ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

5 ലക്ഷം അവയവദാന പ്രതിജ്ഞകളെന്ന ചരിത്രനേട്ടവുമായി ഇന്ത്യ

प्रविष्टि तिथि: 22 JUN 2026 7:32PM by PIB Thiruvananthpuram

രാജ്യത്തെ അവയവദാന പ്രസ്ഥാനത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ടുകൊണ്ട്, ഇന്ത്യയിൽ അവയവദാന പ്രതിജ്ഞ എടുത്തവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. അവയവ-ശരീര കലകളുടെ ദാനമെന്ന ജീവൻരക്ഷാ ദൗത്യത്തോടുള്ള പൗരന്മാരുടെ വർദ്ധിച്ചുവരുന്ന അവബോധവും കാരുണ്യവും കൂട്ടായ പ്രതിജ്ഞാബദ്ധതയുമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.

അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികൾക്ക് പ്രത്യാശയും ജീവിതത്തിലേക്ക് രണ്ടാം വരവും നൽകുന്ന, മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയാണ് അവയവദാനമെന്ന പൊതുജനങ്ങളുടെ തിരിച്ചറിവാണ് ഈ നേട്ടം അടിവരയിടുന്നത്. അവയവ-ശരീര കലകളുടെ സ്വമേധയായുള്ള ദാനം പ്രോത്സാഹിപ്പിക്കുന്നതിനും, അവബോധത്തോടെയുള്ള പങ്കാളിത്തത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി കേന്ദ്ര ഗവൺമെന്റ് നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ശ്രദ്ധേയമായ പുരോഗതി കൂടിയാണിത്.

ഈ സുപ്രധാന വേളയിൽ, നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (NOTTO) ഡയറക്ടർ ഡോ. അനിൽ കുമാർ അവയവദാനമെന്ന ഈ മഹത്തായ ലക്ഷ്യത്തിന് ഗണ്യമായ പിന്തുണ നൽകിയ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് നന്ദി രേഖപ്പെടുത്തി. അവബോധം വ്യാപിപ്പിക്കുന്നതിലും ജനപിന്തുണ സമാഹരിക്കുന്നതിലും നിർണായക പങ്ക് വഹിച്ച ഗവൺമെന്റ്-ഇതര സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുടെ വിലയേറിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ഈ നാഴികക്കല്ല് കൈവരിക്കുന്നതിനായി നിരന്തരമായ പ്രതിജ്ഞാബദ്ധതയും സഹകരണവും നൽകിയ എല്ലാ സംസ്ഥാന ഗവൺമെന്റുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ശ്രമങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു .

തുടർച്ചയായ അവബോധം സൃഷ്ടിക്കൽ, മെച്ചപ്പെട്ട സ്ഥാപന ശേഷി, ശക്തിപ്പെടുത്തിയ അവയവമാറ്റ സംവിധാനങ്ങൾ എന്നിവയിലൂടെ അവയവങ്ങളുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമായി തുടരുന്നു. രാജ്യത്തുടനീളമുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ ധാർമ്മികവും, തുല്യതയുള്ളതും, സുതാര്യവും, രോഗീകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കുന്നതിലാണ് തുടർനടപടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ 'മൻ കി ബാത്' പ്രഭാഷണങ്ങളിലൂടെ നടത്തിയ പ്രചോദനാത്മകമായ ആഹ്വാനങ്ങളെ തുടർന്ന് സമീപവർഷങ്ങളിൽ രാജ്യത്തെ അവയവദാന പ്രസ്ഥാനത്തിന് പുതിയ ഉണർവ് ലഭിച്ചിട്ടുണ്ട്. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴായി എടുത്തുപറഞ്ഞ പ്രധാനമന്ത്രി,ജീവൻ രക്ഷിക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള ഈ ഉദാത്തമായ പ്രക്രിയയിൽ സജീവമായി പങ്കാളികളാകാൻ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ സംരംഭം കൂടുതൽ സുഗമമാക്കുന്നതിനായി, ആധാർ അധിഷ്ഠിത അവയവദാന പ്രതിജ്ഞാ രജിസ്ട്രേഷൻ പോർട്ടൽ ആയ 'notto.abdm.gov.in' രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ എളുപ്പമുള്ളതും സുരക്ഷിതവും സുതാര്യവുമാക്കിക്കൊണ്ട് കാര്യക്ഷമമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് തങ്ങളുടെ പ്രതിജ്ഞ സൗകര്യപ്രദമായി രേഖപ്പെടുത്താൻ ഈ പ്ലാറ്റ്‌ഫോം അവസരം ഒരുക്കുന്നു. ഇത് പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുകയും അവയവദാന വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



ഈ ചരിത്രനേട്ടം അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവങ്ങളുടെയും ശരീര കലകളുടെയും വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ്. കൂടാതെ ഗവണ്മെന്റ് നടത്തുന്ന കൂട്ടായ ശ്രമങ്ങളുടെ വിജയത്തിന്റെ പ്രതിഫലനവുമാണ് ഈ ചരിത്രനേട്ടം.
 

*****


(रिलीज़ आईडी: 2277000) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Telugu , English , Urdu , हिन्दी , Marathi