ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയെ യഥാർത്ഥത്തിൽ ഏകീകരിച്ചത് സന്യാസിമാരും ഋഷിമാരും: 'അഗത്തിയാർ - ദി യൂണിഫയർ' എന്ന പുസ്തകത്തിൻ്റെ പ്രകാശന വേളയിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ

प्रविष्टि तिथि: 15 JUN 2026 6:46PM by PIB Thiruvananthpuram
"അഗത്തിയാർ - ദി യൂണിഫയർ" എന്ന പുസ്തകം ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ  ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.

ഇന്ത്യയുടെ   സാംസ്ക്കാരിക ഐക്യത്തെക്കുറിച്ച് വിശദീകരിച്ച ഉപരാഷ്ട്രപതി, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ചർച്ചകളിൽ രാജാക്കന്മാരെയും രാഷ്ട്രീയ സ്ഥാപനങ്ങളെയും കുറിച്ച് പലപ്പോഴും പരാമർശിക്കാറുണ്ടെങ്കിലും, ഇന്ത്യയുടെ ഐക്യത്തിൻ്റെ   യഥാർത്ഥ ശിൽപ്പികൾ സന്യാസിമാരും ഋഷിമാരുമായിരുന്നെന്ന് വ്യക്തമാക്കി. അത്തരം ഋഷിമാരിൽ, ഇന്ത്യയുടെ   സാംസ്കാരികവും ആത്മീയവുമായ ഐക്യത്തിൻ്റെ   ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായി അഗത്തിയാർ വേറിട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ പാരമ്പര്യങ്ങളിൽ ഒരുപോലെ ആദരിക്കപ്പെടുന്ന അഗത്തിയാർ, ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ   ഐക്യത്തിൻ്റെ   പ്രതീകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ പൊതിഗൈ കുന്നുകളും കാവേരി നദിയും പരാമർശിക്കുമ്പോൾ, അവ അഗത്തിയാറുടെ സ്മരണകളുണർത്തുന്നതായി അദ്ദേഹം പറഞ്ഞു. തമിഴ് വ്യാകരണത്തിൻ്റെയും തമിഴ് സംഘ പാരമ്പര്യത്തിൻ്റെയും വികാസത്തിന് അഗത്തിയാർ നൽകിയ ഗണ്യമായ സംഭാവനകളെ അദ്ദേഹം ശ്ലാഘിച്ചു, ഉത്തരേന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും സംസ്കാരങ്ങൾക്കിടയിലെ പാലമെന്ന് അദ്ദേഹത്തെ ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു.

ഇന്ത്യൻ ഭാഷകൾ മത്സരാർത്ഥികളല്ലെന്നും, പരസ്പര ബഹുമാനത്തിലൂടെയും നൂറ്റാണ്ടുകളുടെ സാംസ്കാരിക വിനിമയത്തിലൂടെയും പരസ്പരം സമ്പന്നമാക്കിയ സഹോദരഭാഷകളാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

തമിഴ് ഭാഷയിൽ നിന്നും സംസ്കാരത്തിൽ നിന്നും നിരവധി ആളുകൾക്ക് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, തമിഴിനെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജീവിതം സമർപ്പിച്ചവരെ ഇന്ന് ശരിയായ രീതിയിൽ ആദരിക്കുന്നില്ലെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പുരാതന തമിഴ് സാഹിത്യം വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും അക്ഷീണം പ്രയത്നിച്ച 'തമിഴ് താത്ത' യു.വി. സ്വാമിനാഥ അയ്യരുടെ മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും അദ്ദേഹം ഉദാഹരിച്ചു. സ്വാമിനാഥ അയ്യർ തമിഴിന് നൽകിയ സേവനത്തെക്കുറിച്ച്  പൊതുജനങ്ങൾ വേണ്ടത്ര ബോധവാന്മാരല്ലെന്ന് ഖേദപൂർവ്വം വ്യക്തമാക്കിയ അദ്ദേഹം വിലമതിക്കാനാവാത്ത തമിഴ് സാഹിത്യ നിധികളെ ജീർണ്ണതയിൽ നിന്നും വിസ്മൃതിയിൽ നിന്നും രക്ഷിച്ച പണ്ഡിതനായി അദ്ദേഹത്തെ വാഴ്ത്തി.

