പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജൂലൈ 4-ന് രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും


ബാലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

പെട്രോകെമിക്കൽസ്, നഗര ഗതാഗതം, റെയിൽവേ, റോഡുകൾ, പുനരുപയോഗ ഊർജ്ജം, ഊ‍ർജ്ജ പ്രസരണം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലായി ഈ പദ്ധതികൾ വ്യാപിച്ചുകിടക്കുന്നു

ബാലോത്രയിലെ പച്പദ്രയിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

റിഫൈനിംഗും പെട്രോകെമിക്കൽ ഉൽപ്പാദനവും സമന്വയിപ്പിക്കുന്ന ഈ അത്യാധുനിക സമുച്ചയം 79,450 കോടിയിലധികം രൂപാ നിക്ഷേപത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്

ജയ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

ജോധ്പൂരിൽ മോഡിഫൈഡ് ഉഡാൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജോധ്പൂർ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യയുടെ സെമികണ്ടക്ടർ നിർമ്മാണ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, അഹമ്മദാബാദിലെ സാനന്ദിലുള്ള CG സെമി OSAT കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

സെമികണ്ടക്ടർ അസംബ്ലിയും ടെസ്റ്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എൻഡ്-ടു-എൻഡ് OSAT കേന്ദ്രങ്ങളിലൊന്നാണ് CG സെമി പ്ലാന്റ്

ഈ പ്ലാന്റ് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 5 ബില്യൺ സെമികണ്ടക്ടർ ചിപ്പുകൾ വരെ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടാകും

प्रविष्टि तिथि: 03 JUL 2026 11:25AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 4-ന് രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും. രാവിലെ 10:45ന് പ്രധാനമന്ത്രി ജോധ്പൂർ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ജോധ്പൂരിൽ മോഡിഫൈഡ് ഉഡാൻ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 12:15ന് അദ്ദേഹം ബാലോത്ര സന്ദർശിക്കുകയും അവിടെ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളും സമർപ്പണവും ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

തുടർന്ന് പ്രധാനമന്ത്രി ഗുജറാത്തിലേക്ക് യാത്ര തിരിക്കും. വൈകുന്നേരം 4:30 ന് പ്രധാനമന്ത്രി അഹമ്മദാബാദിലെ സാനന്ദിലുള്ള CG സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങിലും അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ജോധ്പൂരിൽ

വ്യോമയാന മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകിക്കൊണ്ട്, പ്രാദേശിക കണക്റ്റിവിറ്റിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രധാനമന്ത്രി ജോധ്പൂരിൽ മോഡിഫൈഡ് ഉഡാൻ പദ്ധതിക്ക് തുടക്കം കുറിക്കും. ഇത് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ രംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുകയും "ഉഡേ ദേശ് കാ ആം നാഗരിക്" (രാജ്യത്തെ സാധാരണക്കാരനും വിമാനയാത്ര സാധ്യമാക്കുക) എന്ന കാഴ്ചപ്പാടിനെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. അടുത്ത 10 വർഷത്തേക്ക് 28,840 കോടി രൂപയുടെ വിഹിതത്തോടെ, വ്യോമയാന മേഖലയുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ അടുത്ത ഘട്ടത്തെ ത്വരിതപ്പെടുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. സമഗ്രവും സുസ്ഥിരവുമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നിലധികം തന്ത്രപ്രധാന ഘടകങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

രാജ്യത്തുടനീളം വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി നിലവിൽ സർവീസ് ഇല്ലാത്ത എയർസ്ട്രിപ്പുകളിൽ നിന്ന് 100 എയറോഡ്രോമുകൾ വികസിപ്പിക്കുന്നതിനാണ് പ്രധാന ഊന്നൽ നൽകുന്നത്. ഇതിന് 12,000 കോടിയിലധികം രൂപയുടെ ചെലവ് വരും. കൂടാതെ പ്രാദേശിക വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിന്റെ പ്രാരംഭ വർഷങ്ങളിൽ അവയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനുള്ള ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് (O&M - പ്രവർത്തനവും പരിപാലനവും) പിന്തുണയ്ക്കായി 2,500 കോടിയിലധികം രൂപ നീക്കിവെച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളിലെയും ദുർഘടമായ ഭൂപ്രദേശങ്ങളിലെയും യാത്രാ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി 200 ആധുനിക ഹെലിപാഡുകൾ വികസിപ്പിക്കാനും ഈ പദ്ധതി നിർദ്ദേശിക്കുന്നു.

പ്രാദേശിക സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്ന് ഉറപ്പാക്കുന്നതോടൊപ്പം തന്നെ ക്രമേണ വാണിജ്യപരമായ ലാഭക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി എയർലൈനുകൾക്ക് 10,000 കോടിയിലധികം രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) പിന്തുണയും ഈ പദ്ധതിയിലൂടെ തുടരും. ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിനെ കൂടുതൽ ശക്തമാക്കിക്കൊണ്ട്, സർവീസുകൾ കുറവുള്ള പ്രദേശങ്ങളിൽ കണക്റ്റിവിറ്റിയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി HAL ധ്രുവ്, ഡോർണിയർ പ്ലാറ്റ്‌ഫോമുകൾ പോലുള്ള തദ്ദേശീയ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.

ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടവും ഉദ്ഘാടനം ചെയ്യും. ആകെ 480 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. 23,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ടെർമിനൽ കെട്ടിടം പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സു​ഗമവും സുഖപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി അത്യാധുനിക യാത്രാ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

രാജസ്ഥാന്റെ രാജകീയ പൈതൃകത്തിൽ നിന്ന് വാസ്തുവിദ്യാ പ്രചോദനം ഉൾക്കൊണ്ടാണ് ഈ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്, ഇത് കമാനങ്ങളും ജരോഖകളും പോലുള്ള പരമ്പരാഗത ഘടകങ്ങളെ സമകാലിക രൂപകൽപ്പനയുമായി മനോഹരമായി സമന്വയിപ്പിക്കുന്നു. 5-സ്റ്റാർ GRIHA റേറ്റിംഗ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഊർജ്ജ-കാര്യക്ഷമതയുള്ള സംവിധാനങ്ങൾ, ജലസംരക്ഷണ നടപടികൾ, ഹരിത കെട്ടിട നിർമ്മാണ രീതികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സുസ്ഥിരതയ്ക്കും ടെർമിനലിന്റെ രൂപകൽപ്പനയിൽ മുൻഗണന നൽകിയിട്ടുണ്ട്. ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മേഖലയിലെ വിനോദസഞ്ചാരം, വ്യാപാരം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകും.

പ്രധാനമന്ത്രി ബാലോത്രയിൽ 

ബാലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നി‍‍ർവഹിക്കും. ഈ പദ്ധതികൾ പെട്രോകെമിക്കൽസ്, നഗര ഗതാഗതം, റെയിൽവേ, റോഡുകൾ, പുനരുപയോഗ ഊർജ്ജം, ഊർജ്ജ പ്രസരണം തുടങ്ങി ഒന്നിലധികം മേഖലകളിലുടനീളം വ്യാപിച്ചുകിടക്കുന്നു. 

രാജ്യത്തെ ഊർജ്ജ-പെട്രോകെമിക്കൽ മേഖലയിലെ ഒരു ചരിത്ര നേട്ടം അടയാളപ്പെടുത്തിക്കൊണ്ട്, ബാലോത്രയിലെ പച്പദ്രയിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) രാജസ്ഥാൻ ​ഗവൺമെന്റും തമ്മിലുള്ള സംയുക്ത സംരംഭമായി വികസിപ്പിച്ചെടുത്ത, പ്രതിവർഷം 9 ദശലക്ഷം മെട്രിക് ടൺ (9 MMTPA) ശേഷിയുള്ള ഈ ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് 79,450 കോടിയിലധികം രൂപയുടെ നിക്ഷേപത്തിലാണ് സ്ഥാപിച്ചത്.

റിഫൈനിംഗും പെട്രോകെമിക്കൽ ഉൽപ്പാദനവും സംയോജിപ്പിക്കുന്ന ഈ അത്യാധുനിക കോംപ്ലക്സിന് പ്രതിവർഷം 2.4 ദശലക്ഷം മെട്രിക് ടൺ (2.4 MMTPA) പെട്രോകെമിക്കൽ ശേഷിയുണ്ട്. 17.0 എന്ന ഉയർന്ന നെൽസൺ കോംപ്ലക്സിറ്റി ഇൻഡക്സുള്ള ഈ റിഫൈനറിയുടെ പെട്രോകെമിക്കൽ ഉൽപ്പാദനക്ഷമത 26 ശതമാനത്തിന് മുകളിലാണ്. ഇത് കാര്യക്ഷമതയുടെയും സുസ്ഥിരതയുടെയും കാര്യത്തിൽ ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ളതാണ്.

ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും പെട്രോകെമിക്കൽ മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിലും വ്യവസായ വളർച്ചയ്ക്ക് വേഗത കൂട്ടുന്നതിലും ഈ പദ്ധതി ഒരു നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ ഒരു പെട്രോകെമിക്കൽ ആൻഡ് പ്ലാസ്റ്റിക് പാർക്ക് വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചാലക വ്യവസായമായി ഇത് പ്രവർത്തിക്കും. ഇത് അനുബന്ധ വ്യവസായങ്ങളെയും ചെറുകിട മേഖലകളെയും പ്രോത്സാഹിപ്പിക്കും. വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സജ്ജമായ ഈ റിഫൈനറി ഈ മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകും.

