വാണിജ്യ വ്യവസായ മന്ത്രാലയം
ഡബ്ല്യു.ടി.ഒ വ്യാപാര, പരിസ്ഥിതി വാരം 2026-ൽ കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് പദ്ധതിയും പുനരുപയോഗ ഊർജ്ജ മാനദണ്ഡങ്ങളും ഇന്ത്യ അവതരിപ്പിച്ചു
प्रविष्टि तिथि:
05 JUN 2026 6:39PM by PIB Thiruvananthpuram
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജനീവയിൽ നടന്ന ഡബ്ല്യു.ടി.ഒ വ്യാപാര, പരിസ്ഥിതി വാരം 2026-ൽ "ഇന്ത്യയുടെ കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് പദ്ധതിയുടെയും പുനരുപയോഗ ഊർജ്ജ രംഗത്തെ മാനദണ്ഡങ്ങളുടെയും അവതരണം" എന്ന ഒരു പ്രത്യേക പരിപാടി ഇന്ത്യ സംഘടിപ്പിച്ചു.
സുസ്ഥിര വികസനം, ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റം, പാരീസ് കരാറിന് കീഴിലുള്ള ദേശീയതലത്തിൽ നിർണ്ണയിക്കപ്പെട്ട വിഹിതം (NDCs) കൈവരിക്കൽ എന്നിവയ്ക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഈ പരിപാടിയിൽ എടുത്തുകാണിച്ചു. കുറഞ്ഞ കാർബൺ ഉദ്വമനമുള്ള ഒരു സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള നയപരവും നിയന്ത്രണപരവുമായ പ്രധാന സംരംഭങ്ങൾ ഈ സെഷനിൽ പ്രദർശിപ്പിച്ചു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC), ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE), ഊർജ്ജ മന്ത്രാലയം, നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധരും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളെയും പരിസ്ഥിതി സുസ്ഥിരതാ സംരംഭങ്ങളെയും കുറിച്ചുള്ള അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഇന്ത്യയുടെ എൻ.ഡി.സി ലക്ഷ്യങ്ങളിലെ നേട്ടങ്ങൾ, കാർബൺ വിപണി സംവിധാനങ്ങൾ, പ്രധാന പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന സംരംഭങ്ങൾ എന്നിവ ഈ അവതരണത്തിൽ എടുത്തുകാട്ടി. കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളിലും സുസ്ഥിര വികസനത്തിലും ഇന്ത്യയുടെ സമീപനത്തിൻ്റെ കാതലായ -സമത്വം, 'പൊതുവായതെങ്കിലും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളും ശേഷികളും' (CBDR-RC), ബഹുരാഷ്ട്ര സഹകരണം -എന്നീ തത്വങ്ങൾ ഇത് എടുത്തുകാണിച്ചു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിജ്ഞാബദ്ധതകൾ നിശ്ചിത സമയത്തിന് മുൻപ് തന്നെ ഇന്ത്യ തുടർച്ചയായി കൈവരിക്കുന്നുണ്ടെന്ന് പരിപാടിയിൽ വ്യക്തമാക്കി. 2026 മാർച്ചിലെ കണക്കനുസരിച്ച്, ഫോസിൽ ഇതര ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദന ശേഷിയുടെ വിഹിതം 53.21 ശതമാനത്തിലെത്തി. 2030-ഓടെ 50 ശതമാനം കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം, ഇത് ഏകദേശം അഞ്ച് വർഷം മുൻപേ തന്നെ ഇന്ത്യ നേടിയെടുത്തു. സമാനമായി, ജിഡിപിയുടെ ഉദ്വമന തീവ്രത 2005-നും 2022-നും ഇടയിൽ 37.38 ശതമാനം കുറഞ്ഞു. 2030-ഓടെ 33-35 ശതമാനം കുറയ്ക്കുക എന്ന എൻ.ഡി.സി ലക്ഷ്യമാണ് നിശ്ചിത സമയപരിധിക്ക് വളരെ മുൻപ് തന്നെ ഇന്ത്യ മറികടന്നത്.
ഇന്ത്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന കാർബൺ വിപണി ഘടനയെക്കുറിച്ചും പുനരുപയോഗ ഊർജ്ജ മേഖലകളിൽ മാനദണ്ഡങ്ങളും സർട്ടിഫിക്കേഷൻ ചട്ടക്കൂടുകളും സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഈ സെഷനിൽ വിശദീകരിച്ചു. കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിന് കീഴിൽ വികസിപ്പിച്ചെടുത്ത ഇന്ത്യൻ കാർബൺ വിപണിക്കായുള്ള ദേശീയ ചട്ടക്കൂട്, ഒരു ദേശീയ ഇലക്ട്രോണിക് കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കാനും ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളെ വിപണി അധിഷ്ഠിത മാർഗ്ഗങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
ദേശീയ ഹരിത ഹൈഡ്രജൻ മിഷന് കീഴിൽ കൈവരിച്ച പുരോഗതിയും പരിപാടിയിൽ അവതരിപ്പിച്ചു. ഹൈഡ്രജനെ "ഹരിത ഹൈഡ്രജൻ" എന്ന് തരംതിരിക്കുന്നതിനുള്ള ഉദ്വമന പരിധികളും സാങ്കേതിക മാനദണ്ഡങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ മാനദണ്ഡങ്ങൾ ഉൽപ്പാദകർക്കും നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും സുതാര്യതയും വിശ്വാസ്യതയും ഉറപ്പും നൽകാൻ ഉദ്ദേശിച്ചുള്ളതാണ്; ഒപ്പം ശക്തമായ ഒരു ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനെ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇതിനു മുൻപ്, 2026 ജൂൺ 2-ന്, ഡബ്ല്യു.ടി.ഒ വ്യാപാര, പരിസ്ഥിതി വാരത്തിനിടെ ഇന്ത്യയുടെയും ജപ്പാൻ്റെയും പ്രതിനിധി സംഘങ്ങൾ സുതാര്യതയെക്കുറിച്ചും ഏകപക്ഷീയമായ വ്യാപാര നിയന്ത്രണ നടപടികളെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. വ്യാപാരവും കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ അന്താരാഷ്ട്ര വ്യാപാരത്തിന് എങ്ങനെ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാമെന്നതിനെക്കുറിച്ചും, പരിമിതമായ ശേഷിയുള്ള ഗവണ്മെൻ്റുകളും പങ്കാളികളും ഇത്തരം നടപടികൾ പാലിക്കുന്നതിൽ നേരിടുന്ന പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
വ്യാപാരം, പരിസ്ഥിതി സുസ്ഥിരത, ഉദ്വമന മാനദണ്ഡങ്ങൾ, കാർബൺ വിപണികൾ എന്നിവയിലെ അനുഭവങ്ങളും നയപരമായ സമീപനങ്ങളും പങ്കുവെക്കാൻ ഇന്ത്യയ്ക്ക് ഡബ്ല്യു.ടി.ഒ വ്യാപാര, പരിസ്ഥിതി വാരം ഒരു പ്രധാന വേദിയൊരുക്കി. ഉചിതമായ നയപരമായ ചട്ടക്കൂടുകളിലൂടെയും സാങ്കേതിക നൂതനാശയങ്ങളിലൂടെയും സാമ്പത്തിക വളർച്ച, ഊർജ്ജ ലഭ്യത, പരിസ്ഥിതി സുസ്ഥിരത എന്നിവ ഒരേസമയം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു.
ഡബ്ല്യു.ടി.ഒ വ്യാപാര, പരിസ്ഥിതി വാരത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ആഗോള വ്യാപാര, പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്താനുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വഴികളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളിയാകുന്നതോടൊപ്പം ഇന്ത്യയുടെ ആഭ്യന്തര സംരംഭങ്ങളും നിയന്ത്രണ ചട്ടങ്ങളിലെ പുരോഗതികളും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരവും പരിപാടി നൽകി.
***
(रिलीज़ आईडी: 2269592)
आगंतुक पटल : 7