19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള 2026 ജൂൺ 15 മുതൽ 21 വരെ നടക്കും
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരും സിനിമാ പ്രേമികളും കാത്തിരിക്കുന്ന 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (MIFF) കൗണ്ട്ഡൗൺ ആരംഭിച്ചു. ഡോക്യുമെന്ററി, ഹ്രസ്വചിത്രം, ആനിമേഷൻ സിനിമകളുടെ ഒരാഴ്ച നീളുന്ന ഈ ആഗോള സിനിമാ വിരുന്നിന് ജൂൺ 15 മുതൽ 21 വരെ മുംബൈ നഗരം വേദിയാകും. ഫീച്ചർ ഇതര ചലച്ചിത്രങ്ങൾക്കായുള്ള ഈ ദ്വിവത്സര ചലച്ചിത്രമേള സർഗ്ഗാത്മകത, സംസ്കാരം, നവീകരണം, ആഗോള സിനിമാറ്റിക് മികവ് എന്നിവയുടെ ഊർജ്ജസ്വലമായ സംഗമം വാഗ്ദാനം ചെയ്യുന്നു.
ഇന്ന് നടന്ന കർട്ടൻ റൈസർ വാർത്താ സമ്മേളനത്തിൽ എൻ.എഫ്.ഡി.സി (NFDC) മാനേജിംഗ് ഡയറക്ടർ പ്രകാശ് മഗ്ദും മേളയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. ഇത്തവണ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 1,459 ചിത്രങ്ങളാണ് മേളയിലേക്ക് അപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.13 രാജ്യങ്ങളിൽ നിന്നുള്ള 144 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇതിൽ 52 അന്താരാഷ്ട്ര ചിത്രങ്ങളും 92 ഇന്ത്യൻ ചിത്രങ്ങളും ഉൾപ്പെടുന്നു.

മത്സരേതര വിഭാഗത്തിൽ 106 അന്താരാഷ്ട്ര ടൈറ്റിലുകളും പങ്കെടുക്കുന്ന 46 രാജ്യങ്ങളിൽ നിന്നുള്ള 96 ദേശീയ സിനിമകളും ഉൾപ്പെടെ ആകെ 202 സിനിമകൾ പ്രദർശിപ്പിക്കും. 83 മണിക്കൂറിലധികം പ്രദർശനങ്ങൾ ഒരുമിച്ച് അവതരിപ്പിക്കും. മൊസൈക്, ബെസ്റ്റ് ഓഫ് ഫെസ്റ്റ്, ബുസാൻ നെക്സ്റ്റ് വേവ്, ഓസ്കാർ വിന്നേഴ്സ്, റൈമുണ്ട് ക്രമ്മെ റിട്രോസ്പെക്റ്റീവ്, എൻഎഫ്ഡിസി ഷോകേസ്, എക്കോസ് ഫ്രം നോർത്ത് ഈസ്റ്റ്, മറാത്തി ഫിലിംസ് എന്നിവയുൾപ്പെടെ 24 ക്യൂറേറ്റഡ് സെഗ്‌മെന്റുകളിലായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രാദേശിക കഥകൾ മുതൽ ആഗോളതലത്തിൽ ശ്രദ്ധ നേടിയ മികച്ച സൃഷ്ടികൾ വരെ ഒരേ വേദിയിൽ അണിനിരത്തുന്ന വിപുലമായ കാഴ്ചാനുഭവമായിരിക്കും ഈ വർഷത്തെ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള സമ്മാനിക്കുക. പ്രശസ്ത ചലച്ചിത്രകാരൻ സർ ഡേവിഡ് ആറ്റൻബറോയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ട് പ്രശസ്ത ചിത്രങ്ങൾ മേളയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും.
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, ബ്രോഡ്കാസ്റ്റർമാർ, വിദ്യാർത്ഥികൾ, നിരൂപകർ, പ്രേക്ഷകർ എന്നിവരെ ഒന്നിച്ചിരുത്തുന്ന, ഫീച്ചറിതര സിനിമകൾക്കായുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന വേദികളിലൊന്നായി മാറിയിരിക്കുകയാണ് MIFFഎന്ന് ചടങ്ങിൽ സംസാരിച്ച മഹാരാഷ്ട്ര ഫിലിം, സ്റ്റേജ് ആൻഡ് കൾച്ചറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീമതി. സ്വാതി മഹസെ പാട്ടീൽ പറഞ്ഞു. ഫെസ്റ്റിവലിലെ 'മറാത്തി സിനിമ' വിഭാഗത്തെക്കുറിച്ച് എടുത്തുപറഞ്ഞ അവർ, ഈ സംരംഭം മറാത്തി കഥപറച്ചിലിനും സംസ്കാരത്തിനും പൈതൃകത്തിനും സിനിമാറ്റിക് മികവിനും ഒരു അന്താരാഷ്ട്ര വേദി ഒരുക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രീകരണ കേന്ദ്രം എന്നതിലുപരിയായി, അർത്ഥവത്തായതും സ്വാധീനം ചെലുത്തുന്നതുമായ കഥപറച്ചിലിന്റെ ഒരു ആഗോള കേന്ദ്രമായി മഹാരാഷ്ട്ര മാറാൻ ഒരുങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ ചിത്രങ്ങൾക്കായുള്ള ഈ പ്രശസ്തമായ ചലച്ചിത്രമേള, മൂന്ന് വിഭാഗങ്ങളിലുമുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. കോർഡെൽ ബാർക്കർ (കാനഡ) സംവിധാനം ചെയ്ത 'ഗുഡ് ലക്ക് ടു യു ഓൾ' എന്ന ആനിമേഷൻ ചിത്രവും, അർവിൻ ബെലാർമിനോ, കൈല ഡാനിയേൽ റൊമേറോ (ഫിലിപ്പീൻസ്) എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'അഗപിറ്റോ' എന്ന ഹ്രസ്വചിത്രവും, സാറാ ഡോസ (യുണൈറ്റഡ് സ്റ്റേറ്റ്സ് & ഐസ്‌ലാൻഡ്) സംവിധാനം ചെയ്ത 'ടൈം ആൻഡ് വാട്ടർ' എന്ന ഡോക്യുമെന്ററിയുമാണ് ഉദ്ഘാടന ചിത്രങ്ങളായി പ്രദർശിപ്പിക്കുക.
ജൂൺ 18-ന് നടക്കുന്ന മിഡ്-ഫെസ്റ്റ് ലൈനപ്പിൽ ആൻഡ്രിയ സെലെസോവ (ചെക്ക് റിപ്പബ്ലിക് & സ്ലൊവാക്യ) സംവിധാനം ചെയ്ത 'ഈനി, മീനി, മിനി, മോയ്!' എന്ന ആനിമേഷൻ ചിത്രവും, ആൽട്ടേ ഉലാൻ യാങ് (യുണൈറ്റഡ് സ്റ്റേറ്റ്സ്) സംവിധാനം ചെയ്ത 'ഹൈന' എന്ന ഹ്രസ്വചിത്രവും, മോറിസ് ഫ്രീബർഗൗസ് (സ്വിറ്റ്‌സർലൻഡ്) സംവിധാനം ചെയ്ത 'ഐ ലവ് യു, ഐ ലീവ് യു' എന്ന ഡോക്യുമെന്ററിയും ഉൾപ്പെടുന്നു. വ്യത്യസ്തമായ കഥപറച്ചിൽ ശൈലികളും അന്താരാഷ്ട്ര കാഴ്ചപ്പാടുകളും സമ്മാനിക്കുന്നവയാണ് ഈ ചിത്രങ്ങൾ.
രാജ്യാന്തര , ദേശീയ മത്സര വിഭാഗങ്ങളിലായി ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ മൊത്തം 45 ലക്ഷം രൂപയുടെ 18 പുരസ്കാരങ്ങളാണ് ഈ ചലച്ചിത്രമേളയിൽ വിതരണം ചെയ്യുന്നത്. ഇതിഹാസ ചലച്ചിത്രകാരൻ വി. ശാന്താറാമിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, ഉദ്ഘാടന ചടങ്ങിൽ നൽകുന്ന പ്രശസ്തമായ 'വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്' സമർപ്പണമായിരിക്കും ഈ ചടങ്ങിലെ പ്രധാന ആകർഷണം.
19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചലച്ചിത്ര നിർമ്മാണം, കഥപറച്ചിൽ, അഭിനയം, തിരക്കഥാരചന, ഛായാഗ്രഹണം എന്നിവ ഉൾപ്പെടുത്തി പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ നയിക്കുന്ന 10 മാസ്റ്റർക്ലാസുകൾ ഉണ്ടായിരിക്കും. ഇതോടൊപ്പം ഇന്ത്യൻ ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മേളയോടനുബന്ധിച്ച് അഞ്ച് ഓപ്പൺ ഫോറം ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
പ്രധാന വേദിയായ എൻ.എഫ്.ഡി.സി (NFDC) സമുച്ചയത്തിന് പുറമെ, ദാദറിലെ രവീന്ദ്ര നാട്യ മന്ദിർ, വിൽ പാർലെയിലെ എസ്.വി.കെ.എം ഉഷാ പ്രവീൺ ഗാന്ധി കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സ്, ബാന്ദ്ര വെസ്റ്റിലെ സെന്റ് പോൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ എഡ്യൂക്കേഷൻ എന്നീ രണ്ട് കോളേജുകളിലും ചിത്രങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും.
പ്രാദേശിക സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ഉയർത്തിക്കാട്ടുന്നതിനുമായി ഈ വർഷം 'മറാത്തി സിനിമ', 'എക്കോസ് ഫ്രം നോർത്ത് ഈസ്റ്റ്' എന്നിങ്ങനെ പുതുതായി ക്യൂറേറ്റ് ചെയ്ത രണ്ട് വിഭാഗങ്ങൾ കൂടി മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോക്യുമെന്ററി മേഖലയിലെ പ്രതിഭകൾക്കും വിപണി സാധ്യതകൾക്കും വലിയ മുൻഗണന നൽകുന്ന 'വേവ്സ് ഡോക് ബസാർ' (Waves Doc Bazar) വിഭാഗവും ഇത്തവണത്തെ പ്രധാന ആകർഷണമാണ്. ഈ വിഭാഗത്തിൽ ആകെ 155 എൻട്രികളാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ 'വർക്ക് ഇൻ പ്രോഗ്രസ്' ലാബിലെ 5 പ്രോജക്ടുകളും, 'ഫിലിം ബസാർ റെക്കമൻഡ്സ്' വിഭാഗത്തിലെ 12 ചിത്രങ്ങളും ഇതിലുണ്ടാകും. ഇൻഡസ്ട്രി പ്രൊഫഷണലുകൾക്ക് കാണുന്നതിനും വിലയിരുത്തുന്നതിനുമായി വ്യൂവിംഗ് റൂമിൽ ഈ 155 ചിത്രങ്ങളും ലഭ്യമാക്കും. ഒപ്പം മുൻനിര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, സീ, സോണി, സ്റ്റേജ് ഒ.ടി.ടി, വേവ്സ് ഒ.ടി.ടി എന്നിവയിലെ പ്രതിനിധികളുമായി ചർച്ചകൾ നടത്താനുള്ള വിപുലമായ ബിസിനസ്സ് നെറ്റ്‌വർക്കിംഗ് അവസരങ്ങളും ഇതിലൂടെ ഒരുക്കുന്നുണ്ട്.
ചരിത്രത്തിലാദ്യമായി,നിർമ്മിത ബുദ്ധി അധിഷ്ഠിത കഥപറച്ചിൽ പരീക്ഷിക്കുന്നതിനായി "മുംബൈ ത്രൂ എ തൗസൻഡ് ഐസ്" എന്ന പേരിൽ 48 മണിക്കൂർ നീളുന്ന ഒരു ആഗോള 'എ ഐ സിനിമ ഹാക്കത്തോൺ' മേളയിൽ സംഘടിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ, പ്രമുഖ ചലച്ചിത്ര പ്രവർത്തകരും സിനിമാ രംഗത്തെ വിദഗ്ധരും പങ്കെടുക്കുന്ന പാനൽ ചർച്ചകളും മാസ്റ്റർക്ലാസുകളും ചലച്ചിത്രമേളയുടെ ഭാഗമായി നടക്കും.
മിഫ് 2026 (MIFF 2026) ചലച്ചിത്രമേളയിൽ വിദ്യാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്.
മേളയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്തകൾ, ചിത്രങ്ങൾ, മൾട്ടിമീഡിയ ഉള്ളടക്കങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രത്യേക മീഡിയ മൈക്രോസൈറ്റ് ഒരുക്കിയിട്ടുണ്ട്. https://www.pib.gov.in/MIFF/2026 എന്ന ലിങ്ക് വഴി മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ ഡിജിറ്റൽ വിവരശേഖരം പ്രയോജനപ്പെടുത്താം.
വാർത്താ സമ്മേളനത്തിന്റെ സമ്പൂർണ്ണ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

****
रिलीज़ आईडी:
2272373
| Visitor Counter:
8