ആഭ്യന്തരകാര്യ മന്ത്രാലയം
ഹിമാചൽ പ്രദേശിൽ ഹൗസ്‌ലിസ്റ്റിംഗ്, ഭവനസെൻസസ് ഫീൽഡ് തല പ്രവർത്തനങ്ങൾ ആരംഭിച്ചു; കേരളത്തിലും നാഗാലാൻഡിലും സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ (Self-Enumeration) തുടങ്ങി
प्रविष्टि तिथि:
16 JUN 2026 2:25PM by PIB Thiruvananthpuram
സ്വയം വിവരം രേഖപ്പെടുത്തൽ (Self-Enumeration) കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് ഹിമാചൽ പ്രദേശിൽ സെൻസസ് 2027-ന്റെ ഒന്നാം ഘട്ടത്തിന് കീഴിലുള്ള ഹൗസ്‌ലിസ്റ്റിംഗ്, ഭവനസെൻസസ് (HLO) ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്യൂമറേറ്റർമാരുടെ വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം 2026 ജൂലൈ 15 വരെ തുടരും.
കേരളത്തിലും നാഗാലാൻഡിലും സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ (SE) സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇത് 2026 ജൂൺ 30 വരെ ലഭ്യമായിരിക്കും. ഈ സംസ്ഥാനങ്ങളിലെ ഹൗസ്‌ലിസ്റ്റിംഗ്, ഭവനസെൻസസ് ഫീൽഡ് തല പ്രവർത്തനങ്ങൾ 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെ നടക്കും. ഈ സംസ്ഥാനങ്ങളിലെ താമസക്കാർക്ക് ഔദ്യോഗിക പോർട്ടൽ (se.census.gov.in) വഴി വിവരങ്ങൾ സ്വയം രേഖപ്പെടുത്താവുന്നതാണ്.
ഗുജറാത്ത്, ജമ്മു കശ്മീർ, ലഡാക്ക്, പുതുച്ചേരി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ വീടുവീടാന്തരം കയറിയുള്ള ഫീൽഡ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ പൂർത്തിയാക്കിയ താമസക്കാർ, തങ്ങൾക്ക് ലഭിച്ച സെൽഫ്-ന്യൂമറേഷൻ ഐഡി (SE ID) സൂക്ഷിച്ചു വെയ്ക്കാനും , എന്യൂമറേറ്റർമാർ വീട് സന്ദർശിക്കുമ്പോൾ ഹൗസ്‌ലിസ്റ്റിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതിനായി ഇത് പങ്കുവെക്കാനും അഭ്യർത്ഥിക്കുന്നു. സ്വയം വിവരശേഖരണം നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങൾ എന്യൂമറേറ്റർമാരുടെ സന്ദർശന വേളയിൽ രേഖപ്പെടുത്തുന്നതാണ് .
അതേസമയം, 2026 മെയ് 16 മുതൽ ജൂൺ 14 വരെ നടന്ന ഹൗസ്‌ലിസ്റ്റിംഗ്, ഭവനസെൻസസ് പ്രവർത്തനങ്ങൾ മഹാരാഷ്ട്ര, മേഘാലയ, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) മേഖലയിലും വിജയകരമായി പൂർത്തിയായി. പഞ്ചാബിലെ ഹൗസ്‌ലിസ്റ്റിംഗ് പ്രവർത്തനങ്ങളും 2026 ജൂൺ 13-ഓടെ സമാപിച്ചു.
ഇതുവരെ 23 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സെൻസസ് 2027-ന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ബിഹാർ, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ദാദ്ര നഗർ ഹവേലി - ദാമൻ ദിയു, ഡൽഹി, ഗോവ, ഹരിയാന, ജാർഖണ്ഡ്, കർണാടക, ലക്ഷദ്വീപ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇത് പൂർത്തിയായി .
സമഗ്രവും കൃത്യവുമായ വിവരശേഖരണം ഉറപ്പാക്കുന്നതിനായി, വീടുവീടാന്തരം കയറിയുള്ള പരമ്പരാഗതരീതി നിലനിർത്തിക്കൊണ്ടുതന്നെ, എന്നാൽ ഇതാദ്യമായി ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് സെൻസസ് 2027 നടത്തുന്നത്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
ഹൗസ്‌ലിസ്റ്റിംഗ്, ഭവനസെൻസസ് ഘട്ടത്തിൽ, ഭവനങ്ങളുടെ അവസ്ഥ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ലഭ്യമായ സൗകര്യങ്ങൾ, വീടുകളിലുള്ള ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 33 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയിലൂടെയാണ് ശേഖരിക്കുന്നത്.
1948-ലെ സെൻസസ് നിയമപ്രകാരം ശേഖരിക്കുന്ന എല്ലാ വിവരങ്ങളും കർശനമായി രഹസ്യമായി സൂക്ഷിക്കുന്നതും, സ്ഥിതിവിവരക്കണക്കുകൾക്കും വികസന ആസൂത്രണങ്ങൾക്കും മാത്രമായി ഉപയോഗിക്കുന്നതുമാണ്. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും താമസക്കാർ സെൻസസ് പ്രക്രിയയിൽ സജീവമായി പങ്കാളികളാകണമെന്നും ഫീൽഡ് സന്ദർശന വേളയിൽ എന്യുമറേറ്റർമാരുമായി പൂർണ്ണമായി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
SKY
*******
(रिलीज़ आईडी: 2273575)
आगंतुक पटल : 4