രാഷ്ട്രപതിയുടെ കാര്യാലയം
മധ്യപ്രദേശിലെ ബേതൂളിൽ നടന്ന 'ആത്മീയ ഉണർവിലൂടെ ഗോത്ര സമൂഹ ശാക്തീകരണം' എന്ന പരിപാടിയിൽ രാഷ്ട്രപതി പങ്കെടുത്തു
प्रविष्टि तिथि:
18 JUN 2026 3:29PM by PIB Thiruvananthpuram
പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം മധ്യപ്രദേശിലെ ബേതൂളിൽ ഇന്ന് (2026 ജൂൺ 18) സംഘടിപ്പിച്ച 'ആത്മീയ ഉണർവിലൂടെ ഗോത്ര സമൂഹ ശാക്തീകരണം' എന്ന പരിപാടിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു.
ഉപഭോഗ സംസ്കാരത്താൽ നയിക്കപ്പെടുന്ന ഇന്നത്തെ അതിവേഗ ലോകത്ത്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആത്മീയ വിശുദ്ധി അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഈ അടിത്തറയിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ സമത്വ പെരുമാറ്റച്ചട്ടവും പ്രകൃതിവിഭവങ്ങളോട് ഇണങ്ങിചേരുന്ന ജീവിതശൈലിയും കെട്ടിപ്പടുക്കാൻ സാധിക്കൂ. സമ്മർദ്ദങ്ങളും സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്, ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം ഈ ആവശ്യകത കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിൽ, 'ആത്മീയ ഉണർവിലൂടെ ഗോത്ര സമൂഹത്തിൻ്റെ ശാക്തീകരണം' പോലുള്ള സമ്മേളനങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഗോത്രവർഗ്ഗ സമൂഹങ്ങളുടെ ജീവിതശൈലി ആത്മീയതയുടെ അടിസ്ഥാനപരമായ ഉൾപ്രേരണകളുമായി സ്വാഭാവികമായി പൊരുത്തപ്പെടുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രകൃതിവിഭവങ്ങളുമായുള്ള അവരുടെ ആഴത്തിലുള്ള ബന്ധം, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പൊതുനന്മയ്ക്കായി സമർപ്പിക്കപ്പെട്ട ചിന്താഗതിയും ജീവിതശൈലിയും വളർത്തിയെടുക്കുന്ന സഹജമായ കരുത്താണ്. ഈ കാഴ്ചപ്പാടോടെ, ബ്രഹ്മകുമാരീസ് പ്രസ്ഥാനം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗോത്രവർഗ്ഗ സമൂഹങ്ങളുമായി സഹകരിച്ച് സുപ്രധാനമായ പ്രവർത്തനങ്ങൾ ദീർഘകാലമായി നടത്തിവരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ശ്രീമതി മുർമു കൂട്ടിച്ചേർത്തു.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ ശാക്തീകരണം എന്നത് കേവലം സാമ്പത്തിക വികസനത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് ഇന്ത്യയുടെ ജീവിതമൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഏതൊരു സംഘടനയും, എപ്പോഴും ഓർക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു വ്യക്തി തൻ്റെ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനായിരിക്കുന്നതോടൊപ്പം തന്നെ, ആത്മവിശ്വാസത്തോടും ആത്മാഭിമാനത്തോടും ഉണർവോടും കൂടി പ്രവർത്തിക്കുമ്പോഴാണ് യഥാർത്ഥ ശാക്തീകരണം സാധ്യമാകുന്നത്. ആത്മീയ ഉണർവ് വ്യക്തികളെ അവരുടെ ആന്തരികമായ കരുത്ത് തിരിച്ചറിയാൻ പ്രാപ്തരാക്കുന്നതോടൊപ്പം, അവരെ പോസിറ്റീവ് ചിന്താഗതിയുമായും ജീവിതത്തിൻ്റെ ഉയർന്ന ലക്ഷ്യങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി എടുത്തുപറഞ്ഞു.
വികസനവും പരമ്പരാഗത മൂല്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ശക്തവും സമൃദ്ധവുമായ സമൂഹത്തിൻ്റെ അടിത്തറയെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ വേരുകളിൽ നിന്നും അടിസ്ഥാന മൂല്യങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്നതോടൊപ്പം, അവയെ ഒരേസമയം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് അർത്ഥവത്തായ വികസനം. ഇത്തരമൊരു സമഗ്രമായ കാഴ്ചപ്പാടോടെ പ്രവർത്തിക്കുമ്പോൾ മാത്രമേ സമൂഹത്തിൽ ഐക്യത്തിൻ്റേയും സമത്വത്തിൻ്റേയും ശക്തമായൊരു പ്രവാഹം സൃഷ്ടിക്കാനാകൂ. എങ്കിൽ മാത്രമേ എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ നമുക്ക് സാധിക്കൂ.
ആത്മീയത, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, മാനവക്ഷേമം എന്നിവ എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെ അടിസ്ഥാനശിലകളായി മാറുന്ന, ഒരു വികസിത ഇന്ത്യ 2047-ഓടെ കെട്ടിപ്പടുക്കുന്നതിനായി കൂടുതൽ പ്രതിജ്ഞാബദ്ധതയോടെ ഒന്നിച്ച് പ്രവർത്തിക്കാൻ രാഷ്ട്രപതി ആഹ്വാനം ചെയ്തു.
****
(रिलीज़ आईडी: 2274741)
आगंतुक पटल : 9