PIB Backgrounder
ജി.എസ്.ടിയുടെ ഒമ്പത് വർഷങ്ങൾ: നികുതി സമ്പ്രദായം ലളിതമാക്കി, ഇന്ത്യയെ ശാക്തീകരിച്ചു
प्रविष्टि तिथि:
30 JUN 2026 2:15PM by PIB Thiruvananthpuram
ഒന്നിലധികം കേന്ദ്ര, സംസ്ഥാന നികുതികൾക്ക് പകരം ഒരു ഏകീകൃത സംവിധാനം നടപ്പാക്കിയതിലൂടെ ഇന്ത്യയുടെ പരോക്ഷ നികുതി സമ്പ്രദായത്തിൽ ജി.എസ്.ടി സുപ്രധാന പരിവർത്തനം സാധ്യമാക്കി. ഇത് പൊതുവായ ഒരു ദേശീയ വിപണി സൃഷ്ടിക്കുകയും "ഒരു രാഷ്ട്രം, ഒരു നികുതി" എന്ന ദർശനത്തെ പിന്തുണയ്ക്കുകയും ചെയ്തു. 2017 ൽ ഇത് അവതരിപ്പിച്ചതുമുതൽ, പതിവ് പരിഷ്കാരങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയിലൂടെ ജി.എസ്.ടി വികാസം പ്രാപിച്ചു. 2025 ലെ, പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ നികുതി നിരക്കുകൾ കുറയ്ക്കുകയും ഇളവുകൾ വർദ്ധിപ്പിക്കുകയും നികുതി നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്തുകൊണ്ട് ഘടനയെ കൂടുതൽ ലളിതമാക്കി. കുടുംബങ്ങൾ, സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കർഷകർ, കരകൗശല വിദഗ്ധർ, കയറ്റുമതിക്കാർ, വ്യാപാര വ്യവസായ മേഖലകൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുകയെന്നതാണ് ഈ മാറ്റങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
ജി.എസ്.ടി: ഇന്ത്യയുടെ നികുതി പരിഷ്കരണ യാത്രയിലെ ഒരു നാഴികക്കല്ല്
2017 ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്നത് ഇന്ത്യയുടെ പരിഷ്കരണ യാത്രയിലെ ഒരു ചരിത്ര നേട്ടമായി അടയാളപ്പെടുത്തപ്പെട്ടു. "ഒരു രാഷ്ട്രം, ഒരു നികുതി" എന്ന തത്വം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു, ഇന്ത്യയെ ഒരു ഏകീകൃത നികുതി സംവിധാനത്തിലേക്ക് നീങ്ങാൻ ഇത് സഹായിച്ചു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, ഇന്ത്യയുടെ 'ഏക ഭാരതം - ശ്രേഷ്ഠ ഭാരതം' എന്ന ദർശനത്തെ ജി.എസ്.ടി ശക്തിപ്പെടുത്തി. യുക്തിസഹമായ നികുതി നിരക്കുകളിലൂടെയും ഏകീകൃത നടപടിക്രമങ്ങളിലൂടെയും ഇത് സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിച്ചു.
ജി.എസ്.ടി 17 വ്യത്യസ്ത നികുതികളും 13 സെസ്സുകളും സംയോജിപ്പിച്ച് ഒരു ഏകീകൃത നികുതി ചട്ടക്കൂട് സാധ്യമാക്കി. ജി.എസ്.ടിക്ക് മുമ്പ്, ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ ചുമത്തുന്ന നിരവധി പരോക്ഷ നികുതികൾ ഉണ്ടായിരുന്നു. ഓരോന്നിനും വ്യത്യസ്ത നിരക്കുകളും നിയമങ്ങളും ബാധകമായിരുന്നു, ഇത് നികുതി സമ്പ്രദായത്തെ സങ്കീർണ്ണമാക്കി. ബിസിനസ്സ് ചെലവുകൾ വർദ്ധിപ്പിക്കുകയും മറഞ്ഞിരിക്കുന്ന ചെലവുകൾ കൂട്ടിച്ചേർക്കുകയും, "നികുതിക്ക് മേൽ നികുതി" ചുമത്തുകയും ചെയ്തു. ശക്തമായ ഒരു ഐടി അടിസ്ഥാനസൗകര്യത്തിൻ്റെ പിന്തുണയോടെ, നികുതിദായകരുടെ എണ്ണം വർദ്ധിപ്പിക്കുക, നികുതി പാലനം മെച്ചപ്പെടുത്തുക, നികുതി സമ്പ്രദായം കാര്യക്ഷമമാക്കുക എന്നിവ ജി.എസ്.ടി ലക്ഷ്യമിടുന്നു.
