രാജ്യരക്ഷാ മന്ത്രാലയം
പ്രവർത്തന കാര്യക്ഷമത ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഫീൽഡ് കമാൻഡർമാരുടെ സാമ്പത്തിക പരിധിയിൽ രണ്ട് മടങ്ങ് വര്‍ധനയ്ക്ക് അംഗീകാരം നൽകി രാജ്യരക്ഷാ മന്ത്രി
प्रविष्टि तिथि:
04 JUN 2026 1:05PM by PIB Thiruvananthpuram
മെഡിക്കൽ, നിർമാണ പദ്ധതികൾ ഉൾപ്പെടെ പ്രതിരോധ സേവനങ്ങളുടെ പരിഷ്കരിച്ച സാമ്പത്തിക അധികാര നിര്‍വഹണ ഉത്തരവ് 2026 ജൂൺ 04-ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് ന്യൂഡൽഹിയിൽ പുറത്തിറക്കി. സാമ്പത്തിക അധികാരങ്ങള്‍ 100% വരെയും ചില സാഹചര്യങ്ങളില്‍ ഇരട്ടിയിലധികമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീൽഡ് കമാൻഡർമാരുടെ പ്രവർത്തനക്ഷമത കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ നടപടി കരാറുകൾ വേഗത്തിൽ പൂർത്തിയാക്കാനും അതിവേഗ പദ്ധതി നിര്‍വഹണത്തിനും വഴിയൊരുക്കും.
പ്രതിരോധ മേഖലയില്‍ വിദേശത്തെ യഥാര്‍ത്ഥ നിര്‍മാതാക്കളെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് മേഖലയിലെ 'സ്വയംപര്യാപ്തത' വർധിപ്പിക്കാന്‍ സൈനിക മേഖലയിലെ തദ്ദേശീയവൽക്കരണത്തിനും ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കുമായി അനുവദിച്ച സാമ്പത്തിക അധികാരം ഇരട്ടിയാക്കിയിട്ടുണ്ട്. പരിഷ്കരിച്ച ഈ സാമ്പത്തിക അധികാരം നടപ്പുസാമ്പത്തികവർഷത്തെ ബജറ്റ് വിഹിതമനുസരിച്ച് റവന്യൂ മാർഗത്തിലൂടെ 1.25 ലക്ഷം കോടിയിലേറെ രൂപ മൂല്യം വരുന്ന പ്രതിരോധ സാമഗ്രികൾ വാങ്ങുന്നത് സുഗമമാക്കും.
അടിയന്തര പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അനുവദിച്ച ആകെ പരിധിയിൽ 100% വർധന വരുത്തിയതിനൊപ്പം കരസേന/വ്യോമസേന/നാവികസേനാ കമാൻഡർമാർക്ക് നല്‍കിയ പ്രത്യേക സാമ്പത്തിക അധികാരങ്ങളിലും ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്. സാമ്പത്തിക അധികാരങ്ങൾ വര്‍ധിപ്പിച്ചതിന് പുറമെ പ്രതിരോധ സാമഗ്രികളുടെ സാധാരണ സംഭരണത്തേക്കാൾ ഉയർന്ന സാമ്പത്തിക അധികാരം നൽകി മുഖ്യ സേനാവിഭാഗത്തിന്റെ (Lead Service) നേതൃത്വത്തില്‍ സംയുക്ത സേവന സംഭരണ പ്രക്രിയ പ്രോത്സാഹിപ്പിക്കാന്‍ പുതിയ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ സാമഗ്രികളും സേവനങ്ങളും ലഭ്യമാക്കുന്ന പ്രക്രിയ വികേന്ദ്രീകരിക്കാന്‍ അധികാരം നല്‍കിയ നിരവധി പുതിയ സാമ്പത്തിക സമിതികളെയും അവതരിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക അധികാരങ്ങൾ അവസാനമായി വിജ്ഞാപനം ചെയ്തത് 2021-ലാണ്. സേനാ വിഭാഗങ്ങളുടെ വിപുലീകരണത്തിനൊപ്പം ബജറ്റ് വിഹിതത്തിലെ വർധനയ്ക്ക് ആനുപാതികമായ പ്രവർത്തനങ്ങൾക്കും പരിപാലനത്തിനും കൂടിവരുന്ന ചെലവുകൾ കൈകാര്യം ചെയ്യാനും ഈ പരിഷ്കരണം അനിവാര്യമായിരുന്നു. സാമ്പത്തിക അധികാരങ്ങളിലെ ഈ മാറ്റവും പ്രതിരോധ സാമഗ്രികളുടെയും സേവനങ്ങളുടെയും വാങ്ങല്‍ സംബന്ധിച്ച് 2025 ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത പരിഷ്കരിച്ച നിയമാവലിയും ചേരുന്നതോടെ ദ്രുതഗതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഈ പ്രക്രിയയ്ക്ക് വലിയ ഉത്തേജനം പകരാനും അവസരമൊരുങ്ങും. പ്രതിരോധ സേനകളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിഭവങ്ങൾ യഥാസമയം ലഭ്യമാക്കാന്‍ ഇത് സഹായിക്കും.
സംയുക്ത സൈനിക മേധാവി എൻ.എസ്. രാജ സുബ്രഹ്മണി, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്, പ്രതിരോധ ഉല്പാദന സെക്രട്ടറി ശ്രീ സഞ്ജീവ് കുമാർ, വിമുക്തഭടന്മാരുടെ ക്ഷേമവിഭാഗം സെക്രട്ടറി ശ്രീമതി സുകൃതി ലിഖി, പ്രതിരോധ സാമ്പത്തിക സെക്രട്ടറി ശ്രീ വിശ്വജിത് സഹായി, വ്യോമസേന ഉപമേധാവി എയർ മാർഷൽ നാഗേഷ് കപൂർ, പ്രതിരോധ അക്കൗണ്ട്സ് കൺട്രോളർ ജനറൽ ശ്രീ അനുഗ്രഹ നാരായണ ദാസ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
SKY
********
(रिलीज़ आईडी: 2268925)
आगंतुक पटल : 4