ആയുഷ്
1.7 ലക്ഷത്തിലധികം സംഘാടകർ രജിസ്റ്റർ ചെയ്തതോടെ, 2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ (IDY 2026) ഡിജിറ്റൽ അടിസ്ഥാന ശിലയായി 'യോഗ സംഗം പോർട്ടൽ' മാറി
प्रविष्टि तिथि:
17 JUN 2026 6:42PM by PIB Thiruvananthpuram
രാജ്യവ്യാപകമായ യോഗ പങ്കാളിത്തത്തിനായി സ്ഥാപനങ്ങളെയും സമൂഹങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ആയുഷ് മന്ത്രാലയത്തിന്റെ പദ്ധതി
ജൂൺ 21-ന് നടക്കുന്ന 12-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിനായി (IDY) രാജ്യം ഒരുങ്ങുമ്പോൾ, ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ആരോഗ്യ-ക്ഷേമ കൂട്ടായ്മ ഏകോപിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് ആയുഷ് മന്ത്രാലയം. ഒരു പൊതു യോഗാഭ്യാസത്തിലൂടെ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളെയും സംഘടനകളെയും സമൂഹങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത, പുതുതായി നവീകരിച്ച് പുറത്തിറക്കിയ 'യോഗ സംഗം പോർട്ടൽ' ആണ് ഈ ശ്രമങ്ങളുടെ കേന്ദ്രബിന്ദു.
മധ്യപ്രദേശിലെ ഖജുരാഹോയിൽ നടന്ന, 2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിലേക്കുള്ള 25 ദിവസത്തെ കൗണ്ട്ഡൗൺ ചടങ്ങിൽ കേന്ദ്ര ആയുഷ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് ആണ് പോർട്ടൽ വീണ്ടും പുറത്തിറക്കിയത്. അന്താരാഷ്ട്ര യോഗാ ദിനം 2026-ന്റെ പ്രധാന സംരംഭങ്ങളിൽ ഒന്നായ 'യോഗ സംഗത്തിന്റെ' നട്ടെല്ലായി ഈ പോർട്ടൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്കൂളുകൾ, കോളേജുകൾ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, ഗവണ്മെന്റ് സ്ഥാപനങ്ങൾ, സ്വകാര്യ സംഘടനകൾ, പൗര സമൂഹങ്ങൾ എന്നിവർക്ക് യോഗാ ദിനത്തിലേക്ക് ഓൺലൈൻ രജിസ്ട്രേഷനും പങ്കാളിത്തവും എളുപ്പമാക്കുന്നു.
2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തോടുള്ള വർദ്ധിച്ചുവരുന്ന താല്പര്യം പ്രതിഫലിപ്പിച്ചുകൊണ്ട്, 1.7 ലക്ഷത്തിലധികം സംഘാടകർ ഇതിനകം തന്നെ തങ്ങളുടെ പരിപാടികൾ യോഗ സംഗം പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഈ വർഷത്തെ ആഘോഷത്തെ ചരിത്രപരമായ ഒരു ജനകീയ മുന്നേറ്റമാക്കുന്നതിനുള്ള ആദ്യ പടിയാണിത്. രാജ്യത്തുടനീളം യോഗയുടെ സന്ദേശം എത്തിക്കുന്നതിൽ സ്ഥാപനങ്ങളും സംഘടനകളും സമൂഹങ്ങളും കാണിക്കുന്ന വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയാണ് ഈ ആവേശകരമായ പ്രതികരണം വ്യക്തമാക്കുന്നത്.
ഈ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ പ്രതാപ്‌റാവു ജാദവ് ഇങ്ങനെ പറഞ്ഞു : "ആരോഗ്യത്തിലൂടെയുള്ള ഒരുമയുടെ ആഘോഷമാണ് യോഗ സംഗം. ആയിരക്കണക്കിന് സ്ഥലങ്ങളിലുള്ളവരെ ഒരേ സമയം പൊതു യോഗ രീതി (CYP) പരിശീലിക്കാൻ പ്രാപ്തരാക്കുന്നതിലൂടെ, നാം ദേശീയ ഒരുമ വളർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം യോഗയുടെ ആഗോള കേന്ദ്രമെന്ന ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
യോഗയുടെ ഗുണങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം."
ഒരു പ്രത്യേക വേദി കേന്ദ്രീകരിച്ച് നടത്തുന്ന പരമ്പരാഗത ഗവണ്മെന്റ് പരിപാടികളിൽ നിന്ന് വ്യത്യസ്തമായി, രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്ന ഒരു ദേശീയ പരിപാടിയായാണ് യോഗ സംഗം പ്രവർത്തിക്കുന്നത്. പ്രാദേശിക, ഭാഷാപര, സാമൂഹിക അതിർവരമ്പുകൾക്കപ്പുറം രാജ്യവ്യാപകമായി ഒരേസമയം യോഗ പരിശീലിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, പങ്കാളികളാകുന്ന സംഘടനകൾ പൊതു യോഗ രീതി (CYP) പിന്തുടർന്ന് അവരുടെ സ്വന്തം സ്ഥലങ്ങളിൽ സ്വതന്ത്രമായി യോഗ സെഷനുകൾ സംഘടിപ്പിക്കുന്നു.
