വന്യജീവികളുടെ മാസ്മരിക ലോകത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്നു: ഡേവിഡ് ആറ്റൻബറോയെ ആദരിച്ച് എംഐഎഫ്എഫ് -2026
ഡേവിഡ് ആറ്റൻബറോയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി, 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (എംഐഎഫ്എഫ് -2026) ഡങ്കൻ ചാർഡ് സംവിധാനം ചെയ്ത് ആറ്റൻബറോ തന്നെ ആഖ്യാനം നൽകിയ 'സീക്രട്ട്സ് ഓഫ് വൈൽഡ് ഇന്ത്യ' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ഇതിഹാസ പ്രകൃതി ശാസ്ത്രജ്ഞൻ തയ്യാറാക്കിയ, ഏറെ പ്രശംസ നേടിയ മൂന്ന് ഭാഗങ്ങളുള്ള ചരിത്ര ഡോക്യുമെൻ്ററി ഇന്ത്യയിലെ സമൃദ്ധമായ വനങ്ങളും, മലനിരകളും, വരണ്ട മരുഭൂമികളും ഉൾപ്പെടുന്ന മൂന്ന് പ്രധാന ആവാസവ്യവസ്ഥകളിലെ ബൃഹത്തായ ജൈവവൈവിധ്യത്തെയാണ് ദൃശ്യവൽക്കരിക്കുന്നത്.
ഈ മൂന്ന് ഭാഗങ്ങളിൽ, 'ഡെസേർട്ട് ലയൺസ്' എന്ന അധ്യായം വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ കഠിനവും തീവ്രവുമായ മരുഭൂമിയെ കേന്ദ്രീകരിക്കുന്നു; ഇവിടെ ഏറ്റവും മികച്ച രീതിയിൽ ഉൾച്ചേരാൻ കഴിയുന്നവക്ക് മാത്രമേ അതിജീവിക്കാൻ കഴിയൂ. ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണ്ണത്തിൻ്റെ പ്രതീകാത്മകത ഉൾച്ചേർത്തിരിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ മികച്ച ഛായാഗ്രഹണ മികവുകൊണ്ട് ഈ ഡോക്യുമെൻ്ററി വേറിട്ടുനിൽക്കുന്നു. ഒരു കഥപറച്ചിൽ രീതിയിലാണ് ഇതിൻ്റെ ആഖ്യാനശൈലി വികസിക്കുന്നത്. റുഡ്യാർഡ് കിപ്ലിംഗിൻ്റെ 'ജംഗിൾ ബുക്ക്' യഥാർത്ഥത്തിൽ നേരിൽ കാണുന്നത് പോലെയാണ് ഈ മരുഭൂമിയെക്കുറിച്ച് ആറ്റൻബറോ സ്വന്തം വാക്കുകളിൽ വിവരിക്കുന്നത്. ഇത് ഡോക്യുമെൻ്ററിയെ ആകർഷകമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നു. വ്യക്തമായ, എളുപ്പത്തിൽ ഗ്രഹിക്കാവുന്ന വരികളിലൂടെ വിവരണങ്ങൾ നൽകിയിരിക്കുന്നു.
പ്രകൃതിദത്തമായ ആഹാരശൃംഖലയെ തടസ്സപ്പെടുത്താതെ, വേട്ടക്കാരനും ഇരയും തമ്മിലുള്ള ദ്വന്ദത്തെ സിനിമ നിരന്തരം അവതരിപ്പിക്കുന്നു. അതേസമയം, തന്നെ ഓരോ ജീവിവർഗ്ഗത്തിൻ്റെയും സ്വഭാവവും ബുദ്ധിയും അത് പര്യവേക്ഷണം ചെയ്യുന്നു. വേട്ടക്കാരിയായ പെൺകടുവ, അതിൻ്റെ ഇരയായ ഒരു മാൻകുട്ടിയെ ആക്രമിക്കുന്നതിന് പകരം വെറുതെ വിടുന്ന തികച്ചും വ്യത്യസ്തമായ ഒരു നിമിഷവും സിനിമ പകർത്തുന്നു - ഇത് വേട്ടക്കാരൻ-ഇര എന്നതിനപ്പുറം മാതൃസഹജമായ പ്രേരണയുടെ നിർമലമായ തെളിവാണ്.
കടുവകൾ ഒന്നിലധികം ഘട്ടങ്ങളിലായി ഇണചേരുന്ന അതീവ സവിശേഷമായ ഒരു രംഗം ഇതിൽ സൂക്ഷ്മമായി പകർത്തിയിട്ടുണ്ട്. മരത്തിൻ്റെ തൊലികൾ തുരന്ന് മധുരമുള്ള നീര് കുടിക്കുന്നതിനിടയിൽ പ്രാണികൾ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദങ്ങളുമായി ഇതിനെ ഇഴചേർത്ത് കാണിക്കുന്നു. കാട്ടുപോത്ത്, ഹനുമാൻ ലംഗൂർ, കാട്ടുനായ്ക്കൾ തുടങ്ങിയ മൃഗങ്ങളെയും, സാധാരണയായി ദൃശ്യഭംഗിയില്ലാത്തതിനാൽ ക്യാമറയിൽ പകർത്താൻ മടിക്കുന്ന മറ്റ് പരിചിതമായ ജീവികളെയും ഈ ആഖ്യാനം ഉൾക്കൊള്ളുന്നു. മരുഭൂമിയിലെ കഠിനമായ ചൂട് വന്യജീവികളുടെ പെരുമാറ്റത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഡോക്യുമെൻ്ററി പരിശോധിക്കുന്നു - കാട്ടുപന്നികളെപ്പോലെയുള്ള മൃഗങ്ങൾ ചെളിയിൽ ആശ്വാസം കണ്ടെത്തുമ്പോൾ, മാനുകൾ വെള്ളം കുടിക്കാൻ വേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന രംഗം കാണാം.

ജന്തുലോകത്തെക്കുറിച്ചുള്ള ആറ്റൻബറോയുടെ സൂക്ഷ്മമായ നിരീക്ഷണവും ആഴത്തിലുള്ള അറിവും ഈ ഡോക്യുമെൻ്ററിയെ ആസ്വാദ്യകരമായ ഒരു കാഴ്ചയാക്കി മാറ്റുന്നു. മനുഷ്യകേന്ദ്രീകൃത ചിന്താഗതികൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, നാം മറ്റ് ജീവികളുമായി പങ്കിടുന്ന ഈ ലോകത്തിൻ്റെ സങ്കീർണ്ണതകളെ മനസ്സിലാക്കാനുള്ള ഒരു നവോന്മേഷപ്രദമായ അനുഭൂതിയാണ് ഈ ചിത്രം.
***
रिलीज़ आईडी:
2275870
| Visitor Counter:
6