വിനോദസഞ്ചാര മന്ത്രാലയം
ഇന്ത്യയെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പരിഷ്കാരങ്ങൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
प्रविष्टि तिथि:
22 JUN 2026 6:55PM by PIB Thiruvananthpuram
കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിൻ്റെ അധ്യക്ഷതയിൽ ടൂറിസം മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികളുമായി ബിസിനസ് സുഗമമാക്കൽ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്) എന്ന വിഷയത്തിൽ ഒരു സംവാദ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയുടെ വിനോദസഞ്ചാര ആവാസവ്യവസ്ഥയുടെ പൂർണ്ണമായ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി FAITH, ASSOCHAM, PHDCCI, WTTCII, TGFI, ABTO,CII, IAAPI, FICCI എന്നിവയുൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകളെ യോഗം ഒരുമിച്ച് കൊണ്ടുവന്നു.

ടൂറിസം മന്ത്രാലയം അതിൻ്റെ പരിഷ്കരണ അജണ്ടയെക്കുറിച്ച് ഒരു അവതരണം നടത്തുകയും ഹോസ്പിറ്റാലിറ്റി യൂണിറ്റുകളുടെ വർഗ്ഗീകരണത്തിൽ നിന്ന് മന്ത്രാലയത്തിൻ്റെ ലൈസൻസുകൾ ഒഴിവാക്കിക്കൊണ്ടുള്ള നടപടികൾ ഉൾപ്പെടെ ഇതിനകം കൈക്കൊണ്ട നിരവധി നടപടികൾ എടുത്തുകാട്ടുകയും ചെയ്തു. രാജ്യത്തുടനീളമുള്ള ടൂറിസം-ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് കൂടുതൽ അനുകൂലവും മത്സരക്ഷമതയുള്ളതും നിക്ഷേപസൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന നിർദ്ദേശങ്ങളും ആശങ്കകളും ഉന്നയിക്കാൻ ഈ കൂടിയാലോചന വ്യവസായ പ്രതിനിധികൾക്ക് അവസരമൊരുക്കി.

ടൂറിസം മേഖലയിലെ പരിഷ്കരണങ്ങൾക്കും ഇന്ത്യയെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഊന്നിപ്പറഞ്ഞു. വ്യവസായ നിയന്ത്രണങ്ങളിലെ തടസ്സങ്ങൾ തിരിച്ചറിയുന്നതിനും ബിസിനസ് സുഗമമാക്കൽ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് ഈ മേഖലയുടെ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും വ്യവസായ പ്രതിനിധികളുമായി നിരന്തരമായ ഇടപഴകേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിന് പകരം സ്വയം പ്രഖ്യാപന രീതിയിലേക്ക് മാറിക്കൊണ്ട് ഹോട്ടൽ വർഗ്ഗീകരണ സംവിധാനം ലളിതമാക്കേണ്ടതിൻ്റെ ആവശ്യകത ടൂറിസം മന്ത്രാലയം സെക്രട്ടറി ശ്രീ ഭുവനേഷ് കുമാർ എടുത്തുപറഞ്ഞു. വ്യവസായ മേഖലയിലെ നിയന്ത്രണ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, കൃത്യമായ സമയപരിധിക്കുള്ളിൽ ചെക്ക്‌ലിസ്റ്റ് ഇനങ്ങളും നിർബന്ധിത സർട്ടിഫിക്കേഷൻ ആവശ്യകതകളും ലഘൂകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ വ്യവസായ പ്രതിനിധികൾ അഭിനന്ദിച്ചു.
ടൂറിസം സംരംഭങ്ങൾക്കായി ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു ബിസിനസ് അന്തരീക്ഷം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം യോഗത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. വിസ നടപടികളും നികുതി ഘടനകളും ലഘൂകരിക്കൽ, ലളിതമായ അനുമതികളിലൂടെ നിക്ഷേപങ്ങൾ സുഗമമാക്കൽ, ലൈസൻസുകൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കൽ, പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളേയും സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഒപ്പം കൂട്ടൽ, മേഖലയുടെ സുസ്ഥിര വളർച്ചയ്ക്ക് ആവശ്യമായ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിച്ചു. പ്രധാന അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി ടൂറിസം കേന്ദ്രങ്ങളുടെ വിപണനവും പ്രചാരണവും ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയും വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും സുഗമമാക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിപുലമായ ചർച്ചകൾ നടന്നു. അനുമതികളും ക്ലിയറൻസുകളും ലഘൂകരിക്കുക, നിബന്ധനകളുടേയും അനാവശ്യ നിയന്ത്രണങ്ങടേയും ഭാരം കുറയ്ക്കുക, ഡിജിറ്റൽ ഗവേണൻസ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക, വിവിധ നിയന്ത്രണ ചട്ടക്കൂടുകൾ തമ്മിൽ കൂടുതൽ ഏകോപനം ഉറപ്പാക്കുക എന്നിവയ്ക്കാണ് ചർച്ചകളിൽ പ്രധാനമായും മുൻഗണന നൽകിയത്. വ്യവസായം ലളിതമാക്കുന്നതിനായി സർക്കാർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ പ്രതിനിധികൾ അഭിനന്ദിക്കുകയും, നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു.
ഭരണനിർവ്വഹണത്തിൽ സാങ്കേതികവിദ്യയ്ക്കുള്ള പരിവർത്തനാത്മകമായ പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, നൂതന ഡിജിറ്റൽ പരിഹാരങ്ങളെക്കുറിച്ച് യോഗത്തിൽ പങ്കെടുത്തവർ ചർച്ച ചെയ്തു. രേഖകൾ സുഗമമായി കൈമാറുന്നതിനും പരിശോധിക്കുന്നതിനും, പേപ്പർ ജോലികൾ കുറയ്ക്കുന്നതിനും, നിയമങ്ങൾ പാലിക്കുന്നത് എളുപ്പമാക്കുന്നതിനും സഹായിക്കുന്ന എൻ്റിറ്റി ലോക്കർ സംവിധാനം ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിൽ നടപ്പിലാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ടൂറിസം ആസൂത്രണത്തിലും നിക്ഷേപങ്ങളിലും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും യോഗം അടിവരയിട്ടു. വിശ്വസനീയവും മുൻകൂട്ടി പ്രവചിക്കാവുന്നതുമായ ടൂറിസം ഡാറ്റയുടെ മൂല്യം ചൂണ്ടിക്കാണിച്ച പ്രതിനിധികൾ, ഈ മേഖലയിലെ ഡാറ്റാ സംവിധാനം ശക്തമാക്കുന്നതിനും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തെ പിന്തുണയ്ക്കുന്നതിനുമായി ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, ഗൈഡുകൾ, മറ്റ് ടൂറിസം പങ്കാളികൾ എന്നിവരുടെ ഒരു സമഗ്ര വിവരശേഖരം ( ഡാറ്റാബേസ്) ടൂറിസം മന്ത്രാലയം സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചു.
വിസ ആനുകൂല്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ടൂറിസം സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവയിലെ തുടർച്ചയായ മെച്ചപ്പെടുത്തലുകളിലൂടെ സന്ദർശകരുടെ മൊത്തത്തിലുള്ള അനുഭവം ഉയർത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും യോഗത്തിൽ പങ്കെടുത്തവർ പങ്കുവെച്ചു. മെച്ചപ്പെട്ട കണക്റ്റിവിറ്റി, സന്ദർശകർക്കുള്ള സുഗമമായ നടപടികൾ, ആഗോളതലത്തിലെ മികച്ച മാതൃകകൾ നടപ്പിലാക്കൽ എന്നിവയിലൂടെ ഇന്ത്യയുടെ ടൂറിസം വിപണിയിലെ മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിലായിരുന്നു ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ലൈവ് ഇവൻ്റുകൾ, അനുഭവവേദ്യ ടൂറിസം, അമ്യൂസ്മെൻ്റ് പാർക്കുകൾ, ഹോംസ്റ്റേകൾക്ക് ഒരു ഉപമേഖലയായി ഔദ്യോഗിക അംഗീകാരം നൽകൽ തുടങ്ങിയ വളർന്നുവരുന്ന പുതിയ മേഖലകൾക്ക് യോഗത്തിൽ പ്രത്യേക ശ്രദ്ധ നൽകി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇന്ത്യയുടെ ടൂറിസം സാധ്യതകളെ വൈവിധ്യവത്കരിക്കുന്നതിനും ഈ മേഖലകൾക്കുള്ള വലിയ പങ്കിനെ വ്യവസായ പ്രതിനിധികൾ എടുത്തുകാട്ടി. ഈ മേഖലകളുടെ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനായി അനുകൂലമായ നയരൂപീകരണങ്ങളും സന്തുലിതമായ നിയന്ത്രണങ്ങളും ഗുണനിലവാരമുള്ള മാനദണ്ഡങ്ങളും ആവശ്യമാണെന്ന് യോഗം ഊന്നിപ്പറഞ്ഞു.
ടൂറിസം ഹബ്ബുകൾ വികസിപ്പിക്കുക, ടൂറിസം പദ്ധതികൾക്കായി ഭൂമി ലഭ്യമാക്കുന്നത് സുഗമമാക്കുക, ടൂറിസം സേവനങ്ങളിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, പൊതുവായ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ഈ കൂടിയാലോചനയിൽ ചർച്ചയായി. ഊർജ്ജസ്വലവും, പ്രതിരോധശേഷിയുള്ളതും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു ടൂറിസം മേഖലയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാരുമായി പങ്കാളികളാകാനുള്ള പ്രതിബദ്ധത വ്യവസായ പ്രതിനിധികൾ ആവർത്തിച്ചു.
ചർച്ചകളിൽ ഉയർന്നുവന്ന വൈവിധ്യമാർന്ന നിർദ്ദേശങ്ങളെ സ്വാഗതം ചെയ്ത ടൂറിസം മന്ത്രാലയം, ബിസിനസ് സുഗമമാക്കൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയുടെ ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. ഇതിനായി വിവിധ വ്യവസായ അസോസിയേഷനുകളുമായും സംസ്ഥാന സർക്കാരുകളുമായും മറ്റ് പങ്കാളികളുമായും ചേർന്ന് ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിക്കുകയും ചെയ്തു.
*****
(रिलीज़ आईडी: 2277001)
आगंतुक पटल : 4