വനിതാ, ശിശു വികസന മന്ത്രാലയം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് വനിതാ പ്രവര്‍ത്തക സമിതി യോഗം ജൂലൈ 6, 7 തീയതികളില്‍ കൊച്ചിയില്‍
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിക്ക് കീഴിൽ സഹകരണം ശക്തിപ്പെടുത്താനും പ്രവര്‍ത്തനഫലങ്ങളുടെ സുപ്രധാന രേഖകള്‍ക്ക് അന്തിമരൂപം നൽകാനും അംഗരാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തും
प्रविष्टि तिथि:
05 JUL 2026 10:11AM by PIB Thiruvananthpuram
ബ്രിക്സ് അധ്യക്ഷപദവിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ബ്രിക്സ് വനിതാ പ്രവര്‍ത്തക സമിതി യോഗം 2026 ജൂലൈ 6, 7 തീയതികളിൽ കൊച്ചിയില്‍ ചേരും. പൊതു മുൻഗണനാ വിഷയങ്ങളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ മേഖലകളിലെയും വനിതാ ശാക്തീകരണത്തെയും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് ബ്രിക്സ് അംഗരാജ്യങ്ങളിലെ മുതിർന്ന ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ യോഗത്തിൽ ഒത്തുചേരും.
"പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവക്കായി ഉൾച്ചേരുക” എന്ന ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതാ പ്രമേയത്തെ അടിസ്ഥാനമാക്കി നാല് മുൻഗണനാ മേഖലകളിലാണ് ബ്രിക്സ് വനിതാ വിഭാഗം ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭരണത്തിലും നേതൃത്വത്തിലും സ്ത്രീ പങ്കാളിത്തം; ഡിജിറ്റൽ-സാമ്പത്തിക രംഗങ്ങളിലെ സ്ത്രീ പങ്കാളിത്തം; വനിതാ സംരംഭകത്വവും നൈപുണ്യ വികസനവും; കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിലും ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും സ്ത്രീകളുടെ പങ്ക് എന്നിവയാണ് ഈ മുന്‍ഗണനാ മേഖലകള്‍.
സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനം മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ ചർച്ചകൾ നടത്താനും പൊതുസമ്മതി രൂപീകരിക്കാനും വനിതാ പ്രവര്‍ത്തക സമിതി യോഗം അംഗരാജ്യങ്ങൾക്ക് അവസരമൊരുക്കും.
ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നീ 11 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ബ്രിക്സ് കൂട്ടായ്മ. ആഗോള ജിഡിപിയുടെ ഏകദേശം 40 ശതമാനവും ഈ രാജ്യങ്ങളുടെ വിഹിതമാണ്.
ലോക ജനസംഖ്യയുടെ ഏകദേശം 49.5 ശതമാനത്തെ ബ്രിക്സ് രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നു. ഇതിൽ സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വികസനം ഓരോ മേഖലയിലെയും പുരോഗതിയെ സ്വാധീനിക്കുന്നതിനാൽ ബ്രിക്സ് 2026-ലെ വനിതാ കേന്ദ്രീകൃത ചര്‍ച്ചകള്‍ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്.
2026 ഏപ്രിൽ 30, മെയ് 22, ജൂൺ 29 തീയതികളിൽ വെർച്വലായി ചേര്‍ന്ന മൂന്ന് പ്രാഥമിക കൂടിയാലോചനാ യോഗങ്ങളുടെ തുടർച്ചയായാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. കൊച്ചിയിലെ യോഗത്തിന് മുന്നോടിയായി ചർച്ചകൾ വിപുലീകരിക്കാൻ വെർച്വൽ യോഗങ്ങൾ അംഗരാജ്യങ്ങള്‍ക്ക് സഹായകമായി.
പ്രായോഗിക സഹകരണത്തിലും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനത്തിലും ബ്രിക്സ് അംഗരാജ്യങ്ങളുടെ പങ്കാളിത്തം ആവര്‍ത്തിച്ചുറപ്പിക്കുന്നതിലൂടെ 2026 ജൂലൈ 8, 9 തീയതികളിൽ നടക്കാനിരിക്കുന്ന ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിന് ശക്തമായ അടിത്തറയൊരുക്കാന്‍ കൊച്ചിയിലെ യോഗത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
****
(रिलीज़ आईडी: 2281234)
आगंतुक पटल : 28