പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി-7 ഉച്ചകോടിക്കിടെ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച

प्रविष्टि तिथि: 17 JUN 2026 6:43PM by PIB Thiruvananthpuram

ഇവിയാനിൽ ജി-7 ഉച്ചകോടിയ്ക്ക് അനുബന്ധമായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

2026 ജനുവരിയിൽ ഇന്ത്യയിൽ നടന്ന ചരിത്രപരമായ 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി അനുസ്മരിച്ച നേതാക്കൾ, അതിനുശേഷം ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉഭയകക്ഷി ബന്ധത്തിലുണ്ടായ ശ്രദ്ധേയമായ പുരോഗതിയെ സ്വാഗതം ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അടുത്തിടെ പൂർത്തിയായത് ചരിത്ര നേട്ടമായി എടുത്തുപറഞ്ഞ നേതാക്കൾ, ഇത് എത്രയും വേഗം ഒപ്പുവെക്കേണ്ടതിന്റെയും നടപ്പാക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി. നിലവിലെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ, ഈ കരാർ വ്യാപാര-നിക്ഷേപ മേഖലകളിൽ വൻ അവസരങ്ങൾ തുറന്നുനൽകുമെന്നും വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുമെന്നും അവർ ചൂണ്ടിക്കാട്ടി.

തുറന്ന വിപണി സമ്പദ്‌വ്യവസ്ഥയും ബഹുസ്വര സമൂഹവുമുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ സംവിധാനങ്ങൾ എന്ന നിലയിൽ, പരസ്പര വിശ്വാസം, പങ്കിട്ട മൂല്യങ്ങൾ, ഭാവിയിലേക്കുള്ള പൊതുവായ കാഴ്ചപ്പാട് എന്നിവയിൽ അധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ളത്. 2026 ജനുവരിയിൽ അംഗീകരിച്ച 'ഇന്ത്യ-യൂറോപ്യൻ യൂണിയൻ സമഗ്ര തന്ത്രപരമായ അജണ്ട'യുടെ (Joint India-EU Comprehensive Strategic Agenda) പുരോഗതി നേതാക്കൾ വിലയിരുത്തി. ഇത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപ്രധാന പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പരസ്പരം പ്രയോജനകരവും പരിവർത്തനാത്മകവുമായ ഫലങ്ങൾ നൽകുമെന്നുമുള്ള വികാരം അവർ പങ്കുവെച്ചു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ കൈമാറിയ നേതാക്കൾ പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ സ്വാഗതം ചെയ്തു. സമാധാനം, സ്ഥിരത, സമൃദ്ധി, സുസ്ഥിര വികസനം എന്നിവയ്ക്ക് സംഭാവന നൽകുന്ന, ശക്തമായ ബഹുധ്രുവ ആഗോള ക്രമം രൂപപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത അവർ ആവർത്തിച്ചു.

-SK-


(रिलीज़ आईडी: 2274275) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , Marathi , हिन्दी , Assamese , Odia , Tamil , Telugu