പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പെട്രോൾ, ഡീസൽ വില്പനയ്ക്കും വിതരണത്തിനും ഏര്‍പ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ഗവൺമെന്റ് പിൻവലിച്ചു
प्रविष्टि तिथि:
29 JUN 2026 8:00PM by PIB Thiruvananthpuram
പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ ചില്ലറ വില്പന കേന്ദ്രങ്ങള്‍ വഴിയുള്ള പെട്രോൾ, ഡീസൽ വിൽപ്പനയ്ക്കും വിതരണത്തിനും ഏര്‍പ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണ നടപടികൾ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പിൻവലിച്ചു. 2026 ജൂലൈ 1 ന് നടപടി പ്രാബല്യത്തില്‍ വരും.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണ തടസ്സം നേരിട്ട സമയത്ത് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില സ്ഥിരമായി നിലനിർത്തി അന്താരാഷ്ട്ര ഇന്ധന വിലയിലെ വലിയ വർധനയില്‍നിന്ന് സാധാരണ ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഗവൺമെന്റിന് സാധിച്ചിരുന്നു. ചില്ലറ വില്പനകേന്ദ്രങ്ങളിലെ ഇന്ധന വിലയും വാണിജ്യ ഉപഭോക്താക്കൾക്ക് ബാധകമായ വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടാകാന്‍ ഇത് കാരണമായി. തൽഫലമായി ചില വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ ചില്ലറ വില്പന കേന്ദ്രങ്ങള്‍ വഴി ഇന്ധനം വാങ്ങാൻ തുടങ്ങി. ഇന്ധനം വകമാറ്റി വില്‍ക്കാനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവയ്ക്കും വഴിയൊരുക്കിയതോടെ എല്ലാവര്‍ക്കും തുല്യമായ ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനെ ഇത് ബാധിച്ചിരുന്നു.
ഈ സാഹചര്യത്തിന് പരിഹാരം കാണാന്‍ 2026 ജൂൺ 12-ന് അവതരിപ്പിച്ച താൽക്കാലിക നിയന്ത്രണ നടപടികൾ പ്രകാരം ചില്ലറ വില്പന കേന്ദ്രങ്ങളില്‍ ഒരു ഉപഭോക്താവിന്/വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ എന്ന താൽക്കാലിക പരിധി നിശ്ചയിച്ചിരുന്നു. കൂടാതെ വ്യാവസായിക സ്ഥാപനങ്ങളും വാണിജ്യ ഉപഭോക്താക്കളും ചില്ലറ വില്പന കേന്ദ്രങ്ങള്‍ക്ക് പകരം നിശ്ചിത ഉപഭോക്തൃ പമ്പുകള്‍ വഴി മാത്രം ഇന്ധനം വാങ്ങണമെന്നും നിർദേശം നല്‍കിയിരുന്നു. ചില്ലറ ഉപഭോക്താക്കൾക്ക് പെട്രോളിന്റെയും ഡീസലിന്റെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കരിഞ്ചന്തയിൽ ഡീസൽ വിൽക്കുന്നതും പൂഴ്ത്തിവെക്കുന്നതും വകമാറ്റി വില്‍ക്കുന്നതും തടയുകയായിരുന്നു ഈ നടപടികളുടെ ലക്ഷ്യം.
രാജ്യത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ നിലവിലെ വിതരണ സാഹചര്യം വിലയിരുത്തിയ ശേഷം ഈ താൽക്കാലിക നിയന്ത്രണ നടപടികൾ ഇനി ആവശ്യമില്ലെന്ന് ഗവൺമെന്റ് തീരുമാനിച്ചു. ഇതനുസരിച്ചാണ് 2026 ജൂൺ 12-ലെ ഉത്തരവ് 2026 ജൂലൈ 1 മുതൽ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ പിൻവലിച്ചത്.
സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യമായ ലഭ്യത ഉറപ്പാക്കാൻ താൽക്കാലിക നടപടികൾ സഹായിച്ചു. നടപടികള്‍ പിൻവലിക്കുന്നത് രാജ്യത്തെ ഇന്ധന വിതരണ സാഹചര്യത്തിലുണ്ടായ പുരോഗതിയും സാധാരണ ഇന്ധന വിതരണ സംവിധാനങ്ങള്‍ പഴയ നിലയിലേക്ക് തിരിച്ചെത്തിയതും വ്യക്തമാക്കുന്നു.
***
(रिलीज़ आईडी: 2279233)
आगंतुक पटल : 8