ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഓര്‍ഗനൈസര്‍ വീക്കിലിയുടെ എണ്‍പതാം സ്ഥാപക ദിനാഘോഷത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

प्रविष्टि तिथि: 03 JUL 2026 7:53PM by PIB Thiruvananthpuram

വസ്തുതകളെ മാനിച്ചും വിശ്വാസ്യത നിലനിര്‍ത്തിയും  ഏറ്റവും ഉയര്‍ന്ന പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പാലിച്ചും മാധ്യമങ്ങള്‍ ജനങ്ങളെ വിവരങ്ങള്‍ അറിയിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും സജീവമായ പൊതുസംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം അഭിവൃദ്ധിപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി  സി. പി. രാധാകൃഷ്ണന്‍  പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത് അത് ധീരതയോടും ഉത്തരവാദിത്തത്തോടും കൂടി വിനിയോഗിക്കുമ്പോള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന, ഓര്‍ഗനൈസര്‍ വീക്കിലിയുടെ എണ്‍പതാം സ്ഥാപക ദിനാഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രസിദ്ധീകരണത്തിന്റെ 80 വര്‍ഷത്തെ യാത്രയെ 'തുടര്‍ച്ചയുടെയും അതിജീവനത്തിന്റെയും തലമുറകളായി പൊതുസംവാദങ്ങളോടുള്ള നിരന്തരമായ പ്രതിബദ്ധതയുടെയും' പ്രയാണമായാണ് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്. 1949ല്‍ സെന്‍സര്‍ഷിപ്പിനെതിരെ ഈ പ്രസിദ്ധീകരണം നടത്തിയ നിയമ പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഈ സംഭവം സ്വതന്ത്ര ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിണാമത്തില്‍ ഒരു നാഴികക്കല്ലായി മാറിയെന്നും, കഠിനമായ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ തയ്യാറുള്ള ഒരു സ്വതന്ത്ര മാധ്യമത്തിന്റെ പ്രാധാന്യത്തെ ഇത് അടിവരയിടുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ ദശകങ്ങളില്‍ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, സംസ്‌കാരം, ഭരണം എന്നിവയുമായി ബന്ധപ്പെട്ട ദേശീയ സംവാദങ്ങളില്‍ ഓര്‍ഗനൈസര്‍ സജീവ പങ്കാളികളായിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍, പ്രജാപരിഷത്ത് പ്രസ്ഥാനം, ചൈനയുമായും പാകിസ്ഥാനുമായുമുള്ള യുദ്ധകാലത്തെ ദേശീയ സുരക്ഷ, സ്വദേശി പ്രസ്ഥാനം, രാമജന്മഭൂമി പ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാജ്യത്തെ പൊതുജീവിതത്തിലെ മറ്റ് പ്രധാന സംഭവവികാസങ്ങളിലും ഓര്‍ഗനൈസര്‍  നടത്തിയ ഇടപെടലുകളെ അദ്ദേഹം എടുത്തുപറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ഈ പ്രസിദ്ധീകരണം വഹിച്ച പങ്കിന് ആദരവര്‍പ്പിച്ചുകൊണ്ട്, ഭരണഘടനാധിഷ്ഠിത ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ക്ക് 'ഓര്‍ഗനൈസറും' അതിന്റെ സഹോദര പ്രസിദ്ധീകരണമായ 'ദി മദര്‍ലാന്‍ഡും' ഒത്തുചേരലിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ കുറിച്ചു. മാധ്യമസ്വാതന്ത്ര്യം ധീരതയോടെ വിനിയോഗിക്കുമ്പോഴാണ് അതിന്റെ യഥാര്‍ത്ഥ മൂല്യം കൈവരുന്നതെന്ന് ഇത്തരം നിമിഷങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

ചടങ്ങില്‍ ശ്രീ പ്രഫുല്ല കേത്കര്‍, ശ്രീ ഗൗതം ചൗബേ എന്നിവര്‍ ചേര്‍ന്ന് രചിച്ച 'ഹിന്ദുത്വ ഡിസ്‌കോഴ്‌സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ് - റീഡിംഗ് വിത്ത് ഓര്‍ഗനൈസര്‍ പേജസ്' (Hindutva Discourse After Independence – Reading With Organiser Pages), ഡോ. ഉജ്വല ചക്രദേവ് രചിച്ച 'ടെമ്പിള്‍സ് ബിയോണ്ട് ഭാരത്' (Temples Beyond Bharat) എന്നീ പുസ്തകങ്ങളും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ഹിന്ദുത്വ ഡിസ്‌കോഴ്‌സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന പുസ്തകത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, ഓര്‍ഗനൈസറിന്റെ എട്ട് പതിറ്റാണ്ടുകാലത്തെ ഡോക്യുമെന്റേഷന്‍ രാജ്യത്തെ  രാഷ്ട്രീയ, സാമൂഹിക, ബൗദ്ധിക പരിണാമത്തിന്റെ സുപ്രധാനമായ ഒരു ശേഖരമാണെന്നും സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ ആശയങ്ങളുടെ വികാസത്തിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട ജാലകമാണെന്നും  ശ്രീ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ സുപ്രധാന നാഴികക്കല്ലില്‍ ഭാരത് പ്രകാശന്‍ ലിമിറ്റഡിനെയും, എഡിറ്റോറിയല്‍ ടീമിനെയും, വായനക്കാരെയും അഭിനന്ദിച്ചുകൊണ്ട്, 'രാഷ്ട്രത്തിന്റെ ശബ്ദം' എന്ന അതിന്റെ എക്കാലത്തെയും ടാഗ്‌ലൈനോട് നീതി പുലര്‍ത്തി, പലരും അവഗണിക്കാന്‍ ആഗ്രഹിച്ച വിഷയങ്ങളെ ഓര്‍ഗനൈസര്‍ നിരന്തരം മുന്‍നിരയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ശ്രീ. ദത്താത്രേയ ഹൊസബാളെ നടത്തിയ നിരീക്ഷണങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഇടുങ്ങിയതോ സ്വാര്‍ത്ഥപരമോ ആയ താല്പര്യങ്ങളാല്‍ നയിക്കപ്പെടാതെ, വിശാലമായ ദേശീയ താല്പര്യത്തോടും ഇന്ത്യയെ ശക്തവും സമൃദ്ധവും ആത്മവിശ്വാസവുമുള്ള ഒരു രാഷ്ട്രമായി കാണുകയെന്ന ദര്‍ശനത്തോടെയുമുള്ള  പ്രതിജ്ഞാബദ്ധതയോടെ 'രാഷ്ട്രത്തിന്റെ ആത്മാവിന്റെ ശബ്ദമായി' ഓര്‍ഗനൈസര്‍ നിലകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു.

രാഷ്ട്രീയ സ്വയംസേവക് സംഘ് സര്‍കാര്യവാഹ്  ദത്താത്രേയ ഹൊസബാളെ, ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍  അരുണ്‍ കുമാര്‍ ഗോയല്‍, ഓര്‍ഗനൈസര്‍ എഡിറ്റര്‍  പ്രഫുല്ല കേത്കര്‍, രാഷ്ട്രീയ സ്വയംസേവക് സംഘ് ഡല്‍ഹി പ്രാന്ത് സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 
****

(रिलीज़ आईडी: 2280963) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil