ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന നിലയില്‍, ഇന്ത്യയും മാലിയും പ്രഥമ ഇന്ത്യ-മാലി കയറ്റുമതി പ്രോത്സാഹന ഫോറം സംഘടിപ്പിച്ചുകൊണ്ട് വളര്‍ന്നുവരുന്ന വാണിജ്യ പങ്കാളിത്തത്തിന് സ്ഥാപനപരമായ രൂപം നല്‍കി. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ആഴത്തിലുള്ള വ്യാപാര, നിക്ഷേപ സഹകരണത്തിന് വഴിയൊരുക്കുന്നു.
'വ്യാപാരവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തല്‍' എന്ന പ്രമേയത്തില്‍ ബമാകോയില്‍ നടന്ന ദ്വിദിന ഫോറത്തില്‍ മാലിയുടെ ഇടക്കാല സര്‍ക്കാര്‍ പ്രധാനമന്ത്രി മേജര്‍ ജനറല്‍ അബ്ദുല്ലായ് മൈഗ അധ്യക്ഷത വഹിച്ചു. മാലി വ്യവസായ-വ്യാപാര മന്ത്രാലയം, ബമാകോയിലെ ഇന്ത്യന്‍ എംബസി, മാലി കയറ്റുമതി പ്രോത്സാഹന ഏജന്‍സി (APEX-Mali) എന്നിവ സംയുക്തമായാണ് ഫോറം സംഘടിപ്പിച്ചത്. ഇരു സര്‍ക്കാരുകളിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യയില്‍ നിന്നുള്ള മുപ്പതോളം ബിസിനസ്സ് പ്രമുഖരും ഫോറത്തില്‍ പങ്കെടുത്തു. കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (എഫ്.ടി-ആഫ്രിക്ക) ശ്രീ. അമിത് കുമാറാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. മാലിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. എന്‍. നന്ദകുമാര്‍ പരിപാടിയിലുടനീളം ഇന്ത്യന്‍ മിഷനെ പ്രതിനിധീകരിച്ചു.
ഇന്ത്യയും മാലിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വര്‍ദ്ധനവോടെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 326.61 മില്യണ്‍ യുഎസ് ഡോളര്‍ മറികടന്നു. അസംസ്‌കൃത പരുത്തി, സംസ്‌കരിച്ച തുകല്‍, കശുവണ്ടി, ഈയം, ഗം അറബിക്, എള്ള് എന്നിവയാണ് മാലിയുടെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതികള്‍. അതേസമയം മരുന്നുകള്‍, പരുത്തി വസ്ത്രങ്ങള്‍, ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍, സൈക്കിളുകള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. ഇന്ത്യയുടെ ഡ്യൂട്ടി ഫ്രീ താരിഫ് പ്രിഫറന്‍സ് (DFTP) പദ്ധതിയാണ് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. മാലിയുടെ ആകെ ആഗോള കയറ്റുമതി ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരിക്കെ, ഇന്ത്യന്‍ വിപണിയില്‍ ഇനിയും പ്രയോജനപ്പെടുത്താത്ത കയറ്റുമതി സാധ്യത ഏകദേശം 3.96 ബില്യണ്‍ യുഎസ് ഡോളര്‍ ആയി കണക്കാക്കപ്പെടുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വളര്‍ച്ചയ്ക്കുള്ള ഗണ്യമായ സാധ്യതകളെയാണ് സൂചിപ്പിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിനും, സോണാലിക ട്രാക്ടറുകളും, മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നിവര്‍ നിര്‍മ്മിച്ച വാഹനങ്ങളും പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍, മാലി എക്‌സിബിഷന്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചതിനും ശേഷം ബിസിനസ്സ്-ടു-ബിസിനസ്സ് (B2B), ബിസിനസ്സ്-ടു-ഗവണ്‍മെന്റ് (B2G), ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് (G2G) തലങ്ങളിലുള്ള വിപുലമായ ചര്‍ച്ചകളില്‍ പ്രതിനിധി സംഘങ്ങള്‍ പങ്കെടുത്തു. ബിസിനസ്സ് സാധ്യതകളെ വാണിജ്യ പങ്കാളിത്തങ്ങളായും ധാരണാപത്രങ്ങളായും മാറ്റുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗ ഊര്‍ജ്ജം, ഫാര്‍മസ്യൂട്ടിക്കല്‍സ്, തുണിത്തരങ്ങള്‍, വാഹനനിര്‍മ്മാണം, ഖനനം എന്നീ മേഖലകളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.
രണ്ടാം ദിവസം, ഇന്ത്യന്‍ പ്രതിനിധി സംഘം മാലിയുടെ വ്യവസായ, വ്യാപാര മന്ത്രി ശ്രീ. മൂസ അലസ്സാനെ ഡിയാല്ലോയുമായി കൂടിക്കാഴ്ച നടത്തി. ഉടനടിയുള്ള നിക്ഷേപ സാധ്യതകള്‍ക്കായി തയ്യാറാക്കിയ 'റെഡിമെയ്ഡ് ബിസിനസ്സ് പ്ലാനുകള്‍' അപെക്‌സ്മാലി അവതരിപ്പിച്ചു. പ്രതിനിധി സംഘം പിന്നീട് മാലി ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയേയും സന്ദര്‍ശിച്ചു.
ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള മുന്‍ഗണനാ മേഖലകളായി പരുത്തി തുണിത്തരങ്ങള്‍, ഖനനവും ഊര്‍ജ്ജവും, കാര്‍ഷികവ്യവസായവും ഷിയാ സംസ്‌കരണവും, ഫാര്‍മസ്യൂട്ടിക്കല്‍സ്, കൂടാതെ ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടുന്ന സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇരുപക്ഷവും തിരിച്ചറിഞ്ഞു. സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ഡിജിറ്റൈസ് ചെയ്യുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭ്യമാക്കുന്നതിലും, അംഗീകൃത ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കുന്നതിലും മാലി ശക്തമായ താല്‍പര്യം പ്രകടിപ്പിച്ചു. ഷിയാനട്ട് കയറ്റുമതി നിരോധനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ പക്ഷം ആവശ്യപ്പെടുകയും, ഇന്ത്യന്‍ പൗരന്മാരുടേയും നിക്ഷേപങ്ങളുടേയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ദീര്‍ഘകാല പങ്കാളിത്തത്തിന്റെ അടിത്തറ എന്ന നിലയിലാണ് ഈ ഫോറം വിഭാവനം ചെയ്യപ്പെട്ടത്. ബിസിനസ്സ് അന്തരീക്ഷം സുരക്ഷിതമാക്കുന്നതിനും വിഷന്‍ മാലി 2063 കര്‍മ്മപദ്ധതിക്ക് കീഴില്‍ പശ്ചിമാഫ്രിക്കയുടെ ഒരു തന്ത്രപ്രധാന നിക്ഷേപ കേന്ദ്രമായി മാറുന്നതിനുമുള്ള മാലിയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ടാണ് ഫോറം അവസാനിച്ചത്. ഇതിന്റെ അടുത്ത സുപ്രധാന ഘട്ടമെന്ന നിലയില്‍, 2026 ഡിസംബര്‍ 3, 4 തീയതികളില്‍ ഒരു പ്രത്യേക നിക്ഷേപ ഫോറം സംഘടിപ്പിക്കുമെന്ന് മാലി പ്രഖ്യാപിച്ചു. ഇതില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്കായി കൂടുതല്‍ ലാഭകരമായ പ്രോജക്ടുകള്‍ ലഭ്യമാക്കും.