റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

വാഗണ്‍ രൂപകല്‍പ്പന നയത്തില്‍ പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം

15 ദിവസത്തിനുള്ളില്‍ പുതിയ വാഗണ്‍ രൂപകല്‍പ്പന നയം പുറത്തിറക്കാന്‍ അശ്വിനി വൈഷ്ണവ് നിര്‍ദ്ദേശിച്ചു

प्रविष्टि तिथि: 25 JUN 2026 4:03PM by PIB Thiruvananthpuram

രാജ്യത്തെ ചരക്ക് ഗതാഗതത്തിന്റെ ഏറിയ പങ്കും റെയില്‍വേ മുഖേനയാക്കേണ്ടതിന്റെ ആവശ്യകത ആദരണീയ പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഗതാഗത മാര്‍ഗമാണ് റെയില്‍വേ എന്നതാണ് ഇതിന് കാരണം. ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍, റെയില്‍ അധിഷ്ഠിത ചരക്ക് നീക്കത്തിലെ വര്‍ദ്ധനവ്, ഇറക്കുമതി ചെയ്യുന്ന ഡീസലിന്മേലുള്ള ആശ്രിതത്വം കുറയ്ക്കുകയും പരിസ്ഥിതി സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വിവിധതരം ചരക്കുകളുടെ ഗതാഗതത്തിന് ഇന്ത്യന്‍ റെയില്‍വേയെ ഇഷ്ട ചരക്ക് ഗതാഗത മാര്‍ഗ്ഗമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഇന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒരു അവലോകന യോഗം നടത്തി. യോഗത്തില്‍, റെയില്‍വേ സഹമന്ത്രി ശ്രീ. വി. സോമണ്ണ, RDSO (റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍) ഡയറക്ടര്‍ ജനറല്‍ ശ്രീ. രവ്‌നീത് സിംഗ് ബിട്ടു, റെയില്‍വേ ബോര്‍ഡ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

ചരക്ക് ഗതാഗതത്തിനായി റെയില്‍വേയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന്, ഇന്ത്യന്‍ റെയില്‍വേ വ്യവസായങ്ങള്‍, ബിസിനസ്സ് അസോസിയേഷനുകള്‍, റെയില്‍ വഴി കൊണ്ടുപോകാന്‍ സാധ്യതയുള്ള സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന വന്‍കിട ഉപഭോക്താക്കള്‍ എന്നിവരുമായി വിപുലമായ കൂടിയാലോചനകളില്‍ ഏര്‍പ്പെട്ടുവരുന്നു. ഈ കൂടിയാലോചനകളില്‍, വ്യത്യസ്ത തരം സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, കയറ്റുന്നതിനും, ഇറക്കുന്നതിനും, ഗതാഗതത്തിനും വ്യത്യസ്തമായ  ആവശ്യകതകളുണ്ടെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഓരോ ചരക്കിന്റെയും പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റെയില്‍വേ വാഗണുകള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്താല്‍, റെയില്‍ ഗതാഗതം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമാകുമെന്നും, ചരക്ക് നീക്കത്തിനായി റെയില്‍ ഗതാഗതം സ്വീകരിക്കാന്‍ കഴിയുമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

സിമന്റ്, ഉപ്പ് തുടങ്ങിയ ചരക്കുകള്‍ക്കായി അടുത്തിടെ വികസിപ്പിച്ചെടുത്ത പ്രത്യേക വാഗണുകളുടെ വിജയം വ്യവസായ പ്രവര്‍ത്തന ആവശ്യകതകള്‍ക്ക് അനുസൃതമായി വാഗണുകള്‍ രൂപകല്‍പ്പന ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് യോഗം എടുത്തുപറഞ്ഞു. ചരക്ക് നിര്‍ദ്ദിഷ്ട വാഗണുകള്‍ കയറ്റിറക്ക്, ഗതാഗത കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്, അതുവഴി റെയില്‍ മുഖേനയുള്ള ചരക്ക് നീക്കത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിച്ചു.

