ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മരുന്നുകളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള ക്യുആര്‍ കോഡ് അധിഷ്ഠിത സംവിധാനം വാക്‌സിനുകള്‍, ആന്റിമൈക്രോബയല്‍ മരുന്നുകള്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയ്ക്കും ബാധകമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം
प्रविष्टि तिथि:
25 JUN 2026 1:20PM by PIB Thiruvananthpuram
ഇന്ത്യയുടെ ഔഷധ വിതരണ ശൃംഖലയുടെ ഗുണനിലവാരം, സുരക്ഷ, ആധികാരികത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പെന്ന നിലയില്‍, ഷെഡ്യൂള്‍ H2 വിന്റെ പരിധി വിപുലീകരിക്കുന്നതിനും ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ട്രാക്ക് ആന്‍ഡ് ട്രേസ് ചട്ടക്കൂടിന് കീഴില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പ്പെടുത്തുന്നതിനുമായി 1945 ലെ ഡ്രഗ്‌സ് ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ പ്രകാരം, 1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (NDPS) നിയമത്തിന് കീഴില്‍ വരുന്ന വാക്‌സിനുകള്‍, ആന്റിമൈക്രോബയലുകള്‍, നാര്‍ക്കോട്ടിക്, സൈക്കോട്രോപിക് മരുന്നുകള്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയെ 1945ലെ ഡ്രഗ്‌സ് ചട്ടങ്ങളുടെ ഷെഡ്യൂള്‍ H2ല്‍ ഉള്‍പ്പെടുത്തി.
ഈ ഭേദഗതി പ്രകാരം, ഈ മരുന്ന് ഫോര്‍മുലേഷനുകളുടെ നിര്‍മ്മാതാക്കള്‍ ഉല്പന്നത്തിന്റെ പ്രാഥമിക പാക്കേജിംഗ് ലേബലിലോ, സ്ഥലപരിമിതി ഉണ്ടെങ്കില്‍, സെക്കന്‍ഡറി പാക്കേജിംഗ് ലേബലിലോ ബാര്‍ കോഡോ ക്വിക്ക് റെസ്‌പോണ്‍സ് (ക്യുആര്‍) കോഡോ അച്ചടിക്കുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്. ഉല്പന്നത്തിന്റെ പ്രാമാണീകരണവും സ്ഥിരീകരണവും സുഗമമാക്കുന്നതിനായി, സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ മുഖേന മനസ്സിലാക്കാന്‍ കഴിയും വിധം എല്ലാ വിവരങ്ങളും ക്യുആര്‍ കോഡില്‍ ഉള്‍പ്പെടുത്തും.
ഉല്പന്ന തിരിച്ചറിയല്‍ കോഡ്, ജനറിക്, ബ്രാന്‍ഡ് നാമങ്ങള്‍, നിര്‍മ്മാതാവിന്റെ പേരും വിലാസവും, ബാച്ച് നമ്പര്‍, നിര്‍മ്മാണ, കാലഹരണ തീയതികള്‍, നിര്‍മ്മാണ ലൈസന്‍സ് നമ്പര്‍, എക്‌സിപിയന്റുകളുടെ വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ക്യുആര്‍ കോഡില്‍ ലഭ്യമാകും. ബാധകമാകുന്നിടത്തെല്ലാം ഈ വിവരങ്ങള്‍ ലഭിക്കും.
ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ ആവശ്യകത രാജ്യത്തെ മികച്ച 300 ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡുകള്‍ക്ക് നേരത്തെ ബാധകമാക്കിയിരുന്നു. നിലവിലെ ഭേദഗതിയിലൂടെ വാക്‌സിനുകള്‍, ആന്റിമൈക്രോബയലുകള്‍, കാന്‍സര്‍ മരുന്നുകള്‍, നാര്‍ക്കോട്ടിക് സൈക്കോട്രോപിക് മരുന്നുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി അതിന്റെ പരിധി ഗണ്യമായി വിപുലീകരിച്ചു. അതുവഴി നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള സാധ്യത വിശാലമാക്കാനും വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ പ്രചാരത്തിനെതിരായ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താനും സാധിക്കും.
മെച്ചപ്പെടുത്തിയ ട്രേസബിലിറ്റി സംവിധാനം വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളില്‍ മരുന്നുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനും മരുന്നുകളുടെ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കുന്നതിനും സഹായിക്കും. ഈ നടപടി നിയന്ത്രണ മേല്‍നോട്ടം ശക്തിപ്പെടുത്തുകയും വിപണിയില്‍ വ്യാജ മരുന്നുകളുടെ വിതരണം തടയുന്നതിനുള്ള ഉദ്യമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. വ്യാജവും നിലവാരമില്ലാത്തതുമായ ആന്റിമൈക്രോബയല്‍ ഉല്പന്നങ്ങളെ തിരിച്ചറിയാനും നിരീക്ഷിക്കാനും സംവിധാനമൊരുക്കുന്നതിലൂടെ ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സിന് (AMR) എതിരായ ദേശീയ പോരാട്ടത്തിനും ഇത് സംഭാവന നല്‍കും.
വ്യവസായമേഖലയ്ക്കും മറ്റ് പങ്കാളികള്‍ക്കും ഇത് നടപ്പാക്കുന്നതിന് മതിയായ സാവകാശം നല്‍കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, അനുവര്‍ത്തനത്തിന് ഘട്ടം ഘട്ടമായുള്ള സമയപരിധി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാക്‌സിനുകള്‍, നാര്‍ക്കോട്ടിക് സൈക്കോട്രോപിക് മരുന്നുകള്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ 2027 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും, ആന്റിമൈക്രോബയലുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ 2028 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
'നശാ മുക്ത് ഭാരത്' പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനും NDPS മരുന്നുകളുടെ വിതരണ ശൃംഖല നിരീക്ഷിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും ഇത് സഹായകമാകും.
***
(रिलीज़ आईडी: 2278025)
आगंतुक पटल : 4