വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

ഉഡാൻ പദ്ധതിയുടെ അടുത്ത ഘട്ടമായ 'വികസിത് ഉഡാൻ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 04 JUL 2026 3:57PM by PIB Thiruvananthpuram

ഇന്ത്യയുടെ സിവിൽ വ്യോമയാന മേഖലയുടെ വലിയ മുന്നേറ്റം അടയാളപ്പെടുത്തി  ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ അടുത്ത ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടവും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.  പ്രാദേശിക വ്യോമയാന സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനും ലോകോത്തര വ്യോമയാന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും ഗവൺമെന്റ് പുലര്‍ത്തുന്ന പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് നടപടി.

രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു കിസൻറാവു ബാഗ്ഡെ, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻ ലാൽ ശർമ, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായിഡു, കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രി ശ്രീ മുരളീധർ മോഹോൾ എന്നിവരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

2016 ഒക്ടോബറിൽ തുടക്കം കുറിച്ച ഉഡാൻ പദ്ധതി ഇതുവരെ 669 വ്യോമപാതകള്‍ പ്രവർത്തനക്ഷമമാക്കുകയും 95 വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, വാട്ടർ എയറോഡ്രോമുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് പ്രാദേശിക വിമാന സർവീസുകളിൽ വലിയ പരിവര്‍ത്തനമുണ്ടാക്കി.  1.66 കോടിയിലധികം യാത്രക്കാർക്കാണ് ഇതിലൂടെ പ്രയോജനം ലഭിച്ചത്. ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ വ്യോമയാന മേഖലയിലെ വികസനം ത്വരിതപ്പെടുത്താനും 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2026 മാർച്ച് 25-ന് പരിഷ്കരിച്ച ഉഡാൻ പദ്ധതിക്ക്  അംഗീകാരം നൽകിയിരുന്നു. അടുത്ത പത്ത് വർഷത്തേക്ക് ഏകദേശം 29,000 കോടി രൂപയുടെ നീക്കിയിരിപ്പോടെയാണ്  പദ്ധതി.

