റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
അടിയന്തര പരിചരണത്തിന് കരുത്തേകാന്‍ റോഡ് ആംബുലൻസുകൾക്ക് മികച്ച സുരക്ഷാ വ്യവസ്ഥകളുമായി കേന്ദ്രം
प्रविष्टि तिथि:
02 JUL 2026 4:28PM by PIB Thiruvananthpuram
രാജ്യത്തുടനീളം റോഡ് ആംബുലൻസുകളുടെ സുരക്ഷ, പ്രവർത്തനക്ഷമത, മെഡിക്കല്‍ ശേഷികൾ എന്നിവ ശക്തിപ്പെടുത്താന്‍ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്-125 (AIS-125) ൽ ഭേദഗതികൾ വരുത്താൻ കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം നിർദേശിച്ചു. അടിയന്തര പരിചരണത്തിൽ രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിലും ഗുരുതരാവസ്ഥയിലായ രോഗികൾക്ക് വിദഗ്ദ്ധ ജീവൻരക്ഷാ സഹായം നൽകുന്നതിലും റോഡ് ആംബുലൻസുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിൽ ഓരോ വർഷവും റോഡപകടങ്ങളിൽ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത്. ഇതിൽ പലതും കൃത്യസമയത്ത് വൈദ്യസഹായം നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാവുന്ന അപകടങ്ങളാണ്. റോഡപകടങ്ങളിൽപ്പെടുന്നവരെ ആദ്യ ഒരു മണിക്കൂറിനകം (ഗോള്‍ഡന്‍ അവര്‍) ആശുപത്രിയിലെത്തിച്ചാല്‍ ഏകദേശം 50 ശതമാനം മരണങ്ങളും ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മോട്ടോർ വാഹനങ്ങൾ മൂലമുണ്ടാകുന്ന റോഡപകടങ്ങളിൽപ്പെടുന്ന എല്ലാവര്‍ക്കും ആവശ്യമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി - റോഡ് ആക്സിഡൻ്റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേർഡ് ട്രീറ്റ്മെൻ്റ് (പിഎം-രാഹത്) പോലുള്ള പദ്ധതികള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായവര്‍ക്ക് റോഡ് ആംബുലൻസുകൾ എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതും ഏറെ പ്രധാനമാണ്. കൂടാതെ ഈ വാഹനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രവർത്തന സൗകര്യമുള്ളതും യാത്രയിലുടനീളം രോഗികൾക്ക് പരമാവധി ആശ്വാസവും സുരക്ഷയും നൽകുന്ന തരത്തില്‍ രൂപകല്പന ചെയ്തതുമാകണം.
റോഡ് ആംബുലൻസുകളുടെ നിർമാണപരവും പ്രവർത്തനപരവുമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം 2016 സെപ്റ്റംബർ 8-ലെ ജി.എസ്.ആർ. 868(E) വിജ്ഞാപന പ്രകാരം AIS-125 (ഭാഗം 1) മാനദണ്ഡം വിജ്ഞാപനം ചെയ്തിരുന്നു. തുടർന്ന് വിവിധ വിഭാഗങ്ങളിലെ റോഡ് ആംബുലൻസുകൾക്ക് അവയുടെ നിർദിഷ്ട ചുമതലകൾ നിർവഹിക്കാനാവശ്യമായ മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന മാർഗനിർദേശ മാനദണ്ഡമായാണ് AIS-125 (ഭാഗം 2) പ്രസിദ്ധീകരിച്ചത്.
റോഡ് ആംബുലൻസുകളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാന്‍ AIS-125 (ഭാഗം 1), AIS-125 (ഭാഗം 2) എന്നിവയിലെ ഭേദഗതികൾ ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. താഴെ നല്‍കിയിരിക്കുന്ന പ്രത്യേക വിഭാഗം ആംബുലൻസുകളും ഈ ഭേദഗതികളിൽ ഉൾപ്പെടുന്നു:
(i) നവജാതശിശു റോഡ് ആംബുലൻസ് – അസുഖബാധിതരോ മാസം തികയാതെ പ്രസവിച്ചതോ ആയ കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സയ്ക്ക് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ രൂപകല്പന ചെയ്തത്.
(ii) മൾട്ടി-സ്ട്രെച്ചർ റോഡ് ആംബുലൻസ് – ഒന്നിലധികം സ്ട്രെച്ചറുകൾ വഹിക്കാനാവുന്നതും എന്നാൽ സാധാരണ ഒരു സമയം ഒരു രോഗിക്ക് തീവ്രപരിചരണ ചികിത്സ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ആംബുലൻസ്.
നിർബന്ധിത രക്ഷാപ്രവർത്തന ഉപകരണങ്ങൾ
കൂടാതെ റോഡപകടങ്ങളിൽ തകർന്ന വാഹനങ്ങളിൽ നിന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാനും ആംബുലൻസ് തന്നെ ഏതെങ്കിലും അപകടത്തിൽപ്പെടുകയാണെങ്കിൽ രക്ഷാപ്രവർത്തനത്തിന് സഹായമാകാനും ക്ലാസ് ബി, സി, ഡി വിഭാഗങ്ങളിലെ എല്ലാ റോഡ് ആംബുലൻസുകളിലും അടിയന്തര രക്ഷാപ്രവർത്തന ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കണം.
ഇ-ആംബുലൻസുകൾക്ക് പ്രത്യേക വൈദ്യുതി സ്രോതസ്സ്
രോഗീപരിചരണത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ ഹരിത ഗതാഗതത്തിലേക്ക് മാറാന്‍ സഹായിക്കുന്നതിന് ഇ-ആംബുലൻസുകളിൽ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാന്‍ പ്രത്യേക വൈദ്യുതി സ്രോതസ്സുകൾ ഉറപ്പാക്കണം. ഇതിനുപുറമെ, ആംബുലൻസുകളിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ മെഡിക്കൽ ഉപകരണങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ചും AIS-125 (ഭാഗം 2) വ്യക്തമാക്കുന്നുണ്ട്.
അന്തിമരൂപം നൽകുന്നതിന് മുന്നോടിയായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കാന്‍ 2026 മെയ് 14 ന് ജിഎസ്ആർ 382(E) പുറപ്പെടുവിച്ച കരട് വിജ്ഞാപനം മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്ന തീയതി മുതൽ ഈ ഭേദഗതികൾ പ്രാബല്യത്തിൽ വരും.
****
(रिलीज़ आईडी: 2280520)
आगंतुक पटल : 3