റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

വിസ്മയ പാലങ്ങൾ: നവ ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ കരുത്തുറ്റ അടിത്തറ

പോസ്റ്റഡ് ഓണ്‍: 16 JUN 2026 6:53PM by PIB Thiruvananthpuram

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിലും കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ചലനാത്മക മാർഗ്ഗ നിർദേശത്തിലും കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം യാഥാര്‍ത്ഥ്യമാക്കിയ ഒട്ടനവധി പ്രമുഖ പാലങ്ങള്‍  രാജ്യത്തിൻ്റെ വിവിധ കോണുകളിൽ ഗതാഗത സൗകര്യങ്ങൾ വന്‍തോതില്‍ മെച്ചപ്പെടുത്തി. ഈ എന്‍ജിനീയറിങ് വിസ്മയങ്ങൾ കേവലം കോൺക്രീറ്റ് ഘടനകൾക്കപ്പുറം അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ രാജ്യപുരോഗതിയോടും ദേശീയ ഐക്യത്തോടും സാമ്പത്തിക വളർച്ചയോടും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തോടും ഗവണ്മെൻ്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ശക്തമായ പ്രതീകംകൂടിയാണ്. മുന്‍പ് എത്തിപ്പെടാൻ പ്രയാസമായിരുന്ന പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചും യാത്രാസമയം കുറച്ചും ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കിയും പ്രാദേശിക വികസനത്തിലും സുഗമമായ യാത്രയിലും ഈ പാലങ്ങൾ നിർണായക പങ്കുവഹിച്ചു.

 

പാലങ്ങൾ: ആധുനിക ഇന്ത്യയുടെ വിസ്മയങ്ങൾ

ജനജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും സമ്പദ്‌ വ്യവസ്ഥയുടെയും അവിഭാജ്യ ഘടകങ്ങളായ നിരവധി നദികളാൽ അനുഗ്രഹീതമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ വലിയ നദികൾക്ക് കുറുകെ രാജ്യം അതിമനോഹരമായ പാലങ്ങൾ നിർമ്മിച്ചതിൽ അത്ഭുതപ്പെടാനില്ല. നാം പലപ്പോഴും ശ്രദ്ധിക്കാത്ത തരത്തിലാണ് പാലങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്നത്. മുൻപ് ദിവസങ്ങളെടുത്ത യാത്രാദൂരം ചുരുക്കാനും ഒറ്റപ്പെട്ടുപോയ ജനവിഭാഗങ്ങൾക്ക് പുറംലോകവുമായി ബന്ധം സാധ്യമാക്കാനും സഹായിക്കുന്ന പാലങ്ങള്‍ പ്രകൃതിയുടെ കടുത്ത വെല്ലുവിളികളെപ്പോലും അതിജീവിച്ച് നിലകൊള്ളുന്നു.

 

രാജ്യത്തെ ഗതാഗത ശൃംഖലയിലെ എണ്ണമറ്റ പാലങ്ങളിൽ ചിലത് അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ വ്യാപ്തിയും ദീർഘവീക്ഷണവും വ്യക്തമാക്കുന്നവയാണ്. ഓരോ പാലത്തിന് പിന്നിലും സവിശേഷ രൂപകല്പനയും ദുർഘട ഭൂപ്രകൃതിയെ കീഴടക്കാനുള്ള മനുഷ്യൻ്റെ നിശ്ചയദാര്‍ഢ്യവുമുണ്ട്. ആർച്ച് പാലങ്ങൾ മുതൽ അത്യാധുനിക എക്സ്ട്രാഡോസ്ഡ് പാലങ്ങളും തൂക്കുപാലങ്ങളും വരെ സങ്കീർണ നിർമ്മിതികൾ രാജ്യത്തിൻ്റെ മികച്ച വാസ്തുവിദ്യയുടെയും എന്‍ജിനീയറിങ് മികവിൻ്റെയും ഉദാഹരണങ്ങളാണ്.

 

ഗുവാഹത്തിയില്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലം 

ബ്രഹ്മപുത്ര നദിക്ക് കുറുകെ 1.49 കിലോമീറ്റർ നീളത്തിലുള്ള പുതിയ സരൈഘട്ട് പാലം അസമിൻ്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നു. ചരിത്രപ്രസിദ്ധമായ പഴയ സരൈഘട്ട് പാലത്തിന് സമാന്തരമായാണ് ഇത് നിർമിച്ചിരിക്കുന്നത്. പുതിയ പാലത്തിൻ്റെ വരവോടെ മേഖലയിലെ വലിയ ഗതാഗതക്കുരുക്കിന് ശമനമുണ്ടാവുകയും പതിനായിരക്കണക്കിന് സ്ഥിരം യാത്രക്കാരുടെ യാത്ര സുഗമമാവുകയും ചെയ്തു. വടക്കന്‍ ഗുവാഹത്തിയെയും തെക്കന്‍ ഗുവാഹത്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ദേശീയപാത-27-ലെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

  

 

കോട്ടയില്‍ ചമ്പൽ നദിക്ക് കുറുകെയുള്ള പാലം 

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നാണ് രാജസ്ഥാനിലെ കോട്ടയില്‍ ചമ്പൽ നദിക്ക് കുറുകെയുള്ള ആറുവരി തൂക്കുപാലം. 1.4 കിലോമീറ്റർ നീളത്തിലുള്ള ഈ പാലം രാജസ്ഥാനിലെ ആദ്യ തൂക്കുപാലമാണ്. 2017 ഓഗസ്റ്റിലാണ് പാലം രാജ്യത്തിനായി സമർപ്പിച്ചത്.

 

30 മീറ്റർ വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിൻ്റെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയില്‍ നടപ്പാതകളുമുണ്ട്. പാലം താങ്ങിനിർത്തുന്ന കേബിളുകൾ പ്രത്യേക സംരക്ഷണ കവചങ്ങളോടുകൂടിയതാണ്. മഴയും കാറ്റും മൂലമുണ്ടാകുന്ന ഉലച്ചിലുകള്‍ ചെറുക്കാനും പാലത്തിൻ്റെ ആയുസ്സും കരുത്തും വർധിപ്പിക്കാനും ഈ കേബിളുകളുടെ ആധുനിക രൂപകല്പനയ്ക്ക് സാധിക്കുന്നു.  

 

പരിസ്ഥിതി-വന്യജീവി സൗഹൃദ രൂപകല്പനയാണ് പാലത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ആറുവരി പാലത്തിൻ്റെ ഏകദേശം 300 മീറ്ററോളം ഭാഗം പൂർണമായി കേബിളുകളിലാണ് നിര്‍ത്തിയിരിക്കുന്നത്. അപൂർവയിനം ചതുപ്പ് ചീങ്കണ്ണികൾ, തലയിൽ ചുവന്ന വരകളുള്ള അപൂർവയിനം ആമകൾ, ഗംഗാ ഡോൾഫിനുകൾ എന്നിവയുടെ കേന്ദ്രമായ ദേശീയ ചമ്പൽ ഘാരിയൽ വന്യജീവി സങ്കേതം സംരക്ഷിക്കാന്‍ നദിയില്‍ ഒരു തൂൺ പോലും സ്ഥാപിക്കാതെയാണ് ഈ ഭാഗം നിർമ്മിച്ചിരിക്കുന്നത്.

 

 

ഭറൂച്ചില്‍ നർമദ നദിക്ക് കുറുകെയുള്ള പാലം 

ഗുജറാത്തിലെ ഭറൂച്ചിൽ ദേശീയപാത-8-ൻ്റെ ഭാഗമായി നർമദ നദിക്ക് കുറുകെയാണ് 1.34 കിലോമീറ്റർ നീളത്തില്‍ ഈ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും നീളമേറിയ സ്പാനുകളോടുകൂടിയ എക്സ്ട്രാഡോസ്ഡ് പാലങ്ങളിലൊന്നാണിത്. 34 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച ഈ പാലം 2017 മാർച്ചില്‍  ഗതാഗതത്തിന് തുറന്നുകൊടുത്തു. 20.8 മീറ്റർ വീതിയില്‍ നിര്‍മിച്ച പാലത്തിൻ്റെ ഇരുവശങ്ങളിലും 3 മീറ്റർ വീതിയില്‍ നടപ്പാതകളുമുണ്ട്. ദേശീയപാത-8-ലെ അഹമ്മദാബാദ്-മുംബൈ ഭാഗത്തിന് കീഴില്‍വരുന്ന ഈ പാലം മേഖലയുടെ സുരക്ഷിതത്വത്തിനും യാത്രാവേഗത്തിനും സാമ്പത്തിക വികസനത്തിനും വലിയ ഊർജ്ജം പകരുന്നു.  

 

 

ബീഹാറില്‍ ഗംഗാ നദിക്ക് കുറുകെയുള്ള പാലം

ബീഹാറില്‍ ദേശീയപാത-31-ലെ ഔണ്ട-സിമരിയ മേഖലയിലാണ് ഗംഗാ നദിക്ക് കുറുകെ 1.8 കിലോമീറ്റർ നീളത്തില്‍ ഗംഭീരമായി പടുത്തുയര്‍ത്തിയ ഈ ആറുവരി പാലം സ്ഥിതി ചെയ്യുന്നത്. നദിക്ക് മുകളില്‍ ഒറ്റ ഘടനയില്‍ 34 മീറ്റർ വീതിയേറിയ ഉപരിതലത്തോടു കൂടി രൂപകല്പന ചെയ്ത രാജ്യത്തെ ഏറ്റവും വീതിയേറിയ എക്സ്ട്രാഡോസ്ഡ് പാലങ്ങളിലൊന്ന് എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. 57 മീറ്റർ മുതൽ 115 മീറ്റർ വരെ തൂണുകള്‍ക്കിടയിലെ അകലവും 70 മീറ്ററോളം കാൻ്റിലിവർ ഘടനകളും ഈ നിർമ്മിതിയുടെ എന്‍ജിനീയറിങ്  മികവിന് ഉദാഹരണമാണ്.  

 

 

 

ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച രണ്ടുവരി പാത 'രാജേന്ദ്ര സേതു' റെയിൽ-കം-റോഡ് പാലത്തിന് സമാന്തരമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പഴക്കവും വിപുലമായ അറ്റകുറ്റപ്പണികളും മൂലം പഴയ പാലത്തില്‍ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇത് വലിയ വാഹനങ്ങളെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കാൻ നിർബന്ധിതമാക്കി. ഗംഗാ നദിക്ക് കുറുകെ നിര്‍മിച്ച ഈ പുതിയ ആറുവരി എക്സ്ട്രാഡോസ്ഡ് പാലം വടക്കൻ ബീഹാറിനെയും തെക്കൻ ബീഹാറിനെയും നേരിട്ട് ബന്ധിപ്പിക്കുന്നു. 2025 ഓഗസ്റ്റില്‍  പ്രധാനമന്ത്രിയാണ് ഈ പാലം രാജ്യത്തിന് സമര്‍പ്പിച്ചത്.  

 

ധോല-സാദിയ പാലം  

അസമിനെയും അരുണാചൽ പ്രദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് 9.15 കിലോമീറ്റർ നീളമുള്ള ധോല-സാദിയ പാലം. 'ഭൂപൻ ഹസാരിക സേതു' എന്നും  അറിയപ്പെടുന്ന ഈ പാലം വടക്കൻ അസമിനും കിഴക്കൻ അരുണാചൽ പ്രദേശിനുമിടയില്‍ സ്ഥിരം റോഡ് ഗതാഗത സൗകര്യം ഉറപ്പാക്കുന്ന ആദ്യ പാതയാണ്. ബീം ഘടനയില്‍ നിർമ്മിച്ചിരിക്കുന്ന ഈ പാലം ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദികളിലൊന്നായ ലോഹിത് നദിക്ക് മുകളിലൂടെ കടന്നുപോകുന്നു. ടിൻസുകിയ ജില്ലയിലെ ധോലയെ വടക്ക് സാദിയയുമായി പാലം ബന്ധിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിൻ്റെ അർജുൻ, ടി-72 മോഡലുകൾ ഉൾപ്പെടെ 60 ടൺ സൈനിക ടാങ്കുകളെ താങ്ങാൻ ശേഷിയുള്ള രീതിയില്‍  നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഈ പാലത്തിന് ഏറെ തന്ത്രപ്രധാന മൂല്യമുണ്ട്.  

 

 

****


( റിലീസ് ഐ.ഡി: 2273807) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu