സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ പുതിയ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

प्रविष्टि तिथि: 10 JUN 2026 1:52PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം (CGGPOA) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി.

ലോകോത്തര നഗര കേന്ദ്രമായി വികസിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുള്ള, പുതിയ ​ഗ്രീൻഫീൽഡ് നഗരമായ അമരാവതിയിലെ ഒരു നാഴികക്കല്ലായ സംരംഭമാണ് ഈ പദ്ധതി. വിവിധ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളെ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിലൂടെ അവയ്ക്കായുള്ള ഓഫീസ് സൗകര്യങ്ങളുടെ വർധിച്ച ആവശ്യകത പരിഹരിക്കുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം. ഈ ഏകീകരണം വകുപ്പുകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുകയും ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന് കേന്ദ്ര ഗവൺമെന്റ് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുകയും ചെയ്യും.

5.53 ഏക്കർ വിസ്തൃതിയിലാണ് ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിലെ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം (CGGPOA) വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ബ്ലോക്കുകൾ ഉൾക്കൊള്ളുന്നതാണ് CGGPOA. പ്ലോട്ട് സി-9-ൽ ഗ്രൗണ്ട്+13 നിലകളുള്ള ഒരു ബ്ലോക്കും (സർവീസുകൾക്കായി ഗ്രൗണ്ട് ഫ്ലോറും പോഡിയം പാർക്കിംഗിനായി മൂന്ന് നിലകളും ഓഫീസ് ആവശ്യങ്ങൾക്കായി പത്ത് നിലകളും),പ്ലോട്ട് സി-8-ൽ ഗ്രൗണ്ട്+10 നിലകളുള്ള മറ്റൊരു ബ്ലോക്കും (സർവീസുകൾക്കായി ഗ്രൗണ്ട് ഫ്ലോറും പോഡിയം പാർക്കിംഗിനായി മൂന്ന് നിലകളും ഓഫീസ് ആവശ്യങ്ങൾക്കായി ഏഴ് നിലകളും) ഉണ്ടായിരിക്കും. ഏകദേശം 8,000 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉൾക്കൊള്ളാൻ തക്കവണ്ണമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 1,800 ഇക്വിവലന്റ് കാർ സ്പേസുകൾക്ക് (ECS) വേണ്ടിയുള്ള പോഡിയം പാർക്കിംഗ് സൗകര്യവും നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ ആകെ നിർമ്മിത വിസ്തീർണ്ണം 23,25,000 ചതുരശ്ര അടിയാണ് (2,16,032 ചതുരശ്ര മീറ്റർ).

ലോകമെമ്പാടും പരിസ്ഥിതിസൗഹൃദവും വിഭവ-കാര്യക്ഷമവുമായ നിർമ്മാണ രീതികൾക്കുള്ള ഊന്നൽ വർധിച്ചുവരികയാണ്. ആന്ധ്രാപ്രദേശിലെ അമരാവതിയിൽ നിർദ്ദേശിച്ചിട്ടുള്ള കേന്ദ്ര ​ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം (CGGPOA) ഈ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും ഉയർന്ന ഹരിത കെട്ടിട മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ആസൂത്രണം ചെയ്യുന്നതും രൂപകൽപ്പന ചെയ്യുന്നതും. സുസ്ഥിര സ്ഥലവിനിയോഗ ആസൂത്രണം, മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, പ്രാദേശികമായി ലഭ്യമായ നിർമ്മാണ സാമഗ്രികളുടെ ഉപയോഗം, കെട്ടിടം ഉപയോഗിക്കുന്നവരുടെ മെച്ചപ്പെട്ട ആരോഗ്യവും സൗകര്യവും എന്നിവയിലൂടെ പരിസ്ഥിതി ആഘാതം കുറയ്ക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. കുറഞ്ഞത് GRIHA  4-സ്റ്റാർ റേറ്റിംഗ് നേടുന്ന രീതിയിലാണ് ഈ ക്യാമ്പസ് രൂപകൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും. കൂടാതെ 2024-ലെ എനർജി കൺസർവേഷൻ ആൻഡ് സസ്റ്റൈനബിൾ ബിൽഡിംഗ് കോഡിലെ (ECSBC) ഏറ്റവും പുതിയ വ്യവസ്ഥകൾ ഇത് പാലിക്കുകയും ചെയ്യും.

ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിലെ കേന്ദ്ര ​ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയത്തിൽ (CGGPOA) ജീവനക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എ.ടി.എം സൗകര്യമുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ്, ക്രഷ് (ശിശുസംരക്ഷണ കേന്ദ്രം), വിനോദ മുറി, ലേഡീസ് റൂം, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, 500 പേർക്ക് ഇരിക്കാവുന്ന മൾട്ടിപർപ്പസ് ഹാൾ, നാല് കാന്റീനുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിക്കും.

ഭിന്നശേഷിക്കാർക്ക് എളുപ്പത്തിലുള്ള പ്രവേശനവും സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുന്നതിനായി, ബാധകമായ സുഗമമായ പ്രവേശന മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട്, സുഗമമായ ഒരു അന്തരീക്ഷം ക്യാമ്പസിൽ ഉൾപ്പെടുത്തും.

ഈ പദ്ധതി വിദഗ്ധരും അർദ്ധവിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികൾക്ക് വൻതോതിൽ നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മാണ ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 7,00,000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു. പ്രവർത്തന ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 50,000 തൊഴിൽ ദിനങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

പദ്ധതി ചെലവും ഫണ്ടിംഗും

₹1,299.08 കോടിയാണ് ഈ പദ്ധതിയുടെ കണക്കാക്കപ്പെടുന്ന ചെലവ്. ഇത് 'ഹെഡ് ഓഫ് അക്കൗണ്ട്: 4059 ക്യാപിറ്റൽ ഔട്ട്ലേ ഓൺ പബ്ലിക് വർക്സ്' എന്നതിന് കീഴിൽ ബജറ്റ് വിഹിതത്തിലൂടെ ഇന്ത്യാ ​ഗവൺമെന്റ് ഫണ്ട് ചെയ്യും.

 

പദ്ധതിക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ

സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് (CPWD) മുഖേന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഈ പദ്ധതി നടപ്പിലാക്കുക. ടെൻഡറിന് മുന്നോടിയായുള്ള (പ്രീ-ബിഡ്) നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കൂടാതെ ടെൻഡർ രേഖകളുടെ തയ്യാറെടുപ്പുകൾ നിലവിൽ പുരോഗമിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ നിർദ്ദേശിച്ചിട്ടുള്ള കേന്ദ്ര ​ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം (CGGPOA)

***

NK


(रिलीज़ आईडी: 2271171) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Marathi , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada