്തം രാജ്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഉപഭോക്തൃ സംരക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ (UNGCP) എങ്ങനെ നടപ്പിലാക്കുന്നുവെന്നത് സംബന്ധിച്ച ചർച്ചകൾ നടക്കും.
- ഉപഭോക്തൃ വിവരങ്ങളും വിദ്യാഭ്യാസവും എങ്ങനെ മെച്ചപ്പെടുത്താം, ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിനുള്ള സുസ്ഥിരമായ രീതികൾ, അന്താരാഷ്ട്ര വിപണികളിൽ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കുന്നത് ശക്തിപ്പെടുത്തുക, വ്യത്യസ്ത രാജ്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നിവയിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക.
- അർജൻ്റീനയുടെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും നയങ്ങളും മറ്റ് രാജ്യങ്ങൾ സ്വമേധയാ അവലോകനം ചെയ്യും.
- നിയമങ്ങളിലെയും സ്ഥാപനങ്ങളിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ യോഗം പരിശോധിക്കുകയും, ഉപഭോക്തൃ സംരക്ഷണത്തിൽ വൈദഗ്ധ്യവും പരിശീലനവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുകയും, അടുത്ത സെഷൻ്റെ അജണ്ടയ്ക്കുള്ള റിപ്പോർട്ടും താൽക്കാലിക പദ്ധതിയും അംഗീകരിക്കുകയും ചെയ്യും.
കഴിഞ്ഞ പതിനാല് മാസത്തിനിടെ, 36 മേഖലകളിലായി 1.47 ലക്ഷത്തിലധികം പരാതികൾ കോടതിയിൽ എത്തുന്നതിന് മുമ്പ് പരിഹരിച്ചതിലൂടെ, ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ ജനങ്ങൾക്ക് 91.77 കോടി രൂപയിലധികം റീഫണ്ടായി ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇ-ജാഗ്രിതി എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്ന രീതി ഉപഭോക്തൃ കാര്യ വകുപ്പ് മെച്ചപ്പെടുത്തിയിട്ടുണ്ട്. നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിലൂടെ പ്രക്രിയ സുഗമവും ലളിതവുമായി മാറി. ഈ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാനും, ഹിയറിംഗുകളിൽ വെർച്വലായി പങ്കെടുക്കാനും, കേസുകൾ ഇലക്ട്രോണിക്കായി കൈകാര്യം ചെയ്യാനും, എല്ലാ നടപടിക്രമങ്ങളിലും ഡിജിറ്റലായി പങ്കെടുക്കാനും കഴിയും. പ്രവാസി ഇന്ത്യക്കാർക്കും ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഉപഭോക്താക്കൾക്കും ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും സാധിക്കും. ഇത് രാജ്യമെമ്പാടുമുള്ള തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. ഒമ്പതാം സെഷനിലെ അധ്യക്ഷ പദവി, ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ഇന്ത്യയുടെ നിരന്തരപ്രതിബദ്ധത വ്യക്തമാക്കുന്നു.
***
(रिलीज़ आईडी: 2281379)
आगंतुक पटल : 9