ഗ്രാമീണ വികസന മന്ത്രാലയം
ദേശീയ ഗ്രാമവികസന സമ്മേളനത്തിൽ നിര്‍മ്മിതബുദ്ധി അധിഷ്ഠിത 'ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടൽ' പുറത്തിറക്കി കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ
प्रविष्टि तिथि:
28 JUN 2026 2:36PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ പുസ കാമ്പസിൽ സംഘടിപ്പിച്ച ദേശീയ ഗ്രാമ വികസന സമ്മേളനത്തിൽ 'ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടൽ' കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ പുറത്തിറക്കി. നിര്‍മ്തബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പോർട്ടൽ ഗ്രാമവികസന മന്ത്രാലയത്തിന്റെ ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും സാങ്കേതികവിദ്യയിലധിഷ്ഠിതമായ സദ്ഭരണവും മെച്ചപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ്.

പരമ്പരാഗത ഓഡിറ്റിംഗ് രീതികൾ ആധുനികവൽക്കരിക്കേണ്ടതിന്റെയും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെയും ആവശ്യകത മുൻനിർത്തിയാണ് ഗ്രാമവികസന മന്ത്രാലയം 'ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടൽ' വികസിപ്പിച്ചെടുത്തത്. അപകടസാധ്യതയേറിയ ഓഡിറ്റുകളും നിയമപാലന ഓഡിറ്റുകളും പൂർണമായി കൈകാര്യം ചെയ്യാന്‍ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഏകീകൃത ഡിജിറ്റൽ സംവിധാനം രൂപീകരിക്കുന്നത്. ഗ്രാമവികസന മന്ത്രാലയത്തിലെ ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ് ഓഫീസ് വിഭാവനം ചെയ്ത ഈ പോർട്ടൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സാങ്കേതിക സഹകരണത്തോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഭരണനിർവഹണത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.
വ്യത്യസ്ത തലങ്ങളില്‍ കടലാസ് ജോലികൾ നിറഞ്ഞ പരമ്പരാഗത ആഭ്യന്തര ഓഡിറ്റിംഗ് രീതി സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനമാക്കി മാറ്റാൻ ഈ പോർട്ടലിന് സാധിച്ചിട്ടുണ്ട്. ഓഡിറ്റ് ആസൂത്രണം, നിർവഹണം, റിപ്പോർട്ടിങ്, നിയമപാലന നിയന്ത്രണങ്ങള്‍, നിരീക്ഷണം, വിശകലനം എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ ഗ്രാമവികസന പരിപാടികളുടെ ആഭ്യന്തര ഓഡിറ്റിംഗ് കൂടുതൽ ശക്തവും ഫലപ്രദവുമാക്കാൻ പോർട്ടലിന് കഴിഞ്ഞു.
പോര്‍ട്ടലിന്റെ തുടക്കവും വികസന ഘട്ടങ്ങളും
പരമ്പരാഗത ഓഡിറ്റ് പ്രക്രിയകളിലെ വെല്ലുവിളികളെ മറികടക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് ഏകീകൃത ഓഡിറ്റ് നിര്‍വഹണ സംവിധാനം എന്ന ആശയം രൂപപ്പെടുന്നത്. ചിതറിക്കിടന്ന രേഖകള്‍, നേരിട്ടുള്ള കടലാസ് ഇടപാടുകൾ, റിപ്പോർട്ടിങിലെ കാലതാമസം, പരിമിതമായ നിരീക്ഷണ സംവിധാനങ്ങൾ, കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാന്‍ മുൻകാല ഓഡിറ്റ് വിവരങ്ങൾ ലഭ്യമാകാതിരിക്കൽ എന്നിവയായിരുന്നു നേരത്തെ പരമ്പരാഗത ഓഡിറ്റിംഗില്‍ നേരിട്ട പ്രധാന പോരായ്മകൾ. ഒരു കേന്ദ്രീകൃത വിവരശേഖര സംവിധാനം ഇല്ലാത്തതിനാൽ ആവർത്തിച്ചുണ്ടാകുന്ന പിശകുകൾ കണ്ടെത്താനും വ്യവസ്ഥാപിത അപകടസാധ്യതകൾ വിലയിരുത്താനും നിയമപാലനം കൃത്യമായി നിരീക്ഷിക്കാനും ബുദ്ധിമുട്ടായിരുന്നു.
ഈ വെല്ലുവിളികൾക്ക് പരിഹാരം കാണാനാണ് സുതാര്യതയും ഉത്തരവാദിത്തവും സ്ഥാപനപരമായ അറിവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓഡിറ്റ് പ്രക്രിയകൾ ലളിതമാക്കുന്ന സമഗ്ര ഡിജിറ്റൽ സംവിധാനത്തിന് മന്ത്രാലയം തുടക്കം കുറിച്ചത്. നിലവിലെ പ്രവർത്തനരീതികൾ മനസ്സിലാക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഓഡിറ്റർമാർ, പ്രോഗ്രാം ഡിവിഷനുകൾ, ഫീൽഡ് ഉദ്യോഗസ്ഥർ എന്നിവരുമായി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.
പോർട്ടലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം 2025 ഏപ്രിൽ 1-ന് ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലാണ് ആരംഭിച്ചത്. പരീക്ഷണത്തിന്റെ വിജയകരമായ പൂർത്തീകരണം ഈ പ്ലാറ്റ്‌ഫോമിന്റെ ശേഷിയും ഓഡിറ്റ് ഭരണനിർവഹണത്തെ മാറ്റിമറിക്കാനുള്ള സാധ്യതയും തെളിയിച്ചു. പരീക്ഷണ ഘട്ടത്തിന് ശേഷം പോർട്ടൽ ക്രമാനുഗതമായി വികസിപ്പിക്കുകയും 2025 ഒക്ടോബർ മുതൽ ഇതിന്റെ എല്ലാ പ്രധാന ഘടകങ്ങളും പ്രവർത്തനക്ഷമമാവുകയും ചെയ്തു.
ഓഡിറ്റ് ആസൂത്രണവും അനുമതികളും മുതൽ ഓഡിറ്റ് നിരീക്ഷണങ്ങൾ, കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോർട്ടുകൾ, പരാതി പരിഹാരങ്ങൾ, രേഖകളുടെ സൂക്ഷിപ്പ് എന്നിവയുൾപ്പെടെ സമഗ്ര ഓഡിറ്റ് നിര്‍വഹണ സംവിധാനമായി കുറഞ്ഞ കാലയളവില്‍ തന്നെ ഈ പ്ലാറ്റ്‌ഫോം മാറി.
പോർട്ടലിന്റെ ലക്ഷ്യങ്ങൾ
കാര്യക്ഷമതയും സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിന് ആഭ്യന്തര ഓഡിറ്റ് പ്രക്രിയ പൂർണമായി ഡിജിറ്റലാക്കുകയും ലളിതമാക്കുകയുമാണ് ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ഓഡിറ്റ് യൂണിറ്റുകൾ, ഓഡിറ്റ് നിരീക്ഷണങ്ങൾ, നടപടി സംബന്ധിച്ച റിപ്പോർട്ടുകൾ, ഓഡിറ്റ് രേഖകൾ എന്നിവയ്ക്ക് കേന്ദ്രീകൃത സൂക്ഷിപ്പ് സംവിധാനമൊരുക്കാന്‍ സാധിക്കും. ഓഡിറ്റ് യൂണിറ്റുകളെ ശാസ്ത്രീയമായി കണ്ടെത്തി മുൻഗണന നൽകി അപകട സാധ്യതയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് ആസൂത്രണം സാധ്യമാക്കുക, ഓഡിറ്റ് റിപ്പോർട്ടുകൾ ഓട്ടോമേറ്റ് ചെയ്യുക, ഓഡിറ്റ് രേഖകൾ ഏകീകരിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. നിര്‍വഹണത്തിലെ അപകടസാധ്യതകളും വ്യവസ്ഥാപിത പോരായ്മകളും കണ്ടെത്താന്‍ അനലിറ്റിക്സും പുതിയ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും. കൂടാതെ ഓഡിറ്റ് പുരോഗതി, നിയമപാലന നില, അനുമതികൾ എന്നിവ തത്സമയം നിരീക്ഷിക്കാൻ സൗകര്യമൊരുക്കാനും ആഭ്യന്തര ഓഡിറ്റ് ഇടപെടലുകളുടെ ഫലങ്ങളും നേട്ടങ്ങളും വിലയിരുത്താനും ഇത് സഹായിക്കും. കടലാസ് രഹിതവും പരിസ്ഥിതി സൗഹൃദവുമായ ഭരണനിർവഹണ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
സാങ്കേതിക ഘടനയും സുരക്ഷാ ചട്ടക്കൂടും
ഡിജിറ്റൽ ഭരണനിർവഹണവുമായി ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആധുനികവും സുരക്ഷിതവുമായ സാങ്കേതിക ഘടനയിലാണ് ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ഗിറ്റ് അധിഷ്ഠിത വേർഷൻ കൺട്രോൾ സംവിധാനങ്ങളും നിരന്തര സംയോജന/ നിരന്തര വിന്യാസ പ്രവർത്തനങ്ങളും ഉൾപ്പെടെ അത്യാധുനിക സോഫ്റ്റ്‌വെയർ എന്‍ജിനീയറിങ് രീതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റുകൾ കൃത്യമായി നിയന്ത്രിക്കാനും തടസ്സരഹിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും പ്രത്യേക നിര്‍മാണ ഘട്ടം, പരിശോധനാ ഘട്ടം, അന്തിമ പ്രവര്‍ത്തനഘട്ടം എന്നിങ്ങനെ മൂന്ന് തലങ്ങളായി പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നു.