നിലവിൽ സർവീസുകളില്ലാത്ത വിമാനത്താവളങ്ങളെ വികസിപ്പിച്ച് 12,159 കോടി രൂപയുടെ നിക്ഷേപത്തിൽ 100 എയറോഡ്രോമുകൾ നിർമിച്ച് പ്രാദേശിക വ്യോമയാന അടിസ്ഥാനസൗകര്യം വിപുലീകരിക്കാനാണ് പരിഷ്കരിച്ച ഉഡാൻ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ പ്രാദേശിക വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾക്കും പരിപാലനത്തിനും  2,577 കോടി രൂപയും 200 ആധുനിക ഹെലിപാഡുകളുടെ വികസനത്തിന് 3,661 കോടി രൂപയുടെ നിക്ഷേപവും പ്രാദേശിക എയർലൈൻ സർവീസുകൾ നിലനിർത്തുന്നതിന് 10,043 കോടി രൂപയുടെ സാമ്പത്തിക സഹായ ഫണ്ടും പദ്ധതി ഉറപ്പാക്കുന്നു. ആത്മനിർഭർ ഭാരത് കാഴ്ചപ്പാട് കൂടുതൽ ശക്തിപ്പെടുത്തി സർവീസുകൾ കുറഞ്ഞ വിദൂരമേഖലകളിലെ  പ്രവർത്തനങ്ങൾക്ക് എച്ച്എഎൽ ധ്രുവ്,  ഡോർണിയർ  പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ തദ്ദേശീയ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഉപയോഗം  പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിൽ ഏകദേശം 29,000 കോടി രൂപയുടെ ചരിത്രപരമായ വിഹിതത്തോടെ ആരംഭിക്കുന്ന പരിഷ്കരിച്ച  ഉഡാൻ പദ്ധതി  ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ  പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് ചടങ്ങിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായിഡു  പറഞ്ഞു.  2016 മുതൽ ഓരോ ഇന്ത്യക്കാരനും മിതമായ നിരക്കിലും എളുപ്പത്തിലും വിമാനയാത്ര ലഭ്യമാക്കി പ്രധാനമന്ത്രിയുടെ 'ഹവായ് ചപ്പൽ സേ ഹവായ് ജഹാസ്'  എന്ന സ്വപ്നത്തെ ഉഡാൻ സംരംഭം ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റി. ഇന്ന് ഉഡാൻ കേവലം യാത്രാപദ്ധതി മാത്രമല്ല,  മറിച്ച്  കർഷകർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും കരകൗശല വിദഗ്ധർക്കും  വ്യാപാരികള്‍ക്കുമെല്ലാം  വളർച്ചയുടെ പുതിയ അവസരങ്ങൾ നൽകി ഇന്ത്യയുടെ അഭിലാഷങ്ങളെ ശാക്തീകരിക്കുന്ന സംരംഭമാണ്. രണ്ടും മൂന്നും നിര നഗരങ്ങൾ മുതൽ അതിവിദൂര മേഖലകള്‍ വരെ സാമ്പത്തിക വികസനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും  തൊഴിലിന്റെയും  സാമൂഹ്യ പങ്കാളിത്തത്തിന്റെയും  കരുത്തുറ്റ ചാലകശക്തിയായി വ്യോമയാന മേഖല മാറിയിരിക്കുന്നു. 2047-ലെ വികസിത ഭാരതത്തിലേക്ക് നാം മുന്നേറുമ്പോള്‍ ഉഡാന്റെ അടുത്ത ഘട്ടം യാത്രാ സൗകര്യങ്ങൾ  അവസാന തലം വരെ എത്തിക്കുമെന്നും 'സബ്കി ഉഡാൻ, സബ്കാ വികാസ്' എന്ന കാഴ്ചപ്പാട് രാജ്യത്തിന്റെ എല്ലാ കോണുകളിലും യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 480 കോടി രൂപ ചെലവിൽ നിർമിച്ച ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടവും ചടങ്ങിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജസ്ഥാന്റെ പ്രശസ്തമായ 'ബ്ലൂ സിറ്റി'യും ഥാർ മരുഭൂമിയുടെ കവാടവുമായ ജോധ്പൂരിലേക്കുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ മേഖലയുടെ വളർന്നുവരുന്ന വിനോദസഞ്ചാര, വ്യാപാര, സാമ്പത്തിക സാധ്യതകൾക്കും  പുതിയ ടെർമിനൽ ഏറെ സഹായകമാവും.  

23,342 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഈ ടെർമിനൽ തിരക്കേറിയ സമയങ്ങളിൽ  1,500 യാത്രക്കാരെയും പ്രതിവർഷം 20 ലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ്  രൂപകല്പന ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്നതിന് 20 ചെക്ക്-ഇൻ കൗണ്ടറുകൾ, അത്യാധുനിക സുരക്ഷാ പരിശോധനാ സംവിധാനങ്ങള്‍,  ആധുനിക ബാഗേജ് കൈമാറ്റ സൗകര്യങ്ങൾ, ആറ് എയറോബ്രിഡ്ജുകൾ  എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുതുതായി വികസിപ്പിച്ച ആപ്രോണിൽ  11 A-321 വിമാനങ്ങളും ഒരു  ATR-72 വിമാനവും ഒരേസമയം പാർക്ക് ചെയ്യാം. വിമാനത്താവളത്തിന് പുറത്ത് ഏകദേശം 320 കാറുകൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.

 

മാർവാറിന്റെ സമ്പന്ന സാംസ്കാരിക-വാസ്തുവിദ്യാ പൈതൃകത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്ന  പുതിയ ടെർമിനല്‍ യാഥാര്‍ത്ഥ്യമായതില്‍ ജോധ്പൂരിലെയും പടിഞ്ഞാറൻ രാജസ്ഥാൻ മേഖലയിലെയും ജനങ്ങളെ  അഭിനന്ദിക്കുന്നതായി പുതിയ ടെർമിനൽ കെട്ടിടത്തെക്കുറിച്ച് സംസാരിച്ച  കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ രാം മോഹന്‍  നായിഡു പറഞ്ഞു. ടെര്‍മിനലിന്റെ രാജകീയ രാജസ്ഥാനി മുഖഭാവവും  രാജസ്ഥാന്റെ ഊർജസ്വലമായ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഉൾഭംഗിയും  ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദർശകർക്ക് രാജസ്ഥാന്റെ ആതിഥ്യമര്യാദയുടെയും 'പഥാരോ മാരേ ദേശ്'  എന്ന ആതിഥേയ സംസ്കാരത്തിന്റെയും  ആദ്യ അനുഭവം സമ്മാനിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ  നേതൃത്വത്തിൽ ലോകോത്തര അടിസ്ഥാനസൗകര്യവും ഇന്ത്യയുടെ സാംസ്കാരിക സ്വത്വവും സമന്വയിപ്പിക്കുന്ന വിമാനത്താവളങ്ങളാണ് നാം നിർമിക്കുന്നത്.  ഓരോ പുതിയ ടെർമിനലുകളും പുതിയ പാതകളും 2047-ലെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്നുവെന്നും  അദ്ദേഹം വ്യക്തമാക്കി.  

 

പ്രതിവർഷം 4 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടായിരുന്ന നിലവിലെ  ടെർമിനൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ തുടർച്ചയായ വര്‍ധന മൂലം  പരമാവധി പരിധിയിലെത്തിയിരുന്നു. ഭാവി ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം ഊർജക്ഷമമായ സംവിധാനങ്ങളും ജലസംരക്ഷണ നടപടികളും '5-സ്റ്റാർ ഗൃഹ റേറ്റിങ്' ലക്ഷ്യമിടുന്ന ഹരിത കെട്ടിട നിർമാണ രീതികളുമടക്കം പരിസ്ഥിതി സൗഹൃദ സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് പുതിയ ടെര്‍മിനല്‍. രാജസ്ഥാന്റെ രാജകീയ പൈതൃകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ഈ ടെർമിനൽ കമാനങ്ങളും ഝരോഖകളുമടങ്ങുന്ന പരമ്പരാഗത ഘടനകളെ ആധുനിക രൂപകല്പനയുമായി മനോഹരമായി സമന്വയിപ്പിക്കുന്നു.

 

ജോധ്പൂർ വിമാനത്താവളത്തിലെ  പുതിയ അത്യാധുനിക ടെർമിനലിന്റെ ഉദ്ഘാടന വേളയിൽ രാജസ്ഥാനിലെ ജനങ്ങളെ  അഭിനന്ദിക്കുന്നതായി കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രി ശ്രീ മുരളീധർ മോഹോൾ പറഞ്ഞു.  മാർവാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ടെർമിനൽ അതിമനോഹരമായി പ്രദർശിപ്പിക്കുന്നു. മാത്രവുമല്ല, ഉഡാൻ  പദ്ധതി അടുത്ത ഒരു പതിറ്റാണ്ടുകൂടി നീട്ടിയ ചരിത്രപരമായ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയതും ജോധ്പൂരിലാണ്.  പരിഷ്കരിച്ച ഉഡാൻ പദ്ധതി ഇന്ത്യയിലെ എല്ലാ മേഖലകളെയും രാജ്യത്തിന്റെ വളർച്ചാ ചരിത്രത്തിലേക്ക് കൂട്ടിച്ചേർത്ത് വ്യോമയാന മേഖലയെ കൂടുതൽ ജനകീയമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

 

പരിഷ്കരിച്ച ഉഡാൻ പദ്ധതിയുടെ സമാരംഭവും ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്.  പ്രാദേശിക വ്യോമയാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിമാനത്താവളങ്ങളുടെ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുക,  വിനോദസഞ്ചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളം എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യ-സാമ്പത്തിക വികസനം സാധ്യമാക്കുക എന്നിവയുമായി ബന്ധപ്പെട്ട ഗവൺമെന്റിന്റെ ദീർഘവീക്ഷണം ഈ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നു.  

***


(रिलीज़ आईडी: 2281159) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil