റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

വൻകിട പാലങ്ങളുടെ രൂപകൽപ്പന പരിശോധിച്ച് ഉറപ്പു വരുത്താൻ ഐഐടികളെയും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളെയും പാനലിൽ ഉൾപ്പെടുത്തി ദേശീയപാതാ അതോറിറ്റി (NHAI)

प्रविष्टि तिथि: 30 JUN 2026 4:46PM by PIB Thiruvananthpuram
ദേശീയപാതാശൃംഖലയുടെ സുരക്ഷ, ഗുണനിലവാരം, ദീർഘകാല ഈട് എന്നിവ ശക്തിപ്പെടുത്തുന്നതിനായി നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ ദേശീയപാത അതോറിറ്റി.  പുതിയ പദ്ധതികളിലെ പ്രധാന പാലങ്ങളുടെ ഡിസൈനുകളും ഹൈഡ്രോളിക് പഠനങ്ങളും  സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി ഐഐടികളെയും മറ്റ് പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളെയും പാനലിൽ ഉൾപ്പെടുത്താൻ അതോറിറ്റി തീരുമാനിച്ചു.നൂറോ അതിലധികമോ വർഷത്തെ ആയുസ്സ് ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്യുന്ന വൻകിട പാലങ്ങൾ, നിർമ്മാണത്തിന് മുൻപ് തന്നെ കർശനവും സ്വതന്ത്രവുമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഐഐടി ഡൽഹി, ഐഐടി ബോംബെ, ഐഐടി റൂർക്കി, ഐഐടി ഖരഗ്‌പൂർ എന്നിവയുൾപ്പെടെ രാജ്യത്തെ പന്ത്രണ്ടോളം പ്രമുഖ ഐഐടികളും മറ്റ് പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളും ഈ പദ്ധതിയിൽ എൻഎച്ച്എഐയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ദേശീയപാതകളിലെ നിർണായക പാലം പദ്ധതികളുടെ രൂപകൽപ്പന  സൂക്ഷ്മമായി പരിശോധിക്കുന്നതിന് രാജ്യവ്യാപകമായ ഒരു സ്ഥാപനപര ചട്ടക്കൂട് രൂപീകരിക്കാൻ ഈ നീക്കം എൻഎച്ച്എഐയെ സഹായിക്കും. നിർമ്മാണങ്ങളിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാനും, പാലം പദ്ധതികളുടെ മികച്ച രൂപകൽപ്പനയും കൃത്യമായ നടത്തിപ്പും പ്രോത്സാഹിപ്പിക്കാനും ഈ ചട്ടക്കൂട് വഴിയൊരുക്കും.പാലങ്ങളുടെ സ്ട്രക്ചറൽ ഡിസൈൻ കണക്കുകൂട്ടലുകൾ, എഞ്ചിനീയറിംഗ് ഡ്രോയിംഗുകൾ, നിർമ്മാണ രീതികൾ, മണ്ണ് പരിശോധന, ഹൈഡ്രോളിക് പഠനങ്ങൾ എന്നിവയുടെ സമഗ്രമായ വിലയിരുത്തലുകൾ ഈ പരിശോധനയുടെ പരിധിയിൽ വരും.

വിവിധ നിർമ്മാണ രീതികളിൽ  നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും ഈ ചട്ടക്കൂട് ഒരുപോലെ ബാധകമായിരിക്കും. ഇതിലൂടെ വിവിധ പദ്ധതി നിർവഹണ രീതികളിലുടനീളം സുസ്ഥിരവും ഏകീകൃതവുമായ  ഗുണനിലവാര നിയന്ത്രണ സംവിധാനം  ഉറപ്പാക്കാൻ സാധിക്കും.

ഈ പുതിയ നീക്കം പാലങ്ങളുടെ നിർമ്മാണ സുരക്ഷ ഗണ്യമായി വർദ്ധിപ്പിക്കാനും, രൂപകൽപ്പനയിലെ വിശ്വാസ്യത മെച്ചപ്പെടുത്താനും, ഭാവിയിലെ  അപകടസാധ്യതകൾ കുറയ്ക്കാനും സഹായിക്കും. ഏറ്റവും മികച്ച എഞ്ചിനീയറിംഗ് രീതികളും സ്ഥാപനപര സംവിധാനങ്ങളും സ്വീകരിച്ചുകൊണ്ട്, ഉയർന്ന ഗുണനിലവാരമുള്ളതും ഭാവിക്ക് അനുയോജ്യവുമായ ഒരു ദേശീയപാതാശൃംഖല വികസിപ്പിക്കുക എന്ന എൻഎച്ച്എഐയുടെ  ലക്ഷ്യത്തിന്  അടിവരയിടുന്നതാണ് ഈ സുപ്രധാന തീരുമാനം.
 
****
 

(रिलीज़ आईडी: 2279562) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil , Telugu