പോർട്ടലിന്റെ ഘടനയിൽ ശക്തമായ ഒരു സുരക്ഷാ ചട്ടക്കൂടും സംയോജിപ്പിച്ചിട്ടുണ്ട്. പദവി അധിഷ്ഠിത പ്രവേശന നിയന്ത്രണം, കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങൾ, സുരക്ഷിതമായ എപിഐ അധിഷ്ഠിത സംയോജനങ്ങൾ, ഓട്ടോമേറ്റഡ് എക്സെപ്ഷൻ ഹാൻഡ്‌ലിങ്, സമ്പൂർണ ഓഡിറ്റ് ലോഗിങ്, കൃത്യമായ സുരക്ഷാ വിലയിരുത്തലുകൾ, ദൈനംദിന ബാക്കപ്പ് സംവിധാനങ്ങൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. നിർണായക ഓഡിറ്റ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡിസാസ്റ്റർ റിക്കവറി പ്രോട്ടോക്കോളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപകടസാധ്യത വിലയിരുത്താനും ഓഡിറ്റ് മുൻഗണനകൾ നിശ്ചയിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനും നിര്‍മിതബുദ്ധി, അഡ്വാൻസ്ഡ് അനലിറ്റിക്സ്, മെഷീൻ ലേണിങ് ടൂളുകൾ എന്നിവ ഭാവിയിൽ സംയോജിപ്പിക്കാവുന്ന തരത്തിലാണ് ഇതിന്റെ ഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
പ്രധാന സവിശേഷതകൾ
ഓഡിറ്റിംഗിന്റെ ഓരോ ഘട്ടത്തെയും പിന്തുണയ്ക്കുന്ന സമഗ്രമായ നിരവധി പ്രവർത്തനങ്ങൾ ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടലിലുണ്ട്.
സമ്പൂര്‍ണ ഡിജിറ്റൽ ഓഡിറ്റ് നിര്‍വഹണം
ഉപയോക്താക്കളുടെ രജിസ്ട്രേഷൻ, ഓഡിറ്റ് ആസൂത്രണം, ഓഡിറ്റ് പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുകൾ, ഓഡിറ്റ് മെമ്മോറാണ്ടം പുറപ്പെടുവിക്കൽ, ഓഡിറ്റ് നിരീക്ഷണങ്ങൾ, റിപ്പോർട്ട് തയ്യാറാക്കൽ, അനുമതികൾ, രേഖകള്‍ കൈകാര്യം ചെയ്യല്‍ എന്നിവയുൾപ്പെടെ എല്ലാ ഓഡിറ്റ് പ്രവർത്തനങ്ങളും പൂർണമായി ഓൺലൈനില്‍ നിര്‍വഹിക്കാന്‍ പോർട്ടൽ സൗകര്യമൊരുക്കുന്നു.
നടപടികള്‍ സംബന്ധിച്ച റിപ്പോർട്ടുകളും ആക്ഷേപങ്ങള്‍ തീര്‍പ്പാക്കലും
ഓഡിറ്റിന് വിധേയരാകുന്നവർക്ക് കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോർട്ടുകൾ അനുബന്ധ രേഖകൾ സഹിതം പോർട്ടൽ വഴി സമർപ്പിക്കാം. ഓഡിറ്റർമാർക്ക് ഈ മറുപടികൾ പരിശോധിച്ച് നിരീക്ഷണങ്ങൾ അറിയിക്കാനും മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റലായി ഓഡിറ്റ് ആക്ഷേപങ്ങള്‍ തീർപ്പാക്കാനും സാധിക്കും.
