രാസവസ്തു, രാസവളം മന്ത്രാലയം
വിതരണ ശൃംഖലകളിൽ പ്രതിസന്ധി മാറി ;രാജ്യത്തെ കാർഷിക മേഖലയ്ക്ക് കരുത്തേകാൻ വളവുമായി നാല് കപ്പലുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് ഇന്ത്യയിലേക്ക്
प्रविष्टि तिथि:
22 JUN 2026 7:00PM by PIB Thiruvananthpuram
രാജ്യത്ത് വളത്തിൻ്റെ സംഭരണം ഉറപ്പാക്കുന്നതിൽ നിർണായക നേട്ടവുമായി കഴിഞ്ഞ ആഴ്ച നാല് ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു. രാജ്യത്തിന് അത്യാവശ്യമായ യൂറിയ, ഡി.എ.പി (Di-Ammonium Phosphate), സൾഫർ എന്നിവയാണ് ഈ കപ്പലുകളിലുള്ളത്. ആഗോള വ്യാപാര മേഖലയിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈ കപ്പലുകൾ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് അടുക്കുന്നത്.കൃഷ്ണപട്ടണം, കാക്കിനട, പാരദീപ്, മുന്ദ്ര എന്നീ തുറമുഖങ്ങളിലാണ് ഈ കപ്പലുകൾ വളങ്ങളുമായി എത്തുക. ഇവിടെനിന്ന് ചരക്കുകൾ ഉടനടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കും. ഇത് നിലവിലെ വളം സംഭരണത്തെ കൂടുതൽ ശക്തമാക്കുകയും രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ കൃത്യസമയത്ത് നിറവേറ്റാൻ സഹായിക്കുകയും ചെയ്യും.
വളം സംഭരണത്തിൽ വൻ വർധന
നിലവിൽ രാജ്യത്ത് ആവശ്യത്തിന് വളം സംഭരണമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 ജൂൺ 22 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ വളം സംഭരണം 196.08 ലക്ഷം ടൺ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 168.67 ലക്ഷം ടൺ മാത്രമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് സംഭരണത്തിൽ വലിയ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
വളം സംഭരണത്തിൻ്റെ വിശദമായ കണക്കുകൾ:
യൂറിയ (Urea): 81.44 ലക്ഷം ടൺ (കഴിഞ്ഞ വർഷം: 69.21 ലക്ഷം ടൺ)
ഡി.എ.പി (DAP): 20.92 ലക്ഷം ടൺ (കഴിഞ്ഞ വർഷം: 16.0 ലക്ഷം ടൺ)
എൻ.പി.കെ (NPKs): 55.91 ലക്ഷം ടൺ (കഴിഞ്ഞ വർഷം: 46.13 ലക്ഷം ടൺ)
എം.ഒ.പി (MOP): 12.68 ലക്ഷം ടൺ (കഴിഞ്ഞ വർഷം: 10.68 ലക്ഷം ടൺ)
എസ്.എസ്.പി (SSP): 25.13 ലക്ഷം ടൺ (കഴിഞ്ഞ വർഷം: 26.65 ലക്ഷം ടൺ)
രാജ്യത്തെ ശക്തമായ കാർഷിക മുന്നേറ്റം വ്യക്തമാക്കിക്കൊണ്ട്, പ്രതിസന്ധികൾക്ക് ശേഷമുള്ള കാലയളവിൽ (2026 മാർച്ച് 1 മുതൽ ജൂൺ 21 വരെ) രാജ്യത്തെ ആകെ വളം വിൽപന 153.4 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 140.2 ലക്ഷം ടൺ വിൽപനയെ അപേക്ഷിച്ച് 13.2 ലക്ഷം ടണ്ണിൻ്റെ ഗണ്യമായ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.ഇതിൽ 79.1 ലക്ഷം ടൺ യൂറിയ, 34.8 ലക്ഷം ടൺ എൻപികെ, 19.8 ലക്ഷം ടൺ ഡിഎപി (ടിഎസ്‌പി ഉൾപ്പെടെ) എന്നിവ ഉൾപ്പെടുന്നു.
ആഭ്യന്തര വളം ഉൽപ്പാദനത്തിനുള്ള പിന്തുണ
ആഗോള വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റത്തിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഇന്ത്യൻ കർഷകർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെൻ്റ് ആഭ്യന്തര വളം ഉൽപ്പാദന ശേഷി പരമാവധി വർദ്ധിപ്പിച്ചു. ഇറക്കുമതി കൃത്യമായി നിലനിർത്തുന്നതിനൊപ്പം തന്നെ രാജ്യത്തിനകത്തെ ഉൽപ്പാദനത്തിനും വലിയ മുൻഗണനയാണ് നൽകിയത്.പ്രതിസന്ധികൾക്ക് ശേഷമുള്ള കാലയളവിൽ രാജ്യത്തെ ആഭ്യന്തര വളം ഉൽപ്പാദനം 133.12 ലക്ഷം മെട്രിക് ടൺ എന്ന മികച്ച നേട്ടത്തിലേക്ക് ഉയർന്നു. ശക്തമായ ഈ ആഭ്യന്തര ഉൽപ്പാദന അടിത്തറയ്ക്ക് കരുത്തുപകർന്നുകൊണ്ട് ഇതേ കാലയളവിൽ 43.69 ലക്ഷം മെട്രിക് ടൺ വളം വിവിധ ഇന്ത്യൻ തുറമുഖങ്ങളിലൂടെ ഇറക്കുമതി ചെയ്യാനും സാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉൽപ്പാദനവും അന്താരാഷ്ട്ര സ്രോതസ്സുകളിൽ നിന്നുള്ള ഇറക്കുമതിയും കൃത്യമായി സമന്വയിപ്പിച്ചുകൊണ്ട് വിപണിയിൽ മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഗവണ്മെൻ്റിന് കഴിഞ്ഞിട്ടുണ്ട്.
ആഗോള ടെൻഡറിലൂടെ മികച്ച നേട്ടം
രാജ്യത്തെ വളം ലഭ്യത പൂർണ്ണമായും ഉറപ്പാക്കുന്നതിനായി നടത്തിയ ഏറ്റവും പുതിയ ആഗോള ടെൻഡർ വിലയിരുത്തലിൽ 17.70 ലക്ഷം മെട്രിക് ടൺ യൂറിയയുടെ വിതരണ കരാർ ഇന്ത്യ വിജയകരമായി പൂർത്തിയാക്കി.
ഈ പുതിയ കരാറുകൂടി പ്രാബല്യത്തിൽ വന്നതോടെ, നിലവിലെ ഖാരിഫ് കൃഷി സീസൺ ലക്ഷ്യമിട്ട് ആഗോള വിപണിയിൽ നിന്ന് 90 ലക്ഷം മെട്രിക് ടണ്ണിലധികം യൂറിയയും പി.&കെ വളങ്ങളും സുരക്ഷിതമായി സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വിദേശത്തുള്ള 28 ഇന്ത്യൻ മിഷനുകളുമായി നടത്തിയ സജീവമായ നയതന്ത്ര ഏകോപനത്തിലൂടെയാണ് ഈ വൻതോതിലുള്ള വളം സംഭരണ തന്ത്രം രാജ്യം വിജയകരമായി നടപ്പിലാക്കിയത്. വിവിധ അന്താരാഷ്ട്ര ഇടനാഴികളിലൂടെ വിപുലമായ ഇറക്കുമതി ശൃംഖലയാണ് ഇന്ത്യ ഇതിനായി തുറന്നത്:
യൂറിയ (Urea): ഒമാൻ, മലേഷ്യ, വിയറ്റ്നാം, ജോർജിയ, നൈജീരിയ, റഷ്യ, ഫിൻലാൻഡ്, ഈജിപ്ത്, അൾജീരിയ, തുർക്കി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ നിന്നാണ് യൂറിയ ഇറക്കുമതി ഉറപ്പാക്കിയത്.
ഡി.എ.പി/എൻ.പി.കെ (DAP/NPK): ചെങ്കടൽ കപ്പൽ പാതയിലൂടെ റഷ്യ, മൊറോക്കോ, ഈജിപ്ത്, യു.എസ്.എ, ജോർദാൻ, ദക്ഷിണ കൊറിയ, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭ്യമാക്കിയത്.
രാജ്യത്തിൻ്റെ വളം സംഭരണം ശക്തവും സുസ്ഥിരവുമായി നിലനിർത്തുന്നതിനായി കേന്ദ്ര വളം മന്ത്രാലയം വിവിധ സംസ്ഥാന ഗവണ്മെൻ്റുകൾ, വിതരണ ഏജൻസികൾ, സഹകരണ ശൃംഖലകൾ എന്നിവയുമായി ചേർന്ന് കൃത്യമായ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്.
****
(रिलीज़ आईडी: 2276870)
आगंतुक पटल : 9