ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അടുത്ത പതിറ്റാണ്ടില്‍ 45 ബില്യൺ ഡോളറിലെത്തും; വളർച്ചയുടെ വരുംഘട്ടത്തിന് നാനൂറിലേറെ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ കരുത്തേകുന്നതായി ഡോ. ജിതേന്ദ്ര സിങ്
प्रविष्टि तिथि:
14 JUN 2026 4:29PM by PIB Thiruvananthpuram
നയപരമായ പരിഷ്കാരങ്ങളുടെയും കൂടിവരുന്ന സ്വകാര്യ പങ്കാളിത്തത്തിൻ്റെയും അതിവേഗം വികസിക്കുന്ന നൂതനാശയ അന്തരീക്ഷത്തിൻ്റെയും കരുത്തിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിലെ 8 - 9 ബില്യൺ യു.എസ്. ഡോളറിൽ നിന്ന് അടുത്ത പതിറ്റാണ്ടില്‍ ഏകദേശം 40 - 45 ബില്യൺ യു.എസ് ഡോളറിലേക്ക് വളരാനൊരുങ്ങുകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ്, പേഴ്‌സണൽ - പൊതുപരാതി പരിഹാരം, പെൻഷൻ മന്ത്രാലയം എന്നിവയുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ഈ മാറ്റം രാജ്യത്തുടനീളം നടക്കുന്ന വലിയൊരു പരിവർത്തനത്തിൻ്റെ പ്രതിഫലനമാണെന്ന് ന്യൂഡല്‍ഹിയില്‍ വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യകൾ കേവലം ലബോറട്ടറികൾക്കപ്പുറം വളർന്ന് ദേശീയ ബോധത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിൽ വർധിച്ചുവരുന്ന ഈ ബന്ധം സമീപവർഷങ്ങളിലെ സുപ്രധാന നേട്ടങ്ങളിലൊന്നാണെന്നും രാജ്യത്തിൻ്റെ ശാസ്ത്ര പുരോഗതിയിൽ ജനങ്ങള്‍ സ്വയം പങ്കാളികളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ ഇന്ന് രാജ്യത്തിൻ്റെ ശാസ്ത്ര പുരോഗതിയുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നതും അതിൽ പങ്കുണ്ടെന്ന് കരുതുന്നതുമാണ് ഏറ്റവും വലിയ നേട്ടമെന്ന് ഡോ. ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.
പൊതുചർച്ചകളിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് കൈവന്നിരിക്കുന്ന പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലൂടെ ശാസ്ത്രാധിഷ്ഠിത സംരംഭങ്ങളെ രാജ്യത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി നിരന്തരം ശ്രമിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത്, ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ ഹെൽത്ത്, ആഴക്കടല്‍ ദൗത്യം, ഗഗൻയാൻ തുടങ്ങിയ സംരംഭങ്ങള്‍ ശാസ്ത്രത്തെയും നൂതനാശയങ്ങളെയും ഇന്ത്യയുടെ വികസന യാത്രയുടെ കേന്ദ്രബിന്ദുവാക്കി മാറ്റാൻ വഴിയൊരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്ര സാങ്കേതിക പരിപാടികളിൽ മുഖ്യധാരാ മാധ്യമങ്ങളുടെ വർധിച്ചുവരുന്ന സാന്നിധ്യം ശാസ്ത്രീയ സംഭവവികാസങ്ങളിലെ പൊതുജന താല്പര്യത്തിൻ്റെ തെളിവാണെന്ന് ഡോ. ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. ചന്ദ്രയാൻ-3 പോലുള്ള ദൗത്യങ്ങൾ ബഹിരാകാശ ശാസ്ത്രത്തെ വന്‍തോതിൽ ജനകീയ വിഷയമാക്കി മാറ്റിയെന്നും രാജ്യത്തെ പൗരന്മാർക്കിടയിൽ അഭൂതപൂർവമായ അവബോധവും പങ്കാളിത്തവും സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശം, ആണവോര്‍ജം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ന്ന ശേഷി രാജ്യത്തിൻ്റെ ആഗോള പദവി ശക്തിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഈ നേട്ടങ്ങൾ നൽകിയ ആത്മവിശ്വാസം തദ്ദേശീയ സാങ്കേതികവിദ്യകളുടെ വിശ്വാസ്യത വർധിപ്പിക്കുകയും വിശ്വസ്ത സാങ്കേതിക പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രപരവും സാമ്പത്തികവുമായ ഫലങ്ങളെ സ്വാധീനിക്കുന്ന വളർന്നുവരുന്ന അത്യാധുനിക സാങ്കേതിക മേഖലകളിൽ മികച്ച വിജയം കൈവരിക്കുന്നതിലെ ഇന്ത്യയുടെ ശേഷിയാണ് സമീപകാല സാങ്കേതിക നേട്ടങ്ങൾ തെളിയിക്കുന്നതെന്ന് ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ സാങ്കേതികവിദ്യകൾക്കും ഉല്പന്നങ്ങൾക്കും ലഭിക്കുന്ന വർധിച്ചുവരുന്ന അംഗീകാരം രാജ്യത്തിൻ്റെ ശാസ്ത്ര-സാങ്കേതിക ശേഷിയുടെ കരുത്താണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും വർഷങ്ങൾക്കു മുൻപ് വിരലിലെണ്ണാവുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ ഇന്ന് സജീവവും അതിവേഗം വികസിക്കുന്നതുമായ ഒരു സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമൊരുക്കി നാനൂറിലേറെ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നതായി ഈ മേഖലയിലെ പരിഷ്കാരങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പരാമർശിച്ച മന്ത്രി പറഞ്ഞു. താരതമ്യേന കുറഞ്ഞ കാലയളവിൽ കൈവരിച്ച ഈ വളർച്ച ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലിയ സാധ്യതകളാണ് കാണിക്കുന്നത്.
ചന്ദ്രയാൻ-3 പോലുള്ള ദൗത്യങ്ങളിലെ ഇന്ത്യയുടെ നേട്ടങ്ങളും വരാനിരിക്കുന്ന ഗഗൻയാൻ സംരംഭവും ലോകത്തെ മുൻനിര ബഹിരാകാശ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെ പ്രതിഷ്ഠിച്ചതായി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. സങ്കീർണ ദൗത്യങ്ങൾ കാര്യക്ഷമതയോടെ നൂതനാശയങ്ങളിലൂന്നി കുറഞ്ഞ ചെലവില്‍ നടപ്പാക്കുന്നതിലെ ശേഷി രാജ്യം നിരന്തരം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണനിർവഹണത്തിനും രാഷ്ട്രവികസനത്തിനും ബഹിരാകാശ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുവെന്നത് ഇന്ത്യയുടെ സവിശേഷ കരുത്തുകളിലൊന്നാണെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസന ആസൂത്രണം, പദ്ധതി മേൽനോട്ടം, പൊതുജന സേവന വിതരണം എന്നിവയിൽ ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങള്‍ മറ്റെങ്ങും കാണാത്ത വിധം വിപുലമായി സമന്വയിപ്പിക്കുന്നതിൽ രാജ്യം വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും നിരീക്ഷണവും മെച്ചപ്പെടുത്തുന്നതിനൊപ്പം ബഹിരാകാശ സാങ്കേതികവിദ്യ അവയുടെ സുതാര്യതയും കാര്യക്ഷമതയും എങ്ങനെ വർധിപ്പിക്കുന്നുവെന്നതിൻ്റെ തെളിവാണ് പി.എം. ഗതിശക്തിയും നഗരവികസന പരിപാടികളും ഡ്രോൺ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളുമടക്കമുള്ള സംരംഭങ്ങളെന്ന് ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ഓരോ സുപ്രധാന ബഹിരാകാശ സംരംഭവും നിരന്തര പഠനത്തിലൂടെയും പുരോഗതിയിലൂടെയുമാണ് വികസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യങ്ങൾക്കിടെ നേരിടുന്ന വെല്ലുവിളികൾ കൂടുതൽ ശക്തമായ സംവിധാനങ്ങൾ രൂപീകരിക്കാനും തയ്യാറെടുപ്പുകള്‍ വിപുലീകരിക്കാനും കൂടുതൽ കരുത്തുറ്റ ഭാവി ദൗത്യങ്ങൾക്കും വഴിയൊരുക്കുന്നു.
