ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ ഇന്ത്യ സംരംഭം 11 വർഷം പൂർത്തിയാക്കുമ്പോൾ: മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും ഡിജിറ്റൽ വിപണികളും ജീവിതം സുഗമമാക്കുന്നു

प्रविष्टि तिथि: 01 JUL 2026 7:45PM by PIB Thiruvananthpuram
ഇന്ത്യയിലെ മിക്കവാറും എല്ലാ ഇടപാടുകളും പണമെന്ന മാധ്യമം മുഖേനയാണ് നടന്നിരുന്നത്. ഇത് ദൈനംദിനമെന്നോണം ഒട്ടേറെ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. ജനങ്ങൾക്ക് പണം കൈയ്യിൽ കൊണ്ട് നടക്കേണ്ടി വന്നിരുന്നു, നാണയങ്ങൾ തിരയേണ്ടി വന്നിരുന്നു, അവശ്യ സേവനങ്ങൾക്കായികടലാസധിഷ്ഠിത സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ആരോഗ്യ രേഖകൾ കൈകാര്യം ചെയ്യൽ, പൊതുജനക്ഷേമ പദ്ധതികളുടെ നിരീക്ഷണം, സർക്കാർ സേവനങ്ങളുടെ വിതരണം എന്നിവ പലപ്പോഴും മന്ദഗതിയിലാവുകയും ഏകോപനക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുകയും ചെയ്തു. 2015 ജൂലൈ 1 ന് ഡിജിറ്റൽ ഇന്ത്യ സംരംഭം യാഥാർത്ഥ്യമായതോടെ സ്ഥിതിഗതികൾ അതിവേഗം മാറാൻ തുടങ്ങി. ഇന്ന്, ഡിജിറ്റൽ ഇന്ത്യയുടെ സ്വാധീനം രാജ്യമെമ്പാടും ദൃശ്യമാണ്, ദൈനംദിന ജീവിതം കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവും ആയി മാറുകയും ഡിജിറ്റൽ ഇന്ത്യ  കോടിക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാവുകയും ചെയ്തു.


ഇന്ന്, ഡിജിറ്റൽ ഇന്ത്യ ശക്തമായ ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി വളർന്നിരിക്കുന്നു. ജനങ്ങൾ പണമിടപാടുകൾ നടത്തുന്ന രീതിയെയും പൊതു സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന രീതിയെയും ഉപജീവനമാർഗം കണ്ടെത്തുന്ന രീതിയെയും അത് പരിവർത്തനം ചെയ്തു. ഡൽഹിയിലെ ഒരു ചായക്കച്ചവടക്കാരൻ മുതൽ തൽക്ഷണ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതും ഝാർഖണ്ഡിലെ ഒരു നെയ്ത്തുകാരൻ കൈകൊണ്ട് നിർമ്മിച്ച ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നതും ഒഡീഷയിലെ ഒരു അംഗൻവാടി വർക്കർ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നതും ഉൾപ്പെടെ, ഡിജിറ്റൽ സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിൽ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. കോടിക്കണക്കിന് പൗരന്മാരും ബിസിനസുകളും ഇപ്പോൾ ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായി നടത്തുന്നു. ഒപ്പം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ രാജ്യത്തുടനീളം ഭരണനിർവ്വഹണം, ആരോഗ്യ സംരക്ഷണം, വാണിജ്യം എന്നിവ മെച്ചപ്പെടുത്തുന്നു. ഈ പരിവർത്തനത്തിന്റെ നാല് ഉദാഹരണങ്ങൾ വേറിട്ടുനിൽക്കുന്നു.