13,000 കോടിയിലധികം രൂപ ചെലവ് വരുന്ന ജയ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. രണ്ടാം ഘട്ടത്തിൽ പ്രഹ്ലാദ്പുര മുതൽ തോഡി മോഡ് വരെ 41 കിലോമീറ്റർ നീളമുള്ള വടക്ക്-തെക്കൻ മെട്രോ ഇടനാഴി വികസിപ്പിക്കും. ഇത് സീതാപുര, വിശ്വകർമ്മ ഇൻഡസ്ട്രിയൽ ഏരിയ (VKI) എന്നീ വ്യാവസായിക, റെസിഡൻഷ്യൽ മേഖലകളെ 36 സ്റ്റേഷനുകളിലൂടെ ബന്ധിപ്പിക്കും. ഈ ഇടനാഴി സീതാപുര ഇൻഡസ്ട്രിയൽ ഏരിയ, VKI, ജയ്പൂർ വിമാനത്താവളം, ടോങ്ക് റോഡ്, എസ്എംഎസ് ഹോസ്പിറ്റൽ, എസ്എംഎസ് സ്റ്റേഡിയം, അംബാബാരി, വിദ്യാധർ നഗർ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് സു​ഗമമായ കണക്റ്റിവിറ്റി നൽകും. ഈ പദ്ധതി ജയ്പൂരിലെ പ്രധാന വ്യാവസായിക, റെസിഡൻഷ്യൽ മേഖലകളിലേക്കുള്ള യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുത്തും. ഒപ്പം താമസക്കാർക്ക് വേഗതയേറിയതും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ പൊതുഗതാഗതം പ്രദാനം ചെയ്യും. ഒന്നാം ഘട്ടത്തിന് കീഴിൽ 11 സ്റ്റേഷനുകളുള്ള 11.64 കിലോമീറ്റർ മെട്രോ ഇടനാഴി നിലവിൽ പ്രവർത്തനക്ഷമമാണ്.

900 കോടിയോളം രൂപാ ചെലവിൽ നിർമ്മിച്ച ചുരു-സാദുൽപൂർ (58 കി.മീ), ചുരു-രതൻഗഡ് (46 കി.മീ) റെയിൽ ഇരട്ടിപ്പിക്കൽ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ആകെ 104 കിലോമീറ്റർ നീളമുള്ള ഈ പദ്ധതികൾ വടക്ക്-പടിഞ്ഞാറൻ രാജസ്ഥാനിലെ റെയിൽ കണക്റ്റിവിറ്റി ശക്തമാക്കും. ഇവ റെയിൽ പാതയുടെ ശേഷി വർധിപ്പിക്കുകയും റെയിൽ ശൃംഖലയിലെ തിരക്ക് കുറയ്ക്കുന്നതോടൊപ്പം തന്നെ പാസഞ്ചർ, ചരക്കു ട്രെയിനുകളുടെ കൂടുതൽ സുഗമവും സുരക്ഷിതവും കൃത്യസമയത്തുള്ളതുമായ ഓട്ടത്തിന് വഴിയൊരുക്കുകയും ചെയ്യും. ഈ പദ്ധതികൾ ഈ മേഖലയിലെ നിക്ഷേപം, തൊഴിലവസരങ്ങൾ, വ്യവസായ വികസനം എന്നിവയ്ക്ക് വലിയൊരു ഉത്തേജനവും നൽകും.

740 കോടിയോളം രൂപാ ചെലവിൽ വികസിപ്പിച്ച ദേശീയപാത-125A (NH-125A)-യുടെ ഭാഗമായ ജോധ്പൂർ റിംഗ് റോഡ് സെക്ഷൻ-2 (കർവാർ-ദാംഗിയാവാസ്) നാലുവരിപ്പാതയാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി ജോധ്പൂരിന് ചുറ്റുമുള്ള പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുകയും ചെയ്യും.

കൂടാതെ, ഏകദേശം 5,500 കോടി രൂപയുടെ നിക്ഷേപത്തിൽ വികസിപ്പിച്ച എസ്.ജെ.വി.എൻ ലിമിറ്റഡിന്റെ 1,000 മെഗാവാട്ട് ബിക്കാനീർ സൗരോർജ്ജ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. രാജ്യത്ത് തന്നെ നിർമ്മിച്ച 24.22 ലക്ഷം സോളാർ മൊഡ്യൂളുകളാണ് ഈ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നത്. എൻ.എച്ച്.പി.സി-യുടെ 300 മെഗാവാട്ട് കർണിസർ ബിക്കാനീർ സൗരോർജ്ജ പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. തദ്ദേശീയമായി നിർമ്മിച്ച ഏകദേശം 7.75 ലക്ഷം സോളാർ പിവി സെല്ലുകളും മൊഡ്യൂളുകളുമാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്.

രാജസ്ഥാൻ പുനരുപയോഗ ഊർജ്ജ മേഖലയിൽ നിന്ന് (REZ) ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്നതിനായി 1,900 കോടിയിലധികം രൂപാ ചെലവിൽ നിർമ്മിച്ച പ്രസരണ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ രാജസ്ഥാൻ REZ-ന് വേണ്ടിയുള്ള 530 കിലോമീറ്റർ നീളമുള്ള പവർ ട്രാൻസ്മിഷൻ സിസ്റ്റത്തിന് തറക്കല്ലിടുകയും ചെയ്യും. ഈ പ്രസരണ സംവിധാനങ്ങൾ രാജസ്ഥാനിൽ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജത്തിന്റെ വിതരണം സുഗമമാക്കുകയും സംസ്ഥാനത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും.

രാജസ്ഥാൻ ​ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലേക്ക് നിയമനം ലഭിച്ച ഏകദേശം 54,000 യുവാക്കൾക്കുള്ള നിയമന ഉത്തരവുകളും പ്രധാനമന്ത്രി ചടങ്ങിൽ വെച്ച് കൈമാറും. വിദ്യാഭ്യാസം, ഊർജ്ജം, ആഭ്യന്തരം, പഞ്ചായത്തീരാജ്, ഗതാഗതം, ഉന്നതവിദ്യാഭ്യാസം, നൈപുണ്യ വികസനം, ആസൂത്രണം, കൃഷി, വിവരസാങ്കേതികവിദ്യ, ഭരണപരിഷ്കാരം എന്നീ വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ഉദ്യോഗാർത്ഥികൾ.

പ്രധാനമന്ത്രി സാനന്ദിൽ 

ഗുജറാത്തിലെ സാനന്ദിലുള്ള CG സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പ്ലാന്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ‌സെമികണ്ടക്ടർ നിർമ്മാണ പ്രയാണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ഉദ്ഘാടനം. ആഗോള സെമികണ്ടക്ടർ വാല്യൂ ചെയിനിൽ ഇന്ത്യയുടെ സ്ഥാനം ശക്തമാക്കുന്നതിലേക്ക് വെക്കുന്ന ഒരു വലിയ ചുവടുവെപ്പാണിത്. ഇന്ത്യ സെമികണ്ടക്ടർ മിഷന് (ISM) കീഴിൽ ആദ്യമായി അനുമതി ലഭിച്ച നാല് പദ്ധതികളിലൊന്നായ ഇത് 7,500 കോടിയിലധികം രൂപയുടെ ആകെ നിക്ഷേപത്തിലാണ് വികസിപ്പിച്ചെടുത്തത്.

ഈ പ്ലാന്റ് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 5 ബില്യൺ സെമികണ്ടക്ടർ ചിപ്പുകൾ വരെ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടാകും; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് എന്നിവയിലെ അതിവേഗ മുന്നേറ്റങ്ങൾ കാരണം മെമ്മറി, സ്റ്റോറേജ് സൊല്യൂഷനുകൾക്കായി ആഗോളതലത്തിൽ വർധിച്ചുവരുന്ന ആവശ്യകത പരിഹരിക്കാൻ ഇത് സഹായിക്കും. ഓട്ടോമോട്ടീവ്, വ്യവസായം, ടെലികമ്മ്യൂണിക്കേഷൻസ്, 5G, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നീ മേഖലകളിലെ ഉപഭോക്താക്കൾക്കായിരിക്കും ഈ കേന്ദ്രം പ്രധാനമായും പ്രയോജനപ്പെടുക. വേഫർ സോർട്ടിംഗ്, അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജ് ഡിസൈൻ, ഫെയിലിയർ അനാലിസിസ്, ടെസ്റ്റ് പ്രോഗ്രാം വികസനം, പ്രൊഡക്ട് ക്യാരക്ടറൈസേഷൻ, ലോജിസ്റ്റിക്സ് പിന്തുണ എന്നിവയുൾപ്പെടെയുള്ള എൻഡ്-ടു-എൻഡ് സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റിംഗ് സേവനങ്ങൾ ഈ CG സെമി പ്ലാന്റ് വാഗ്ദാനം ചെയ്യുന്നു.

വിശ്വസനീയവും സ്വയംപര്യാപ്തവുമായ ഒരു സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയെ ഈ പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതിലൂടെ അടിവരയിടുന്നു. ഒപ്പം രാജ്യത്ത് പ്രതിരോധശേഷിയുള്ളതും സ്വയംപര്യാപ്തവുമായ ഒരു സാങ്കേതിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ ദർശനവുമായും ഇത് യോജിക്കുന്നു.

***

NK


(रिलीज़ आईडी: 2280643) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Bengali-TR , Assamese , English , Urdu , हिन्दी , Gujarati , Tamil , Telugu , Kannada