പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും കർഷകർക്കായി കൂടുതൽ വരുമാന അവസരങ്ങൾ സൃഷ്ടിക്കാനും, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും ഉള്ള പ്രായോഗിക പരിഹാരം ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നു: ശ്രീ. ഹർദീപ് സിംഗ് പുരി

प्रविष्टि तिथि: 03 JUN 2026 9:20PM by PIB Thiruvananthpuram
അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും, എഥനോൾ ആവശ്യകതയിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും, കാർബൺ ബഹിർഗമനം കുറഞ്ഞ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ഫ്ലെക്സ് -ഇന്ധന വാഹനങ്ങൾ ഇന്ത്യയ്ക്ക് ഒരു പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യുന്നുവെന്ന്, ന്യൂഡൽഹിയിൽ ഹീറോ മോട്ടോകോർപ്പിന്റെ ആദ്യ ഫ്ലെക്സ്-ഇന്ധന മോട്ടോർസൈക്കിൾ പുറത്തിറക്കുന്ന ചടങ്ങിൽ  കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. കേന്ദ്ര ഉപരിതല, ഗതാഗത, ദേശീയ പാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി ചടങ്ങിൽ സന്നിഹിതനായിരുന്നു.

 ഇന്ത്യയുടെ ഊർജ്ജ ചരിത്രത്തിലെ ഒരു പുതിയ അധ്യായമായാണ് ശ്രീ പുരി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്, E20 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിതങ്ങൾക്ക് അനുയോജ്യമായ പുതിയ മോട്ടോർസൈക്കിളുകളാണ്  അവതരിപ്പിക്കപ്പെട്ടത്. സ്പ്ലെൻഡർ+, HF ഡീലക്സ് ഫ്ലെക്സ് ഇന്ധന മോട്ടോർസൈക്കിളുകൾ നിരത്തിലിറങ്ങുന്നത്. ഇറക്കുമതി ചെയ്ത അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നതിനുപകരം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോളിലൂടെ ഊർജ്ജ സ്വയംപര്യാപ്തത സാധ്യമാക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിലൊന്നാണ് ഇന്ത്യയുടേത്, 30 കോടിയിലധികം  വരുന്ന സജീവമായ ഇരുചക്ര വാഹന നിര ഇന്ത്യയ്ക്കുണ്ട്. ഫ്ലെക്സ്-ഇന്ധന സാങ്കേതികവിദ്യയ്ക്ക് അഭൂതപൂർവമായ തോതിൽ ഗതാഗത മേഖലയെ പരിവർത്തനം ചെയ്യാൻ ശേഷിയുമുണ്ട്.
 
പെട്രോളിൽ എഥനോൾ കലർത്തുന്നത് 2014-ൽ വെറും 1.5% മാത്രമായിരുന്നത് ഇന്ന് 20% ആയി ഉയർന്നിട്ടുണ്ടെന്നും ഇത് കൂടുതൽ ശുദ്ധവും സുസ്ഥിരവുമായ ഇന്ധന ഉപയോഗത്തിലേക്കുള്ള ഗണ്യമായ പുരോഗതി വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോഗം വർദ്ധിക്കുന്നത് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും അതുവഴി രാജ്യത്തിന്റെ ഊർജ്ജ ഇറക്കുമതി ചെലവ് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എഥനോൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന വിളകൾക്ക് ഇത് ഒരു വലിയ വിപണി സൃഷ്ടിക്കുകയും കർഷകർക്ക് അധിക വരുമാന സ്രോതസ്സ് ഉറപ്പാക്കുകയും ചെയ്യുന്നു.  രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് ഊർജദാതാക്കളായി മാറുന്നതിലൂടെ അധിക വരുമാന സ്രോതസ്സ് കണ്ടെത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഗതാഗത ആവാസവ്യവസ്ഥ, തദ്ദേശീയ യാഥാർത്ഥ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വൈദ്യുത വാഹനങ്ങൾ, ജൈവ ഇന്ധനങ്ങൾ, ഹൈഡ്രജൻ, പുനരുപയോഗ ഊർജം എന്നിവയെ സമന്വയിപ്പിക്കുമെന്ന്  മന്ത്രി പറഞ്ഞു. ഇന്ത്യ നിലവിൽ അസംസ്കൃത എണ്ണയുടെ ഏകദേശം 88.5% ഇറക്കുമതി ചെയ്യുന്നു, ഇത് പലപ്പോഴും സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ സുരക്ഷയെയും ഭൗമരാഷ്ട്രീയ തടസ്സങ്ങളുടെ ഇരയാക്കി മാറ്റുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത പരിപാടിയിലൂടെ ESY 2014-15 മുതൽ  ഇതുവരെ ഇന്ത്യയ്ക്ക് ₹1.84 ലക്ഷം കോടി വിദേശനാണ്യം ലാഭിക്കാനായിട്ടുണ്ട്, 302 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയ്ക്ക് പകരമാകാനും CO₂ ബഹിർഗമനം 909 ലക്ഷം മെട്രിക് ടൺ കുറയ്ക്കാനും ഇത് കാരണമായി. നമ്മുടെ അന്നദാതാക്കളെ ഊർജദാതാക്കളാക്കി മാറ്റുന്നതിലൂടെ കർഷകർക്ക് ₹1.58 ലക്ഷം കോടി വരുമാനം ഈ പദ്ധതിയിലൂടെ ലഭിച്ചു.

2026–27 വർഷത്തിൽ ഇന്ത്യയിൽ വിൽക്കുന്ന പെട്രോൾ വാഹനങ്ങളുടെ ഒരു ശതമാനം മാത്രം ഫ്ലെക്സ്-ഇന്ധന വാഹനങ്ങളാവുകയാണെങ്കിൽ, ഏകദേശം 4 കോടി ലിറ്റർ എഥനോളിന്റെ ആവശ്യകത   സൃഷ്ടിക്കപ്പെടുമെന്നും, ഡിസ്റ്റിലറികൾക്ക് ഏകദേശം 266 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നും, വിദേശനാണ്യത്തിൽ ₹195 കോടി ലഭിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഏകദേശം 0.28 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും, ഏകദേശം 0.86 ലക്ഷം മെട്രിക് ടൺ CO₂ ബഹിർഗമനം കുറയ്ക്കുന്നതിനും കാരണമാകും.

മറ്റ് രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതിയ്ക്കായി പണം ചെലവഴിക്കുന്നത് ലാഭിക്കുന്നതിലൂടെ , ഏകദേശം 160 കോടി രൂപ നേരിട്ട് ഇന്ത്യൻ കർഷകരിലേക്ക് ഒഴുകിയെത്തും. ഇന്ത്യയുടെ വിശാലമായ ഇരുചക്ര വാഹന ആവാസവ്യവസ്ഥയിലുടനീളം ഫ്ലെക്സ്-ഇന്ധന സാങ്കേതികവിദ്യ വ്യാപിക്കുന്നതോടെ ഈ സ്വാധീനം പരിവർത്തനാത്മകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വാഹന നിർമ്മാണ ചെലവ്, കുറഞ്ഞ അടിസ്ഥാന സൗകര്യ മൂലധനം, വേഗത്തിലുള്ള വിപണനം (ഇവി ശൃംഖലയെക്കാൾ ~10-15 മടങ്ങ് വേഗത) തുടങ്ങിയ നിരവധി നേട്ടങ്ങൾ ഇ-85 ഫ്ലെക്സ് ഇന്ധനങ്ങൾ വാഗ്ദാനം ചെയ്യുന്നു. വൈദ്യുത  വാഹനങ്ങൾ ബാറ്ററി ഘടകങ്ങൾക്കായി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നു. കൂടാതെ അന്തിമ ഉപയോക്താവിൽ എത്തുന്നതിനുമുമ്പ് ഉത്പാദനം, സംസ്കരണം, ഗതാഗതം എന്നിവയുടെ പ്രാരംഭ ഘട്ടങ്ങളിൽ വലിയ അളവിൽ കാർബൺ ബഹിർഗമനത്തിന് കാരണമാവുകയും ചെയ്യുന്നു.

ഇതിനു വിപരീതമായി, ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ തദ്ദേശീയ ജൈവ ഇന്ധനങ്ങളെ ആശ്രയിക്കുകയും ബാറ്ററിയുമായി ബന്ധപ്പെട്ട ബഹിർഗമനം ഒഴിവാക്കുകയും ചെയ്യുന്നു, ഇത് അവയെ പൂർണ്ണമായും ആത്മനിർഭർ ആക്കുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഫ്ലെക്സ് ഇന്ധനത്തിനായി എഥനോളിന്റെ വർദ്ധിക്കുന്ന ആവശ്യകത നമ്മുടെ കർഷകർക്ക് ഉടനടി വരുമാനം  ഉറപ്പാക്കും.

ഫ്ലെക്സ് ഇന്ധനത്തെക്കുറിച്ചുള്ള സാധാരണ തെറ്റിദ്ധാരണകളെ അഭിസംബോധന ചെയ്യവേ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ സംഘടനകളും വാഹന നിർമ്മാതാക്കളും ചേർന്ന് നടത്തിയ സമഗ്രമായ പരിശോധനയുടെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ E20 ഇന്ധനം (പെട്രോൾ 20% എത്തനോൾ കലർത്തി) അവതരിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2006 നും 2008 നും മദ്ധ്യേ ബ്രസീലിയയിൽ സേവനമനുഷ്ഠിച്ചപ്പോഴുള്ള സ്വന്തം അനുഭവം വിവരിച്ചു കൊണ്ട്, ഫ്ലെക്സ്-ഇന്ധന ഗതാഗതം, ശുദ്ധവും പ്രായോഗികവും വിശ്വസനീയവും വിപുലീകരിക്കാവുന്നതും ഫോസിൽ ഇന്ധന രഹിതവും ഗുണാത്മകവുമാണെന്ന് ആഗോള ഉദാഹരണങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഈ ദേശീയ മുന്നേറ്റത്തിൽ ഒരു പുതിയ ചുവടുവയ്പ്പ് നടത്തിയ ഹീറോ മോട്ടോകോർപ്പിനെ ശ്രീ പുരി അഭിനന്ദിച്ചു. കമ്പനിയുടെ പുതിയ മോട്ടോർസൈക്കിളുകളിൽ E20 മുതൽ E85 വരെയുള്ള ഏത് പെട്രോൾ - എഥനോൾ മിശ്രിതത്തിലും പ്രവർത്തിക്കാൻ കഴിയുന്ന ആന്തരിക ജ്വലന എഞ്ചിനുകളും നവീകരിച്ച ഇന്ധന സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.

അനുകൂലമായ ഇന്ധന വിലനിർണ്ണയം, പ്രത്യേക ആനുകൂല്യങ്ങൾ തുടങ്ങിയ സർക്കാർ നടപടികൾ കൂടുതൽ ജനങ്ങളെ ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും അവയെ കൂടുതൽ ചെലവ് കുറഞ്ഞതാക്കുമെന്നും ഫ്ലെക്സ്-ഇന്ധന ഗതാഗത സാങ്കേതികവിദ്യയിൽ ഇന്ത്യയെ ലോകനേതൃത്വത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
 
SKY
 
*****

(रिलीज़ आईडी: 2268732) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Kannada