|
തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ജനീവയിൽ നടന്ന 114-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിന്റെ പ്രധാന പ്ലീനറി സമ്മേളനത്തെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലജെ അഭിസംബോധന ചെയ്തു ; ഇന്ത്യയുടെ തൊഴിൽ പരിഷ്കാരങ്ങൾ, തൊഴിലാളികൾക്കുള്ള സാമൂഹിക ക്ഷേമ നടപടികൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിശദീകരിച്ചു
प्रविष्टि तिथि:
11 JUN 2026 1:34PM by PIB Thiruvananthpuram
കേന്ദ്ര തൊഴിൽ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക സഹമന്ത്രി ശ്രീമതി ശോഭ കരന്ദ്‌ലജെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന 114-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ (ILC) പങ്കെടുത്തു.
114-ാമത് അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, സമ്മേളനം വിളിച്ചുചേർത്ത അന്താരാഷ്ട്ര തൊഴിലാളി സംഘടനയെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങൾക്കിടയിൽ സാമൂഹിക നീതിയും മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ സംഘടനയുടെ സ്ഥിരതയാർന്ന നേതൃത്വത്തെ മന്ത്രി പ്രശംസിച്ചു.
"അന്ത്യോദയ" എന്ന ദർശനത്താൽ നയിക്കപ്പെടുന്ന വിപുലമായ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ത്യ ഏറ്റെടുത്തിട്ടുണ്ടെന്ന് ശ്രീമതി ശോഭ കരന്ദ്‌ലജെ എടുത്തുപറഞ്ഞു. 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ നാല് തൊഴിൽ കോഡുകളായി ഏകീകരിച്ചത് അനുവർത്തനം ലളിതമാക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ആധുനികവും സുതാര്യവുമായ തൊഴിൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമായിട്ടുണ്ട്.
യുവാക്കളുടെ തൊഴിലവസരങ്ങൾ 2014-ലെ 34%-ൽ നിന്ന് 2025-ൽ 56%-ലധികമായി വർദ്ധിച്ചുവെന്നും അവർ പറഞ്ഞു. 2017-നും 2025-നും മദ്ധ്യേ തൊഴിലില്ലായ്മ നിരക്ക് 6%-ൽ നിന്ന് 3.1% ആയി കുറഞ്ഞു, വനിതകളുടെ തൊഴിൽ പങ്കാളിത്തം 22%-ൽ നിന്ന് 38.8% ആയി ഉയർന്നു.
നാഷണൽ കരിയർ സർവീസ് പോർട്ടൽ, ഇ-ശ്രം പോർട്ടൽ എന്നിവയിലൂടെ തൊഴിൽ മേഖലയിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചും കേന്ദ്രമന്ത്രി വിശദീകരിച്ചു. നൈപുണ്യ വികസനത്തിലും തൊഴിൽ വർഗ്ഗീകരണത്തിലും രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. വ്യത്യസ്ത തൊഴിലുകളെ തരംതിരിക്കും വിധം ആഗോള നിലവാരത്തിലുള്ള ഒരു സംവിധാനം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് ഇന്ത്യ നടത്തിയ പഠനവും ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാമൂഹിക ക്ഷേമ പരിരക്ഷയുടെ ഗണ്യമായ വികാസം അവർ വിശദീകരിച്ചു, ഐഎൽഒയുടെ പ്രാഥമിക കണക്കുകൾ പ്രകാരം ഇത് ഏകദേശം 1001 മില്യണിലെത്തി . ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന വനിതാ തൊഴിൽ പങ്കാളിത്തവും തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന ആരംഭിച്ചതും വിശദീകരിച്ചു.
ജനീവയിൽ നടന്ന 114-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തോടനുബന്ധിച്ച്, ശ്രീമതി ശോഭ കരന്ദ്‌ലജെ, റുവാണ്ടയിലെ പൊതുസേവന, തൊഴിൽ മന്ത്രി അംബാസഡർ ക്രിസ്റ്റീൻ എൻകുലികിയിങ്കയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
തൊഴിൽ സേവനങ്ങൾ, നൈപുണ്യ വികസനം, തൊഴിൽ ശക്തി ആസൂത്രണം, ഡിജിറ്റൽ ഭരണനിർവ്വഹണം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലും ചർച്ച കേന്ദ്രീകരിച്ചു. ഡിജിറ്റൽ പൊതു ഉപാധികൾ എന്ന നിലയിൽ നാഷണൽ കരിയർ സർവീസ് പോർട്ടലിന്റെയും ഇ-ശ്രം പോർട്ടലിന്റെയും വിജയത്തെ ഇന്ത്യ ഉയർത്തിക്കാട്ടി. കൂടാതെ തൊഴിൽ സേവനങ്ങൾ, തൊഴിലാളി രജിസ്ട്രേഷൻ, തൊഴിൽ അനുപൂരകത്വം, നൈപുണ്യ വികസനം എന്നിവയ്ക്കായി സമാനമായ സംവിധാനങ്ങൾ വികസിപ്പിക്കാൻ റുവാണ്ടയെ സഹായിക്കുന്നതിന് സാങ്കേതിക സഹായവും പരിശീലനവും വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ റുവാണ്ട പ്രശംസിക്കുകയും നൈപുണ്യ പരിശീലനം വർദ്ധിപ്പിക്കുന്നതിനും ഔപചാരിക സംരക്ഷണമില്ലാത്ത അനൗപചാരിക തൊഴിലിൽ നിന്ന് കൂടുതൽ സുരക്ഷയും ആനുകൂല്യങ്ങളും നൽകുന്ന ഔപചാരിക ജോലികളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
ശ്രീലങ്കയിലെ തൊഴിൽ മന്ത്രി ശ്രീ. അനിൽ ജയന്ത ഫെർണാണ്ടോയുമായി അവർ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ തൊഴിൽ പരിഷ്കാരങ്ങളിൽ ശ്രീലങ്ക ശക്തമായ താൽപ്പര്യം പ്രകടിപ്പിക്കുകയും നാല് പുതിയ തൊഴിൽ കോഡുകളുടെ വിജയകരമായ നിർവ്വഹണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ഈ പരിവർത്തന യാത്ര സാധ്യമാക്കിയ പരിഷ്കരണ മാർഗരേഖ, നിർവ്വഹണ രീതികൾ, വിപുലമായ കൂടിയാലോചനകൾ എന്നിവ എടുത്തുകാണിച്ചുകൊണ്ട് ഇന്ത്യൻ പ്രതിനിധി സംഘം തങ്ങളുടെ അനുഭവം പങ്കുവെച്ചു.
ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ മേഖലയിലെ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു, ഇ-ശ്രം, നാഷണൽ കരിയർ സർവീസ് പോർട്ടൽ തുടങ്ങിയ സംരംഭങ്ങളിലൂടെ വൈദഗ്ധ്യം, തൊഴിൽ സേവനങ്ങൾ, തൊഴിൽ ശക്തി വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ഡയറക്ടർ ജനറൽ ശ്രീ. ഗിൽബർട്ട് എഫ്. ഹൗങ്‌ബോയുമായി കേന്ദ്രമന്ത്രി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. യോഗത്തിനിടെ, മാന്യമായ ജോലി, സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഐഎൽഒയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അവർ ആവർത്തിച്ചു. ഇന്ത്യയുടെ സാമൂഹിക ക്ഷേമ പരിരക്ഷയുടെ വികാസത്തെക്കുറിച്ച് അവർ ഡയറക്ടർ ജനറലിനെ അറിയിച്ചു, ഐഎൽഒയുടെ പ്രാഥമിക കണക്കുകൾ പ്രകാരം ഇത് മൊത്തം ജനസംഖ്യയുടെ 68.4% ആയി ഉയർന്നു, അതായത് 100.1 കോടി ഗുണഭോക്താക്കളിലേക്ക് എത്തി.
നാല് തൊഴിൽ കോഡുകൾ മുഖേന ഇന്ത്യയുടെ നാഴികക്കല്ലായ തൊഴിൽ പരിഷ്കാരങ്ങൾ, സാമൂഹിക സംരക്ഷണ പരിരക്ഷയുടെ വിപുലീകരണം, തൊഴിൽ മേഖലയിലെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനം, ഭാവി ലക്ഷ്യമാക്കിയുള്ള നൈപുണ്യ സംരംഭങ്ങൾ, അന്താരാഷ്ട്ര തൊഴിൽ മൊബിലിറ്റി എന്നിവയെക്കുറിച്ച് ചർച്ച നടന്നു.
തൊഴിലുകളെ തരംതിരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സംവിധാനം സൃഷ്ടിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നതിൽ സഹായം ഉൾപ്പെടെ, അന്താരാഷ്ട്ര തൊഴിൽ സംഘടന ഇന്ത്യയ്ക്ക് നൽകിയ സാങ്കേതിക പിന്തുണയ്ക്ക് സഹമന്ത്രി നന്ദി അറിയിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്നതും, പ്രതിരോധ ശേഷിയുള്ളതും, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജവുമായ തൊഴിൽ വിപണികൾ സൃഷ്ടിക്കുന്നതിനും, തൊഴിലാളികൾക്ക് മികച്ച അവസരങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനും, ഐഎൽഒയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും മന്ത്രി ആവർത്തിച്ചു.
SKY
*********
(रिलीज़ आईडी: 2271615)
|