കേന്ദ്രീകൃത ഓഡിറ്റ് വിവരശേഖര കേന്ദ്രം
ഓഡിറ്റ് രേഖകൾ, നിരീക്ഷണങ്ങൾ, റിപ്പോർട്ടുകൾ, നിയമപാലനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ എന്നിവയുടെ സമഗ്രമായ ഡിജിറ്റൽ സൂക്ഷിപ്പുകേന്ദ്രം ഈ പ്ലാറ്റ്‌ഫോം നിലനിർത്തുന്നു. മുൻകാല ഓഡിറ്റ് വിവരങ്ങൾ ഭാവി റഫറൻസിനും സ്ഥാപനപരമായ പഠനത്തിനും പ്രവണതകള്‍ വിശകലനം ചെയ്യാനും എളുപ്പത്തിൽ ലഭ്യമാകും.
പദവി അധിഷ്ഠിത ഭരണനിർവഹണ ചട്ടക്കൂട്
ഓഡിറ്റർമാർ, ഓഡിറ്റിന് വിധേയരാകുന്നവർ, അനുമതി നൽകുന്ന അധികാരികൾ, പ്രോഗ്രാം ഡിവിഷനുകൾ, സംസ്ഥാന ഗവൺമെന്റുകൾ, ജില്ലാതല ഉപയോക്താക്കൾ, സാക്ഷ്യപ്പെടുത്തിയ ആഭ്യന്തര ഓഡിറ്റർമാർ എന്നിവർക്ക് പോർട്ടലിലേക്ക് പ്രത്യേക പ്രവേശനം നൽകിയിട്ടുണ്ട്. ഇത് ഓഡിറ്റ് സംവിധാനവുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷിതവും ഘടനാപരവുമായ പങ്കാളിത്തം ഉറപ്പാക്കുന്നു.
തത്സമയ നിരീക്ഷണവും വിശകലനവും
ഓഡിറ്റ് പരിധി, തീർപ്പാക്കാത്ത നിരീക്ഷണങ്ങൾ, നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കല്‍, സാമ്പത്തിക ക്രമക്കേടുകൾ, ഓഡിറ്റ് പ്രകടനം, നിര്‍വഹണ പ്രവണതകള്‍ എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ സംവേദനാത്മക ഡാഷ്‌ബോർഡുകൾ വഴി ലഭ്യമാക്കുന്നുണ്ട്. നയരൂപകർത്താക്കൾക്ക് വിവിധ ഭരണതലങ്ങളിലെ ക്രോഡീകരിച്ച വിവരങ്ങൾ ഇതിലൂടെ പരിശോധിക്കാം.
മാപ്പ് വ്യൂ വഴി ജിയോസ്പേഷ്യൽ നിരീക്ഷണം
പോർട്ടലിന്റെ ഏറ്റവും നൂതന സവിശേഷതകളിലൊന്ന് മാപ്പ് വ്യൂ മൊഡ്യൂൾ ആണ്. ഇത് ഇന്ത്യയിലുടനീളം ഓഡിറ്റ് പ്രവർത്തനങ്ങളുടെ ജിയോസ്പേഷ്യൽ ദൃശ്യവല്‍ക്കരണം സാധ്യമാക്കുന്നു. ഭൂപടം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റർഫേസിലൂടെ ഓഡിറ്റ് പരിധി, ഓഡിറ്റ് ടീമുകളുടെ വിന്യാസം, ആക്ഷേപങ്ങള്‍ തീര്‍പ്പാക്കുന്നതിലെ നില, നിയമപാലനം സംബന്ധിച്ച പ്രതികരണങ്ങള്‍ എന്നിവ നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. പ്രധാനമായും, ഇതുവരെ ഒരിക്കൽ പോലും ഓഡിറ്റ് ചെയ്യപ്പെടാത്ത ഓഡിറ്റ് യൂണിറ്റുകളെ കണ്ടെത്താൻ ഇതുവഴി സാധിക്കും. കൃത്യമായ ഇടപെടലുകൾ നടത്താനും വിഭവങ്ങൾ ശരിയായി വിന്യസിക്കാനും അപകടസാധ്യത അടിസ്ഥാനമാക്കി ഓഡിറ്റ് പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.
ബഹുഭാഷാ-ഉപയോക്തൃ സൗഹൃദ ഇന്റർഫേസ്
ലളിതമായ പ്രവർത്തന രീതികൾ, ഘടനാപരമായ നാവിഗേഷൻ, ഉപയോക്തൃ സൗഹൃദ ഇന്റർഫേസുകൾ എന്നിവയിലൂടെ എളുപ്പത്തിൽ ഉപയോഗിക്കാനും കൂടുതൽ പേരിലേക്ക് എത്തിക്കാനും കഴിയുന്ന രീതിയിലാണ് പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നത്.
നിര്‍മിതബുദ്ധിയും അത്യാധുനിക അനലിറ്റിക്സും
എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ മന്ത്രാലയം ക്രമാനുഗതമായി പോർട്ടലിലേക്ക് സംയോജിപ്പിച്ചു വരികയാണ്. ബുദ്ധിപരമായ ഓഡിറ്റ് ആസൂത്രണം, അപകടസാധ്യതയേറിയ സ്ഥാപനങ്ങളെ കണ്ടെത്തൽ, പ്രവചനാധിഷ്ഠിത വിശകലനം, പാറ്റേണുകൾ തിരിച്ചറിയൽ, തെളിവുകളെ അടിസ്ഥാനമാക്കി തീരുമാനം കൈക്കൊള്ളല്‍ എന്നിവയ്ക്ക് ഈ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ അധിഷ്ഠിത ഓഡിറ്റ് പിന്തുണ അവതരിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ ഓഡിറ്റ് ഭരണനിർവഹണത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് മന്ത്രാലയം ചുവടുവെക്കുന്നത്.
സ്വാധീനവും ഫലങ്ങളും
ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടൽ നടപ്പാക്കിയതിലൂടെ ഓഡിറ്റ് ഭരണനിർവഹണത്തിലും ഭരണപരമായ ഫലങ്ങളിലും വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
വിവിധ പരിപാടികളിലും വ്യത്യസ്ത പ്രദേശങ്ങളിലും ഓഡിറ്റ് റിപ്പോർട്ടിങ് രീതികൾ ഏകീകരിക്കാനും ഓഡിറ്റ് നിരീക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമാന ചട്ടക്കൂട് രൂപീകരിക്കാനും പോർട്ടലിന് സാധിച്ചു. ഓഡിറ്റ് രേഖകൾ പൂർണമായി ഡിജിറ്റലായി സൂക്ഷിക്കുന്നതിനാൽ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സ്ഥാപനപരമായ അറിവുകൾ മികച്ച രീതിയിൽ സംരക്ഷിക്കാനും കഴിയുന്നു.
മേൽനോട്ടം ശക്തിപ്പെടുത്താനും കൃത്യസമയത്ത് ആവശ്യമായ ഇടപെടലുകൾ നടത്താനും തത്സമയ നിരീക്ഷണ സംവിധാനങ്ങൾ സഹായിച്ചിട്ടുണ്ട്. നടപടികള്‍ കൈക്കൊണ്ടത് സംബന്ധിച്ച റിപ്പോർട്ടുകളും ഓഡിറ്റ് ആക്ഷേപങ്ങളില്‍ തീർപ്പുകല്പിക്കുന്നതും ഡിജിറ്റലായി പരിശോധിക്കുന്നതിലൂടെ നിയമനിര്‍വഹണം കൂടുതൽ സുതാര്യമായി മാറി.
ഭൗതിക രേഖകളെയും നേരിട്ടുള്ള കടലാസ് ഇടപാടുകളെയും വ്യത്യസ്ത ആശയവിനിമയ മാർഗങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ പ്ലാറ്റ്‌ഫോമിന് കഴിഞ്ഞിട്ടുണ്ട്. ഓട്ടോമേറ്റ് ചെയ്ത സംവിധാനങ്ങള്‍ അനുമതികൾ വേഗത്തിലാക്കുകയും നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുകയും പങ്കാളികൾ തമ്മിലെ ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്തു. അനലിറ്റിക്കൽ ഡാഷ്‌ബോർഡുകളുടെ ലഭ്യത പ്രവണതകള്‍ തിരിച്ചറിയാനും അപകടസാധ്യതകൾ വിലയിരുത്താനും ഓഡിറ്റ് നിർവഹണ ഗുണനിലവാരം നിരീക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശേഷി വർധിപ്പിച്ചു. തൽഫലമായി കേവലം നിയമപാലന പരിശോധന എന്നതിനപ്പുറം പദ്ധതികളുടെ ഫലപ്രാപ്തിയെയും ഭരണപരിഷ്കാരങ്ങളെയും പിന്തുണയ്ക്കുന്ന തന്ത്രപ്രധാന നിര്‍വഹണ പ്രക്രിയയായി ആഭ്യന്തര ഓഡിറ്റിംഗ് വികസിച്ചിരിക്കുന്നു.
