നിതി ആയോഗ്
സ്കൂളുകളിലെ ഇന്നൊവേഷന്‍ ലാബുകളിലൂടെ ഉഭയകക്ഷി നൂതനാശയ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-ഫ്രാൻസ് ATL ബ്രിഡ്ജ്
प्रविष्टि तिथि:
14 JUN 2026 8:12PM by PIB Thiruvananthpuram
ഫ്രാൻസ്/ഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലെ നൂതനാശയാധിഷ്ഠിത സഹകരണം ആഴത്തിലാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളിലെയും യുവ നൂതനാശയക്കാർ തമ്മിലെ സഹകരണം സാധ്യമാക്കാന്‍ നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷനും ലാ ഫൗണ്ടേഷൻ ദാസോ സിസ്റ്റംസും ചേർന്ന് ഇന്ത്യ-ഫ്രാൻസ് ATL ബ്രിഡ്ജ് രൂപീകരിച്ചു.
ഇന്ത്യയുടെ അടൽ ടിങ്കറിങ് ലാബ് മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഫ്രാൻസിലെ ആദ്യ സ്കൂൾതല നൂതനാശയ ലാബ് സ്ഥാപിക്കുന്നതാണ് സംരംഭം. യുവ പഠിതാക്കൾക്ക് ഒരുമിച്ച് പ്രവർത്തിക്കാനും നൂതനാശയ ആവാസവ്യവസ്ഥകള്‍ തമ്മിലെ ബന്ധം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി നൂതനാശയ സഹകരണം ആഴത്തിലാക്കാനും ഈ പദ്ധതി ഘടനാപരമായ വേദിയൊരുക്കുന്നു.
സഹകരണത്തിന് ഔദ്യോഗിക രൂപം നൽകുന്ന താല്പര്യപത്രം ഫ്രാൻസിൽ നീതി ആയോഗ് അടൽ ഇന്നൊവേഷൻ മിഷൻ ഡയറക്ടർ ദീപക് ബഗ്ലയും ലാ ഫൗണ്ടേഷൻ ദാസോ സിസ്റ്റംസ് മാനേജിങ് ഡയറക്ടർ മാരി-പിയറി ഓലാസും തമ്മിൽ കൈമാറി.
അതിർത്തി കടന്നുള്ള നൂതനാശയ പരിപാടികൾ, സംരംഭകത്വ കൈമാറ്റങ്ങൾ, ഇന്ത്യയിലെയും ഫ്രാൻസിലെയും നൂതനാശയ ആവാസവ്യവസ്ഥകൾ തമ്മിലെ ആഴമേറിയ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന തന്ത്രപ്രധാന വേദിയായി ഇന്ത്യ-ഫ്രാൻസ് ATL ബ്രിഡ്ജ് നിലകൊള്ളും. അറിവ് പങ്കിടല്‍, ശേഷി വികസനം, സംയുക്ത നൂതനാശയ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ലോകത്തെ യഥാർത്ഥ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ യുവ നൂതനാശയക്കാരെ ഈ സംരംഭം പ്രാപ്തരാക്കും. യുവ നൂതനാശയക്കാർ, അധ്യാപകർ, ബന്ധപ്പെട്ട മറ്റ് പ്രതിനിധികള്‍ എന്നിവർ തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഊര്‍ജസ്വലമായ നൂതനാശയ സംസ്കാരം വളർത്താനും ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരം പ്രയോജനകരമായ പങ്കാളിത്തം മുന്നോട്ടുനയിക്കാനും സംരംഭം ലക്ഷ്യമിടുന്നു.
ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷമായ 2026-ലാണ് ATL ബ്രിഡ്ജ് സംരംഭം നടപ്പാക്കുന്നത്. നൂതനാശയാധിഷ്ഠിത സഹകരണം ശക്തിപ്പെടുത്താനും ഭാവി സജ്ജരായ പ്രതിഭകളെ വളർത്തിയെടുക്കാനും ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന പങ്കിട്ട പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സ്കൂൾതല നൂതനാശയങ്ങളിൽ അന്താരാഷ്ട്ര സഹകരണം വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൂതനാശയ അന്തരീക്ഷത്തിനുമിടയില്‍ അർത്ഥപൂര്‍ണമായ കൈമാറ്റങ്ങൾ വളർത്താനും സുപ്രധാന ചുവടുവെപ്പാണ് സംരംഭം.
"ലോകം ഒരു കുടുംബം" എന്ന ഇന്ത്യയുടെ സാംസ്കാരിക ദർശനമായ വസുധൈവ കുടുംബക തത്വചിന്തയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് ഈ പദ്ധതി. അറിവും നൂതനാശയങ്ങളും പുരോഗതിയും പങ്കുവെക്കപ്പെടുമ്പോഴാണ് ഏറ്റവും അർത്ഥവത്താകുന്നതെന്ന വിശ്വാസത്തെ സംരംഭം പ്രതിഫലിപ്പിക്കുന്നു. അടൽ ടിങ്കറിങ് ലാബ് രീതിശാസ്ത്രവും നൂതനാശയ അന്തരീക്ഷങ്ങളുമായി ബന്ധപ്പെട്ട സമീപനവും കൈമാറുന്നതിലൂടെ തെളിയിക്കപ്പെട്ട നൂതനാശയ മാതൃകയിലുപരി പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ വളർച്ചയുടെയും മനോഭാവവും ഇന്ത്യ പങ്കുവെയ്ക്കുന്നു.
രാജ്യത്തുടനീളം നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും സംസ്കാരം വളർത്തിയെടുക്കാനും '2047-ലെ വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് 2016-ൽ അടൽ ഇന്നൊവേഷൻ മിഷന് തുടക്കം കുറിച്ചത്. സംരംഭത്തിന്റെ തുടക്കം മുതൽ സ്കൂളുകളിലും സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും സ്റ്റാർട്ടപ്പുകളിലും വ്യവസായങ്ങളിലുമെല്ലാം നൂതനാശയ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനും നിലകൊള്ളുന്ന മുൻനിര ദേശീയ സംരംഭമായി ഈ ദൗത്യം മാറിയിട്ടുണ്ട്. അടല്‍ ഇന്നൊവേഷന്‍ മിഷന് കീഴിൽ ഡിസൈൻ തിങ്കിങ്, പ്രശ്നപരിഹാരം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, സംരംഭകത്വം എന്നിവയിൽ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കി ലോകത്തെ ഏറ്റവും വലിയ സ്കൂൾ അധിഷ്ഠിത നൂതനാശയ ശൃംഖലകളിലൊന്നായി അടൽ ടിങ്കറിങ് ലാബുകൾ വികസിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ലോകത്തെ ഏറ്റവും വലിയ നൂതനാശയ ആവാസവ്യവസ്ഥകളിലൊന്നാണ് രാജ്യം കെട്ടിപ്പടുത്തത്. ക്ലാസ് മുറികൾ മുതൽ സ്റ്റാർട്ടപ്പുകളും വ്യവസായങ്ങളും വരെ നൂതനാശയങ്ങളെ പരിപോഷിപ്പിച്ച നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷനാണ് ഈ പരിവർത്തനത്തിന്റെ പ്രധാന പ്രേരകശക്തി.
2016 മുതൽ രാജ്യത്ത് പതിനായിരത്തിലേറെ അടൽ ടിങ്കറിങ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. 11 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഡിസൈൻ തിങ്കിങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, 3D ഡിസൈനിങും പ്രിന്റിങും, നിര്‍മിതബുദ്ധി (എഐ) തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലേർപ്പെടാൻ ഇത് അവസരമൊരുക്കി. നൂതനാശയങ്ങളുടെ തുടക്കം ജിജ്ഞാസയിൽ നിന്നാണെന്നും പരീക്ഷണങ്ങൾ നടത്താനും പുതിയവ സൃഷ്ടിക്കാനും ലോകത്തെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനും യുവമനസ്സുകൾക്ക് ശരിയായ അന്തരീക്ഷം നൽകുമ്പോൾ അത് അഭിവൃദ്ധിപ്പെടുമെന്നും അടല്‍ ടിങ്കറിങ് ലാബ് പ്രസ്ഥാനം തെളിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചതുപോലെ യുവജനങ്ങളുടെ നൂതനാശയങ്ങളെയും അവരുടെ പ്രവർത്തനങ്ങളെയും ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി. ഈ കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യ-ഫ്രാൻസ് ATL ബ്രിഡ്ജ്. ഒപ്പം കൂടുതൽ നൂതനവും സമൃദ്ധവുമായ ഭാവി രൂപപ്പെടുത്തുന്നതിലെ യുവ നൂതനാശയക്കാരുടെയും വിദ്യാർത്ഥി സംരംഭകരുടെയും കരുത്തിൽ വിശ്വാസമര്‍പ്പിക്കുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കരുത്തുറ്റ പ്രതീകമായി ഈ സംരംഭം നിലകൊള്ളുന്നു.
(रिलीज़ आईडी: 2272899)
आगंतुक पटल : 4