ഇന്ത്യയുടെ ഐക്യം ഒരു സമകാലിക നിർമ്മിതിയല്ലെന്നും, ആയിരക്കണക്കിന് വർഷങ്ങളായി ഋഷിമാരും പ്രബുദ്ധരായ ചിന്തകരും പരിപോഷിപ്പിച്ച ഒരു പൗരാണിക സാംസ്ക്കാരിക യാഥാർത്ഥ്യമാണെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. അഗത്തിയാരുടെ ജീവിതവും പൈതൃകവും ഈ ശാശ്വത സത്യത്തിൻ്റെ   ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ഭാഷയ്ക്കും തനതായ സവിശേഷ ശക്തിയുണ്ടെന്ന് നിരീക്ഷിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ഭാഷാപരമായ വിഭജനങ്ങളെ പ്രോത്സാഹിപ്പിച്ച് അനാവശ്യമായ സംവാദങ്ങളും അനൈക്യത്തിൻ്റെ   പ്രവണതകളും പ്രോത്സാഹിപ്പിക്കുന്ന ശക്തികൾക്കെതിരെ മുന്നറിയിപ്പ് നൽകി.

ഒരു ശക്തിക്കും ഇന്ത്യയിൽ   ഭിന്നത സൃഷ്ടിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ സംസ്കാരത്തെയും നാഗരിക പൈതൃകത്തെയും കുറിച്ച് യുവാക്കൾക്കിടയിൽ മികച്ച ധാരണ വളർത്താൻ ഉതകുന്ന ചർച്ചകൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു.

തമിഴ്‌നാട്ടിലെ നൂറിലധികം ക്ഷേത്രങ്ങൾ അഗത്തിയാരുടെ ക്ഷേത്രങ്ങളായി സമർപ്പിച്ചിരിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കാശിയിലും തമിഴ്‌നാട്ടിലും ഒരേ പേരിൽ നിലനിൽക്കുന്ന ക്ഷേത്രങ്ങൾ ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരുടെ ഭരണത്തിൻ്റെ   അഭാവത്തിൽ  ഇന്ത്യ ഐക്യപ്പെടുമായിരുന്നില്ല എന്ന ധാരണ ഉപരാഷ്ട്രപതി പാടെ തള്ളി, ഇന്ത്യയുടെ സംസ്കാരവും നാഗരികതയും എല്ലായ്‌പ്പോഴും എല്ലാ പ്രദേശങ്ങളിലെയും എല്ലാ തലമുറകളിലെയും ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ   ഉത്തര, ദക്ഷിണ, പശ്ചിമ, പൂർവ്വ  മേഖലകളിലുടനീളം അഗത്തിയാറുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളുടെയും കഥകളുടെയും പരാമർശങ്ങളുടെയും വിപുലമായ സാന്നിധ്യം ഗവേഷണങ്ങളിലൂടെ സൂക്ഷ്മമായി രേഖപ്പെടുത്തിയ പുസ്തകത്തിൻ്റെ   രചയിതാക്കളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. അഗത്തിയാറിൻ്റെ   മഹത്വത്തിൻ്റെയും ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തിൻ്റെയും സന്ദേശം ആഗോള സമക്ഷം എത്തിക്കുന്ന സുപ്രധാന കൃതിയായി ഈ പുസ്തകം വർത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഈ പുസ്തകം പുറത്തിറക്കിയതിന് കലൈമഗൾ മാസികയെ ഉപരാഷ്ട്രപതി പ്രശംസിച്ചു. 95 വർഷത്തിലേറെയായി തമിഴ് സാഹിത്യം, സംസ്കാരം, പൈതൃകം എന്നിവ ഭാവി തലമുറകൾക്കായി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കലൈമഗൾ മികച്ച സേവനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി തമിഴ് പണ്ഡിതന്മാർ, ചരിത്രകാരന്മാർ, ശാസ്ത്രജ്ഞർ, ദേശീയ നേതാക്കൾ എന്നിവർ സ്വന്തം രചനകളിലൂടെ മാസികയുടെ നിലവാരവും വിശ്വാസ്യതയും സമ്പന്നമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ   (ആർ‌എസ്‌എസ്) അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ശ്രീ സുനിൽ അംബേക്കർ; കലൈമഗൾ മാസികയുടെ എഡിറ്റർ ശ്രീ കീലമ്പൂർ ശങ്കര സുബ്രഹ്മണ്യൻ; മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ മാലൻ; പുസ്തകത്തിൻ്റെ   രചയിതാക്കളായ ശ്രീ ഒ. ഷമ ഭട്ട്, ഡോ. എം. എൻ. സുധ; പുസ്തകം തമിഴിലേക്ക് വിവർത്തനം ചെയ്ത പ്രൊഫസർ കല്യാണി, അടക്കം നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.
 
****
 

(रिलीज़ आईडी: 2273278) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Telugu , Kannada