ഗ്രാമീണ വികസന മന്ത്രാലയം
പ്രഥമ രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനം ജൂൺ 28,29 തീയതികളിൽ ഡൽഹിയിൽ നടക്കും
प्रविष्टि तिथि:
26 JUN 2026 6:55PM by PIB Thiruvananthpuram
2026 ജൂൺ 28,29 തീയതികളിൽ ന്യൂഡൽഹിയിലെ പൂസയിലുള്ള ഭാരതരത്ന സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കുന്ന 2026-ലെ രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനത്തിൽ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ.ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷത വഹിക്കും. സമഗ്ര ഗ്രാമവികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രധാന മുൻനിര പരിപാടികൾ അവലോകനം ചെയ്യുന്നതിനും ഗ്രാമീണ ഇന്ത്യയുടെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാമവികസന മന്ത്രിമാർ, മുതിർന്ന ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഗ്രാമീണ ഇന്ത്യയിലുടനീളം എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും പരിവർത്തനാത്മകവുമായ വികസനം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള സമഗ്ര ദേശീയ ചർച്ചയ്ക്ക് കേന്ദ്ര ഗവൺമെൻ്റ് ഇതിലൂടെ തുടക്കം കുറിക്കുകയാണ്. കേന്ദ്ര മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിൽ, ഗ്രാമങ്ങളുടെ വികസനത്തിനായി ഒരു പങ്കാളിത്ത തന്ത്രം വികസിപ്പിക്കുന്നതിന് കേന്ദ്രത്തേയും സംസ്ഥാനങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്ന, ഇത്തരത്തിലുള്ള ആദ്യത്തെ വലിയ രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനമായിരിക്കും ഇത്. 'വികസിത ഗ്രാമം, വികസിത ഇന്ത്യ' എന്ന ദർശനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ശ്രീ.ചൗഹാൻ പറഞ്ഞു. 2025-ലെ വിബി-ജി റാം ജി നിയമത്തിൻ്റെ ഫലപ്രദമായ നടപ്പാക്കൽ, ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ആസൂത്രണ പ്രക്രിയകൾ ശക്തിപ്പെടുത്തൽ, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കൽ എന്നിവയിലായിരിക്കും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രധാൻ മന്ത്രി ആവാസ് യോജന–ഗ്രാമീൺ, പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന, ദീൻദയാൽ അന്ത്യോദയ യോജന–ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ഗ്രാമീണ നൈപുണ്യ വികസന പരിപാടികൾ, ദേശീയ സാമൂഹിക സഹായ പരിപാടി എന്നിവയുൾപ്പെടെയുള്ള പ്രധാന ഗ്രാമവികസന പരിപാടികളുടെ നടത്തിപ്പും പുരോഗതിയും സമ്മേളനം സമഗ്രമായി അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലേയും ഗ്രാമവികസന മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാമവികസന മന്ത്രിമാരുടെ പങ്കാളിത്തമാണ് ഈ സമ്മേളനത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, വിവിധ ഗ്രാമവികസന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഷയ വിദഗ്ധർ എന്നിവരും ഈ ചർച്ചകളിൽ പങ്കാളികളാകും. സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ, നൂതനാശയങ്ങൾ, താഴെത്തട്ടിലുള്ള വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് ഈ ദേശീയ വേദി വഴിയൊരുക്കും. ഇത് കൂടുതൽ ശക്തവും പ്രായോഗികവുമായ നയ ഇടപെടലുകൾ രൂപപ്പെടുത്താൻ പ്രാപ്തമാക്കും.

വിഷയാധിഷ്ഠിത സെഷനുകൾ
ഗ്രാമീണ ഭവനങ്ങൾ, റോഡ് ശൃംഖല, ഉപജീവനമാർഗ്ഗങ്ങൾ, നൈപുണ്യ വികസനം, സാമൂഹിക സുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിഷയാധിഷ്ഠിത, ബ്രേക്ക്ഔട്ട് സെഷനുകൾ സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ശ്രീ. ചൗഹാൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ വിജയകരമായ സംരംഭങ്ങളും നൂതന പ്രവർത്തന മാതൃകകളും സമ്മേളനത്തിൽ പ്രദർശിപ്പിക്കും, ഇത് രാജ്യത്തുടനീളം മറ്റുള്ളവർക്കും മാതൃകയാക്കാനും നടപ്പിലാക്കാനും സഹായകരമാകും. 'ലഖ്പതി ദീദി' സംരംഭത്തിന് ചർച്ചകളിൽ പ്രത്യേക പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വയംസഹായ സംഘങ്ങളിലൂടെയുള്ള സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശക്തമാക്കുക, ഗ്രാമീണ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ വ്യാപിപ്പിക്കുക എന്നിവയിലായിരിക്കും ഇതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുക. ഗ്രാമീണ യുവജനതയുടെ നൈപുണ്യ വികസനവും വിപണി ബന്ധങ്ങളും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.
സാങ്കേതികവിദ്യയ്ക്കും നിർമ്മിതബുദ്ധിയ്ക്കുമുള്ള പ്രത്യേക ഊന്നൽ
ഗ്രാമവികസന പദ്ധതികളിൽ സാങ്കേതികവിദ്യയുടേയും നിർമ്മിതബുദ്ധിയുടേയും ഉപയോഗത്തിന് സമ്മേളനം പ്രത്യേക ഊന്നൽ നൽകും. പദ്ധതി നടത്തിപ്പിൻ്റെ വേഗതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങളോടൊപ്പം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, തത്സമയ നിരീക്ഷണം, സുതാര്യത, ഉത്തരവാദിത്തം എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ഭാവിയിലേക്കുള്ള പ്രവർത്തനരേഖ
ഭാവി പ്രവർത്തന പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനായി, സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ജൂൺ 29-ന് പ്ലീനറി സെഷനുകളും മന്ത്രിതല ചർച്ചകളും നടക്കുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സമ്മേളനത്തിൻ്റെ പ്രധാന കണ്ടെത്തലുകളും തീരുമാനങ്ങളും അവതരിപ്പിക്കുകയും 2047-ഓടെ വികസിത ഇന്ത്യയെന്ന ദർശനം കൈവരിക്കുന്നതിൽ ഗ്രാമങ്ങൾക്കുള്ള പ്രധാന പങ്കിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും.
ഗ്രാമീണ ഇന്ത്യയ്ക്കായുള്ള പുതിയ പ്രതിബദ്ധതകളും പ്രവർത്തന പദ്ധതിയും
ഈ സമ്മേളനം കേവലം ഒരു അവലോകന പ്രക്രിയ മാത്രമല്ല, മറിച്ച് ഗ്രാമീണ ഇന്ത്യയ്ക്കായി പുതിയ പ്രതിബദ്ധതകളും കൃത്യമായ ഒരു പ്രവർത്തന പദ്ധതിയും രൂപീകരിക്കാനുള്ള അവസരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലുമുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ മുൻഗണനകൾക്ക് അനുസൃതമായി, രാജ്യത്തിൻ്റെ വികസന കുതിപ്പിൽ ഓരോ ഗ്രാമവും ഒരു അവിഭാജ്യ ഘടകമായി മാറുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

ഗ്രാമവികസനവുമായി ബന്ധപ്പെട്ട പ്രധാന പ്രസിദ്ധീകരണങ്ങൾ ചടങ്ങിൽ പുറത്തിറക്കും
ജലസുരക്ഷ, ഗ്രാമവികസന പദ്ധതികൾ, സ്ത്രീ ശാക്തീകരണം, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ, പ്രചോദനാത്മകമായ വിജയഗാഥകൾ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന ഗ്രാമവികസനവുമായി ബന്ധപ്പെട്ട പ്രധാന പ്രസിദ്ധീകരണങ്ങളുടെ പ്രകാശനത്തിനും സമ്മേളനം സാക്ഷ്യം വഹിക്കും. ഗ്രാമവികസന സംരംഭങ്ങളുടെ കൂടുതൽ ഫലപ്രദമായ ആസൂത്രണം, നടത്തിപ്പ്, ഭരണനിർവ്വഹണം എന്നിവയ്ക്കായി സംസ്ഥാനങ്ങൾക്കും ഗ്രാമപഞ്ചായത്തുകൾക്കും മാർഗ്ഗനിർദ്ദേശങ്ങളും മികച്ച മാതൃകകളും നൽകുന്ന പ്രായോഗിക വിജ്ഞാന സ്രോതസ്സുകളായി വർത്തിക്കുക എന്നതാണ് ഈ പ്രസിദ്ധീകരണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
***
(रिलीज़ आईडी: 2278320)
आगंतुक पटल : 12