റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ദേശീയപാതകളിലെയും എക്സ്പ്രസ് വേകളിലെയും വഴിയോര വിശ്രമകേന്ദ്രങ്ങളിൽ വാഹന അറ്റകുറ്റപ്പണി, പങ്ചർ സർവീസ് സൗകര്യങ്ങളൊരുക്കാൻ ദേശീയപാതാ അതോറിറ്റി നിർദ്ദേശം നൽകി
प्रविष्टि तिथि:
22 JUN 2026 3:34PM by PIB Thiruvananthpuram
ദേശീയപാത, എക്സ്പ്രസ് വേ എന്നിവയിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനും വഴിയോര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ നാഷണൽ ഹൈവേസ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് (NHLML) തങ്ങളുടെ ഫീൽഡ് ഓഫീസുകൾക്ക് നിർദേശം നൽകി. വഴിയോര വിശ്രമകേന്ദ്രങ്ങളുടെ ലീസ് എടുത്തവരോട് വാഹന അറ്റകുറ്റപ്പണി കടകളും പങ്ചർ മാറ്റുന്നതിനുള്ള സൗകര്യങ്ങളും എത്രയും വേഗം സ്ഥാപിക്കുന്നതിന് മുൻഗണന നൽകാൻ ആവശ്യപ്പെടാനാണ് നിർദേശം. ദേശീയ പാതകളിലൂടെയുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുക, വാഹനങ്ങൾ തകരാറിലായി വഴിയിൽ കിടക്കുന്ന സമയം കുറയ്ക്കുക, റോഡ് സുരക്ഷ വർദ്ധിപ്പിക്കുക, ദേശീയപാതാ ഇടനാഴികളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്കും ചരക്ക് വാഹന ഓപ്പറേറ്റർമാർക്കും ഉടനടി സഹായം ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
മിക്ക ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ആവശ്യത്തിന് വാഹന റിപ്പയറിംഗ്, പങ്ചർ സർവീസ് കേന്ദ്രങ്ങൾ ലഭ്യമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അധികൃതരുടെ ഈ പുതിയ നടപടി. യാത്രയ്ക്കിടയിൽ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാർക്ക് സമയബന്ധിതമായി സാങ്കേതിക സഹായം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി യാത്രാതടസ്സങ്ങളും സമയനഷ്ടവും ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും സാധിക്കും.
പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിലാണ് ദീർഘകാല ലീസിന് എൻ.എച്ച്.എൽ.എം.എൽ ആധുനിക വഴിയോര വിശ്രമകേന്ദ്രങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നത്. കരാറുകാരുമായും ലീസുകാരുമായും നിലവിലുള്ള കരാർ വ്യവസ്ഥകൾ പ്രകാരം, ഓരോ വിശ്രമകേന്ദ്രത്തിലും നിർബന്ധമാക്കിയിട്ടുള്ള സൗകര്യങ്ങൾക്ക് പുറമെ അനുവദനീയമായ മറ്റ് പല സേവനങ്ങളും വികസിപ്പിക്കാൻ സാധിക്കും. നിലവിലെ കരാർ ചട്ടക്കൂടനുസരിച്ച് വാഹന റിപ്പയറിംഗ് ഷോപ്പുകളും പങ്ചർ റിപ്പയർ സൗകര്യങ്ങളും ഇത്തരത്തിൽ അനുവദനീയമായ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്.
ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും യാത്രക്കാർക്കും വാണിജ്യ വാഹന ഓപ്പറേറ്റർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത സേവന കേന്ദ്രങ്ങളായാണ് ഈ വഴിയോര വിശ്രമകേന്ദ്രങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുടെ വികസനം, ലോകോത്തര നിലവാരത്തിലുള്ള ദേശീയപാതാ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക, ഹൈവേ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്രാ സേവനങ്ങൾ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യത്തിന് കൂടുതൽ കരുത്തുപകരും.
രാജ്യത്തുടനീളമുള്ള യാത്രക്കാരുടെയും ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാരുടെയും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാനും ഈ പദ്ധതി സഹായിക്കും. ഒപ്പം, സുരക്ഷിതവും ഉപഭോക്തൃസൗഹൃദവുമായ ദേശീയപാത ഇടനാഴികൾ വികസിപ്പിക്കുന്നതിലുള്ള ദേശീയപാത അതോറിറ്റിയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് ഈ പുതിയ നീക്കം.
*****
(रिलीज़ आईडी: 2276840)
आगंतुक पटल : 4