യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ ജൂൺ 23-ന് കേരളത്തിലെ പ്രധാന സ്പോർട്സ്, ഫിറ്റ്നസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകും
തിരുവനന്തപുരത്ത് ചാക്ക ഐ.ടി.ഐ മുതൽ ശംഖുമുഖം ബീച്ച് വരെ നടത്തുന്ന 'സൈക്ലിംഗ് ബൈ ദ സീ' പരിപാടിയിൽ ഡോ.മാണ്ഡവ്യ പങ്കെടുക്കും
കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന, മൈലത്തെ ജി.വി.രാജാ സ്പോർട്സ് സ്കൂൾ കേന്ദ്രമന്ത്രി സന്ദർശിക്കും
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന '2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ' പരിപാടിയിൽ ഡോ. മാണ്ഡവ്യ പങ്കെടുക്കും
प्रविष्टि तिथि:
22 JUN 2026 12:51PM by PIB Thiruvananthpuram
കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 2026 ജൂൺ 23-ന് കേരളം സന്ദർശിക്കും. ഫിറ്റ്നസ്, കായികരംഗത്തെ മികവ്, ബഹുജന പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
തിരുവനന്തപുരത്ത് ചാക്ക ഐ.ടി.ഐ മുതൽ ശംഖുമുഖം ബീച്ച് വരെയുള്ള സൈക്ലിംഗ് പരിപാടിയായ 'സൈക്ലിംഗ് ബൈ ദ സീ'-യിൽ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി പരിപാടികൾക്ക് തുടക്കം കുറിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ ഉദ്യമം സൈക്ലിംഗിലൂടെയും മറ്റ് ശാരീരികക്ഷമതാ പ്രവർത്തനങ്ങളിലൂടെയും സജീവവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിടുന്നു.
സന്ദർശന വേളയിൽ ഇന്ത്യൻ കായികരംഗത്തിന് നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത രാജ്യത്തെ പ്രശസ്ത കായിക സ്ഥാപനങ്ങളിലൊന്നായ മൈലത്തെ ജി.വി. രാജാ സ്പോർട്സ് സ്കൂളും ഡോ. മാണ്ഡവ്യ സന്ദർശിക്കും.
താഴേത്തട്ടിലുള്ള കായിക വികസനം ശക്തിപ്പെടുത്തുന്നതിനും യുവ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും കേന്ദ്ര ഗവൺമെന്റ് നൽകിവരുന്ന തുടർച്ചയായ പ്രാധാന്യത്തെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു.
തുടർന്ന് തിരുവനന്തപുരം കേരളാ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന '2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ' പരിപാടിയിൽ കേന്ദ്രമന്ത്രി പങ്കെടുക്കും.
2026-ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായും അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളോടനുബന്ധിച്ചുമാണ് ഇത് സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾ, കായികതാരങ്ങൾ, യുവജന സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 40,000-ത്തിലധികം പേർ ഈ ഫൺ റണ്ണിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കായിക മനോഭാവവും കൂട്ടായ പങ്കാളിത്തവും പ്രദർശിപ്പിക്കുന്നതിനൊപ്പം ഈ പരിപാടി കേരളത്തിന്റെ സജീവ കായിക സംസ്കാരത്തെ ഉയർത്തിക്കാട്ടുകയും ഏഷ്യൻ ഗെയിംസ് പ്രസ്ഥാനവുമായുള്ള പൊതുജന പങ്കാളിത്തം ശക്തമാക്കുകയും ചെയ്യും.
***
SK
(रिलीज़ आईडी: 2276524)
आगंतुक पटल : 27