രാജ്യത്തുടനീളം ഒരേസമയം കൂട്ടായ യോഗാ പ്രദർശനങ്ങൾ എന്ന ആശയം അവതരിപ്പിച്ച 2025-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ വിജയത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അന്ന് പങ്കാളിത്തത്തിന്റെ തോത് അഭൂതപൂർവമായിരുന്നു. ഈ സംരംഭത്തിലൂടെ 10 ലക്ഷത്തിലധികം സ്ഥലങ്ങൾ ഒരേസമയം ബന്ധിപ്പിക്കപ്പെട്ടു, കൂടാതെ രാജ്യവ്യാപകമായി 13.04 ലക്ഷത്തിലധികം യോഗ സംഗം പരിപാടികൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഏകോപിത ആരോഗ്യ മുന്നേറ്റങ്ങളിലൊന്നായി മാറി.
ഈ മുന്നേറ്റത്തിന്റെ ആവേശം ഉൾക്കൊണ്ട്, 2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിനായി ആയുഷ് മന്ത്രാലയം യോഗ സംഗം പോർട്ടലിന്റെ ശേഷി വിപുലീകരിച്ചിട്ടുണ്ട്. പുനരവതരിപ്പിച്ച പോർട്ടൽ കൂടുതൽ വലിയ തോതിലുള്ള പങ്കാളിത്തവും ഏകോപനവും സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഘടനകൾക്ക് ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ പരിപാടികൾ രജിസ്റ്റർ ചെയ്യാനും പങ്കാളിത്തം ഏകോപിപ്പിക്കാനും ചിത്രങ്ങളും റിപ്പോർട്ടുകളും അപ്‌ലോഡ് ചെയ്യാനും ദേശീയ യോഗ ആഘോഷത്തിൽ പങ്കാളികളാകാനും സാധിക്കും.
പ്രാദേശികമായ ജനപങ്കാളിത്തം ഉറപ്പാക്കൽ, പരിപാടിയുടെ നടത്തിപ്പ്, പൊതു യോഗ രീതി പാലിക്കൽ, പരിപാടിക്ക് ശേഷമുള്ള റിപ്പോർട്ടിംഗ് എന്നിവയുടെ ഉത്തരവാദിത്വo പങ്കാളികളാകുന്ന സംഘടനകൾക്കായിരിക്കും. പങ്കെടുക്കുന്ന സംഘടനകൾക്ക് രാജ്യവ്യാപകമായ ഈ പദ്ധതിയിലേക്കുള്ള അവരുടെ സംഭാവനകൾ മാനിച്ച് ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകളും ലഭിക്കും.
കേവലം പരിപാടികളുടെ നടത്തിപ്പിനുമപ്പുറം , പൊതു ആരോഗ്യ കാമ്പെയ്നുകൾ നടത്തുന്ന രീതിയിലുണ്ടായ സുപ്രധാനമായ മാറ്റത്തെക്കൂടിയാണ് ഈ പോർട്ടൽ കാണിക്കുന്നത്. ഏതെങ്കിലും വലിയ കേന്ദ്രീകൃത പരിപാടികളെ മാത്രം ആശ്രയിക്കുന്നതിന് പകരം, യോഗ സംഗം ഒരു ജനപങ്കാളിത്ത മാതൃകയാണ് സ്വീകരിക്കുന്നത്. ഇതിൽ സമൂഹങ്ങൾ തന്നെ അവരുടെ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്വo ഏറ്റെടുക്കുകയും ചെയ്യുന്നു, ഒപ്പം ഒരു പൊതുവായ ദേശീയ ചട്ടക്കൂടിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. പൊതു യോഗ രീതിയിലൂടെ ഒരേ സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ വികേന്ദ്രീകൃതമായ പങ്കാളിത്തം ഈ പ്ലാറ്റ്‌ഫോം സാധ്യമാക്കുന്നു, ഇത് പ്രാദേശികമായ പ്രവർത്തനങ്ങളെ ഒരു കൂട്ടായ ദേശീയ അനുഭവമാക്കി മാറ്റാൻ സഹായിക്കുന്നു.
യോഗയുടെ സ്വാധീനം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുമായി ഈ പദ്ധതി പൊരുത്തപ്പെടുന്നു.
ജീവിതശൈലി രോഗങ്ങളും മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്ന ഈ സമയത്ത്, യോഗയെ എളുപ്പത്തിൽ പ്രാപ്യമാകുന്നതും ഫലപ്രദവുമായ ഒരു ആരോഗ്യ മാർഗ്ഗമായി ഉയർത്തിക്കാട്ടാൻ യോഗ സംഗം ശ്രമിക്കുന്നു. ഒരു ദേശീയ പരിപാടിയെ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ ഡിജിറ്റൽ സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ പ്ലാറ്റ്‌ഫോമിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി തെളിയിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി, അന്താരാഷ്ട്ര യോഗാ ദിനം ലോകത്തിലെ ഏറ്റവും വലിയ പൊതു ആരോഗ്യ പരിപാടികളിൽ ഒന്നായി മാറിയിട്ടുണ്ട്. 2026-ലെ യോഗാ ദിനത്തിനായുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാകുമ്പോൾ, യോഗ സംഗത്തിന്റെ വിജയം അളക്കപ്പെടുന്നത് അതിൽ രേഖപ്പെടുത്തുന്ന രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ മാത്രമല്ല, മറിച്ച് അഭൂതപൂർവമായ തോതിൽ കൂട്ടായ പങ്കാളിത്തം പ്രചോദിപ്പിക്കാനും യോഗയെ രാജ്യത്തുടനീളമുള്ള ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാനുമുള്ള അതിന്റെ കഴിവിനെക്കൂടി ആശ്രയിച്ചായിരിക്കും.
യോഗ സംഗം പോർട്ടൽ

****
(रिलीज़ आईडी: 2274351)
आगंतुक पटल : 3