ഉപരാഷ്ട്രപതിയുടെ കാര്യാലയം
ICAI യുടെ 78-ാമത് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനാഘോഷങ്ങളെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു
प्रविष्टि तिथि:
01 JUL 2026 7:54PM by PIB Thiruvananthpuram
ഇന്ത്യയുടെ "വിശ്വാസത്തിന്റെ പ്രചാരകരാണ് " ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിൽ അവർക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) 78-ാമത് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിന, സ്ഥാപക ദിന ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യത, ഉത്തരവാദിത്തം, ധാർമ്മിക ഭരണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ സാമ്പത്തികവും സ്ഥാപനപരവുമായ വികസനത്തിന്റെ കേന്ദ്രസ്ഥാനത്താണ് ഈ തൊഴിൽ മേഖല നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ചാർട്ടേഡ് അക്കൗണ്ടൻസി മേഖല നൽകിയ സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിക്കുകയും, കടുത്ത പരീക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തുന്നതിൽ ICAI യെ പ്രശംസിക്കുകയും ചെയ്തു. ഈ മാനദണ്ഡങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് സ്ഥാപനത്തോട് അഭ്യർത്ഥിച്ച അദ്ദേഹം, ഇതിലൂടെ അവർ "വ്യവസ്ഥിതിയെ സംരക്ഷിക്കുകയാണ്" എന്നും നിരീക്ഷിച്ചു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിയെക്കുറിച്ച് പരാമർശിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്നും വൈകാതെ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ ഒരുങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക നാഴികക്കല്ലുകൾ പ്രാധാന്യമർഹിക്കുന്നതാണെങ്കിലും, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത 'വികസിത് ഭാരത് @2047' എന്ന ദർശനം സുതാര്യമായ ഭരണം, വിശ്വസനീയമായ സ്ഥാപനങ്ങൾ, എല്ലാ പൗരന്മാർക്കും ഉൾക്കൊള്ളുന്ന അവസരങ്ങൾ, സമൃദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ധാർമ്മികതയില്ലാത്ത സാമ്പത്തിക വളർച്ച സമൂഹത്തിന് ഒരിക്കലും യഥാർത്ഥത്തിൽ ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രശസ്ത തമിഴ് കവിയായ തിരുവള്ളുവരെ ഉദ്ധരിച്ചുകൊണ്ട്, നീതിപൂർവകമായ മാർഗങ്ങളിലൂടെ സമ്പാദിക്കുന്ന സമ്പത്ത് മാത്രമേ ശാശ്വതമായ സന്തോഷം നൽകൂ എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സത്യസന്ധരായ സംരംഭങ്ങളെ സംരക്ഷിച്ചുകൊണ്ടും അധാർമ്മികമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുന്നതിലൂടെയും ന്യായമായ മത്സരം ഉറപ്പാക്കാൻ അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടന്റുമാരോട് അഭ്യർത്ഥിച്ചു. വ്യാപാരം ചെയ്യുന്നത് എളുപ്പമാക്കുക എന്നത് അത്യാവശ്യമാണെങ്കിലും, അത് എപ്പോഴും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കണം. ഈ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് വലിയൊരു ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിലെ നിർണ്ണായകമായ പരിഷ്കാരങ്ങളിൽ ഈ തൊഴിൽ മേഖല നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, ജി.എസ്.ടി, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികൾ, നികുതി വ്യവസ്ഥയിലെ പരിഷ്കാരങ്ങൾ എന്നിവ നടപ്പിലാക്കുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. അവരുടെ വൈദഗ്ധ്യം സുതാര്യത ശക്തിപ്പെടുത്തുന്നതിനും, നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദഗ്ധരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ സി.പി. രാധാകൃഷ്ണൻ, അവർ നടത്തുന്ന ഓരോ ഓഡിറ്റും, അവർ സാക്ഷ്യപ്പെടുത്തുന്ന ഓരോ ബാലൻസ് ഷീറ്റും, അവർ ഉപദേശിക്കുന്ന ഓരോ സ്ഥാപനവും വ്യാപാരങ്ങൾക്കും, സർക്കാരുകൾക്കും, സമൂഹത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഓർമ്മിപ്പിച്ചു. ഔദ്യോഗിക ജീവിതത്തിലുടനീളം സത്യസന്ധതയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു.
പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് കൂടുതൽ വലിയൊരു പങ്ക് വഹിക്കാനാകുമെന്ന് നിർദ്ദേശിച്ചുകൊണ്ട്, ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം തിരഞ്ഞെടുത്തിട്ടുള്ള ഉൽപ്പന്നങ്ങളെക്കുറിച്ച് പ്രായോഗിക ജ്ഞാനം വളർത്തിയെടുക്കാൻ ICAI യുടെ ജില്ലാതല അസോസിയേഷനുകളെ ഉപരാഷ്ട്രപതി പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിലുള്ള വൈദഗ്ധ്യം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഉൽപ്പാദനച്ചെലവ് കുറയ്ക്കാൻ ഉൽപ്പാദകരെ സഹായിക്കുന്നതിനും, അതിലൂടെ വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും അവരെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പിയർ റിവ്യൂ ബോർഡ് വെബ് പോർട്ടൽ ഉപരാഷ്ട്രപതി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. 78-ാമത് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനം ആഘോഷിക്കുന്നതിനും ആഘോഷങ്ങളിൽ കൂടുതൽ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാരിൻ്റെ MyGov യുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ICAI ജൻ ഉത്സവ് പോർട്ടലും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
SKY
*******
(रिलीज़ आईडी: 2280188)
आगंतुक पटल : 4