ജി.എസ്.ടിയുടെ പ്രധാന സവിശേഷതകൾ
നികുതി എങ്ങനെ ഈടാക്കുന്നു, ശേഖരിക്കുന്നു, കൈകാര്യം ചെയ്യുന്നു എന്ന് വിശദീകരിക്കുന്ന പ്രധാന നിയമങ്ങളും സവിശേഷതകളും ജി.എസ്.ടി സമ്പ്രദായം അവതരിപ്പിച്ചു.
പ്രയോഗക്ഷമത: ജി.എസ്.ടി പ്രകാരം, ഉത്പാദനം, വിൽപ്പന, സേവനങ്ങൾ എന്നിവയ്ക്ക് വെവ്വേറെ നികുതി ചുമത്തുന്നതിനുപകരം, സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്യുമ്പോൾ നികുതി ചുമത്തുന്നു.
ലക്ഷ്യസ്ഥാന അധിഷ്ഠിത ഉപഭോഗ നികുതി: ജി.എസ്.ടി എന്നത് ഒരു ലക്ഷ്യസ്ഥാന അധിഷ്ഠിത നികുതിയാണ്, അതായത് സാധനങ്ങളോ സേവനങ്ങളോ അന്തിമമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് നികുതി പിരിക്കുന്നത്.
പരിധിയും ഏകതാനതയും: മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യം ഒഴികെയുള്ള മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും ജി.എസ്.ടി ബാധകമാണ്. ഇന്ത്യയിലുടനീളം ഏകീകൃത നികുതി നിരക്കുകൾ സൃഷ്ടിക്കുന്നു, കൂടാതെ ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചുകഴിഞ്ഞാൽ ജി.എസ്.ടി ചുമത്താൻ കഴിയുന്ന 5 ഉത്പന്നങ്ങളുണ്ട്.
ജി.എസ്.ടി കൗൺസിൽ: ജി.എസ്.ടി കൗൺസിൽ ജി.എസ്.ടി സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുകയും ഇന്ത്യയിലുടനീളം അതിൻ്റെ ഫലപ്രദമായ നിർവ്വഹണം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സഹകരണ ഫെഡറലിസം കെട്ടിപ്പടുക്കുന്നു
ജി.എസ്.ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സഹകരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളെ പ്രാപ്തമാക്കുന്നതിലൂടെ സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്താൻ ജി.എസ്.ടി കൗൺസിൽ സഹായിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പതിവായി അവലോകനം ചെയ്യുന്നതിലൂടെയും ഉയർന്നുവരുന്ന വെല്ലുവിളികളോട് പ്രതികരിക്കുന്നതിലൂടെയും സുപ്രധാനമായ പങ്ക് വഹിക്കുന്ന നിയമപരമായ സ്ഥാപനമാണ് ജി.എസ്.ടി കൗൺസിൽ. സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും ആവശ്യകതകൾക്കും പിന്തുണ നൽകിക്കൊണ്ട് നികുതി ഘടനയിൽ സമയബന്ധിതമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും വരുത്താൻ ഈ ലളിതമായ സംവിധാനം സഹായിക്കുന്നു.
ചരക്ക് സേവന നികുതി ശൃംഖല (ജി.എസ്.ടി.എൻ): 50% കേന്ദ്ര വിഹിതവും 50% സംസ്ഥാന ഗവണ്മെൻ്റ് വിഹിതവുമുള്ള കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജി.എസ്.ടി.എൻ. ജി.എസ്.ടി സംവിധാനത്തിനുള്ള പൊതുവായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ജി.എസ്.ടി.എൻ ലഭ്യമാക്കുന്നു. വിവിധ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഇത് കേന്ദ്രം, സംസ്ഥാനങ്ങൾ, നികുതിദായകർ, മറ്റ് പങ്കാളികൾ എന്നിവരെ പിന്തുണയ്ക്കുന്നു.
ഇരട്ട ജി.എസ്.ടി: ജി.എസ്.ടി ഒരു ഇരട്ട ഘടന പിന്തുടരുന്നു, അതിൽ കേന്ദ്രം കേന്ദ്ര ചരക്ക് സേവന നികുതി (സി.ജി.എസ്.ടി) ചുമത്തുകയും സംസ്ഥാനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി (എസ്.ജി.എസ്.ടി) സംസ്ഥാനത്തിനുള്ളിൽ നിന്നുള്ള വിതരണത്തിന് ചുമത്തുകയും ചെയ്യുന്നു. എല്ലാ അന്തർ സംസ്ഥാന ചരക്ക് സേവന വിതരണത്തിനും സംയോജിത ചരക്ക് സേവന നികുതി (ഐ.ജി.എസ്.ടി) ചുമത്തുന്നു. ഐ.ജി.എസ്.ടി നിരക്കുകൾ സാധാരണയായി സി.ജി.എസ്.ടി/ എസ്.ജി.എസ്.ടിയുടെ രണ്ട് മടങ്ങാണ്.
പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ
സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സുകൾക്കുള്ള നികുതി പ്രക്രിയകൾ ലളിതമാക്കുന്നതിനുമുള്ള പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾക്ക് ജി.എസ്.ടി കൗൺസിലിൻ്റെ 56-ാമത് യോഗം അംഗീകാരം നൽകി. ഈ പരിഷ്കാരങ്ങൾ നികുതി നിരക്കുകളിലും ഇളവുകളിലും മാറ്റങ്ങൾ വരുത്തി, ഇത് 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ജി.എസ്.ടി 2.0 എന്നറിയപ്പെടുന്ന ഈ പരിഷ്കാരങ്ങൾ വളർച്ചാ സാധ്യതകളെ ശക്തിപ്പെടുത്തുന്ന നികുതി പരിഷ്കരണത്തിൻ്റെ ഒരു പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നു.
വിശദമായ ഒരു അവലോകനം ഇവിടെ ലഭ്യമാണ്: ജി.എസ്.ടി പരിഷ്കാരങ്ങൾ 2025: സാധാരണക്കാർക്ക് ആശ്വാസം, ബിസിനസ്സുകൾക്ക് ഉത്തേജനം.
പ്രധാന നടപടികൾ
ക്രമീകരിച്ച നിരക്ക് ഘടന: നികുതി ഘടന പ്രാഥമികമായി രണ്ട് സ്ലാബുകളിലേക്ക് മാറിയിരിക്കുന്നു - 5% ഉം 18% ഉം.
ആഡംബര വസ്തുക്കളുടെയും അനഭിലഷണീയ ഉത്പന്നങ്ങളുടെയും നികുതി: വരുമാന സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ന്യായമായ നികുതി ഘടന ഉറപ്പാക്കുന്നതിനും ആഡംബര വസ്തുക്കൾക്കും അനഭിലഷണീയ ഉത്പന്നങ്ങൾക്കും 40% നിരക്ക് അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ ലോട്ടറി/ഓൺലൈൻ ഗെയിമിംഗ്, പുകയില, എയറേറ്റഡ് പാനീയങ്ങൾ, ആഡംബരക്കാറുകൾ, ഉല്ലാസനൗകകൾ, സ്വകാര്യ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
സുഗമമായ അനുവർത്തനം: ജി.എസ്.ടി 2.0 രജിസ്ട്രേഷനും റിട്ടേൺ ഫയലിംഗും സുഗമമാക്കുന്നു, റീഫണ്ടുകൾ വേഗത്തിലാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ബിസിനസ്സുകൾക്ക്, പ്രത്യേകിച്ച് എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും നടപടിക്രമപരമായ ലാളിത്യം അനുഭവവേദ്യമാക്കുന്നു.
കുറഞ്ഞ ചെലവ്, വിപുലമായ സ്വാധീനം
നികുതി നിരക്കുകൾ കുറയ്ക്കുക മാത്രമല്ല, ചെലവ് കുറയ്ക്കുന്നതിലൂടെയും, താങ്ങാനാവുന്ന ചെലവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിലൂടെയും, നികുതി പാലനം മെച്ചപ്പെടുത്തുന്നതിലൂടെയും, ബിസിനസ്സ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ ജി.എസ്.ടി 2.0 ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുന്നതിലൂടെ, കയറ്റുമതിക്കാർ, കരകൗശല വിദഗ്ധർ, കർഷകർ, പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ എന്നിവയെ പിന്തുണയ്ക്കുക എന്നതാണ് ജി.എസ്.ടി 2.0 ലക്ഷ്യമിടുന്നത്.

കുടുംബങ്ങൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം
വിലകുറഞ്ഞ സാധനങ്ങളും സേവനങ്ങളും ഉപഭോഗത്തിൽ വർദ്ധനവ് വരുത്തുകയും സമ്പാദ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇൻഷുറൻസിനും അവശ്യമരുന്നുകൾക്കും ജി.എസ്.ടി ഇളവുകൾ നൽകുന്നത് കുടുംബങ്ങളെ സാമ്പത്തികമായി സംരക്ഷിക്കാൻ സഹായിക്കുകയും ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് കുറയ്ക്കുകയും എല്ലാവർക്കും പ്രാപ്യവുമാക്കുകയും ചെയ്യുന്നു.
എംഎസ്എംഇകൾക്കും വ്യവസായത്തിനും ഉത്തേജനം:
സിമൻറ്, കരകൗശല വസ്തുക്കൾ തുടങ്ങിയ പ്രധാന വസ്തുക്കൾക്കും മേഖലകൾക്കും ഉള്ള ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുന്നത് ഉത്പാദനച്ചെലവ് കുറയ്ക്കുകയും കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ ബിസിനസ്സുകളെ സഹായിക്കുകയും ചെയ്യും.
ലളിതമായ ഒരു ജി.എസ്.ടി സംവിധാനം നികുതി വിഭാഗങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും തർക്കങ്ങളും കുറയ്ക്കുന്നു, ബിസിനസ്സുകളെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങൾ സുഗമമാക്കുന്നു, കാലക്രമേണ നികുതിദായകരുടെ എണ്ണവും ഗവണ്മെൻ്റ് വരുമാനവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വിപരീത തീരുവ ഘടനകൾ നിശ്ചയിക്കുന്നത് പ്രാദേശിക ഉത്പാദനം വർദ്ധിക്കാൻ സഹായിക്കുന്നു, ആഭ്യന്തര മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നു, കയറ്റുമതി വളർച്ചയെ പിന്തുണയ്ക്കുന്നു.
എംഎസ്എംഇകൾക്കും ചെറുകിട നികുതിദായകർക്കും നികുതി ഇളവ് നൽകുന്നു
എംഎസ്എംഇകൾക്കും, സ്റ്റാർട്ടപ്പുകൾക്കും, ചെറുകിട നികുതിദായകർക്കും ജി.എസ്.ടി പാലനം ലളിതവും സുഗമവുമാക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിപുലമായ ഇളവുകൾ: 2019 ഏപ്രിൽ മുതൽ, ചരക്ക് വിതരണക്കാരുടെ ജി.എസ്.ടി രജിസ്ട്രേഷൻ പരിധി 20 ലക്ഷം രൂപയിൽ നിന്ന് 40 ലക്ഷം രൂപയായി ഉയർത്തി. കൂടാതെ മിക്ക സംസ്ഥാനങ്ങൾക്കും കോമ്പോസിഷൻ സ്കീം പരിധി 75 ലക്ഷം രൂപയിൽ നിന്ന് 1.5 കോടി രൂപയായി ഉയർത്തി (ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട സംസ്ഥാനങ്ങൾ ഒഴികെ), ചെറുകിട ബിസിനസ്സുകൾക്ക് അനുവർത്തനം എളുപ്പമാക്കി.
കോമ്പോസിഷൻ സ്കീം
ചെറുകിട നികുതിദായകർക്കായി സൃഷ്ടിച്ച ഈ പദ്ധതി, അവരുടെ മൊത്തം വിറ്റുവരവിൻ്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത നിരക്കിൽ ജി.എസ്.ടി അടയ്ക്കാൻ അനുവദിക്കുന്നു. ഇത് കടലാസ്സ് ജോലികൾ കുറയ്ക്കുന്നു. നികുതി റിട്ടേണുകൾ സമർപ്പിക്കുന്ന പ്രക്രിയ ലളിതവും സുഗമവുമാക്കുന്നു.
ലളിതമായ റിട്ടേൺ ഫയലിംഗുകൾ: ത്രൈമാസ റിട്ടേൺ ഫയൽ ചെയ്യുന്നതിനായി 2020 ൽ ക്വാർട്ടർലി റിട്ടേൺ ഫയലിംഗ് ആൻഡ് മന്ത്‌ലി പേയ്‌മെൻ്റ് (QRMP) പദ്ധതി അവതരിപ്പിച്ചു. ഇത് 5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള നികുതിദായകരെ ഉൾക്കൊള്ളുന്നു.
കൂടാതെ, ഇടപാടുകളില്ലാത്ത നികുതിദായകർക്ക് എസ്.എം.എസ് മുഖേന പോലും ശൂന്യ പ്രതിമാസ ജി.എസ്.ടി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയും.
ചെറുകിട ബിസിനസ്സുകൾക്കും ഇ-കൊമേഴ്‌സ് വിൽപ്പനക്കാർക്കും പിന്തുണ: 2023 ഒക്ടോബർ മുതൽ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ മുഖേന ഒരു സംസ്ഥാനത്തിനുള്ളിൽ സാധനങ്ങൾ വിൽക്കുന്ന ചെറുകിട നികുതിദായകർക്ക് നിർബന്ധിത ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ല.
ലോ റിസ്‌ക് അപേക്ഷകർക്കായി എളുപ്പത്തിലുള്ള രജിസ്ട്രേഷൻ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്, മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ അനുവദിക്കുന്നു.
തർക്കങ്ങളിലും മുൻകാല ആവശ്യകതകളിലും ആശ്വാസം: ജി.എസ്.ടി അപ്പീലുകൾ ഫയൽ ചെയ്യുന്നതിന് ആവശ്യമായ പ്രീ-ഡെപ്പോസിറ്റ് തുക കുറയ്ക്കുന്നതിന് ഭേദഗതി വരുത്തി.
ഡിമാൻഡ് നോട്ടീസുകൾക്കുള്ള പലിശയ്ക്കും പിഴയ്ക്കും ചില വ്യവസ്ഥകൾക്ക് വിധേയമായി ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങൾക്ക് ബാധകമാണ്.
ജി.എസ്.ടിക്ക് കീഴിലുള്ള ഡാറ്റാധിഷ്ഠിത നികുതി ഭരണത്തിൻ്റെ ഉയർച്ച
നികുതി പ്രക്രിയകൾ എളുപ്പത്തിലും കാര്യക്ഷമമായും നടത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനത്തിലേക്ക് ജി.എസ്.ടി പരിഷ്കാരങ്ങൾ നികുതി ഭരണത്തെ മാറ്റിയിരിക്കുന്നു.
ജി.എസ്.ടി.എൻ പോർട്ടലും ഇ-ഇൻവോയ്‌സിംഗ് സംവിധാനവും ഇൻവോയ്‌സ് വിശദാംശങ്ങൾ തത്സമയം ഡിജിറ്റലായി രേഖപ്പെടുത്താൻ അനുവദിച്ചുകൊണ്ട് ജി.എസ്.ടി ഭരണത്തെ കൂടുതൽ സുതാര്യമാക്കി. ഇത് മാനുവൽ റിപ്പോർട്ടിംഗിൻ്റെ ആവശ്യകത കുറയ്ക്കുകയും നികുതി രേഖകളുടെ കൃത്യത മെച്ചപ്പെടുത്തുകയും റിപ്പോർട്ടിംഗിലെ പിശകുകളും വ്യത്യാസങ്ങളും കുറക്കുകയും ചെയ്തു.
ഓട്ടോമേഷൻ നടപ്പാക്കിയതിലൂടെ ജി.എസ്.ടി ഫയലിംഗ് പ്രക്രിയ ലളിതവും നികുതിദായകർക്ക് കൂടുതൽ സൗകര്യപ്രദവുമായി. ഈ സംവിധാനം വിതരണക്കാരൻ്റെ നികുതി വിശദാംശങ്ങളെ സ്വീകർത്താവിൻ്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി (ഐടിസി) ബന്ധിപ്പിക്കുന്നു, ഇത് പ്രക്രിയ സുഗമമാക്കുന്നു. മുൻകൂട്ടി പൂരിപ്പിച്ച റിട്ടേണുകൾ, സുഗമമായ റീകൺസിലിയേഷൻ, തത്സമയ പരിശോധനകൾ തുടങ്ങിയ സവിശേഷതകൾ തെറ്റുകൾ കുറയ്ക്കുകയും അനുവർത്തനത്തിന് ആവശ്യമായ നടപടിക്രമ ആവശ്യകതകൾ കുറയ്ക്കുകയും ചെയ്തു.
ജി.എസ്.ടി ശക്തിപ്പെടുത്തുന്നതിന് എഐ, ഡാറ്റ അനലിറ്റിക്സ് എന്നിവയുടെ ഉപയോഗം
ജി.എസ്.ടി നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഡാറ്റ പാറ്റേണുകൾ പഠിക്കുന്നതിലൂടെയും അപകടസാധ്യതയുള്ള ഘടകങ്ങൾ തിരിച്ചറിയുന്നതിലൂടെയും സാധ്യമായ നികുതി വെട്ടിപ്പ് കണ്ടെത്താൻ ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നു. രജിസ്ട്രേഷൻ, നികുതി സൂക്ഷ്മപരിശോധന തുടങ്ങിയ മേഖലകളിൽ ഇവ ഉപയോഗിക്കുന്നു, സത്യസന്ധരായ നികുതിദായകർ നേരിടുന്ന അനാവശ്യമായ അനുവർത്തന ഭാരം കുറയ്ക്കുന്നതിനൊപ്പം ഉയർന്ന അപകടസാധ്യതയുള്ള നികുതിദായകരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അധികാരികളെ അനുവദിക്കുന്നു.
നികുതി ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ മാത്രമല്ല ഈ നടപടികളുടെ സ്വാധീനം പ്രകടമാകുന്നത്; ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരതയ്ക്കും അവ സംഭാവന നൽകിയിട്ടുണ്ട്. ഈ മെച്ചപ്പെടുത്തലുകൾ നികുതി വരുമാനത്തെ കൂടുതൽ സ്ഥിരതയാർന്നതും വിശ്വസനീയവുമാക്കി മാറ്റി, ഗവണ്മെൻ്റ് വരുമാനം വർദ്ധിപ്പിക്കുന്നതിനും പൊതു ധനകാര്യത്തിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും സഹായിച്ചു.
ജി.എസ്.ടി വളർച്ചയിൽ പ്രതിഫലിക്കുന്നത് ഔപചാരികവത്ക്കരണ നേട്ടങ്ങൾ
വർദ്ധിച്ച ചെലവുകളിലൂടെയും ബിസിനസ്സ് പ്രവർത്തനങ്ങളിലൂടെയും സമ്പദ് വ്യവസ്ഥ വളരുകയാണെന്ന് ഉയർന്ന ജി.എസ്.ടി വരുമാനം സൂചിപ്പിക്കുന്നു. ഉയരുന്ന ഉപഭോഗവും വ്യാപാരവും വർദ്ധിച്ചുവരുന്ന വരുമാനത്തെയും, വിശാലമായ നികുതിദായക അടിത്തറ ശക്തമായ റിപ്പോർട്ടിംഗ് സംവിധാനങ്ങളെയും കാര്യക്ഷമമായ അനുവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നു.
2017-ൽ 66.5 ലക്ഷമായിരുന്ന ജി.എസ്.ടി നികുതിദായകരുടെ എണ്ണം 2026 മെയ് ആയപ്പോഴേക്കും 1.65 കോടിയായി വർദ്ധിച്ചു. ഇത് സമ്പദ് വ്യവസ്ഥയുടെ ഔപചാരികവത്ക്കരണത്തിലേക്ക് വിരൽ ചൂണ്ടുന്നു.

2017-18 ൽ മൊത്തം ജി.എസ്.ടി വരുമാനം ഏകദേശം 7.4 ലക്ഷം കോടി രൂപയായിരുന്നു, വർഷങ്ങളായി ഇത് ക്രമാനുഗതമായി വർദ്ധിച്ചു വരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ജി.എസ്.ടി വരുമാനം 2021–22 ലെ ഏകദേശം 13.76 ലക്ഷം കോടി രൂപയിൽ നിന്ന് 2025–26 ൽ ഏകദേശം 22.27 ലക്ഷം കോടി രൂപയിലേക്ക് ഗണ്യമായി വർദ്ധിച്ചു, ഇത് നികുതി വരുമാനത്തിൽ ശക്തമായ വളർച്ച കാണിക്കുന്നു. 2026–27 ലും ഈ പോസിറ്റീവ് പ്രവണത തുടർന്നു. 2026 ഏപ്രിൽ, മെയ് മാസങ്ങളിൽ ജി.എസ്.ടി വരുമാനം ഏകദേശം 4.37 ലക്ഷം കോടി രൂപയിലെത്തി.
ജി.എസ്.ടിയുടെ തുടർച്ചയായ പരിഷ്കരണ പ്രയാണം
ഒരു സുപ്രധാന നികുതി പരിഷ്കരണത്തിൻ്റെ ആമുഖം അടയാളപ്പെടുത്തുക മാത്രമല്ല, പരോക്ഷ നികുതി സമ്പ്രദായം ലളിതവും സുതാര്യവും ഏകീകൃതവുമാക്കുന്നതിനുള്ള ഇന്ത്യയുടെ നിരന്തര ശ്രമങ്ങളെ പ്രതിനിധീകരിക്കുന്നതിനാലും ജി.എസ്.ടി ദിനം പ്രധാനമാണ്. നികുതി സമ്പ്രദായം കൂടുതൽ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാക്കി പൗരന്മാരുടെയും ബിസിനസ്സുകളുടെയും ആവശ്യകതകൾ മികച്ച രീതിയിൽ നിറവേറ്റുക എന്നതാണ് ജി.എസ്.ടി 2.0 പ്രകാരം അവതരിപ്പിച്ച പരിഷ്‌ക്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ചയും മികച്ച ഭരണനിർവ്വഹണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ വികസിത ഇന്ത്യയായി മാറുക എന്ന രാജ്യത്തിൻ്റെ ദീർഘകാല ലക്ഷ്യത്തെയും ഈ പരിഷ്കാരങ്ങൾ പിന്തുണയ്ക്കുന്നു.
സൂചനകൾ
Prime Minister's Office (PMO)
https://www.pib.gov.in/PressReleasePage.aspx?PRID=2163986&lang=1®=3
Ministry of Finance
https://www.indiabudget.gov.in/budget2017-2018/es2016-17/echap01_vol2.pdf
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=155151®=48&lang=2
https://dor.gov.in/concept-note-gst
https://cbic-gst.gov.in/pdf/01012018-GST-Concept-and-Status.pdf
https://gstcouncil.gov.in/about-us
https://sansad.in/getFile/loksabhaquestions/annex/186/AU2414_pElIGR.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU3545_9tJ3Tw.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/183/AU2272_Pzuq3S.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/187/AU1430_6jAjKo.pdf?source=pqals
https://tutorial.gst.gov.in/downloads/news/monthly_gst_data_for_mar_2026_for_publishing_final.pdf
https://tutorial.gst.gov.in/downloads/news/final_monthly_gst_data_for_may_2026_for_publishing.pdf
https://sansad.in/getFile/annex/250/AU233.pdf?source=pqars
https://www.gstn.org.in/
World Bank
https://documents1.worldbank.org/curated/en/348501542614212003/pdf/India-develoment-Update-GST-December-2017.pdf
Press Information Bureau
https://www.pib.gov.in/PressNoteDetails.aspx?NoteId=154789&ModuleId=3®=48&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=155151&ModuleId=3®=48&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=155156&ModuleId=3®=48&lang=1
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=151915®=48&lang=2
Nine Years of GST
***
(रिलीज़ आईडी: 2279837)
आगंतुक पटल : 16