ഈ സാഹചര്യത്തില്‍, നിലവിലുള്ള വാഗണ്‍ രൂപകല്‍പ്പന നയത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. വിവിധ ഉത്പന്നങ്ങളുടെ ആവശ്യകതകള്‍ക്കനുസൃതമായി പ്രത്യേക വാഗണുകള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന  വ്യവസായ സൗഹൃദ ചട്ടക്കൂട് ഉറപ്പാക്കുന്നതിനായി, 15 ദിവസത്തിനുള്ളില്‍ പുതിയ വാഗണ്‍ രൂപകല്‍പ്പന നയത്തിന് അന്തിമരൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡിസൈന്‍ അംഗീകാരത്തിനും പ്രോട്ടോടൈപ്പ് വികസനത്തിനുമുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉന്നത നിലവാരമുള്ള വാഗണുകളുടെ ഉത്പാദനം ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പ്രസ്താവിച്ചു. വാഗണ്‍ രൂപകല്‍പ്പന നയത്തില്‍ പ്രധാന പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. നിര്‍ദ്ദിഷ്ട നയപ്രകാരം, പ്രത്യേക ആവശ്യകതകള്‍ക്കനുസൃതമായ വാഗണുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ വ്യവസായങ്ങള്‍ക്ക് അനുവാദമുണ്ടാകും. ഉദാഹരണത്തിന്, സ്റ്റീല്‍ കോയിലുകളുടെ ഗതാഗതത്തിന് പ്രത്യേക ബൈന്‍ഡിംഗ് ക്രമീകരണങ്ങളും സമര്‍പ്പിത കയറ്റിറക്ക് സംവിധാനങ്ങളും ആവശ്യമാണ്, മറ്റ് നിരവധി വസ്തുക്കള്‍ക്കും അവയുടേതായ വ്യത്യസ്ത പ്രവര്‍ത്തന ആവശ്യകതകളുണ്ട്. പുതിയ ചട്ടക്കൂടിന് കീഴില്‍, വ്യവസായങ്ങള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് വാഗണ്‍ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അധികാരം നല്‍കും. വാഗണ്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം RDSO യ്ക്കും ചീഫ് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ക്കും (CCRS) ആയിരിക്കും. ഈ പരിഷ്‌കാരങ്ങള്‍ മുഖേന നിരവധി പുതിയ വ്യവസായങ്ങളെ റെയില്‍വേ ചരക്ക് ആവാസവ്യവസ്ഥയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പരിഷ്‌കരണം വാഗണ്‍ വികസനത്തിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് ഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. ചരക്ക്‌നിര്‍ദ്ദിഷ്ട ഗതാഗത പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ, പുതിയ ചരക്കുകള്‍ ആകര്‍ഷിക്കാനും ഉപഭോക്തൃ സൗകര്യം വര്‍ദ്ധിപ്പിക്കാനും ദേശീയ ലോജിസ്റ്റിക്‌സ് മേഖലയിലെ വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നു.

പുതിയ വാഗണ്‍ രൂപകല്‍പ്പന നയം റോഡിന് പകരം, റെയില്‍ മുഖേന കൂടുതല്‍ ചരക്കുകള്‍  കൊണ്ടുപോകാന്‍ വ്യവസായങ്ങളെ പ്രേരിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ റെയില്‍, ലോജിസ്റ്റിക്‌സ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. റോഡ് ഗതാഗതത്തേക്കാള്‍ ഏകദേശം 90 ശതമാനം പരിസ്ഥിതി സൗഹൃദമാണ് റെയില്‍ ഗതാഗതം. ഇന്ത്യന്‍ റെയില്‍വേയുടെ പൂര്‍ണ്ണമായ വൈദ്യുതീകരണത്തോടെ, റെയില്‍ അധിഷ്ഠിത ചരക്ക് നീക്കത്തിലെ വര്‍ദ്ധനവ് ഇറക്കുമതി ചെയ്യുന്ന ഡീസലിന്റെ ആശ്രിതത്വവും ലോജിസ്റ്റിക്‌സ് ചെലവും  കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കുകയും അവശ്യവസ്തുക്കള്‍ പൗരന്മാര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയും ചെയ്യും.

ആധുനികവും ഉപഭോക്തൃ കേന്ദ്രീകൃതവും നൂതനാശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ചരക്ക് ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിനായുള്ള ഇന്ത്യന്‍ റെയില്‍വേയുടെ മറ്റൊരു പ്രധാന പരിഷ്‌കാരമാണ് നിര്‍ദ്ദിഷ്ട വാഗണ്‍ രൂപകല്‍പ്പന നയം. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതമെന്ന ദര്‍ശനം ഊട്ടിയുറപ്പിക്കുന്നതിനും പുതിയ നയം സഹായകമാകും.

***


(रिलीज़ आईडी: 2278022) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada