ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

സമഗ്രവും പ്രതിരോധശേഷിയുള്ളതുമായ നഗര ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനത്തോടെ 13-ാമത് ബ്രിക്സ് അർബനൈസേഷൻ ഫോറം സമാപിച്ചു

प्रविष्टि तिथि: 12 JUN 2026 7:56PM by PIB Thiruvananthpuram

സമഗ്രവും (inclusive) പ്രതിരോധശേഷിയുള്ളതും ജനകേന്ദ്രീകൃതവുമായ നഗരവികസനത്തെക്കുറിച്ചുള്ള മന്ത്രിതല പ്രഖ്യാപനത്തോടെ 13-ാമത് ബ്രിക്സ് (BRICS) അർബനൈസേഷൻ ഫോറം ഇന്ന് ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ സമാപിച്ചു.

 

2026-ൽ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ ഭവന, നഗരകാര്യ മന്ത്രാലയം ആതിഥേയത്വം വഹിച്ച രണ്ടുദിവസത്തെ ഫോറത്തിൽ, ‘ജനങ്ങൾക്ക് വേണ്ടിയുള്ള നഗരങ്ങൾ: സമഗ്രവും പ്രതിരോധശേഷിയുള്ളതുമായ നഗര ഭാവിക്കായുള്ള ബ്രിക്സ് സഹകരണം’ എന്ന പ്രമേയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും മുതിർന്ന ഗവൺമെൻ്റ് ഉദ്യോഗസ്ഥരും നഗരവികസന വിദഗ്ധരും ഒത്തുകൂടി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2013-ൽ ന്യൂഡൽഹി, 2016-ൽ വിശാഖപട്ടണം, 2021-ൽ വെർച്വൽ രീതി എന്നിവയ്ക്ക് ശേഷം നാലാം തവണയാണ് ഇന്ത്യ ഈ ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്.

 

ആഗോള വികസന ചർച്ചകളിലേക്ക് നഗരവികസന അജണ്ട കൂടുതൽ ശക്തമായി കൊണ്ടുവരാനുള്ള അവസരമാണ് ഈ ഫോറമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന നഗരവികസനം, കാലാവസ്ഥാ-ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ സ്ഥാപനങ്ങൾ, ഡിജിറ്റൽ നൂതനാശങ്ങൾ എന്നിവയാണ് ഇന്ത്യയുടെ നഗരവികസന സമീപനത്തിന്റെ പ്രധാന സ്തംഭമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

 

 

സമ്മേളനത്തിൽ, ഫോറത്തിന്റെ നാല് മുൻഗണനാ മേഖലകളിലായി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട നഗരവികസന മാതൃകകൾ അവതരിപ്പിക്കുന്ന ‘ഇന്ത്യയുടെ നഗര പരിവർത്തനം: മാറ്റത്തിന്റെ കഥകൾ’ എന്ന പ്രസിദ്ധീകരണം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ പ്രകാശനം ചെയ്തു.

 

ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല പ്ലീനറി സെഷൻ നടന്നു. ഇതിൽ പങ്കെടുത്ത രാജ്യങ്ങൾ തങ്ങളുടെ രാജ്യപ്രസ്താവനകളിലൂടെ (country statements) നഗര ഭാവിയെക്കുറിച്ചുള്ള ദേശീയ അനുഭവങ്ങളും മുൻഗണനകളും അഭിലാഷങ്ങളും പങ്കുവെച്ചു.

 

 

പ്രതിനിധികൾ പുതിയ പാർലമെന്റ് സമുച്ചയം, ഇന്ത്യ ഗേറ്റ് - കർത്തവ്യ പഥ് എന്നിവയുൾപ്പെടെ ന്യൂഡൽഹിയിലും പരിസരത്തുമുള്ള തിരഞ്ഞെടുത്ത നഗരവികസന പദ്ധതികളിലേക്ക് സന്ദർശനം നടത്തി. സാംസ്കാരിക പരിപാടികളോടെയും നെറ്റ്വർക്കിങ് ഡിന്നറോടെയുമാണ് അന്നത്തെ ദിവസം സമാപിച്ചത്.

 

ഇതോടനുബന്ധിച്ച് ഇന്ത്യ-റഷ്യ, ഇന്ത്യ-ഇറാൻ, ഇറാൻ-റഷ്യ, ഇറാൻ-ചൈന, റഷ്യ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നിവരുമായി ഉഭയകക്ഷി ചർച്ചകളും നടന്നു.

ഫോറത്തിന്റെ രണ്ടാം ദിനം: പാനൽ ചർച്ചകളും പ്രഖ്യാപനവും

ഫോറത്തിന്റെ രണ്ടാം ദിനത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ നഗരവികസനം, നഗര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, ജനകേന്ദ്രീകൃത നഗരങ്ങൾക്കായി നൂതന ആശയങ്ങൾ വ്യാപിപ്പിക്കൽ എന്നിവയെക്കുറിച്ച് രണ്ട് ഉന്നതതല പാനൽ ചർച്ചകൾ നടന്നു. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ. തോഖൻ സാഹു ഇരു സെഷനുകളുടെയും അധ്യക്ഷത വഹിച്ചു.

 

‘പ്രതിരോധശേഷിയുള്ളതും തുല്യനീതിയിലധിഷ്ഠിതവുമായ നഗരങ്ങൾക്കായി എല്ലാവരെയും ഉൾക്കൊള്ളുന്ന പാതകൾ നിർമ്മിക്കുക’  എന്ന വിഷയത്തിൽ നടന്ന ആദ്യ പാനൽ ചർച്ചയുടെ മോഡറേറ്റർ ഭവന, നഗരകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വിഭാഗം ജോയിന്റ് സെക്രട്ടറി രൂപ മിശ്ര ആയിരുന്നു. നഗരവളർച്ചയിലൂടെ ഭവനം, ഗതാഗതം, അടിസ്ഥാന സേവനങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, പൊതു ഇടങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടതും പിന്നാക്കം നിൽക്കുന്നതുമായ സമൂഹങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാം എന്ന് ബ്രിക്സ് അംഗരാജ്യങ്ങളിലെ പ്രതിനിധികൾ ചർച്ച ചെയ്തു; ഈ സെഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ. ശ്രീനിവാസ് കതികിതാല ഇങ്ങനെ പറഞ്ഞു: "നഗരവികസനത്തിന്റെ വിജയം നമ്മുടെ നഗരങ്ങൾ എത്രത്തോളം ഉപഭോഗം ചെയ്യുന്നു എന്നതിലല്ല, മറിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി അവ വിഭവങ്ങൾ എത്രത്തോളം കാര്യക്ഷമമായും തുല്യമായും ഉപയോഗിക്കുന്നു എന്നതിലാണ്." നഗരങ്ങളിലെ ജനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, അവശ്യ സേവനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് സാമൂഹികമായ ഉൾപ്പെടുത്തലിനെ കാലാവസ്ഥാ പ്രതിരോധവുമായും ദുരന്ത നിവാരണ സന്നദ്ധതയുമായും സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച വിലയിരുത്തി.

 

‘ജനകേന്ദ്രീകൃത നഗരങ്ങൾക്കായി സ്ഥാപനങ്ങളെ ശക്തിപ്പെടുത്തലും നൂതന ആശയങ്ങൾ വ്യാപിപ്പിക്കലും’ എന്ന വിഷയത്തിൽ നടന്ന രണ്ടാമത്തെ പാനൽ ചർച്ച നിയന്ത്രിച്ചത് നാഷണൽ കാപ്പിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ശ്രീ. ശലഭ് ഗോയൽ ആയിരുന്നു. സെഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച ഭവന, നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീമതി ഡി. താര ഇങ്ങനെ അഭിപ്രായപ്പെട്ടു : "നഗര ഭരണത്തിന്റെ ഭാവി ഒറ്റപ്പെട്ട നൂതനാശയങ്ങളിലല്ല, മറിച്ച് അവയെ ബൃഹത്തായ രീതിയിൽ വ്യാപിപ്പിക്കാൻ കഴിയുന്ന സ്ഥാപനങ്ങളിലാണ്. " നഗര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, മുനിസിപ്പൽ ശേഷി വികസനം , വിവിധ തലങ്ങളിലുള്ള ഗവൺമെന്റുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തൽ, സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയും ഡാറ്റയും ഉപയോഗിക്കൽ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കുവെച്ചു. വിജയകരമായ പ്രാദേശിക നൂതനാശയങ്ങളെ എങ്ങനെ വ്യത്യസ്ത നഗര സാഹചര്യങ്ങളിലേക്ക് മാറ്റിയെടുക്കാമെന്നും വ്യാപിപ്പിക്കാമെന്നും ഈ സെഷൻ പരിശോധിച്ചു.

 

 

സമാപന സമ്മേളനത്തിൽ ബ്രിക്സ് അംഗരാജ്യങ്ങൾ മന്ത്രിതല പ്രഖ്യാപനം അംഗീകരിച്ചു. അംഗരാജ്യങ്ങൾ പങ്കിടുന്ന പ്രധാന മുൻഗണനകളെ പ്രഖ്യാപനം എടുത്തുകാണിക്കുകയും ജനകേന്ദ്രീകൃത നഗരവികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. നഗര സേവനങ്ങളിൽ തുല്യമായ പ്രവേശനം ഉറപ്പാക്കുന്ന, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, ഉൾക്കൊള്ളുന്നതും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും ജീവിക്കാൻ അനുയോജ്യവുമായ നഗരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു.

ബ്രിക്സ് ഷെർപയും വിദേശകാര്യ മന്ത്രാലയത്തിലെ എക്സ്റ്റേണൽ റിലേഷൻസ് സെക്രട്ടറിയുമായ ശ്രീ സുധാകർ ദലേല, ഫോറം വിജയകരമായി പൂർത്തിയാക്കിയതിന് ഭവന, നഗരകാര്യ മന്ത്രാലയത്തെ അഭിനന്ദിച്ചു.

 ബ്രിക്സ് (BRICS) രാജ്യങ്ങളിൽ നിന്നുള്ള മികച്ച മാതൃകകളുടെ സമാഹാരം ' ജനങ്ങൾക്കായുള്ള നഗരങ്ങൾ : ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള നഗര കഥകൾ (Cities for People: Urban Stories from BRICS Nations) എന്ന പേരിൽ ഫോറത്തിൽ അവതരിപ്പിച്ചു.

ബ്രിക്സ് നഗരവൽക്കരണ ഫോറത്തിൽ നിന്നുള്ള പാഠങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും തുടർച്ചയായ സഹകരണത്തിനുമായി, നഗര ഗവേഷണം, അറിവ് പങ്കുവെക്കൽ, പരസ്പര പഠനം എന്നിവയ്ക്കായി ഒരു 'ബ്രിക്സ് നഗര ഗവേഷണ വിജ്ഞാന ശൃംഖല '  സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശത്തെ അംഗരാജ്യങ്ങൾ സ്വാഗതം ചെയ്തു.

ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ നഗരവികസന സഹകരണത്തിന് പ്രായോഗികവും സുസ്ഥിരവുമായ ഒരു സംവിധാനം ഒരുക്കുന്നതിനായി, അധ്യക്ഷചുമതലയുള്ള രാജ്യത്തിന്റെ നേതൃത്വത്തിലുള്ളതും സ്ഥാപനപരമായി ബന്ധിപ്പിക്കപ്പെട്ടതുമായ ഒരു പ്ലാറ്റ്‌ഫോമായിട്ടാണ് ഈ നെറ്റ്‌വർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 പ്രായോഗിക പരിഹാരങ്ങൾ, നഗരതലത്തിലുള്ള അനുഭവങ്ങൾ, പ്രവർത്തനപരമായ പാഠങ്ങൾ എന്നിവയുടെ കൈമാറ്റത്തിലൂടെ നയങ്ങളും അവയുടെ നടപ്പാക്കലും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ സഹായിക്കുന്നതോടൊപ്പം, വ്യവസ്ഥാപിതമായ അറിവ് പങ്കുവെക്കലിനെയും പരസ്പര പഠനത്തെയും ഇത് പിന്തുണയ്ക്കും. ചെലവ് കുറഞ്ഞതും ലളിതവുമായ ഒരു വെർച്വൽ മാതൃകയിൽ പ്രവർത്തിക്കുന്ന ഈ ശൃംഖലയുടെ  ഏകോപനം ഓരോ വർഷവും ബ്രിക്സ് അധ്യക്ഷ പദവിയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനമായിരിക്കും നിർവ്വഹിക്കുക. ഇതിന്റെ പ്രവർത്തനങ്ങളും ഫലങ്ങളും അടുത്ത അധ്യക്ഷ രാജ്യത്തിന് കൈമാറുകയും ചെയ്യും.

 കേന്ദ്ര നഗര ഭവന കാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ. ശ്രീനിവാസ് കതികിതാല ഫോറത്തിന്റെ രണ്ട് ദിവസത്തെ  സംഗ്രഹം അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ പ്രസ്താവനകൾ, പാനൽ ചർച്ചകൾ, ഉഭയകക്ഷി ഇടപെടലുകൾ, പ്രഖ്യാപനത്തിന്മേലുള്ള ചർച്ചകൾ എന്നിവയിൽ നിന്ന് ഉയർന്നുവന്ന പ്രധാന ആശയങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

13-ാമത് ബ്രിക്സ് നഗരവൽക്കരണ ഫോറത്തിന്റെ നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമാപന വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

സമാപന പ്രസംഗത്തിൽ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ. മനോഹർ ലാൽ, ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര പഠനത്തിനും പ്രായോഗിക സഹകരണത്തിനുമുള്ള ഒരു വേദിയെന്ന നിലയിൽ ഫോറത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ചർച്ചകൾ സുസ്ഥിരമായ സ്ഥാപനപരമായ ഇടപെടലുകളിലൂടെയും, നഗരങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങളിലൂടെയും, ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിന്  ശേഷവും തുടർച്ചയായ സഹകരണത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

രണ്ടുദിവസത്തെ ഫോറത്തിന്റെ ഫലങ്ങൾ, കൂടുതൽ ഉൾക്കൊള്ളൽ സ്വഭാവമുള്ളതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവും , മികച്ച ഭരണസംവിധാനമുള്ളതുമായ നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ബ്രിക്സ് രാജ്യങ്ങൾക്ക് ഒരു പൊതു കർമപദ്ധതി തയ്യാറാക്കാൻ സഹായിക്കും 

****


(रिलीज़ आईडी: 2272367) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati