PIB Backgrounder
azadi ka amrit mahotsav

ഭാരതത്തിൻ്റെ അന്നദാതാക്കളെ ശാക്തീകരിക്കുന്നു

प्रविष्टि तिथि: 05 JUN 2026 11:35AM by PIB Thiruvananthpuram

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ഇന്ത്യയുടെ കാർഷിക മേഖല സ്ഥിരതയാർന്ന വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉൽപ്പാദനക്ഷമത, വരുമാന പിന്തുണ, അപകടസാധ്യത കൈകാര്യം ചെയ്യൽ (risk management), വൈവിധ്യവൽക്കരണം എന്നിവയിലുടനീളം ഈ പുരോഗതി പ്രകടമാണ്. കാർഷിക-അനുബന്ധ മേഖലയുടെ ജി.വി.എ .(GVA) 2014-15 ലെ 20.9 ലക്ഷം കോടി രൂപയിൽ നിന്ന് 2023-24 ൽ 48.7 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. 2024-25 ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം 357.73 ദശലക്ഷം  ടണ്ണിലെത്തി; ഇതിനൊപ്പം തോട്ടവിള (horticulture) മേഖലയിലും കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ അനുബന്ധ മേഖലകളിലും വലിയ വിപുലീകരണമുണ്ടായി.

 

പ്രധാന സംരംഭങ്ങൾ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വായ്പാ ലഭ്യത വർദ്ധിപ്പിക്കുകയും ഇൻഷുറൻസ് പരിരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും മികച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെയും വിപണി സംയോജനം കൂടുതൽ മെച്ചപ്പെട്ടു. താങ്ങുവില (MSP) പിന്തുണ, സംഭരണ-വിതരണ സംവിധാനങ്ങൾ തുടങ്ങിയ നടപടികൾ വരുമാന സ്ഥിരതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും കരുത്തു പകർന്നു. അനുബന്ധ പ്രവർത്തനങ്ങളിലേക്കും ജൈവ ഊർജ്ജത്തിലേക്കുമുള്ള (bio-energy) വൈവിധ്യവൽക്കരണം കർഷകർക്ക് അധിക വരുമാന അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, ഇത് കൂടുതൽ പ്രതിരോധശേഷിയുള്ളതും സംയോജിതവുമായ ഒരു കാർഷിക വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

 

കർഷക ശാക്തീകരണത്തിൻ്റെ   വ്യാപ്തി വർദ്ധിപ്പിക്കൽ: 

കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഇന്ത്യയിലെ കർഷക ശാക്തീകരണത്തിൽ സമഗ്രമായ പുരോഗതിക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്കപ്പുറം ഉൽപ്പാദനക്ഷമത, വരുമാന സുരക്ഷ, വിപണി ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനപരമായ പ്രതിരോധശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലേക്ക് ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചു.

 

ഉയർന്ന കാർഷിക ഉൽപ്പാദനം, വിപുലമാക്കിയ ജലസേചന സൗകര്യങ്ങൾ, വായ്പ ലഭ്യമാക്കൽ, ശക്തമായ ഇൻഷുറൻസ് പരിരക്ഷ, അനുബന്ധ മേഖലകളിലെ വളർച്ച എന്നിവ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. അതോടൊപ്പം, വർദ്ധിപ്പിച്ച താങ്ങുവില  സംവിധാനങ്ങളും സംഭരണ രീതികളും വിപണി ഉറപ്പുകൾ ശക്തിപ്പെടുത്തുകയും കർഷകർക്ക് ആദായകരമായ  വില ഉറപ്പാക്കുകയും ദേശീയ ഭക്ഷ്യ സുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സഹകരണ സംഘങ്ങൾ, ഭക്ഷ്യസംസ്‌കരണം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള സംരംഭങ്ങൾ എന്നിവ കാർഷിക മൂല്യശൃംഖലയിലുടനീളം പുതിയ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾ കൂടുതൽ വൈവിധ്യമാർന്നതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു കർഷക കേന്ദ്രീകൃത കാർഷിക വ്യവസ്ഥയിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

 

ഇന്ത്യയുടെ കാർഷിക മേഖലയുടെ ഉയർച്ച : വളർച്ച, നിക്ഷേപം, പ്രതിരോധശേഷി 

നയങ്ങളിൽ തുടർച്ചയായുള്ള ശ്രദ്ധയുടെയും വർദ്ധിച്ചുവരുന്ന പൊതു നിക്ഷേപത്തിൻ്റെയും പിന്തുണയോടെ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ കാർഷിക-അനുബന്ധ മേഖലകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.  കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി കൂട്ടുന്നതിനും നിശ്ചിത പ്രവർത്തനങ്ങൾ കാരണമായി.

 

കാർഷിക-അനുബന്ധ മൊത്ത മൂല്യവർദ്ധനയിലെ (GVA)ഒരു ദശകത്തെ വളർച്ച 

 

 

മൊത്തം മൂല്യവർദ്ധനയുടെ ഏകദേശം 18 ശതമാനവും കാർഷിക-അനുബന്ധ മേഖലയാണ് കൈകാര്യം ചെയ്യുന്നത്. ഈ മേഖലയുടെ ജി.വി.എ. (GVA) 2014-15 ലെ 20.9 ലക്ഷം കോടി രൂപയിൽ നിന്ന് 2023-2024 ൽ 48.7 ലക്ഷം കോടി രൂപയായി ഗണ്യമായി വർദ്ധിച്ചു. ഈ കാലയളവിൽ, നിലവിലുള്ള വിപണി വിലയനുസരിച്ച് ഈ മേഖല 8.83 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തി.

 

വിള ഉൽപ്പാദനത്തിലുണ്ടായ പുരോഗതിയും ഈ വളർച്ചയ്ക്ക് വലിയ പിന്തുണയേകി. വിളകളുടെ ജി.വി.എ. 2014-15 ലെ 12,92,874 കോടി രൂപയിൽ നിന്ന് 2023-24 ൽ 26,52,891 കോടി രൂപയായി ഉയർന്നു.

 

കാർഷിക മേഖലയ്ക്ക് മെച്ചപ്പെട്ട സാമ്പത്തിക പിന്തുണ :

 

ഈ കാലയളവിൽ കാർഷിക മേഖലയിലെ പൊതു നിക്ഷേപം ഗണ്യമായി വർദ്ധിച്ചു. കാർഷിക-കർഷക ക്ഷേമ വകുപ്പിനുള്ള ബജറ്റ് വിഹിതം 2013-14 ലെ 27,663 കോടി രൂപയിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 1,40,528.78 കോടി രൂപയായി ഉയർന്നു. ഈ വലിയ വർദ്ധന കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നയപരമായ പിന്തുണയെയും തുടർച്ചയായ നിക്ഷേപങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇത് സമഗ്രവും പുനരുജീവനശേഷിയുള്ളതുമായ കാർഷിക പുരോഗതിയ്ക്ക് കരുത്തുപകരുന്നു.

 

ഭക്ഷ്യധാന്യ ഉൽപ്പാദനത്തിലെ വളർച്ചാ മുന്നേറ്റം 

മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 2013-14 ലെ 265.05 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 357.73 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. അരി, ഗോതമ്പ്, ചോളം, മറ്റ്  ധാന്യങ്ങൾ എന്നിവയുടെ ഉയർന്ന ഉൽപ്പാദനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്. ഇപ്പോൾ 'ശ്രീ അന്ന' (Shree Anna) എന്ന പേരിൽ പ്രോത്സാഹിപ്പിക്കുന്ന ചെറുധാന്യങ്ങളും (millets) ഇതിൽ ഉൾപ്പെടുന്നു. ഈ വളർച്ചയ്ക്ക് നാഷണൽ ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ മിഷൻ (NFSNM) പിന്തുണയേകി. അരി, ഗോതമ്പ്, പയറുവർഗ്ഗങ്ങൾ, പരുക്കൻ ധാന്യങ്ങൾ എന്നിവയുടെ ഉയർന്ന ഉൽപ്പാദനം ഈ മിഷൻ പ്രോത്സാഹിപ്പിക്കുന്നു. മെച്ചപ്പെട്ട വിത്തുകൾ, മികച്ച കാർഷിക രീതികൾ, സാങ്കേതികവിദ്യയുടെ അവലംബം എന്നിവയ്ക്ക് ഇത് പിന്തുണ നൽകുന്നു.

 

2024-25 ൽ അരി ഉൽപ്പാദനം 150.18 ദശലക്ഷം ടൺ എന്ന റെക്കോർഡ് നേട്ടത്തിലെത്തി. ഇത് 2014-15 ലെ (105.48 ദശലക്ഷം ടൺ) ഉൽപ്പാദനത്തേക്കാൾ 42.38 ശതമാനം കൂടുതലാണ്. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അരി ഉൽപ്പാദക രാജ്യമായി മാറി. 2024-25 ൽ ഗോതമ്പ് ഉൽപ്പാദനം 117.94 ദശലക്ഷം  ടൺ എന്ന എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. 2014-15 മുതൽ താരതമ്യം ചെയ്യുമ്പോൾ ഇതിൽ 36 ശതമാനത്തിലധികം വർദ്ധനയുണ്ടായിട്ടുണ്ട്.

 

 2024-25 ൽ ചോളം ഉൽപ്പാദനം  43.40 ദശലക്ഷം ടണ്ണിലെത്തി. ഇത് 2014-15 ലെ (24.17 ദശലക്ഷം ടൺ) ഉൽപ്പാദനത്തേക്കാൾ ഏകദേശം 79 ശതമാനം വർദ്ധനയാണ് കാണിക്കുന്നത്.

 

 

എണ്ണക്കുരു മേഖലയിലും സ്വയംപര്യാപ്തതയ്ക്കായുള്ള ശ്രമങ്ങൾ പ്രകടമാണ്. എണ്ണക്കുരുക്കൾ 42.99 ദശലക്ഷം ടൺ (2024-25) എന്ന ഏറ്റവും ഉയർന്ന ഉൽപ്പാദനം കൈവരിച്ചു, ഇത് 2014-15 ലെ (27.51 ദശലക്ഷം ടൺ) ഉൽപ്പാദനത്തേക്കാൾ 56 ശതമാനം കൂടുതലാണ്.