ദേശീയതല അംഗീകാരവും വ്യാപനവും
ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടലിന്റെ വിജയം മാതൃകാപരമായ ഡിജിറ്റൽ ഭരണനിർവഹണ സംരംഭമെന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിന്റെ വിപ്ലവകരമായ സാധ്യതകൾ കണക്കിലെടുത്ത് ധന മന്ത്രാലയത്തിന് കീഴിലെ ചെലവുകാര്യ വകുപ്പിലെ ഓഫീസ് ഓഫ് ദി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് 2025 ഡിസംബർ 9-ന് ഒരു ഔദ്യോഗിക മെമ്മോറാണ്ടം (നമ്പർ: I-104/3/2024-ITD-CGA/E-19878/621A) പുറപ്പെടുവിച്ചു. ഗ്രാമവികസന മന്ത്രാലയത്തിന്റെ ഈ ആഭ്യന്തര ഓഡിറ്റ് മൊഡ്യൂൾ എല്ലാ സിവിൽ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ്, ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ്, കൺട്രോളർ ഓഫ് അക്കൗണ്ട്സ് ഓഫീസുകളിൽ നടപ്പാക്കാന്‍ തത്വത്തിലുള്ള അംഗീകാരമാണ് ഈ ഉത്തരവിലൂടെ നൽകിയിരിക്കുന്നത്.
അപകട സാധ്യത അടിസ്ഥാനമാക്കിയുള്ള ഓഡിറ്റുകളും നിയമപാലന ഓഡിറ്റുകളും പൂർണമായി കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച രാജ്യത്തെ ആദ്യ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടൽ എന്ന് ഈ ഓഫീസ് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നു. ഓഡിറ്റ് ആസൂത്രണം, അനുമതികൾ, ഓഡിറ്റ് മെമ്മോറാണ്ടം, തത്സമയ നിരീക്ഷണങ്ങൾ, ആക്ഷേപങ്ങള്‍ സംബന്ധിച്ച സാമ്പത്തിക നിരീക്ഷണം, ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കൽ, കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോർട്ടുകളുടെ ഡിജിറ്റൽ പ്രോസസ്സിങ് എന്നിവയിലെ പോർട്ടലിന്റെ മികവ് ഉത്തരവിൽ എടുത്തുപറയുന്നുണ്ട്. ഇന്ത്യയിലെ ഡിജിറ്റൽ പൊതു സാമ്പത്തിക നിര്‍വഹണത്തിന്റെ വികാസത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അംഗീകാരം. ഗവൺമെന്റ് സംവിധാനത്തിലുടനീളം ആഭ്യന്തര ഓഡിറ്റ് ഭരണനിർവഹണം ശക്തമാക്കുന്ന മാതൃകാ സംവിധാനമായി ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടല്‍ മാറുന്നു.
ഭാവി ആസൂത്രണം
ഭരണനിർവഹണവും ഉത്തരവാദിത്തവും ശക്തിപ്പെടുത്താന്‍ പുതിയ സാങ്കേതികവിദ്യകളെ നിരന്തരം പ്രയോജനപ്പെടുത്തുന്ന സംവിധാനമെന്ന നിലയിലാണ് ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ആഭ്യന്തര ഓഡിറ്റ് പോർട്ടലിനെ വിഭാവനം ചെയ്യുന്നത്. നിര്‍മിതബുദ്ധിയുടെ ആഴത്തിലുള്ള സംയോജനം, വിപുലമായ അപകടസാധ്യതാ-സ്കോറിങ് സംവിധാനങ്ങൾ, പ്രവചനാധിഷ്ഠിത വിശകലനം, ബുദ്ധിപരമായ ഓഡിറ്റ് ആസൂത്രണ സംവിധാനങ്ങള്‍, മെച്ചപ്പെട്ട മാനേജ്‌മെന്റ് ഡാഷ്‌ബോർഡുകൾ എന്നിവ ഭാവി നവീകരണങ്ങളിൽ ഉൾപ്പെടുന്നു. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഭരണനിർവഹണത്തെ പിന്തുണയ്ക്കുന്ന ഈ പരിഷ്കാരങ്ങൾ ആഭ്യന്തര ഓഡിറ്റുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും തന്ത്രപരമായ പ്രാധാന്യവും വർധിപ്പിക്കുന്നു.
***
(रिलीज़ आईडी: 2278708)
आगंतुक पटल : 7