ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന, ഭവായ്യ നാടോടി പാരമ്പര്യത്തെക്കുറിച്ചുള്ള പുസ്തകം ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു
प्रविष्टि तिथि:
25 JUN 2026 6:12PM by PIB Thiruvananthpuram
ലോക്‌സഭാംഗം ഡോ. ജയന്ത കുമര്‍ റോയിയും ശ്രീമതി സംഗീത റോയിയും ചേര്‍ന്ന് രചിച്ച 'സംസ്‌കൃതിര്‍ രത്‌ന ഭണ്ഡാര്‍: ഭവായ്യാര്‍ ഇതിബൃത്തോ' (ഭവായ്യ: ഒരു സാംസ്‌കാരിക നിധിയും അതിൻ്റെ ചരിത്രപരമായ പ്രയാണവും) എന്ന പുസ്തകം ഇന്ന് ന്യൂഡല്‍ഹിയിലെ ഉപരാഷ്ട്രപതി ഭവനില്‍ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്യവെ, കൊച്ച് രാജ്ബന്‍ഷി സമൂഹത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും ഭവായ്യ നാടോടി പാരമ്പര്യത്തെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സമര്‍പ്പിതമായി പ്രവര്‍ത്തിച്ചതിന് പുസ്തകത്തിൻ്റെ രചയിതാക്കളെ ശ്രീ. സി.പി. രാധാകൃഷ്ണന്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിൻ്റെ ഒരു പ്രധാന വശം രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും പ്രസാധകരായ 'കഥ ഒകഹിനി' വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തുടനീളമുള്ള ഭാഷകള്‍, സംഗീതം, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ രാജ്യത്തിൻ്റെ പൊതുവായ പൈതൃകത്തിൻ്റെ കൂട്ടായ സ്മരണയുടെയും ജീവിത സാക്ഷ്യങ്ങളുടെയും ഒരു നിധിശേഖരമാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കന്‍ ബംഗാളിൻ്റെ യും സമീപ പ്രദേശങ്ങളുടെയും മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന ഭവായ്യ നാടോടി സംഗീതം, തലമുറകളായി സാധാരണക്കാരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും പോരാട്ടങ്ങളെയും ജ്ഞാനത്തെയും പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഭവായ്യയുടെ ചരിത്രപരമായ പരിണാമത്തെ ഈ പുസ്തകം ക്രമാനുഗതമായി പിന്തുടരുന്നുവെന്നും അതിൻ്റെ ഉത്ഭവത്തെയും വികാസത്തെയും കുറിച്ചുള്ള ഒരു നവീന കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.ജനങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ അനുഭവങ്ങളുടെ ഒരു ജൈവിക പ്രകടനമായി ഭവായ്യയെ രൂപപ്പെടുത്തുന്നതില്‍ നാടോടി പാരമ്പര്യങ്ങള്‍, മതപരമായ അനുഷ്ഠാനങ്ങള്‍, കാര്‍ഷിക ആചാരങ്ങള്‍, വിവിധ സീസണുകളിലെ ഉത്സവങ്ങള്‍, സമൂഹ ജീവിതം എന്നിവയുടെ പങ്ക് ഈ കൃതി എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വടക്കന്‍ ബംഗാളിൻ്റെയും കൊച്ച് രാജ്ബന്‍ഷി സമൂഹത്തിൻ്റെയും സാംസ്‌കാരിക ചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ഈ പുസ്തകം പ്രദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യഅവബോധത്തെ പ്രപഞ്ചക്രമവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് പുരാതന ഇന്ത്യയില്‍ സംഗീതം കണക്കാക്കപ്പെട്ടിരുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സാമവേദം, നാദബ്രഹ്‌മ സങ്കല്‍പ്പം, ഭക്തിയുടെയും സൂഫിസത്തിൻ്റെയും പാരമ്പര്യങ്ങള്‍ എന്നിവയെ പരാമര്‍ശിച്ചുകൊണ്ട്, സംഗീതം എപ്പോഴും ദൈവികതയിലേക്കുള്ള സഞ്ചാരപാതയായാണ് വീക്ഷിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൻ്റെ ആവിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ, സംഗീതത്തെ മനുഷ്യ വികാരത്തിൻ്റെയും ആത്മീയ സാക്ഷാത്കാരത്തിൻ്റെയും അടിസ്ഥാന ആവിഷ്‌കാരമായി കണക്കാക്കിയ ഭരതമുനിയുടെ നാട്യശാസ്ത്രം ഭാരതത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു,
ആധുനികീകരണം, നഗരവല്‍ക്കരണം, ആഗോളീകരണം എന്നിവയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, പാരമ്പര്യം നിലനില്‍ക്കുകയും പരിണമിക്കുകയും ചെയ്യുന്നത് ആധികാരികമായ മനുഷ്യാനുഭവങ്ങളിലും സാര്‍വത്രിക വികാരങ്ങളിലും വേരൂന്നിയതിനാലാണെന്ന് ഭവായ്യയുടെ സഹിഷ്ണുതയെ എടുത്തുകാണിച്ചുകൊണ്ട് ശ്രീ. സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.
സാംസ്‌കാരിക സംരക്ഷണത്തില്‍ സജീവമായി പങ്കാളികളാകാന്‍ യുവതലമുറയോട് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, ഭാഷകള്‍, ആചാരങ്ങള്‍, മൂല്യങ്ങള്‍, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും അവരോട് ആവശ്യപ്പെട്ടു.
2047 ഓടെ വികസിത ഇന്ത്യ എന്ന ദര്‍ശനത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍, സാംസ്‌കാരിക സംരക്ഷണം ദേശീയ വികസനത്തിൻ്റെ അവിഭാജ്യ ഘടകമായി തുടരണമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക ആത്മവിശ്വാസവും നാഗരിക അവബോധവും ഉണ്ടാകുമ്പോള്‍ മാത്രമേ വികസനം അര്‍ത്ഥവത്താകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങള്‍ സമകാലിക ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നുവെന്ന് അടുത്തിടെ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തെക്കുറിച്ച് പരാമര്‍ശിക്കവെ ശ്രീ. സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗ, മിഷന്‍ ലൈഫ് തുടങ്ങിയ സംരംഭങ്ങള്‍ക്കായി ലോകം ഇന്ത്യയിലേക്ക് കൂടുതല്‍ ഉറ്റുനോക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ശക്തി ഏകസ്വരതയിലല്ലെന്നും, മറിച്ച് ഒരു പൊതു നാഗരികതയുടെ ആത്മാവിനാല്‍ ഏകീകരിക്കപ്പെട്ട അതിൻ്റെ ഊര്‍ജ്ജസ്വലമായ നാനാത്വത്തിലാണെന്നും മഹാകവി സുബ്രഹ്‌മണ്യ ഭാരതിയെ ഉദ്ധരിച്ചുകൊണ്ട്, അദ്ദേഹം അടിവരയിട്ടു. 'നമുക്ക് നിരവധി ഭാഷകളും സംസ്‌കാരങ്ങളും സമൂഹങ്ങളുമുണ്ട്, എന്നിട്ടും നമ്മള്‍ ഒരു രാഷ്ട്രമാണ്, ഒരേ നാഗരിക സ്വത്വം പങ്കിടുകയും ചെയ്യുന്നു. ഇന്ത്യ ഒന്നാണ്, എന്നന്നേക്കും ഒന്നായി നിലനില്‍ക്കുകയും ചെയ്യും,' എന്ന് ശ്രീ. സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.
രാജ്യസഭാംഗം ശ്രീ ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, പുസ്തകത്തിൻ്റെ രചയിതാവ് ലോകസഭാംഗം ഡോ. ജയന്ത കുമാര്‍ റോയ് , പുസ്തകത്തിൻ്റെ സഹ രചയിതാവ് ശ്രീമതി സംഗീത റോയ്, കൂച്ച് ബെഹാര്‍ പഞ്ചാനന്‍ ബര്‍മ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) നിഖില്‍ ചന്ദ്ര റേ, കഥ ഒ കഹിനി പ്രസാധകന്‍ ശ്രീ. ദേബ്രാജ് പത്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭവായ്യയെക്കുറിച്ച്
വടക്കന്‍ ബംഗാള്‍, അസം, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഒരു പരമ്പരാഗത നാടോടി സംഗീത വിഭാഗമാണ് ഭവായ്യ. ഈ സംഗീത പാരമ്പര്യം ഈ പ്രദേശത്തിൻ്റെ സാമൂഹിക, സാംസ്‌കാരിക, കാര്‍ഷിക ഭൂപ്രകൃതിയില്‍ ആഴത്തില്‍ വേരൂന്നിയതും അതോടൊപ്പം അതിൻ്റെ പൊതു പൈതൃകത്തിൻ്റെ ഒരു പ്രധാന ആവിഷ്‌കാരമായി നിലനില്‍ക്കുന്നതുമാണ്.
****
(रिलीज़ आईडी: 2278150)
आगंतुक पटल : 6