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ആശ്രിതത്വം  2015-16 ലെ 63.2 ശതമാനത്തിൽ നിന്ന് 2023-24 ൽ 56.25 ശതമാനമായി കുറഞ്ഞു, ഇത് ഈ രംഗത്തെ ക്രമാനുഗതമായ പുരോഗതിയെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ എണ്ണക്കുരു കൃഷി ചെയ്യുന്ന ഭൂഭാഗത്തിൻ്റെ   വിസ്തൃതി 18 ശതമാനത്തിലധികം വർദ്ധിച്ചു. ഉൽപ്പാദനം ഏകദേശം 55 ശതമാനം ഉയർന്നപ്പോൾ, ഉൽപ്പാദനക്ഷമത ഏകദേശം 31 ശതമാനം വർദ്ധിച്ചു.

 

ഹോർട്ടികൾച്ചർ മേഖലയും കാർഷിക വളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയായി ഉയർന്നുവന്നിട്ടുണ്ട്. വിള മേഖലയിലെ മൊത്തം മൂല്യവർദ്ധനയുടെ  ഏകദേശം 37 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്. ഹോർട്ടികൾച്ചർ ഉൽപ്പാദനം 2013-14 ലെ 280.70 ദശലക്ഷം  ടണ്ണിൽ നിന്ന് 2024-25 ൽ 369.05 ദശലക്ഷം  ടണ്ണായി ഉയർന്നു. മെച്ചപ്പെട്ട കൃഷിരീതികളുടെയും വിപണിയിലെ ആവശ്യകതയുടെയും പിന്തുണയോടെ, കൂടുതൽ മൂല്യമേറിയ വിളകളിലേക്കുള്ള  വൈവിധ്യവൽക്കരണത്തെയാണ് ഈ വ്യാപ്തി കാണിക്കുന്നത്.

 

ഈ മേഖലകളിലെ പുരോഗതിക്കൊപ്പം തന്നെ, ഉൽപ്പാദന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കർഷകരെ പിന്തുണയ്ക്കുന്നതിനും ദീർഘകാല പ്രതിരോധശേഷി വളർത്തുന്നതിനുമായി കാർഷിക നയങ്ങളും നിരന്തരം വിപുലീകരിച്ചിട്ടുണ്ട്.

 

 പരിഷ്കരണങ്ങൾക്കായുള്ള ഒരു രൂപരേഖ : ഇന്ത്യയുടെ കാർഷിക നയം ശക്തിപ്പെടുത്തൽ (2014-2026) :

 

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ജലസേചനം, മണ്ണ് ആരോഗ്യം, വിപണികൾ, അപകടസാധ്യത കുറയ്ക്കൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളമായി കാർഷിക നയം വിപുലീകരിക്കപ്പെട്ടു. കൂടുതൽ സംയോജിതവും കർഷക കേന്ദ്രീകൃതവുമായ ഒരു കാർഷിക ചട്ടക്കൂടിലേക്കുള്ള ഈ മാറ്റത്തിന്  ഒരു കൂട്ടം നിശ്ചിത സംരംഭങ്ങൾക്ക് രൂപം നൽകി.

 

ഉൽപ്പാദനക്ഷമതയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും മെച്ചപ്പെടുത്തുന്നതിലായിരുന്നു ആദ്യകാല പരിഷ്കരണങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY), ജലസേചന പരിധി വ്യാപിപ്പിക്കുകയും ജലവിനിയോഗ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോയിൽ ഹെൽത്ത് കാർഡ് പദ്ധതി  ശാസ്ത്രീയമായ മണ്ണ് പോഷക പരിപാലനം സാധ്യമാക്കി.രാഷ്ട്രീയ ഗോകുൽ മിഷൻ തദ്ദേശീയ ഇനങ്ങളെയും ക്ഷീര ഉൽപ്പാദനക്ഷമതയെയും പിന്തുണച്ചു.

 

  ഉൽപ്പാദനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിലും വിപണി ലഭ്യത മെച്ചപ്പെടുത്തുന്നതിലും തുടർന്ന് ശ്രദ്ധ കേന്ദ്രീകരിച്ചു.പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY) വിള ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ചപ്പോൾ, ഇ-നാം (e-NAM) ഡിജിറ്റൽ കാർഷിക വ്യാപാരവും വിപുലമായ വിപണി സംയോജനവും സാധ്യമാക്കി.  ഉൽപ്പാദനച്ചെലവിൻ്റെ   1.5 മടങ്ങ് ആയി താങ്ങുവില നിശ്ചയിച്ചുകൊണ്ട് 2018 ലെ താങ്ങുവില (MSP) പരിഷ്കരണം വില ഉറപ്പ് ശക്തമാക്കി.

 

തുടർന്നുള്ള വർഷങ്ങളിൽ കർഷകരുടെ വരുമാന പിന്തുണയ്ക്കും സാമൂഹിക സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം ലഭിച്ചു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) നേരിട്ടുള്ള വരുമാന പിന്തുണ അവതരിപ്പിച്ചു. പ്രധാൻ മന്ത്രി കിസാൻ മന്ധൻ യോജന (PM-KMY) ചെറുകിട-നാമമാത്ര കർഷകർക്കായി ഒരു പെൻഷൻ ചട്ടക്കൂട് രൂപീകരിച്ചു. കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട് (AIF), പിഎം കിസാൻ സമ്പദ യോജന (PMKSY) എന്നിവ വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളിലും മൂല്യവർദ്ധനയിലുമുള്ള നിക്ഷേപം വർദ്ധിപ്പിച്ചു.

 

സ്ഥാപനപരമായ പരിഷ്കരണങ്ങൾക്കും സഹകരണ അധിഷ്ഠിത വികസനത്തിനും വേഗത കൈവന്നു. പുതിയതായി രൂപീകരിച്ച സഹകരണ മന്ത്രാലയം  സഹകരണ ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുകയും സഹകരണ അധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു.

  

കൂടാതെ, സമീപകാല സംരംഭങ്ങൾ വൈവിധ്യവൽക്കരണത്തിലും സ്വയംപര്യാപ്തതയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ്-ഓയിൽ പാം (NMEO-OP), നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ്-ഓയിൽസീഡ്സ് (NMEO-OS) എന്നിവ ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനം പ്രോത്സാഹിപ്പിച്ചു. പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (PMKSK) കാർഷിക സാമഗ്രികളുടെ ലഭ്യതയും മാർഗ്ഗനിർദേശങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി. പ്രധാന വിളകളുടെ ഉൽപ്പാദനക്ഷമത ശക്തിപ്പെടുത്താൻ പ്രധാൻ മന്ത്രി-ധൻ ധാന്യ കൃഷി യോജന (PM-DDKY) പോലുള്ള പുതിയ ഇടപെടലുകൾ ലക്ഷ്യമിടുന്നു. പയറുവർഗങ്ങളിലെ സ്വയം പര്യാപ്തത ദൗത്യം  ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും ആഭ്യന്തര പയറുവർഗ്ഗ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

 

ഇന്ത്യൻ കർഷകരുടെ ശാക്തീകരണം: സാമ്പത്തിക സ്ഥിരതയും സാമൂഹിക സുരക്ഷയും :

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ, കൃഷി, ഇൻഷുറൻസ് പരിരക്ഷ മുതൽ സംഭരണം വരെയുള്ള കാർഷിക പ്രവർത്തനങ്ങളിലുടനീളം  ഗവണ്മെൻ്റ്  സംരംഭങ്ങൾ വിപുലീകരിക്കപ്പെട്ടു. ഈ ഇടപെടലുകൾ കർഷകർക്ക് നേരിട്ടുള്ള വരുമാന സഹായവും ശക്തമാക്കി.

 

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ  കർഷകർക്കുള്ള വരുമാന പിന്തുണ വ്യവസ്ഥാപിതമാക്കൽ :

 

ചെറുകിട-നാമമാത്ര കർഷകർക്ക്  വരുമാന പിന്തുണ ഉറപ്പ് നൽകുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN). ഇത് കർഷകരെ അവരുടെ കാർഷിക-ഗാർഹിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതോടൊപ്പം,  അനൗദ്യോഗിക വായ്പാ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ഈ പദ്ധതി പ്രകാരം, അർഹരായ ഓരോ കർഷക കുടുംബത്തിനും പ്രതിവർഷം 6,000 രൂപ ധനസഹായം ലഭിക്കുന്നു. ഈ തുക 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി ' നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ' (DBT) സംവിധാനത്തിലൂടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു.

 

പദ്ധതി ആരംഭിച്ചതു മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ, 22 ഗഡുക്കളായി 4.28 ലക്ഷം കോടിയിലധികം രൂപ പിഎം-കിസാൻ വഴി വിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള 9.44 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു. ഈ ആനുകൂല്യങ്ങളുടെ 25 ശതമാനത്തിലധികം ലഭിച്ചത് വനിതാ ഗുണഭോക്താക്കൾക്കാണ് എന്നത് ഗ്രാമീണ കുടുംബങ്ങളിലുടനീളമുള്ള പദ്ധതിയുടെ ഉൾക്കൊള്ളൽ സ്വഭാവത്തെ (inclusive outreach) പ്രതിഫലിപ്പിക്കുന്നു.

 

കർഷകർക്കായി ലോകത്തിൽ തന്നെയുള്ള ഏറ്റവും വലിയ ഡിബിടി  സംരംഭങ്ങളിൽ ഒന്നായി ഈ പദ്ധതി മാറിയിരിക്കുന്നു. ഗുണഭോക്താക്കൾക്ക് നേരിട്ട് വരുമാന സഹായം എത്തിക്കുന്നതിനുള്ള ഒരു ബൃഹത്തായ  സ്ഥാപനപരമായ സംവിധാനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത് .

 

വിള ഇൻഷുറൻസിലൂടെയും അപകടസാധ്യത കുറയ്ക്കലിലൂടെയും വിളവെടുപ്പ് സുരക്ഷിതമാക്കൽ :

വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, കീടബാധകൾ, മറ്റ് പ്രകൃതിദത്ത അനിശ്ചിതത്വങ്ങൾ എന്നിവ കാർഷിക മേഖലയെ ഇപ്പോഴും സാരമായി ബാധിക്കാറുണ്ട്. ഇത്തരം അപകടസാധ്യതകൾ വലിയ വരുമാന നഷ്ടത്തിന് കാരണമാകുകയും കൃഷിയുടെ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യാം.

*പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY)* കർഷകർക്ക് ലളിതവും താങ്ങാനാവുന്നതുമായ നിരക്കിൽ ഒരു സമഗ്ര വിള ഇൻഷുറൻസ് സംവിധാനം നൽകുന്നു. വിതയ്ക്കുന്നതിന് മുൻപുള്ള ഘട്ടം മുതൽ വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങൾ വരെ ഉൾപ്പെടുന്ന മുഴുവൻ വിള ചക്രത്തെയും PMFBY പരിരക്ഷിക്കുന്നു. "ഒരു രാജ്യം, ഒരു വിള, ഒരു പ്രീമിയം" എന്ന തത്വമാണ് ഈ പദ്ധതി പിന്തുടരുന്നത്, ഇത് രാജ്യത്തുടനീളം ഏകീകൃത പ്രീമിയം നിരക്കുകൾ ഉറപ്പാക്കുന്നു.

 

 

PMFBY-ക്ക് കീഴിലുള്ള പരാതി പരിഹാര സംവിധാനങ്ങൾ ശക്തമാക്കുന്നതിനായി, കൃഷി രക്ഷക് പോർട്ടലും (Krishi Rakshak Portal) ഹെൽപ്പ് ലൈൻ (KRPH) നമ്പറായ 14447ഉം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഏകദേശം 500 എക്സിക്യൂട്ടീവുകളുടെ പിന്തുണയോടെയാണ് ഈ പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നത്.

 

ഈ പദ്ധതി പ്രകാരം പ്രതിവർഷം 4 കോടിയിലധികം കർഷകർ ഇൻഷുർ ചെയ്യുന്നുണ്ട്. ഇത് കർഷകർക്കിടയിൽ പദ്ധതിക്കുള്ള വലിയ സ്വീകാര്യതയെ കാണിക്കുന്നു. 2016-17 മുതൽ ഇതുവരെ 92.46 കോടി കർഷക അപേക്ഷകൾ ഇൻഷുർ ചെയ്യപ്പെട്ടിട്ടുണ്ട്. 2025 ഡിസംബർ 31 വരെ 1.96 ലക്ഷം കോടി രൂപയുടെ ക്ലെയിമുകൾ വിതരണം ചെയ്തു, ഇത് ഏകദേശം 24.31 കോടി കർഷകർക്ക് പ്രയോജനപ്പെട്ടു. അങ്ങനെ, അനിശ്ചിതത്വങ്ങളെ നേരിടാനും കൂടുതൽ പ്രതിരോധശേഷിയോടെയും ആത്മവിശ്വാസത്തോടെയും കൃഷി തുടരാനുമുള്ള കർഷകരുടെ ശേഷി ഇത് വർദ്ധിപ്പിക്കുന്നു.

 

കാർഷിക സംഭരണത്തിലും താങ്ങുവില (MSP) മൂല്യത്തിലുമുണ്ടായ ദശാബ് ദ കാലത്തെ വളർച്ച 

 

കാർഷിക ഉൽപ്പന്നങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച വില ഉറപ്പാക്കിക്കൊണ്ട്  താങ്ങുവില ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു. നിർബന്ധിതമാക്കിയ 22 വിളകൾക്ക് വർഷം തോറും താങ്ങുവില പ്രഖ്യാപിക്കാറുണ്ട്. 2018-19 മുതൽ,  ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞത് 50 ശതമാനം എങ്കിലും കൂടുതലായി താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്.

താങ്ങുവില പിന്തുണയ്‌ക്കൊപ്പം പൊതു സംഭരണവും ഗണ്യമായി വിപുലീകരിച്ചു.

 

 ഗോതമ്പ്, നെല്ല്, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി തുടങ്ങിയ വിളകൾ താങ്ങുവില നിരക്കിൽ വാങ്ങി പൊതുസംഭരണ സംവിധാനം  വഴി കർഷകരെ പിന്തുണയ്ക്കുന്നു. മൊത്തം സംഭരണം 2004-2014 കാലയളവിലെ 698.7 ദശലക്ഷം  ടണ്ണിൽ നിന്ന് 2014-2026 കാലയളവിൽ 1,229.2 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. ഇത് ഏകദേശം 76 ശതമാനത്തിൻ്റെ   വളർച്ച രേഖപ്പെടുത്തി. 2014 മുതൽ 2026 വരെയുള്ള കാലയളവിൽ (2026 ഫെബ്രുവരി വരെ) ആകെ വിതരണം ചെയ്ത താങ്ങുവിലയുടെ മൂല്യം 26.32 ലക്ഷം കോടി രൂപയിലെത്തി. ഇത് മുൻ ദശകത്തിലെ (അതായത് 2004-2014 കാലയളവിലെ 7.41 ലക്ഷം കോടി രൂപ) മൂല്യത്തേക്കാൾ 3.5 മടങ്ങ് കൂടുതലാണ്. ഈ വളർച്ച കർഷകർക്ക് ലഭ്യമാകുന്ന വിപണി പിന്തുണയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

 

 

ഖാരിഫ്  വിളകളിൽ, റാഗിക്ക് (Ragi)  താങ്ങുവിലയിൽ 2014-15 മുതൽ 236 ശതമാനത്തിൻ്റെ   ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെ നൈജർസീഡ്/കരി എള്ള് (Nigerseed) 179 ശതമാനവും, ജോവർ ഹൈബ്രിഡ്  163 ശതമാനവും വളർച്ച കൈവരിച്ചു. റാബി (Rabi), വാണിജ്യ വിളകളുടെ കാര്യത്തിൽ, ചണത്തിന്  147 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ മസൂർ പരിപ്പിന്  128 ശതമാനം വർദ്ധന ഉണ്ടായി. വിവിധ വിള വിഭാഗങ്ങളിലായി കർഷകർക്ക് ഉറപ്പായ വില നൽകുന്നതിനായി നടത്തുന്ന നിരന്തരമായ ശ്രമങ്ങളെയാണ് ഈ പ്രവണതകൾ സൂചിപ്പിക്കുന്നത്.

 

2026-27 വിപണന സീസണിലെ എല്ലാ ഖാരിഫ് വിളകളുടെയും കുറഞ്ഞ താങ്ങുവില (Minimum Support Prices):

 

S.No.

വിള

എം.എസ്.പി 2014-15 (രൂപ / ക്വി ൻ്റ ലിന്)

എം.എസ്.പി 2026-27 (രൂപ / ക്വി ൻ്റ ലിന്)

2014-15 മുതൽ % വളർച്ച

1.

നെല്ല് (സാധാരണ)

1360

2441

79%

നെല്ല് (ഗ്രേഡ് 'എ')

1400

2461

76%

2.

ജോവർ (ഹൈബ്രിഡ്)

1530

4023

163%

ജോവർ (മാൽഡണ്ടി)

1550

4073

163%

3.

ബജ്‌റ

1250

2900

132%

4.

ചോളം

1310

2410

84%

5.

റാഗി

1550

5205

236%

6.

തുർ പരിപ്പ്

4350

8450

94%

7.

മൂങ്

4600

8780

91%

8.

ഉഴുന്ന്

4350

8200

89%

9.

നിലക്കടല തോടുള്ളത്

4000

7517

88%

10.

സോയാബീൻ (മഞ്ഞ)

2560

5708

123%

11.

സൂര്യകാന്തി വിത്ത്

3750

8343

122%

12.

എള്ള്

4600

10346

125%

13.

നൈജർ സീഡ്

3600

10052

179%

14.

പരുത്തി( ഇടത്തരം നാരുള്ളത്)

3750

8267

120%

പരുത്തി (നീണ്ട നാരുള്ളത്)

      4050

8667

114%


2026-27 വിപണന സീസണിലെ എല്ലാ റാബി വിളകൾക്കും വാണിജ്യ വിളകൾക്കും ഉള്ള  താങ്ങുവിലകൾ:

 

S.No.

വിള

എം.എസ്.പി 2014-15 (രൂപ / ക്വിൻ്റ ലിന്)

എം.എസ്.പി 2026-27 (രൂപ / ക്വി ൻ്റ ലിന്)

2014-15 മുതൽ % വളർച്ച

റാബി വിളകൾ

1.

ഗോതമ്പ്

1400

2585

84%

2.

ബാർലി

1150

2150

87%

3.

പയറ്

3175

5875

85%

4.

മസൂർ (പയർ)

3075

7000

128%

5.

റാപ്സീഡ്/കടുക്

3100

6200

100%

6.

സാഫ്‌ളവർ

3050

6540

114%

വാണിജ്യവിളകൾ

1.

ചണം

2400

5925

147%

2.

കൊപ്ര (മില്ലിംഗ്)

5550

12027

117%

കൊപ്ര ( ബോൾ)

5830

12500

114%


വിവിധ വിളകളിലുടനീളം താങ്ങുവിലയിൽ ഉണ്ടായ സ്ഥിരതയാർന്ന വർദ്ധന, കർഷകർക്കുള്ള വരുമാന പിന്തുണ ശക്തമാക്കുന്നതിനായി നടത്തുന്ന നിരന്തരമായ ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്.

 

  സ്ഥാപനപരമായ കാർഷിക വായ്പകളുടെ വളർച്ച :

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പദ്ധതിയിലൂടെ കർഷകർക്ക് കൃത്യസമയത്ത് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന സംവിധാനം മെച്ചപ്പെട്ടിട്ടുണ്ട്. കർഷകരുടെ ഹ്രസ്വകാല ആവശ്യങ്ങളും കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലെ നിക്ഷേപ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഈ പദ്ധതി ഒരു ഏകജാലക സംവിധാനം ഒരുക്കുന്നു.

 

 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച്, നിലവിലുള്ള കെ.സി.സി (KCC) അക്കൗണ്ടുകളുടെ എണ്ണം 2013-14 ലെ 6.46 കോടിയിൽ നിന്ന് 2024-25 ൽ 7.81 കോടിയായി വർദ്ധിച്ചു.ഈ അക്കൗണ്ടുകളിലെ തുക 2014 മാർച്ചിലെ 4.26 ലക്ഷം കോടി രൂപയിൽ നിന്ന് 2025 മാർച്ചിൽ 10.20 ലക്ഷം കോടി രൂപയായി ഇരട്ടിച്ചു.

 

ഇത് കർഷകർക്കിടയിലെ ബാങ്കിംഗ്/സ്ഥാപനപരമായ വായ്പകളുടെ വലിയ വ്യാപനത്തെയാണ് വ്യക്തമാക്കുന്നത്. കൃഷിച്ചെലവുകൾ, വിളവെടുപ്പാനന്തര ആവശ്യങ്ങൾ, വിപണനം എന്നിവയെല്ലാം ഈ പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ട്.

 

 

കൂടാതെ, ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കാർഷിക-അനുബന്ധ മേഖലകൾക്ക് കൃത്യമായ വായ്പാ പിന്തുണ ഉറപ്പാക്കാൻ അടിസ്ഥാനതല വായ്പകൾ (GLC) സഹായിക്കുന്നു. കാർഷിക മേഖലയിലേക്കുള്ള ജി.എൽ.സി. പ്രവാഹം 2013-14 ലെ 7.30 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25 ൽ 28.67 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. കാർഷിക മേഖലയിലേക്കുള്ള ഔദ്യോഗിക സാമ്പത്തിക സഹായത്തിൻ്റെ   ഘടനാപരമായ വിപുലീകരണത്തെയാണ് ഇത് കാണിക്കുന്നത്.

 

കർഷകർക്കായി എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക സുരക്ഷ :

പ്രധാൻ മന്ത്രി കിസാൻ മന്ധൻ യോജന (PM-KMY) ചെറുകിട-നാമമാത്ര കർഷകർക്കായി പെൻഷൻ അധിഷ്ഠിതമായ ഒരു സാമൂഹിക സുരക്ഷാ ചട്ടക്കൂട് നൽകുന്നു. യോഗ്യതാ മാനദണ്ഡങ്ങൾക്ക് വിധേയമായി, 60 വയസ്സിന് ശേഷം ഈ പദ്ധതി കർഷകർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ഉറപ്പുനൽകുന്നു. കർഷകരുടെ പങ്കാളിത്തത്തോടെയുള്ള ഈ സ്വമേധായുള്ള പദ്ധതിയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാവുന്നതാണ്.

 

2026 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 24.95 ലക്ഷം കർഷകർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കർഷകർക്കിടയിലെ സാമൂഹിക സുരക്ഷാ പരിരക്ഷയുടെ ക്രമാനുഗതമായ വളർച്ചയെ കാണിക്കുന്നു.

 

വിഭവ കാര്യക്ഷമതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള മാറ്റം :

ജലം, മണ്ണ്, വിത്ത്, ഊർജ്ജ വിഭവങ്ങൾ എന്നിവയുടെ കാര്യക്ഷമമായ പരിപാലനം കാർഷിക വികസനത്തിൻ്റെ   കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY) ജലസേചന പരിധിയും ജലവിനിയോഗ കാര്യക്ഷമതയും ശക്തമാക്കിയിട്ടുണ്ട്. 2015-16 നും 2020-21 നും ഇടയിൽ രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ ജലസേചന പരിധി 49.3 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു.

 

വിത്തുകൾക്കും നടീൽ വസ്തുക്കൾക്കും ആയുള്ള ഉപദൗത്യം (SMSP), സാക്ഷ്യപ്പെടുത്തിയ വിത്തുകളുടെ വിതരണം വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സംരംഭത്തിന് കീഴിൽ ഏകദേശം 6.85 ലക്ഷം വിത്തു ഗ്രാമങ്ങൾ (seed villages) സ്ഥാപിക്കുകയും 1,649 ലക്ഷം ക്വിൻ്റൽ ഗുണമേന്മയുള്ള വിത്തുകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്തു.

**സോയിൽ ഹെൽത്ത് കാർഡ് (SHC) പദ്ധതി* കർഷകർക്ക് മണ്ണിലെ പോഷകങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വളപ്രയോഗത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു. 2014-15 മുതൽ 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഏകദേശം 26 കോടി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്, ഇത് മണ്ണിൻ്റെ   ആരോഗ്യ പരിപാലനത്തെ നിരന്തരം മെച്ചപ്പെടുത്തുന്നു. 8,313 മണ്ണ് പരിശോധനാ ലബോറട്ടറികൾ ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു. കൂടാതെ, മണ്ണിൻ്റെ   ആരോഗ്യവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ശരിയായ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 70,000-ത്തിലധികം കൃഷി സഖിമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

 

സമീപവർഷങ്ങളിൽ സുസ്ഥിര കൃഷിരീതികൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചുവരുന്നത്:

 പരമ്പരാഗത കൃഷി വികാസ് യോജന (PKVY), ക്ലസ്റ്റർ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലൂടെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 18.84 ലക്ഷം ഹെക്ടർ ഭൂമി ഇതിനകം PKVY-ക്ക് കീഴിൽ കൊണ്ടുവരികയും 33.93 ലക്ഷം കർഷകർക്ക് ഇതിൻ്റെ   പ്രയോജനം ലഭിക്കുകയും ചെയ്തു.

 

  വടക്ക് കിഴക്കൻ മേഖലയ്ക്കായി ജൈവ ഉൽപന്ന മൂല്യ ശൃംഖല (MOVCDNER) പദ്ധതി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജൈവ ഉൽപ്പാദനത്തെയും വിപണി ബന്ധങ്ങളെയും പിന്തുണയ്ക്കുന്നു. 2015-16 ൽ ആരംഭിച്ചത് മുതൽ ഇതുവരെ 2.36 ലക്ഷം ഹെക്ടർ സ്ഥലം ഇതിന് കീഴിലാക്കുകയും 2.70 ലക്ഷം കർഷകർക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.

 

 പ്രകൃതി കൃഷിക്കായുള്ള ദേശീയ ദൗത്യം (NMNF) മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനുമായി രാസവസ്തുക്കളില്ലാത്ത പ്രകൃതിദത്ത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതുവരെ ഈ പദ്ധതി 9 ലക്ഷം ഹെക്ടർ കൃഷിഭൂമി ഉൾക്കൊള്ളുകയും 19 ലക്ഷം കർഷകരെ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്

 

കൂടാതെ, 2014-2025 കാലയളവിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള 2,996 വിള ഇനങ്ങൾ പുറത്തിറക്കി. 448 ഗ്രാമങ്ങളിൽ ഗവൺമെൻ്റ്  കാലാവസ്ഥാ-പ്രതിരോധ ഗ്രാമ മാതൃകകൾ (climate-resilient village models) പ്രോത്സാഹിപ്പിച്ചു. ഇത് കാർഷിക-അനുബന്ധ മേഖലകളിലെ 8.5 ലക്ഷം കർഷകർക്ക് പ്രയോജനകരമായി. സംയോജിത കൃഷി സമ്പ്രദായങ്ങൾ (IFS) 79 ജില്ലകളിലായി 1.04 ലക്ഷം കർഷക കുടുംബങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ ഇടപെടലുകൾ വഴി കർഷകരുടെ വാർഷിക വരുമാനം ഹെക്ടറിന് 1.5 ലക്ഷം മുതൽ 3.6 ലക്ഷം രൂപ വരെയായി വർദ്ധിച്ചു.

 

പുനരുപയോഗ ഊർജ്ജവും ഇപ്പോൾ കാർഷിക വികസനത്തിൻ്റെ   ഭാഗമായി മാറിയിരിക്കുന്നു. 2019-ൽ ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ ഊർജ്ജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (PM KUSUM), കൃഷിയിൽ സൗരോർജ്ജത്തിൻ്റെ   ഉപയോഗത്തെ പിന്തുണയ്ക്കുന്നു. ഇത് സൗരോർജ്ജ പമ്പുകളെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാനും വിൽക്കാനും അവസരമൊരുക്കുകയും ചെയ്യുന്നു.

 

 

സമീപവർഷങ്ങളിൽ ഈ പദ്ധതിക്ക് വലിയ വിപുലീകരണമാണ് ഉണ്ടായത്. 2025 പകുതിയോടെയുള്ള കണക്കനുസരിച്ച്, കർഷകർ ഉപയോഗിക്കുന്ന സൗരോർജ്ജ പമ്പുകളുടെ എണ്ണത്തിൽ 92 മടങ്ങിലധികം വർദ്ധനയുണ്ടായി. 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 21.77 ലക്ഷത്തിലധികം കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 10 ലക്ഷത്തിലധികം  സോളാർ കാർഷിക പമ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ, ഗ്രിഡുമായി ബന്ധിപ്പിച്ച 13 ലക്ഷത്തിലധികം കാർഷിക പമ്പുകൾ സൗരോർജ്ജത്തിലേക്ക് (solarised) മാറ്റിയിട്ടുണ്ട്.

 

ഈ ശ്രമങ്ങളെല്ലാം വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന, കാര്യക്ഷമവും സുസ്ഥിരവുമായ ഒരു കാർഷിക വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ക്രമാനുഗതമായ മാറ്റത്തെയാണ് വ്യക്തമാക്കുന്നത്.

 

ലക്ഷ്യമിട്ടുള്ള പരിഷ്കരണങ്ങളിലൂടെ ഭക്ഷ്യവിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ

പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഭക്ഷ്യലഭ്യത, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളൽ എന്നിവ ശക്തമാക്കാൻ വിതരണ സംവിധാനങ്ങളിലെ പരിഷ്കരണങ്ങളും പ്രാദേശികമായ ഇടപെടലുകളും സഹായിച്ചിട്ടുണ്ട്. പിന്നാക്കം നിൽക്കുന്ന 100 കാർഷിക ജില്ലകളെ ലക്ഷ്യമിട്ട് 2025-ൽ പ്രധാൻ മന്ത്രി ധൻ-ധാന്യ കൃഷി യോജന (PMDDKY) ആരംഭിച്ചു. ജലസേചനം, വിള വൈവിധ്യവൽക്കരണം, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങൾ, മികച്ച വായ്പാ ലഭ്യത എന്നിവയിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026 ഏപ്രിലിലെ കണക്കനുസരിച്ച്, ഈ സംരംഭം 1.7 കോടി കർഷകർക്ക് പ്രയോജനം നൽകുകയും അടിസ്ഥാന തലത്തിൽ മികച്ച ഫലങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

ഭക്ഷ്യധാന്യ വിതരണത്തിൻ്റെ   കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പൊതുവിതരണ സംവിധാനം (PDS) ശക്തമാക്കിയിട്ടുണ്ട്. അർഹരായ കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻ്റെ   (NFSA) കീഴിൽ ഏകദേശം 79.8 കോടി ഗുണഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകിവരുന്നു. കൂടാതെ, സാർത്ഥക് പി.ഡി.എസ്. (SARTHAK PDS) പദ്ധതിക്ക് കീഴിൽ കേന്ദ്ര ഗവണ്മെൻ്റ്  അടുത്ത 5 വർഷത്തേക്ക് 25,530 കോടി രൂപ അനുവദിക്കും. ഈ പദ്ധതി രാജ്യത്തുടനീളമുള്ള ഏകദേശം 81.35 കോടി ഗുണഭോക്താക്കൾക്കായി ഭക്ഷ്യധാന്യ വിതരണ സംവിധാനങ്ങൾ ശക്തമാക്കുകയും എൻ.എഫ്.എസ്.എ. (NFSA) പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

 

രാജ്യത്തുടനീളമുള്ള ഏകദേശം 81.35 കോടി ഗുണഭോക്താക്കൾക്കായി ഭക്ഷ്യധാന്യ വിതരണ സംവിധാനങ്ങൾ ശക്തമാക്കാനും ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) ഫലപ്രദമായി നടപ്പിലാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

 

'ഒറ്റ രാജ്യം, ഒറ്റ റേഷൻ കാർഡ് (ONORC) 'സംവിധാനം നിലവിൽ എല്ലാ 36 സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനക്ഷമമാണ്. ഈ സംവിധാനത്തിന് കീഴിൽ ഏകദേശം 99.9 ശതമാനം റേഷൻ കാർഡുകളും ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 99.8 ശതമാനം റേഷൻ കടകളിലും ഇലക്ട്രോണിക് പോയിൻ്റ്  ഓഫ് സെയിൽ (e-PoS) ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്; രാജ്യത്തുടനീളം 5.50 ലക്ഷം റേഷൻ കടകൾ ഇതിൻ്റെ   പരിധിയിൽ വരുന്നു. ഈ സംവിധാനത്തിന് കീഴിൽ 98 ശതമാനത്തിലധികം ഇടപാടുകളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. അങ്ങനെ, വിതരണ രംഗത്തെ ഈ പരിഷ്കരണങ്ങൾ സുതാര്യതയും റേഷൻ കാർഡുകൾ എവിടെയും ഉപയോഗിക്കാനുള്ള സൗകര്യവും (portability) മെച്ചപ്പെടുത്തി.

 

സഹകരണ-എഫ്.പി.ഒ പരിഷ്കരണങ്ങളിലൂടെ ഗ്രാമീണ സ്ഥാപനങ്ങളുടെ ശാക്തീകരണം :

 

സമീപവർഷങ്ങളിൽ സഹകരണ മേഖലയ്ക്ക് പുതിയൊരു ഉണർവ് ലഭിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളെയും അവയുടെ പ്രവർത്തന ശേഷിയെയും ശക്തമാക്കുന്നതിനായി 2021-ൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ (PACS) പ്രവർത്തനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിക്കൊണ്ട് അവയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനായി, പാക്സ് (PACS) ഉൾപ്പെടെ 8.4 ലക്ഷത്തിലധികം സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി ഒരു ദേശീയ സഹകരണ ഡാറ്റാബേസ് (NCD) വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 

മാതൃകാ ചട്ടങ്ങൾ (Model bye-laws) സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പങ്കുവെച്ചിട്ടുണ്ട്, ഇത് പെട്രോൾ പമ്പുകൾ, എൽ.പി.ജി വിതരണ കേന്ദ്രങ്ങൾ , ജൻ ഔഷധി കേന്ദ്രങ്ങൾ, ഗ്രാമീണ സേവനങ്ങൾ എന്നിവയുൾപ്പെടെ 25-ലധികം ബിസിനസ്സ് പ്രവർത്തനങ്ങളിലേക്ക് വൈവിധ്യവൽക്കരിക്കാൻ പാക്സുകളെ (PACS) പ്രാപ്തമാക്കുന്നു. ഈ പരിഷ്കരണങ്ങൾ ഉത്തരവാദിത്വo വർദ്ധിപ്പിക്കുകയും പ്രവർത്തന മേഖല വിപുലീകരിക്കുകയും സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

പാക്സ്  കമ്പ്യൂട്ടർവൽക്കരണ പദ്ധതിയിലൂടെയുള്ള ഡിജിറ്റലൈസേഷൻ,സഹകരണ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങളെ ഒരു പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നത് സുതാര്യതയും കാര്യക്ഷമതയും അടിസ്ഥാന തലത്തിലുള്ള സേവന വിതരണവും മെച്ചപ്പെടുത്തി.

 

31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 79,630 പാക്സുകൾക്ക് (PACS) കമ്പ്യൂട്ടർവൽക്കരണത്തിന് അനുമതി നൽകി.

 2026 മാർച്ചിലെ കണക്കനുസരിച്ച് 61,866 പാക്സുകൾ എൻ്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP) അധിഷ്ഠിത ദേശീയ സോഫ്റ്റ്‌വെയറിലേക്ക് ഉൾപ്പെടുത്തിക്കഴിഞ്ഞു.

 

കൂടാതെ, കൂട്ടായ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനായി 2020-ൽ ആരംഭിച്ച 10,000 കർഷക ഉൽപ്പാദക സംഘടനകളുടെ (FPOs) രൂപീകരണവും പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള പദ്ധതി കൂടുതൽ വിപുലീകരിച്ചു. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 10,000 എഫ്.പി.ഒകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഒരുമിച്ചു ചേർക്കാനും വിപണികളെ കൂടുതൽ ഫലപ്രദമായി സമീപിക്കാനും സഹായകരമായിട്ടുണ്ട്.

 

ഈ മുന്നേറ്റങ്ങൾ കൂടുതൽ സംഘടിതവും സ്ഥാപന അധിഷ്ഠിതവുമായ ഒരു കാർഷിക രീതിയിലേക്കുള്ള വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. ശക്തമായ കർഷക കൂട്ടായ്മകളും സഹകരണ സംഘങ്ങളും മികച്ച വിപണി പങ്കാളിത്തത്തെയും ദീർഘകാല സുസ്ഥിരതയെയും പിന്തുണയ്ക്കുന്നു.

 

പാടത്തു നിന്ന് വിപണിയിലേക്ക്: കാർഷിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ :

 

സമീപവർഷങ്ങളിൽ വിപണി ലഭ്യതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് പ്രധാന ശ്രദ്ധ നൽകിയിട്ടുള്ളത്. വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനായി 2020-21 ൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF)ആരംഭിച്ചു. ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നും സംഭരണം, ലോജിസ്റ്റിക്സ്, സംസ്‌കരണം എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026മാർച്ചിലെകണക്കനുസരിച്ച്, എ.ഐ.എഫ് (AIF)നു കീഴിൽ 1.68 ലക്ഷം പദ്ധതികൾക്കായി 84,202 കോടി രൂപയുടെ വായ്പകൾ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കിക്കൊണ്ട് 1.33 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്തു.

 

 ദേശീയ കാർഷിക വിപണി (e-NAM),വിപണി സംയോജനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിനായി ഇത് ഒരു ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നൽകുന്നു. 2026 മാർച്ചിലെ കണക്കനുസരിച്ച്, 1,656 മണ്ഡികൾ (mandis) ഇതിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു; 1.80 കോടിയിലധികം കർഷകരും 4,724 എഫ്.പി.ഒകളും (FPOs) ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുതാര്യമായ വില നിർണ്ണയവും കർഷകർക്ക് നേരിട്ടുള്ള പണമിടപാടുകളും ഈ പ്ലാറ്റ്‌ഫോം സാധ്യമാക്കുന്നു.

 

ഭൗതിക-സേവന അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. 2022-ൽ ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (PMKSK), കർഷകർക്ക് ആവശ്യമായ സാമഗ്രികളും നിർദ്ദേശങ്ങളും നൽകുന്ന ഏകജാലക കേന്ദ്രങ്ങളായി (one-stop centres) പ്രവർത്തിക്കുന്നു. 2025 ആഗസ്റ്റിലെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഇത്തരം 1.8 ലക്ഷം കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

 

'മെഗാ ഫുഡ് പാർക്ക് ' പദ്ധതി കർഷകരും വിപണിയും തമ്മിലുള്ള ബന്ധം ശക്തമാക്കി. മെഗാ ഫുഡ് പാർക്കുകളുടെ എണ്ണം 2014-ലെ 2-ൽ നിന്ന് 2025-ൽ 41 ആയി വർദ്ധിച്ചു; ഇതിൽ 24 എണ്ണം പ്രവർത്തനക്ഷമവും 17 എണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്. സംസ്‌കരണം, സംഭരണം, ലോജിസ്റ്റിക്സ് എന്നിവയ്ക്കുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഈ പാർക്കുകൾ നൽകുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സംസ്‌കരണ ശേഷി എന്നിവ കാര്യക്ഷമത വർദ്ധിപ്പിക്കുകയും കർഷകർക്ക് മികച്ച വരുമാന അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

 

ഭക്ഷ്യസംസ്‌കരണ പരിഷ്കരണങ്ങളിലൂടെ കൃഷിയെയും വ്യവസായത്തെയും ബന്ധിപ്പിക്കൽ :

 

 

കൃഷിയും വ്യവസായവും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി ഭക്ഷ്യസംസ്‌കരണ മേഖല ഉയർന്നുവന്നിട്ടുണ്ട്. ഇത് മൂല്യവർദ്ധനയെ പിന്തുണയ്ക്കുകയും വിപണി ലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ മേഖലയിലെ മൊത്തം മൂല്യവർദ്ധന (GVA) 2014-15 ലെ 1.34 ലക്ഷം കോടി രൂപയിൽ നിന്ന് 2023-24 ൽ 2.24 ലക്ഷം കോടി രൂപയായി ഉയർന്നു. ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 2014-15 ലെ 785.86 കോടി രൂപയിൽ നിന്ന് 2026-27 ൽ 4,064 കോടി രൂപയായി വർദ്ധിപ്പിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ മേഖല വലിയ സംഭാവന നൽകുന്നുണ്ട്. വ്യാവസായിക വാർഷിക സർവ്വേ (ASI, 2023–24) പ്രകാരം, സംഘടിത ഉൽപ്പാദന മേഖലയിലെ തൊഴിലിൻ്റെ   12.83 ശതമാനവും ഈ മേഖലയിലാണ്.

 

ഭക്ഷ്യസംസ്‌കരണ വ്യവസായത്തിനായുള്ള ഉൽപാദന അധിഷ്ഠിത കിഴിവ് പദ്ധതി (PLISFPI) 2021-22 മുതൽ 2026-27 വരെ നടപ്പിലാക്കുന്നുണ്ട്. 10,900 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഈ മേഖലയിലെ ശേഷി വികസനവും മൂല്യവർദ്ധനയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

 

 * PLISFPI-ക്ക് കീഴിൽ വിവിധ വിഭാഗങ്ങളിലായി 165 അപേക്ഷകൾ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

 * ഈ അംഗീകാരങ്ങൾ 274 പദ്ധതി പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

 * പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾ 9,207 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 * 2026 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 2,162.55 കോടി രൂപയുടെ പ്രോത്സാഹന തുക (incentives) വിതരണം ചെയ്തു കഴിഞ്ഞു.

2020-21 ൽ ആരംഭിച്ച പ്രധാൻ മന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസസ് (PMFME) പദ്ധതി ചെറുകിട സംരംഭങ്ങളെയും വികേന്ദ്രീകൃത സംസ്‌കരണത്തെയും പിന്തുണയ്ക്കുന്നു.

2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്:

 * 4,04,062 അപേക്ഷകൾക്ക് പിന്തുണ നൽകി

 * 1,72,707 വായ്പകൾ ലഭ്യമാക്കി

 * 14,190 കോടി രൂപയുടെ ദീർഘകാല വായ്പകൾ (term lending) അനുവദിച്ചു

 * വനിതാ സ്വയംസഹായ സംഘങ്ങൾക്ക് (SHGs) 1,277.45 കോടി രൂപയുടെ പ്രാരംഭ മൂലധന (seed capital) സഹായം നൽകി.

ഈ സംരംഭങ്ങൾക്ക് പുറമേ, വൻകിട സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 

പ്രധാൻ മന്ത്രി കിസാൻ സമ്പദ യോജന (PMKSY) അടിസ്ഥാന സൗകര്യങ്ങൾ, മൂല്യവർദ്ധന, വിതരണ ശൃംഖലകൾ എന്നിവയെ പിന്തുണയ്ക്കുന്നു. 2017-ൽ 6,520 കോടി രൂപയുടെ വിഹിതത്തോടെ ആരംഭിച്ച ഈ പദ്ധതി 1,607 പ്രോജക്റ്റുകൾക്ക് അംഗീകാരം നൽകി. 2025 പകുതിയോടെയുള്ള കണക്കനുസരിച്ച് ഇത് 7.25 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 50.27 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ചെയ്യുകയും ചെയ്തു.

 

കാർഷിക വൈവിധ്യവൽക്കരണവും അനുബന്ധ മേഖലകളുടെ വളർച്ചയും:

 

 

അനുബന്ധ മേഖലകളിലേക്കുള്ള വൈവിധ്യവൽക്കരണം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും വിളകളെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റുകയും ചെയ്തിട്ടുണ്ട്. കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, ക്ഷീരോൽപ്പാദനം എന്നിവയുൾപ്പെടുന്ന അനുബന്ധ മേഖലകൾ ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ നൽകുകയും ഗ്രാമീണ തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 

ഈ മേഖലകളുടെ സാമ്പത്തിക സംഭാവന ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കന്നുകാലി സംരക്ഷണ മേഖല ഇതേ കാലയളവിൽ 5.10 ലക്ഷം കോടി രൂപയിൽ നിന്ന് 15.06 ലക്ഷം കോടി രൂപയായി വളർന്നു. മത്സ്യബന്ധന, അക്വാകൾച്ചർ മേഖലയും വിപുലീകരിക്കപ്പെട്ടു. ഇതിൻ്റെ   ജി.വി.എ. (GVA) 1.17 ലക്ഷം കോടി രൂപയിൽ നിന്ന് 3.68 ലക്ഷം കോടി രൂപയായി ഉയർന്നു, ഇത് കാർഷിക-അനുബന്ധ മേഖലയിലെ ആകെ ജി.വി.എ.യുടെ 7.55 ശതമാനമാണ്.

 

 ഗ്രാമീണ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയായി കന്നുകാലി സംരക്ഷണവും ക്ഷീരമേഖലയും :

2014-15 മുതൽ കന്നുകാലി സംരക്ഷണ മേഖല 12.77 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള ഉൽപ്പാദനത്തിൻ്റെ   ഏകദേശം 25 ശതമാനം സംഭാവന ചെയ്തുകൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായി തുടരുന്നു. പാൽ ഉൽപ്പാദനം 2014-15 ലെ 146.31 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 247.87 ദശലക്ഷം ടണ്ണായി വർദ്ധിച്ചു, ഇത് 69.4 ശതമാനത്തിലധികം വളർച്ചയാണ് കാണിക്കുന്നത്. ഉൽപ്പാദനത്തിലുണ്ടായ ഈ വർദ്ധന പോഷകാഹാര ലഭ്യതയെ മെച്ചപ്പെടുത്തി. ആഗോള ശരാശരിയായ പ്രതിദിനം 328 ഗ്രാം എന്നതിനേക്കാൾ ഉയർന്ന നിരക്കിൽ, 2024-25 ൽ ഇന്ത്യയിലെ പ്രതിശീർഷ പാൽ ലഭ്യത പ്രതിദിനം 485 ഗ്രാമിലെത്തി.

ഉൽപ്പാദനക്ഷമതയിലുണ്ടായ നേട്ടങ്ങൾ ഈ വിപുലീകരണത്തിന് കാരണമായിട്ടുണ്ട്:

 

 

തദ്ദേശീയ ഇനം പശുക്കളുടെ ഉൽപ്പാദനക്ഷമത 2014-15 ലെ 927 കിലോഗ്രാമിൽ നിന്ന് 2023-24 ൽ 1,292 കിലോഗ്രാമായി വർദ്ധിച്ചു.

 * എരുമകളുടെ ഉൽപ്പാദനക്ഷമത 1,880 കിലോഗ്രാമിൽ നിന്ന് 2,161 കിലോഗ്രാമായി ഉയർന്നു.

 * മൊത്തത്തിലുള്ള കന്നുകാലി ഉൽപ്പാദനക്ഷമത 2013-14 ലെ 1,648.17 കിലോഗ്രാമിൽ നിന്ന് 2024-25 ൽ 2,079 കിലോഗ്രാമായി മെച്ചപ്പെട്ടു.

കോഴി വളർത്തൽ, മാംസം ഉൽപ്പാദനം എന്നിവയും വിപുലീകരിക്കപ്പെട്ടു; ആഗോളതലത്തിൽ മുട്ട ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തും മാംസ ഉൽപ്പാദനത്തിൽ നാലാം സ്ഥാനത്തുമാണ് ഇന്ത്യ:

 മുട്ട ഉൽപ്പാദനം- 2014-15 ലെ 78.48 ശതകോടിയിൽ നിന്ന് 2024-25 ൽ 149.11 ശതകോടിയായി വർദ്ധിച്ചു.

 * പ്രതിവർഷ പ്രതിശീർഷ മുട്ട ലഭ്യത 62-ൽ നിന്ന് 106 ആയി ഉയർന്നു.

 മാംസം ഉൽപ്പാദനം-6.69 ദശലക്ഷം ടണ്ണിൽ നിന്ന് 10.50 ദശലക്ഷം ടണ്ണായി വർദ്ധിച്ചു.

 

അക്വാകൾച്ചർ വിപുലീകരണം മുതൽ മത്സ്യബന്ധനം വരെ...

 

 

കഴിഞ്ഞ ഒരു പതിറ്റാണ്ടായി, ഇന്ത്യയുടെ മത്സ്യബന്ധന മേഖല 8.74 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം മത്സ്യ ഉത്പാദനം 2013-14 ലെ 9.58 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 19.78 ദശലക്ഷം ടണ്ണായി ഉയർന്നു. ഉൾനാടൻ മത്സ്യബന്ധനവും ഉൾനാടൻ മത്സ്യകൃഷിയുമാണ് ഈ വളർച്ചയുടെ പ്രധാന ചാലകശക്തികൾ. ഇതേ കാലയളവിൽ ഈ മേഖല 147 ശതമാനം വളർച്ച രേഖപ്പെടുത്തി, അതായത് ഉത്പാദനം 6.14 ദശലക്ഷം ടണ്ണിൽ നിന്ന് 15.16 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. കൂടാതെ, മത്സ്യബന്ധന മേഖലയിൽ 2,195 കാർഷിക മത്സ്യ ഉത്പാദക സംഘടനകൾ (FFPOs) രൂപീകരിച്ചതിലൂടെ കർഷകരുടെ കൂട്ടായ്മകൾ ശക്തമാക്കപ്പെട്ടു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് കീഴിൽ 4.39 ലക്ഷം മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയതോടെ ഈ മേഖലയ്ക്കുള്ള സ്ഥാപനപരമായ പിന്തുണയും വിപുലീകരിക്കപ്പെട്ടു. ഇത് വായ്പ ലഭ്യമാക്കുന്നതിൽ പുരോഗതി ഉണ്ടാക്കുകയും ഈ മേഖലയുടെ സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്തു.

 

തേനീച്ച വളർത്തലിലും ജൈവ ഊർജത്തിലും ഉയർന്നുവരുന്ന അവസരങ്ങൾ

നാഷണൽ ബീക്കീപ്പിംഗ് ആൻഡ് ഹണി മിഷൻ (NBHM):ശാസ്ത്രീയമായ തേനീച്ച വളർത്തലും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 2020-ൽ നാഷണൽ ബീക്കീപ്പിംഗ് ആൻഡ് ഹണി മിഷൻ ആരംഭിച്ചു. തേൻ ഉത്പാദനം 0.081 ദശലക്ഷം ടണ്ണിൽ നിന്ന് 0.152 ദശലക്ഷം ടണ്ണായി ഉയർന്നു. കൂടാതെ, കയറ്റുമതിയിൽ 240 ശതമാനം വളർച്ചയുണ്ടായതോടെ ഇന്ത്യ മുൻനിര തേൻ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറി.

 

**എഥനോൾ മിശ്രണ പെട്രോൾ പദ്ധതി (EBP) :** കാർഷിക വൈവിധ്യവൽക്കരണത്തിൻ്റെ   ഒരു പ്രധാന ഘടകമായി ജൈവ ഊർജ്ജം മാറിയിരിക്കുന്നു. ഇത് ഊർജ്ജ സുരക്ഷയ്ക്ക് സംഭാവന നൽകുന്നതോടൊപ്പം കർഷകരുടെ വരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

കരിമ്പ് ഉൽപന്നങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു കാർഷിക അധിഷ്ഠിത ഇന്ധനമാണ് എഥനോൾ. എഥനോൾ മിശ്രണ പെട്രോൾ പദ്ധതി , ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിനുമായി പെട്രോളിൽ എഥനോൾ കലർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നു.

 

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ പദ്ധതി ഗണ്യമായി വിപുലീകരിക്കപ്പെട്ടു:

 * എഥനോൾ സംഭരണം 2013-14 ലെ 38 കോടി ലിറ്ററിൽ നിന്ന് 2024-25 ൽ 904 കോടി ലിറ്ററായി വർദ്ധിച്ചു.

 * ഇബിപി (EBP) പ്രോഗ്രാമിന് കീഴിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMCs) പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ ശരാശരി അളവ് , 2014-15 ലെ 1.14 ശതമാനത്തിൽ നിന്ന് 2025-26 ലെ എഥനോൾ വിതരണ വർഷത്തേക്ക് (ESY - 2026 ജനുവരി വരെയുള്ള കണക്ക് പ്രകാരം) 20 ശതമാനമായി ഉയർന്നു.

 * കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ എഥനോൾ വിൽപ്പനയിലൂടെ പഞ്ചസാര മില്ലുകൾ 1.29 ലക്ഷം കോടിയിലധികം രൂപ സമ്പാദിച്ചു.

 * ഈ മേഖലയിൽ 42,000 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞു.

 

 

ജൈവ ഊർജ്ജ സംരംഭങ്ങൾ കർഷകരുടെ വരുമാന വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതോടൊപ്പം വിശാലമായ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു എന്നാണ് ഈ പ്രവണത വ്യക്തമാക്കുന്നത്.

 

കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ആഗോള സംയോജനം മെച്ചപ്പെടുത്തൽ

 

കാർഷിക അനുബന്ധ കയറ്റുമതികൾ ആഗോള വിപണികളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ശക്തമാക്കിയിട്ടുണ്ട്. ഉത്പാദനം, സംസ്കരണ ശേഷി, വിപണി ലഭ്യത എന്നിവയിലുണ്ടായ വളർച്ച ഈ വിപുലീകരണത്തിന് അടിത്തറയേകി.

കാർഷിക കയറ്റുമതിയുടെ മൂല്യം 2013-14 ലെ 37.29 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2024-25 ൽ 51.1 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു. ഇത് ഏകദേശം 37 ശതമാനത്തിൻ്റെ   വളർച്ച രേഖപ്പെടുത്തുന്നു. ആഗോള വ്യാപാരവുമായും മൂല്യശൃംഖലകളുമായും ഇന്ത്യൻ കൃഷി മേഖല ക്രമമായി സംയോജിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

 

കയറ്റുമതി വിഭവങ്ങളുടെ വൈവിധ്യവൽക്കരണം:

പ്രാഥമിക ഉത്പന്നങ്ങളുടെയും സംസ്കരിച്ച ഉത്പന്നങ്ങളുടെയും കയറ്റുമതി വിപണി വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. അരി, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്ര ഉത്പന്നങ്ങൾ, പരുത്തി, പഞ്ചസാര എന്നിവയുടെ ആഗോളതലത്തിലെ മുൻനിര കയറ്റുമതി രാജ്യമായി ഇന്ത്യ മാറി.

കാലക്രമേണ കാർഷിക കയറ്റുമതിയിൽ സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ പങ്ക് വർദ്ധിച്ചിട്ടുണ്ട്. ഇവയുടെ വിഹിതം 2014-15 ലെ 13.7 ശതമാനത്തിൽ നിന്ന് 2024-25 ൽ 20.4 ശതമാനമായി ഉയർന്നു, ഇത് ഏകദേശം 49 ശതമാനത്തിൻ്റെ   വർദ്ധനയാണ്. ഇത് മൂല്യവർദ്ധന മെച്ചപ്പെടുന്നതിനേയും ആഗോളതലത്തിലുള്ള മത്സരശേഷി മെച്ചപ്പെടുന്നതിനെയും പ്രതിഫലിപ്പിക്കുന്നു.

സമുദ്രോത്പന്ന കയറ്റുമതിയും ഈ മേഖലയിൽ ശക്തമായ വളർച്ച കൈവരിച്ചിട്ടുണ്ട്. കടൽ വിഭവങ്ങളുടെ കയറ്റുമതി 2013-14 ലെ 3.64 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2024-25 ൽ ഏകദേശം 7.52 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു. ഇത് ഏകദേശം 106 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ കയറ്റുമതികൾ ഇപ്പോൾ 130-ലധികം രാജ്യങ്ങളിലേക്ക് എത്തുന്നുണ്ട്, ഇത് ആഗോള സമുദ്രോത്പന്ന വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുന്നു.

 

 

 വൈവിധ്യമാർന്നതും മൂല്യവർദ്ധിതവുമായ ഒരു കയറ്റുമതി ഘടനയിലേക്കുള്ള മാറ്റത്തെയാണ് ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. കാർഷിക കയറ്റുമതികൾ പ്രാഥമിക ഉത്പന്നങ്ങൾക്കപ്പുറം സംസ്കരിച്ചതും ഉയർന്ന മൂല്യമുള്ളതുമായ ഉത്പന്നങ്ങളിലേക്ക് കൂടുതലായി മാറിക്കൊണ്ടിരിക്കുകയാണ്.

 

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും കൃഷി നവീകരിക്കൽ:

സാങ്കേതികവിദ്യ കാർഷിക രീതികളെ കൂടുതലായി സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ സംവിധാനങ്ങൾ ആസൂത്രണം മെച്ചപ്പെടുത്താനും സേവന വിതരണം ശക്തമാക്കാനും കർഷകർക്ക് കൃത്യസമയത്ത് വിവരങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നു.

ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷൻ:ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷൻ കൃഷിക്കായി ഒരു ഏകീകൃത ഡിജിറ്റൽ വ്യവസ്ഥിതി രൂപീകരിക്കുന്നു. ഇത് കൃത്യമായ ലക്ഷ്യനിർണ്ണയവും സുതാര്യതയും ഉറപ്പാക്കുന്നതിനായി കർഷകരുടെ ഡാറ്റാബേസുകൾ, ഭൂമി രേഖകൾ, വിള വിവരങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നു.

 

ഡിജിറ്റലൈസേഷൻ്റെ   അളവിൽ ഈ വിപുലീകരണം വ്യക്തമായി കാണാം. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 7.63 കോടിയിലധികം കർഷക ഐഡികൾ സൃഷ്ടിക്കപ്പെടുകയും ഏകദേശം 23.5 കോടി വിള നിലങ്ങൾ ഡിജിറ്റൈസ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംവിധാനങ്ങൾ മികച്ച ആസൂത്രണത്തെ പിന്തുണയ്ക്കുകയും ആനുകൂല്യങ്ങൾ കൂടുതൽ കൃത്യമായി വിതരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

 

നമോ ഡ്രോൺ ദീദി: 2023-ൽ ആരംഭിച്ച ഈ സംരംഭം, വനിതാ സ്വയംസഹായ സംഘങ്ങൾ (SHGs) വഴി കാർഷിക ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിലേക്ക് 1,261 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെയാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്.

 

ഈ പദ്ധതിക്ക് കീഴിൽ 2023-24 ൽ 500 ഡ്രോണുകൾ വിതരണം ചെയ്തു. ഡ്രോൺ അധിഷ്ഠിത ഉപജീവന അവസരങ്ങളിലൂടെയും ആധുനിക കാർഷിക സാങ്കേതികവിദ്യയിലൂടെയും ഈ പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുന്നു.

 

 ദേശീയ കീട നിരീക്ഷണ സംവിധാനം:  ഈ സംവിധാനം കീടങ്ങളുടെ ആക്രമണം തത്സമയം നിരീക്ഷിക്കാൻ സഹായിക്കുന്നു. കർഷകർക്ക് സമയബന്ധിതമായ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകുന്നതിനായി ഇത് ഡിജിറ്റൽ ടൂളുകളും ഫീൽഡ് തലത്തിലുള്ള വിവരങ്ങളും ഉപയോഗിക്കുന്നു.

 

2024 ഓഗസ്റ്റിൽ ആരംഭിച്ച ഈ സംവിധാനം 66 വിളകളെ ഉൾക്കൊള്ളുകയും 432 ലധികം കീടവർഗ്ഗങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നു. പതിനായിരത്തിലധികം ഫീൽഡ് ഉദ്യോഗസ്ഥർ ഇത് ഉപയോഗിക്കുന്നുണ്ട്, ഇത് കർഷകർക്ക് സമയബന്ധിതമായ ഉപദേശങ്ങൾ നൽകാൻ പ്രാപ്തമാക്കുന്നു. ഇത് വിളനാശം കുറയ്ക്കാനും പുതിയ രോഗ-കീട ഭീഷണികളോട് വേഗത്തിൽ പ്രതികരിക്കാനും സഹായിക്കുന്നു.

 

കിസാൻ ഇ-മിത്ര:കിസാൻ ഇ-മിത്ര കർഷകർക്ക് വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഈ പ്ലാറ്റ്‌ഫോം 95 ലക്ഷത്തിലധികം അന്വേഷണങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്, ഇതിന് പ്രതിദിനം 8,000-ലധികം ചോദ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഇത് 11 പ്രാദേശിക ഭാഷകളിൽ ലഭ്യമാണ്.വിവിധ പ്രദേശങ്ങളിലെ കർഷകർക്ക് വിവരങ്ങൾ എളുപ്പത്തിൽ ഇതിലൂടെ പ്രാപ്യമാക്കുന്നു.

 

ലക്ഷ്യാധിഷ്ഠിതമായ ഈ സംരംഭങ്ങൾ സാങ്കേതികവിദ്യയിലധിഷ്ഠിതമായ കൃഷിയിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഡിജിറ്റൽ ടൂളുകൾ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും സ്ഥാപനപരമായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും സേവനങ്ങൾ, വിവരങ്ങൾ, അപകടസാധ്യത കൈകാര്യം ചെയ്യൽ സംവിധാനങ്ങൾ എന്നിവയിലേക്ക് വേഗത്തിലുള്ള പ്രവേശം സാധ്യമാക്കുകയും ചെയ്യുന്നു.

 

വിജ്ഞാനത്തിലൂടെയുള്ള വളർച്ച: കാർഷിക വിജ്ഞാന വ്യാപന-നിർദേശക സേവനങ്ങളുടെ വിപുലീകരണം

 

കൃഷി കൂടുതൽ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളോട് സംവേദനക്ഷമതയുള്ളതുമായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, കർഷകരുടെ വിജ്ഞാന രീതി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. പരിശീലനങ്ങളും കൃഷി വിജ്ഞാന വ്യാപന (Extension) പരിപാടികളും കർഷകരെ മെച്ചപ്പെട്ട രീതികൾ അവലംബിക്കാനും പ്രാദേശിക വെല്ലുവിളികളെ നേരിടാനും ശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശക പിന്തുണ ലഭ്യമാക്കാനും സഹായിക്കുന്നു.

 

*കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVKs):* ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) സ്ഥാപിച്ച കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ രാജ്യത്തുടനീളമുള്ള കർഷക പരിശീലനത്തിനായുള്ള മുൻനിര കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. 731 കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിലൂടെ, കാർഷിക രീതികളെയും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെയും ക്കുറിച്ചുള്ള പരിശീലന പരിപാടികൾ 2021-22 നും 2023-24 നും ഇടയിൽ ഏകദേശം 58.02 ലക്ഷം കർഷകരിലേക്ക് എത്തിച്ചേർന്നു. 2024-25 ലെ ആദ്യ പത്ത് മാസങ്ങളിൽ മാത്രം 18.56 ലക്ഷം കർഷകർക്ക് പരിശീലനം നൽകി.

 

*അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ്  ഏജൻസി (ATMA):*  അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ്  ഏജൻസി വികേന്ദ്രീകൃത കാർഷിക വിജ്ഞാന വ്യാപന സംവിധാനങ്ങളെ പിന്തുണയ്ക്കുന്നു. ഇത് ജില്ലാ തലത്തിലുള്ള കർഷക മാർഗനിർദേശക സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ഈ പദ്ധതിക്ക് കീഴിലുള്ള പരിശീലന പരിധി ഗണ്യമായി തുടർന്നിട്ടുണ്ട്. 2021-22-ൽ ഏകദേശം 32.38 ലക്ഷം കർഷകർക്കും, തുടർന്ന് 2022-23-ൽ 40.11 ലക്ഷം പേർക്കും, 2023-24-ൽ 36.60 ലക്ഷം പേർക്കും പരിശീലനം നൽകി. 2025 ജനുവരിയോടെ ഏകദേശം 18.30 ലക്ഷം കർഷകർക്ക് പരിശീലനം ലഭിച്ചുകഴിഞ്ഞു.

 

മൊത്തത്തിൽ, 2021-നും 2025-നും ഇടയിൽ ആത്മ (ATMA) പദ്ധതിക്ക് കീഴിൽ ഏകദേശം 1.27 കോടി കർഷകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഈ ശ്രമങ്ങൾ അവബോധം വർദ്ധിപ്പിക്കുന്നതിനും മികച്ച കാർഷിക രീതികൾ കർഷകർ സ്വീകരിക്കുന്നതിനും കാരണമായി.

 

കൂടാതെ, കൃഷി വിജ്ഞാന വ്യാപന സേവനങ്ങൾ മികച്ച രീതികൾ അവലംബിക്കാനും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും കർഷകരെ സഹായിക്കുന്നുണ്ട്. ഗവേഷണങ്ങളും ഫീൽഡ് തലത്തിലുള്ള നടപ്പാക്കലുകളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇവ സഹായിക്കുന്നു.

 

സുസ്ഥിരവും സംയോജിതവുമായ ഒരു കാർഷിക വ്യവസ്ഥിതിയിലേക്കുള്ള മുന്നേറ്റം:

ലക്ഷ്യാധിഷ്ഠിതമായ ഈ ഇടപെടലുകൾ ഇന്ത്യയുടെ കാർഷിക മേഖലയിലെ ഘടനാപരമായ മാറ്റത്തിന് അടിവരയിടുന്നു. ഉൽപ്പാദനക്ഷമത, വരുമാന സ്ഥിരത, അപകടസാധ്യത കുറയ്ക്കൽ എന്നിവയിലാണ് നയപരമായ പരിഷ്കാരങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വർദ്ധിച്ച ഉൽപ്പാദനവും സ്ഥാപനപരമായ കാര്യക്ഷമതയും കൂടുതൽ സുസ്ഥിരമായ ഒരു വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മെച്ചപ്പെട്ട വായ്പ ലഭ്യമാക്കൽ, ഇൻഷുറൻസ്, വർധിപ്പിച്ച താങ്ങുവില (MSP) നടപടികൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിന് പിന്തുണയേകുന്നു.

 

സംയോജിത മൂല്യശൃംഖലകളിലെ തന്ത്രപരമായ നിക്ഷേപങ്ങൾ കൃഷിയിടത്തിൽ നിന്ന് വിപണിയിലേക്കുള്ള ബന്ധങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. കൂടാതെ, കാർഷിക അനുബന്ധ പ്രവർത്തനങ്ങളുടെ വിപുലീകരണം ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ ഫലപ്രദമായി വൈവിധ്യവൽക്കരിച്ചു. അതിലുപരിയായി, ഈ ഇടപെടലുകൾ 'അന്നദാതാക്കളെ' (കർഷകരെ) ശാക്തീകരിക്കുന്നതോടൊപ്പം കൂടുതൽ പ്രതിരോധശേഷിയുള്ളതും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു കാർഷിക മേഖലയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു.

 

അവലംബം

Cabinet Committee on Economic Affairs (CCEA)

https://www.pib.gov.in/PressReleaseIframePage.aspx?PRID=2095068&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2265788&reg=3&lang=1

Ministry of Agriculture and Farmers Welfare

https://www.pib.gov.in/PressReleasePage.aspx?PRID=2237739&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2239789&reg=3&lang=2

https://sansad.in/getFile/loksabhaquestions/annex/187/AS450_OAibYg.pdf?source=pqals

https://www.pib.gov.in/newsite/PrintRelease.aspx?relid=105862&reg=3&lang=2

https://sansad.in/getFile/loksabhaquestions/annex/187/AS450_OAibYg.pdf?source=pqals

https://www.pib.gov.in/newsite/PrintRelease.aspx?relid=110936&reg=3&lang=2

https://www.pib.gov.in/newsite/PrintRelease.aspx?relid=112426&reg=3&lang=2

https://www.pib.gov.in/FactsheetDetails.aspx?Id=149244&reg=3&lang=2

https://www.pib.gov.in/PressReleaseDetail.aspx?PRID=2244628&reg=3&lang=1

https://icar.org.in/en/agricultural-extension-division/achievements-agricultural-extension-division

https://sansad.in/getFile/annex/270/AU3226_xbrVz9.pdf?source=pqars

 

Ministry of Finance

https://www.indiabudget.gov.in/doc/eb/allsbe.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2251315&reg=3&lang=1#:~:text=In%20this%20context%2C%20it%20is,like%20pulses%20and%20edible%20oilseeds

https://sansad.in/getFile/annex/270/AU1981_EnKkCu.pdf?source=pqars#:~:text=The%20credit%20limit%20to%20all,60.50%25%20in%202016%2D17

https://www.mofpi.gov.in/sites/default/files/ob_14-15.pdf.pdf

https://www.pib.gov.in/newsite/PrintRelease.aspx?relid=106273&reg=3&lang=2#:~:text=Agricultural%20Exports%20Increase%20by%205.1,Marine%20Exports%20up%20by%2045%25&text=Agricultural%20exports%20(including%20marine)%20grew,44.8%25%20over%20the%20same%20period

https://www.pib.gov.in/PressReleasePage.aspx?PRID=2237490&reg=3&lang=1

Ministry of Chemicals and Fertilizers

https://www.pib.gov.in/PressReleaseDetail.aspx?PRID=2239623&reg=3&lang=1#:~:text=Encouraging%20adoption%20of%20alternative%20fertilizers,its%20inception%20in%202015%E2%80%9316

 

Ministry of New and Renewable Energy

https://www.pib.gov.in/PressReleasePage.aspx?PRID=2042069&reg=3&lang=2#:~:text=Posted%20On:%2006%20AUG%202024%202:56PM%20by,under%20the%20PM%2DKUSUM%20scheme%20benefiting%20the%20farmers:%2D

https://www.pib.gov.in/PressReleaseDetail.aspx?PRID=2244667&reg=1&lang=1

 

Ministry of Consumer Affairs, Food & Public Distribution

https://www.pib.gov.in/PressReleasePage.aspx?PRID=2210211

 

Ministry of Cooperation

https://www.pib.gov.in/PressReleasePage.aspx?PRID=2247832&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2245119&reg=3&lang=2

 

Ministry of Food Processing Industries

https://www.pib.gov.in/PressReleseDetailm.aspx?PRID=2212769&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2254015&reg=3&lang=2

 

Ministry of Fisheries, Animal Husbandry & Dairying

https://www.pib.gov.in/PressReleasePage.aspx?PRID=2212290&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2225760

 

Ministry of Petroleum & Natural Gas

https://www.pib.gov.in/PressReleasePage.aspx?PRID=2220434&reg=3&lang=2

https://sansad.in/getFile/annex/270/AU1898_HVBDeE.pdf?source=pqars

 

PIB Backgrounder

https://www.pib.gov.in/PressNoteDetails.aspx?NoteId=157935&ModuleId=3&reg=3&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2238004&reg=3&lang=2

https://www.pib.gov.in/FactsheetDetails.aspx?Id=149246&reg=37&lang=1

https://static.pib.gov.in/WriteReadData/specificdocs/documents/2025/jun/doc202567565801.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2179514

https://www.pib.gov.in/PressNoteDetails.aspx?id=158169&NoteId=158169&ModuleId=3&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2234117&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=155859&ModuleId=3&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2254015&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=157597&ModuleId=3&reg=3&lang=1

https://static.pib.gov.in/WriteReadData/specificdocs/documents/2026/feb/doc2026214789901.pdf

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=157897&id=157897&reg=3&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=2186124&reg=3&lang=2

Click here to see PDF

 

***


(रिलीज़ आईडी: 2271198) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Bengali-TR , Gujarati , Tamil