ശാസ്ത്ര സാങ്കേതിക മന്ത്രാലയം
प्रविष्टि तिथि:
13 JUN 2026 8:08PM by PIB Thiruvananthpuram
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 24–25 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് പ്രസ്ഥാനം തൊഴിൽ രംഗത്ത് വലിയൊരു ചാലകശക്തിയായി മാറിയെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, പേഴ്‌സണൽ, പൊതുപരാതി പരിഹാരവും പെൻഷനും എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. "വികസിത ഇന്ത്യ 2047-നായി നൂതനാശയം, സംരംഭകത്വം എന്നിവയിൽ അധിഷ്ഠിതമായ വളർച്ച" എന്ന പ്രമേയത്തിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച റൈസ് കോൺക്ലേവ് 2026-നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് വർഷം മുമ്പ് കേവലം 350-400 സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗം ഇന്ന് ഏകദേശം 2.3 ലക്ഷം സംരംഭങ്ങളായി വികസിച്ചുവെന്നും, ഇത് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറ്റിയതായും ഒരു സമ്പൂർണ്ണ നൂതനാശയ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിൻ്റെ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ നൂതനാശയ രംഗം രൂപപ്പെടുത്തുന്നതിൽ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ്റെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ ഡോ. ജിതേന്ദ്ര സിംഗ്, രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലയിൽ ദൃശ്യമാകുന്ന ബൃഹത്തായ മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ നയപരമായ മാർഗ്ഗനിർദ്ദേശങ്ങളാണെന്ന് പറഞ്ഞു. 2015-ൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത "സ്റ്റാർട്ടപ്പ് ഇന്ത്യ" ഊർജ്ജസ്വലമായ ഒരു സംരംഭകത്വ സംസ്‌കാരത്തിന് അടിത്തറയിട്ടപ്പോൾ, തുടർന്നുവന്ന പരിഷ്‌കാരങ്ങൾ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ വഴികൾ തുറക്കുകയും യുവാക്കളെ നൂതനാശയത്തിൽ അധിഷ്ഠിതമായ തൊഴിലുകൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ സംരംഭങ്ങൾ ഇന്ത്യയെ ജനസംഖ്യാപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും ആഗോള നൂതനാശയ ഹബ്ബായി വളരാനും സഹായിക്കുന്ന ഒരു പിന്തുണാ സംവിധാനം കെട്ടിപ്പടുക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണം, വ്യവസായം, സ്റ്റാർട്ടപ്പുകൾ, സംരംഭകത്വം എന്നീ നാല് സ്തംഭങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൂട്ടിയിണക്കുകയെന്ന ലക്ഷ്യത്തോടെയാണ് റൈസ് കോൺക്ലേവ് വിഭാവനം ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി. ശാസ്ത്രജ്ഞർ, വ്യവസായങ്ങൾ, നിക്ഷേപകർ, അക്കാദമിക വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവർക്കിടയിൽ സഹകരണം വളർത്തിയെടുക്കുന്നതിലൂടെ സ്വയംപര്യാപ്തവും നൂതനാശയാധിഷ്ഠിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഗവണ്മെൻ്റിൻ്റെ പ്രതിജ്ഞാബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യയുടെ എയ്‌റോസ്‌പേസ് നവീകരണ രംഗത്തെ വളർച്ചയെക്കുറിച്ച് സംസാരിക്കവേ, CSIR-NAL പങ്കാളികളുമായി ചേർന്ന് സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ പൊതു- സ്വകാര്യ എയ്‌റോസ്‌പേസ് ഇൻകുബേഷൻ സെൻ്ററായ 'mach33.aero' വിജയകരമായി അഞ്ച് വർഷം പൂർത്തിയാക്കിയതായും 34 സ്റ്റാർട്ടപ്പുകളെ വളർത്തുകയും ചെയ്തതായും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. റൈസ് കോൺക്ലേവ് 2026-ൽ 125-ലധികം സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നുണ്ടെന്നും അതിൽ ഭൂരിഭാഗവും എയ്‌റോസ്‌പേസ് മേഖലയിൽ നിന്നുള്ളവയാണെന്നും, ഇത് ആധുനിക സാങ്കേതിക മേഖലകളിൽ യുവാക്കൾക്കുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവികാര്യങ്ങളിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച മന്ത്രി, സ്റ്റാർട്ടപ്പുകളും ശാസ്ത്ര സ്ഥാപനങ്ങളും തമ്മിലുള്ള ഇത്തരം സഹകരണങ്ങൾ സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കുക മാത്രമല്ല, വരും വർഷങ്ങളിൽ നിരവധി പുതിയ യൂണികോണുകളുടെ ഉദയത്തിന് കാരണമാകുമെന്നും പറഞ്ഞു.
രാജ്യത്തെ സംരംഭകത്വത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് സൂചിപ്പിച്ച ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ 50 ശതമാനത്തിലധികം ഇപ്പോൾ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിൽ നിന്നാണ് ഉയർന്നുവരുന്നതെന്നും, നൂതനാശയങ്ങൾ ഇനി മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇത് തെളിയിക്കുന്നതായും പറഞ്ഞു. പ്രദേശമോ, ഔപചാരിക വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ, പ്രതിജ്ഞാബദ്ധതയും അഭിനിവേശവും സാങ്കേതിക അഭിരുചിയുമുള്ള ഏതൊരാൾക്കും ഇന്ന് സംരംഭകത്വം പ്രാപ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി .
മുമ്പ് വേണ്ടത്ര പ്രാധാന്യം നൽകപ്പെടാതിരുന്ന മേഖലകളിലേക്ക് ഇന്ത്യ ബോധപൂർവം കടന്നുചെന്നതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നു നൽകിയതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, നയപരമായ പരിഷ്കാരങ്ങളിലൂടെയും വ്യവസായ പങ്കാളിത്തത്തിലൂടെയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായെന്ന് പറഞ്ഞു. ജൈവ സാങ്കേതിക വിദ്യ, ആഴക്കടൽ പര്യവേക്ഷണം, ആണവോർജ്ജം തുടങ്ങിയ മേഖലകളിലും സ്വകാര്യ പങ്കാളികളുമായുള്ള സഹകരണം വർദ്ധിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നൂതനാശയങ്ങളുടെ രംഗത്ത് ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഗണ്യമായി മെച്ചപ്പെട്ടതായി മന്ത്രി പ്രസ്താവിച്ചു. ആഗോള നൂതനാശയ സൂചികയിൽ രാജ്യത്തിൻ്റെ സ്ഥാനം ഗണ്യമായി ഉയർന്നു. ഇന്ത്യയിൽ നിന്നുള്ള പേറ്റൻ്റ് ഫയലിംഗുകളിൽ സ്ഥിരതയാർന്ന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ പരാമർശിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ ഇന്ത്യൻ ഗവേഷണ പ്രബന്ധങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ശാസ്ത്ര മേഖലയുടെ ഉയർന്ന നിലവാരത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യകളിലെ ദേശീയ മിഷനുകൾക്ക് കീഴിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും ഡോ. ജിതേന്ദ്ര സിംഗ് പരാമർശിച്ചു. എട്ടുവർഷത്തെ കർമ്മ പദ്ധതിയുമായി ആരംഭിച്ച നാഷണൽ ക്വാണ്ടം മിഷൻ ഇതിനകം തന്നെ നിശ്ചിത സമയത്തിന് മുമ്പായി പല നാഴികക്കല്ലുകളും കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. സമാനമായി, ഇന്ത്യ എ.ഐ മിഷൻ കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യം, ഡാറ്റാ ആവാസവ്യവസ്ഥ, നൂതനാശയങ്ങൾ, ഭാവി നൈപുണ്യങ്ങൾ എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
റൈസ് കോൺക്ലേവിൻ്റെ ഭാവിയെക്കുറിച്ച് സംസാരിച്ച മന്ത്രി, ഇതിൻ്റെ വിജയം വിലയിരുത്തേണ്ടത് ലബോറട്ടറികളിൽ നിന്ന് ലൈസൻസ് നേടിയ സാങ്കേതികവിദ്യകൾ, ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പുകൾ, നേടിയെടുത്ത നിക്ഷേപങ്ങൾ, സ്ഥാപിച്ച വ്യവസായ സഹകരണങ്ങൾ, വാണിജ്യവൽക്കരിച്ച ഉൽപ്പന്നങ്ങൾ, സൃഷ്ടിക്കപ്പെട്ട തൊഴിലുകൾ തുടങ്ങിയ ഫലങ്ങളിലൂടെയായിരിക്കണമെന്ന് പറഞ്ഞു. റൈസിൻ്റെ ബംഗളൂരു പതിപ്പ് ദീർഘകാല സാമ്പത്തിക-സാമൂഹിക സ്വാധീനം ചെലുത്താൻ ശേഷിയുള്ള അർത്ഥവത്തായ പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
റൈസ് കോൺക്ലേവ് 2026-ൽ നൂതന എയ്‌റോസ്‌പേസ് സാങ്കേതികവിദ്യകൾ, സാമൂഹിക മാറ്റത്തിനായുള്ള നിർമ്മിത ബുദ്ധി, കാർഷിക-ഭക്ഷ്യ നൂതനാശയങ്ങൾ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും അതോടൊപ്പം പ്രദർശനങ്ങൾ, വ്യവസായ സംവാദം എന്നിവയും നടന്നു. സ്റ്റാർട്ടപ്പുകൾ, എം.എസ്.എം.ഇകൾ, നിക്ഷേപകർ, ശാസ്ത്രജ്ഞർ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സാങ്കേതികവിദ്യാ വിനിമയ കരാറുകളുടെ കൈമാറ്റവും ഉപജ്ഞാതാക്കളും വ്യവസായ പ്രമുഖരും തമ്മിലുള്ള ആശയവിനിമയവും പരിപാടിയുടെ ഭാഗമായി നടന്നു.
വികസിത ഇന്ത്യ 2047 ലേക്കുള്ള വഴി രാജ്യത്തെ ലബോറട്ടറികളിലൂടെയും വ്യവസായങ്ങളിലൂടെയും സ്റ്റാർട്ടപ്പ് സംവിധാനങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്; അതിലുപരിയായി ഇന്ത്യയിലെ യുവാക്കളുടെ ആഗ്രഹങ്ങളിലൂടെയും കഴിവുകളിലൂടെയുമാണ് അത് മുന്നേറുന്നതെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയാൽ നയിക്കപ്പെടുന്ന, സ്വയംപര്യാപ്തവും സമൃദ്ധവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ ഒരു ഇന്ത്യയെ വാർത്തെടുക്കുന്നതിനായി എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
***