ബഹിരാകാശ ദൗത്യങ്ങളിലെ താൽക്കാലിക തിരിച്ചടികളെ ശാസ്ത്ര പുരോഗതിയുടെയും സാങ്കേതിക വികാസത്തിൻ്റെയും വലിയ പശ്ചാത്തലത്തിൽ വീക്ഷിക്കണമെന്ന് ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ആദ്യ ശ്രമത്തിൽ തന്നെ വിജയം കണ്ട ചന്ദ്രയാനും മംഗള്‍യാനും രാജ്യത്തിൻ്റെ ശാസ്ത്ര-സാങ്കേതിക ശേഷിയുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ച അദ്ദേഹം ലോകത്തെ മുൻനിര ബഹിരാകാശ ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തത്തില്‍ ഇന്ത്യയുടെ റെക്കോർഡ് വളരെ മികച്ചതാണെന്നും വ്യക്തമാക്കി.
അടുത്തിടെ നടന്ന പി.എസ്.എൽ.വി. ദൗത്യത്തിലെ തകരാര്‍ സംബന്ധിച്ച് വിശകലനം പൂർത്തിയായതായും അടിസ്ഥാന കാരണങ്ങൾ കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. തിരുത്തൽ നടപടികൾ ഇതിനകം ആരംഭിച്ചുവെന്നും ഭാവി ദൗത്യങ്ങൾക്ക് ഈ പഠനങ്ങൾ ഗുണം ചെയ്യുമെന്നും ഇത് ഇന്ത്യയുടെ ബഹിരാകാശ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുടെ ശാസ്ത്രീയ നേട്ടങ്ങൾ സാമ്പത്തിക വളർച്ചയ്ക്കും സാങ്കേതിക സ്വയംപര്യാപ്തതയ്ക്കും ആഗോള മത്സരശേഷിക്കും കൂടുതൽ സംഭാവന നൽകുന്നതായി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വർധിച്ചുവരുന്ന പങ്കാളിത്തം '2047-ലെ വികസിത ഇന്ത്യ' എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാന്‍ സഹായിക്കുന്ന കരുത്തുറ്റ നൂതനാശയ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“2047-ലെ വികസിത ഇന്ത്യ"യ്ക്ക് നൂതനാശയങ്ങളിലും സംരംഭകത്വത്തിലുമൂന്നിയ വളർച്ച” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'റൈസ് കോൺക്ലേവ് 2026' പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി. നൂതനാശയ ആവാസവ്യവസ്ഥയിലെ സഹകരണം ശക്തിപ്പെടുത്താനും ശാസ്ത്രീയ ഗവേഷണങ്ങളെ സാമൂഹ്യ-സാമ്പത്തിക ഫലങ്ങളിലേക്ക് അതിവേഗം എത്തിക്കാനും ലക്ഷ്യമിട്ട് ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവരെ കോൺക്ലേവ് ഒരുമിച്ചുകൊണ്ടുവന്നു. 125-ലേറെ സ്റ്റാർട്ടപ്പുകളും സാങ്കേതികരംഗത്തെ നൂതനാശയക്കാരും പങ്കെടുത്ത ചടങ്ങിൽ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യകൾ, നിര്‍മിതബുദ്ധി, അത്യാധുനിക സാങ്കേതികവിദ്യ, കാര്‍ഷിക-ഭക്ഷ്യ രംഗത്തെ നൂതനാശയങ്ങള്‍ എന്നിവയിലെ പുതിയ കണ്ടെത്തലുകള്‍ പ്രദർശിപ്പിച്ചു. ഗവേഷണ-വ്യാവസായിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും നൂതനാശയാധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.




***
(रिलीज़ आईडी: 2272788)
आगंतुक पटल : 19