മികച്ച ആരോഗ്യം, കുറഞ്ഞ വിലയിൽ കൈകൊണ്ട് നിർമ്മിച്ച തുണിത്തരങ്ങൾ

ജനങ്ങളുടെ ക്ഷേമവും ഉപജീവനമാർഗ്ഗവും മെച്ചപ്പെടുത്തുന്നതിൽ ഡിജിറ്റൽ ഇന്ത്യയുടെ സ്വാധീനം പ്രകടമാണ്. ഒരു വശത്ത്, രാജ്യത്തുടനീളമുള്ള അംഗൻവാടി കേന്ദ്രങ്ങളിലെ പോഷകാഹാര സേവന വിതരണത്തിൽ പോഷൺ ട്രാക്കർ  തത്സമയ നിരീക്ഷണം സാധ്യമാക്കുന്നു. ഇത് ഓരോ കുഞ്ഞിനും മാതാവിനും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കാൻ സഹായിക്കുന്നു. മറുവശത്ത്, ഇന്ത്യഹാൻഡ്‌മെയ്ഡ് (Indiahandmade) പോലുള്ള ഡിജിറ്റൽ വിപണികൾ ഗ്രാമീണ കരകൗശല വിദഗ്ധരെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു, ഇടനിലക്കാരുടെ സ്വാധീനം കുറയ്ക്കുകയും ഉത്പന്നങ്ങൾക്ക് ന്യായമായ വില നേടാൻ കരകൗശല തൊഴിലാളികളെ സഹായിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും, കൈകൊണ്ട് നിർമ്മിച്ച വില കുറഞ്ഞ തുണിത്തരങ്ങളും നഗര,ഗ്രാമ ഭേദമെന്യേ പൗരന്മാരുടെ ദൈനംദിന ജീവിതം സുഗമവും മാന്യവും സുരക്ഷിതവുമാക്കുന്നു.

ആഗോളതലത്തിൽ ഓരോ രണ്ടാമത്തെ തത്സമയ ഡിജിറ്റൽ ഇടപാടും നടക്കുന്നത് ഇന്ത്യയിൽ

ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ആധാരം 2016–17 ൽ അവതരിപ്പിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ആണ്. വിവിധ ബാങ്കുകളുടെ സേവനം ഉപയോഗിക്കുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും തൽക്ഷണവും സുരക്ഷിതവും തടസ്സരഹിതവുമായ ഡിജിറ്റൽ ഇടപാടുകൾ UPI ലഭ്യമാക്കുന്നു. ഇന്ത്യയുടെ ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ കെട്ടിപ്പടുത്ത വൈവിധ്യമാർന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകളുടെ പിന്തുണ, കോടിക്കണക്കിന് ജനങ്ങളെ സംബന്ധിച്ചിടത്തോളം പണരഹിത ഇടപാടുകൾ ലളിതവും സുഗമവുമാക്കി UPI മാറ്റിയിരിക്കുന്നു. ഇന്ന്, വഴിയോരക്കച്ചവടക്കാർക്കും ചെറിയ കടയുടമകൾക്കും പ്രൊഫഷണലുകൾക്കും വലിയ ബിസിനസ് സ്ഥാപനങ്ങൾക്കും ഒരു സ്മാർട്ട്‌ഫോൺ മുഖേന തൽക്ഷണം പണമിടപാടുകൾ നടത്താനും സ്വീകരിക്കാനും കഴിയും, വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദവുമായും ദൈനംദിന ഇടപാടുകൾ നടത്താനാകും.

 ഇന്ന്, ലോകത്തിലെ തത്സമയ പേയ്‌മെന്റ് ഇടപാടുകളുടെ ഏകദേശം 49 ശതമാനവും ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴിയാണ് നടക്കുന്നത്, ഇത് ആഗോളതലത്തിൽ ഏറ്റവും വലിയ തത്സമയ പേയ്‌മെന്റ് സംവിധാനമാക്കി ഇതിനെ മാറ്റുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ, പണത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നഗര, ഗ്രാമപ്രദേശങ്ങളിലെ കോടിക്കണക്കിന് ജനങ്ങൾ ഡിജിറ്റൽ ഇടപാടുകൾക്ക് മുൻഗണന നൽകുന്ന ഇടപാട് രീതിയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദവുമായും ദൈനംദിന ഇടപാടുകൾ നടത്തുന്നു. സുതാര്യത, സാമ്പത്തിക സർവ്വാശ്ലേഷിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

നിരവധി പ്രധാന സ്തംഭങ്ങൾ ചേർന്ന ശക്തമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥയാണ് ഈ നേട്ടത്തിന് ആധാരം

യുപിഐയും ഇന്റർഓപ്പറബിൾ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും വ്യത്യസ്ത ബാങ്കുകൾക്കിടയിൽ തൽക്ഷണ ഫണ്ട് കൈമാറ്റം സാധ്യമാക്കുന്നു

ബാങ്കിംഗ് കണക്റ്റിവിറ്റി: ഏകീകൃത ഡിജിറ്റൽ ചട്ടക്കൂട് ബാങ്കുകളെ ബന്ധിപ്പിക്കുകയും വേഗത്തിലുള്ളതും സുതാര്യവും തടസ്സ രഹിതവുമായ സാമ്പത്തിക ഇടപാടുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ആധാർ മുഖേനയുള്ള ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം:പണം അയയ്ക്കുന്നവരെയും സ്വീകരിക്കുന്നവരെയും വിശ്വസനീയവും സുരക്ഷിതവുമായി തിരിച്ചറിയുന്നതിലൂടെ, വിശ്വാസ്യത, സുരക്ഷ, പ്രവേശനക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നു.

കുറഞ്ഞ ചെലവിലുള്ള ഇന്റർനെറ്റും രാജ്യവ്യാപക കണക്റ്റിവിറ്റിയും:കുറഞ്ഞ ചെലവിലുള്ള മൊബൈൽ ഡാറ്റ, അതിവേഗം വികസിക്കുന്ന 5G നെറ്റ്‌വർക്കുകൾ, ഗ്രാമീണ ഇന്ത്യയിലേക്ക് എത്തുന്ന ഒപ്റ്റിക്കൽ ഫൈബർ, പരിമിതികൾ പരിഹരിക്കുന്ന മൊബൈൽ ബ്രോഡ്‌ബാൻഡ്.

വ്യപകമാകുന്ന സ്മാർട്ട്‌ഫോണുകൾ: ഡിജിറ്റൽ സേവനങ്ങളും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാൻ ജനങ്ങളെ പ്രാപ്‌തമാക്കുന്ന പ്രാഥമിക ഉപകരണമായി കുറഞ്ഞ വിലയുള്ള സ്മാർട്ട്‌ഫോണുകൾ മാറിയിരിക്കുന്നു

ഡിജിറ്റൽ നൂതനാശയങ്ങൾ: ഉപയോക്തൃ-സൗഹൃദ ആപ്ലിക്കേഷനുകളുടെ ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ ഡിജിറ്റൽ ഇടപാടുകളെ ലളിതവും സുരക്ഷിതവും പ്രവേശനക്ഷമവുമാക്കുന്നു.

ഈ സ്തംഭങ്ങളെല്ലാം ചേർന്ന്, നഗര കേന്ദ്രങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ ഡിജിറ്റൽ പേയ്‌മെന്റുകൾ വ്യാപിപ്പിച്ച്, പണരഹിത ഇടപാടുകൾ സർവത്രികമാക്കി. ഉപകരണം നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ പോലും ഉപയോക്താക്കളെ സംരക്ഷിക്കാനും, അക്കൗണ്ടുകൾ സുരക്ഷിതമാക്കാനും പ്രാമാണീകരണ സംവിധാനങ്ങൾ സഹായിക്കുന്നു. തത്ഫലമായി, പണത്തെ ആശ്രയിക്കുന്നത് ക്രമേണ കുറയുകയും ഡിജിറ്റൽ സാമ്പത്തിക പരിവർത്തനം ത്വരിതപ്പെടുകയും ചെയ്യുന്ന ലോകത്തിലെ മുൻനിര ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്.
 
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ആഗോളതലത്തിൽ വലിയ അംഗീകാരം നേടുകയാണ്. യുപിഐയുടെ അന്താരാഷ്ട്ര സ്വീകാര്യത ഇന്ത്യയുടെ സാങ്കേതികവിദ്യാധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. അടുത്തിടെ, യുപിഐ സേവനങ്ങൾ നടപ്പാക്കുന്ന പത്താമത്തെ രാജ്യമായി ഗ്രീസ് മാറി. ഇത് അന്താരാഷ്ട്ര സ്വാധീനം വർദ്ധിക്കുകയും ഇന്ത്യൻ യാത്രക്കാർക്കും ബിസിനസുകൾക്കും വിദേശത്ത് സുരക്ഷിതവും തടസ്സരഹിതവുമായ ഡിജിറ്റൽ പേയ്‌മെന്റുകൾ സാധ്യമാക്കുകയും ചെയ്യുന്നു.

പോഷൺ ട്രാക്കർ മുഖേന തത്സമയ നിരീക്ഷണം

ഡിജിറ്റൽ പണമിടപാടുകൾക്കുപരിയായ സ്വാധീനമാണ് ഡിജിറ്റൽ ഇന്ത്യ സംരംഭത്തിനുള്ളത്, ഇപ്പോൾ വനിതാ-ശിശു വികസന മന്ത്രാലയം സക്ഷം അംഗൻവാടി ആൻഡ് മിഷൻ പോഷൺ  2.0 പ്രകാരം വികസിപ്പിച്ചെടുത്ത പോഷൺ  ട്രാക്കർ മുഖേന മാതൃ-ശിശു പോഷകാഹാരം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. തത്സമയ നിരീക്ഷണവും മികച്ച ഏകോപനവും സാധ്യമാക്കുന്നതിലൂടെ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പോഷകാഹാര സേവന വിതരണത്തെ പരിവർത്തനം ചെയ്തു. നേരത്തെ, അംഗൻവാടി വർക്കർമാർ 11 മാനുവൽ രജിസ്റ്ററുകൾ പരിപാലിച്ചിരുന്നു, ഇത് പലപ്പോഴും സേവനങ്ങളിൽ കാലതാമസത്തിനും പരിമിതികൾക്കും കാരണമായി. 2026 മെയ് വരെയുള്ള കണക്കനുസരിച്ച് രജിസ്റ്റർ ചെയ്ത 13.30 ലക്ഷത്തിലധികം അംഗൻവാടി ജീവനക്കാരാണുള്ളത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 0–6 വയസ്സ് പ്രായമുള്ള കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരുൾപ്പെടെ  8.93 കോടി ഗുണഭോക്താക്കൾക്ക് ആധാർ പരിശോധനയിലൂടെ 99.89 ശതമാനം സേവനം നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ഈ സംവിധാനം ഇപ്പോൾ മാറിയിരിക്കുന്നു.2021 ൽ ഏകദേശം 1 കോടിയായിരുന്ന ദൈനംദിന ഇടപാടുകൾ 2026 ൽ 22 കോടിയിലധികമായി ഉയർന്നു, 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കി.

റേഷൻ വിതരണം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന് ആധാർ, മൊബൈൽ വെരിഫിക്കേഷൻ, ജിയോ-ടാഗിംഗ്, ജിയോ-ഫെൻസിംഗ്, സമയാധിഷ്ഠിത ഡാറ്റ റെക്കോർഡിംഗ്, മുഖം തിരിച്ചറിയൽ സംവിധാനം (FRS) തുടങ്ങിയ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

77 ദശലക്ഷത്തിലധികം കുട്ടികൾക്കായി പോഷകാഹാര സൂചകങ്ങൾ നിരീക്ഷിക്കാവുന്ന ഒരു തത്സമയ പ്രതിമാസ ഡാറ്റാബേസ് ഈ സംവിധാനം പരിപാലിക്കുന്നു. ഇത് തത്സമയ ഡാഷ്‌ബോർഡുകൾ, ഹീറ്റ് മാപ്പുകൾ എന്നിവയിലൂടെ പുരോഗതി നിരീക്ഷിക്കാനും പരിശോധിച്ചുറപ്പിച്ച ആധാർ-അധിഷ്ഠിത ഡാറ്റ ഉപയോഗിച്ച് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനും ഉദ്യോഗസ്ഥരെ സഹായിക്കുന്നു.

ഇടനിലക്കാരുടെ സ്വാധീനം ഒഴിവാക്കുന്നതിലൂടെ, കൈകൊണ്ട് നിർമ്മിച്ച ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു  

തലമുറകളായി, കരകൗശല വിദഗ്ധരും നെയ്ത്തുകാരും ഉപഭോക്താക്കളിലേക്ക് എത്താൻ ഇടനിലക്കാരെ ആശ്രയിച്ചിരുന്നു, ഇത് പലപ്പോഴും അവരുടെ വരുമാനം പരിമിതപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ലഭിക്കുന്ന വില വർദ്ധിപ്പിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC) വികസിപ്പിച്ചെടുത്ത ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ സംരംഭമായ ഇന്ത്യഹാൻഡ്‌മെയ്ഡ് മുഖേന  ഈ സാഹചര്യം മാറുകയാണ്. കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, സ്വയം സഹായ സംഘങ്ങൾ, ഉത്പാദന കമ്പനികൾ, ഗ്രാമീണ ബിസിനസുകൾ എന്നിവയുമായി രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോം നേരിട്ട് ബന്ധിപ്പിക്കുന്നു. 3,900-ലധികം കരകൗശല വിദഗ്ധരെയും നെയ്ത്തുകാരെയും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ 21,000-ലധികം കരകൗശല, കൈത്തറി ഉത്പന്നങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, സുഗമമായ ഡിജിറ്റൽ രജിസ്ട്രേഷൻ, ബഹുഭാഷാ പിന്തുണ, AI- അധിഷ്ഠിത ഉത്പന്ന ലിസ്റ്റിംഗുകൾ, ഓൺലൈൻ ഓർഡർ സംവിധാനം, സുരക്ഷിത പണമിടപാടുകൾ, സൗജന്യ ലോജിസ്റ്റിക്സ് പിന്തുണ തുടങ്ങിയ സവിശേഷതകൾ ഒട്ടേറെ കരകൗശല വിദഗ്ധരെ ഇദംപ്രഥമമായി ഡിജിറ്റൽ മാർഗ്ഗത്തിലൂടെയുള്ള വിൽപ്പനക്കാരാകാനും അവരുടെ വ്യാപാരം വിപുലീകരിക്കാനും സഹായിക്കുന്നു.
 
വിൽപ്പനയിൽ നിന്നുമുള്ള മുഴുവൻ തുകയും അനാവശ്യ കിഴിവുകളില്ലാതെ കരകൗശല വിദഗ്ധരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നുവെന്ന് പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ. ഇന്ത്യാഹാൻഡ്‌മെയ്ഡ് പോലുള്ള സംരംഭങ്ങൾ കരകൗശല വിദഗ്ധരെ മികച്ച വരുമാനം നേടാൻ സഹായിക്കുകയും ഉപഭോക്താക്കൾക്കുള്ള ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.

ഗുണഭോക്തൃ കഥകൾ

പോഷൺ ട്രാക്കറിന്റെ ഗുണഭോക്താവായ പ്രിയങ്കയ്ക്ക്, ഗർഭാവസ്ഥയുടെ തത്സമയ ഡിജിറ്റൽ നിരീക്ഷണത്തിലൂടെ സമയബന്ധിതമായ പോഷകാഹാര സേവനങ്ങൾ ലഭിക്കുന്നു. ഈ പ്ലാറ്റ്‌ഫോം പതിവ് പ്രസവപൂർവ പരിചരണം, പോഷകാഹാര കൗൺസിലിംഗ്, രോഗപ്രതിരോധ നിരീക്ഷണം, ടേക്ക് ഹോം റേഷന്റെ (THR) സമയബന്ധിതമായ വിതരണം എന്നിവ ഉറപ്പാക്കുന്നു. സേവന വിതരണവും ഗുണഭോക്തൃ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിലൂടെ, പോഷൺ ട്രാക്കർ സുതാര്യത ഉറപ്പാക്കുന്നു, അംഗൻവാടി ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലുകൾ സാധ്യമാക്കുന്നു, അർഹതയുള്ള സേവനങ്ങൾ  കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു, ആരോഗ്യകരമായ ഗർഭധാരണത്തിന് സംഭാവന നൽകുന്നു.

 ഇന്ത്യഹാൻഡ്‌മെയ്ഡ് മുഖേന കഴിഞ്ഞ മൂന്ന് വർഷമായി ദസ്ത്കർ ബാംബൂ പ്രൊഡ്യൂസർ കമ്പനി മുളയും ചൂരലുംകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ വിൽക്കുന്നു, വിശാലമായ വിപണികളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും വിൽപ്പന വർദ്ധിപ്പിക്കാനും ഈഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു വരുന്നു. ഇത് കരകൗശല തൊഴിലാളികൾക്ക് സ്ഥിരമായി ഉയർന്ന വരുമാനം നേടാനും, ഉപജീവനമാർഗം മെച്ചപ്പെടുത്താനും, പരമ്പരാഗത മുള-ചൂരൽ കരകൗശല വസ്തുക്കൾ സംരക്ഷിക്കാനും സഹായകമായി.

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ
 
11 വർഷം പൂർത്തിയാക്കുന്ന വേളയിൽ,ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ വിജയഗാഥ സർക്കാർ പദ്ധതികളിലും നയങ്ങളിലും മാത്രമായി പരിമിതപ്പെടുന്നില്ല. ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപയോഗിക്കുന്ന ചായക്കച്ചവടക്കാരനും ചെറുകിട കരകൗശലത്തൊഴിലാളിയും അടക്കമുള്ള സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ അതിന്റെ യഥാർത്ഥ വിജയം പ്രതിഫലിക്കുന്നു. സാങ്കേതികവിദ്യ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു. കോടിക്കണക്കിന് ചെറു പരിവർത്തനങ്ങൾ കൂടിച്ചേർന്ന ഒരു വലിയ പരിവർത്തനമയത്തിന്റെ വിജയഗാഥയാണിത്.
 
SKY
 
*****

(रिलीज़ आईडी: 2280189) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Telugu , Urdu , हिन्दी , Gujarati , Odia