ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ, മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ശ്രീ വിനോദ് റായ് എഡിറ്റ് ചെയ്ത 'വെൻ ഓഡിറ്റ് മാറ്റേഴ്സ്' എന്ന പുസ്തകം പ്രകാശനം ചെയ്തു.
प्रविष्टि तिथि:
03 JUN 2026 6:22PM by PIB Thiruvananthpuram
മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ശ്രീ വിനോദ് റായ് എഡിറ്റ് ചെയ്ത 'വെൻ ഓഡിറ്റ് മാറ്റേഴ്സ്: സിഎജി ഇന്റർവെൻഷൻസ് ദാറ്റ് മെയ്ഡ് എ ഡിഫറൻസ്' (When Audit Matters: CAG Interventions That Made a Difference) എന്ന പുസ്തകം ഉപരാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.
ഓഡിറ്റിംഗിനെ, "ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ഉപകരണം"എന്ന് ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. പൊതുപണം നിയമവിധേയമായും കാര്യക്ഷമമായും സുതാര്യമായും പൊതുനന്മയ്ക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പൗരന്മാർക്ക് ഉറപ്പുനൽകാൻ ഓഡിറ്റിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനും സഹായിക്കുക മാത്രമല്ല, ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വിശ്വാസം കൂടുതൽ ദൃഢമാക്കാനും ഓഡിറ്റിംഗ് സഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
പൊതുജീവിതത്തിലെ ധാർമ്മികതയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ച ഉപരാഷ്ട്രപതി, ധാർമ്മികതയും ഓഡിറ്റും കൈകോർക്കുമ്പോൾ അത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇത് പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പൊതുവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും, ഭരണസംവിധാനത്തിന്റെ സുസ്ഥിരതയ്ക്കും, ജനവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ധാർമ്മിക ഭരണം പൊതുഭരണത്തിന്റെ മൂല്യാധിഷ്ഠിത അടിത്തറയായി മാറണമെന്നും, ഭരണസംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ പൊതുതാത്പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ സുതാര്യതയുടെയും ധാർമ്മിക ഭരണത്തിന്റെയും പാരമ്പര്യം ഇതിഹാസങ്ങളിലും വേദ ഗ്രന്ഥങ്ങളിലും പ്രതിഫലിക്കുന്ന ധർമ്മം, രാജനീതി , പൊതുചുമതല എന്നീ സങ്കൽപ്പങ്ങളിൽ നിന്നും ഉടലെടുത്തതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ധനകാര്യ മേൽനോട്ടത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള തത്വങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തരം ഈ ആദർശങ്ങൾക്ക് ഭരണഘടനയിലൂടെ ഔദ്യോഗിക രൂപം നൽകപ്പെട്ടു. നിയമവാഴ്ച, സാമ്പത്തിക ഉത്തരവാദിത്തം, പാർലമെന്ററി മേൽനോട്ടത്തിൽ സ്വതന്ത്ര കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) എന്നിവയ്ക്ക് ഇത് അടിത്തറയിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്ററി ജനാധിപത്യത്തിലെ ഉത്തരവാദിത്ത പ്രക്രിയയുടെ പ്രാധാന്യവും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ബജറ്റുകൾക്ക് നിയമസഭ/പാർലമെന്റ് നൽകുന്ന അംഗീകാരത്തിൽ തുടങ്ങി, ഓഡിറ്റിംഗിലൂടെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ പരിശോധനയിലൂടെയും ഇത് പൂർണ്ണമാകുന്നു. ഈ പ്രക്രിയ സാമ്പത്തിക മേൽനോട്ടത്തിന് ശക്തമായ ഒരു ചട്ടക്കൂട് നൽകുകയും പൊതുജനങ്ങളിൽ ജനാധിപത്യപരമായ നിയന്ത്രണം ഉറപ്പാക്കുകയും ചെയ്യുന്നു.
ഓഡിറ്റിംഗ് സംവിധാനങ്ങൾ നിരന്തരം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, പരിശീലനം, സാങ്കേതികവിദ്യാ നവീകരണം, പ്രകടന വിലയിരുത്തൽ, ഡാറ്റാ വിശകലനം , വിവിധ മേഖലകളിലെ വൈദഗ്ധ്യം എന്നിവയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചു. ഒപ്പം, ഓഡിറ്റർമാർ സ്വയം സമഗ്രതയുടെയും ധാർമ്മിക പെരുമാറ്റത്തിന്റെയും ഉയർന്ന മാനദണ്ഡങ്ങൾക്ക് വിധേയരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതിർന്ന മുൻ ഓഡിറ്റ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ട്, സുപ്രധാന ഓഡിറ്റിംഗുകൾക്ക് പിന്നിലെ കഥകൾ ലളിതവും കഥാഖ്യാന ശൈലിയിലും അവതരിപ്പിച്ചതിന് ശ്രീ വിനോദ് റായിയെയും സഹപ്രവർത്തകരെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് ദക്ഷിണേഷ്യയിലെ ഭരണനിർവഹണത്തെയും സുതാര്യതയെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പുസ്തകം പരക്കെ വായിക്കപ്പെടുമെന്നും വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, ഇത്തരം പ്രസിദ്ധീകരണങ്ങൾ പൊതുസംവാദങ്ങളെ സമ്പന്നമാക്കുമെന്നും ഊർജ്ജസ്വലമായ ഒരു ജനാധിപത്യത്തിൽ സ്ഥാപനപരമായ സുതാര്യതയുടെ ശാശ്വതമായ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുൻ സി.എ.ജി ശ്രീ വിനോദ് റായ്, സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസ് ഡയറക്ടർ ഡോ. ഇഖ്ബാൽ സിംഗ് സെവിയ, രൂപാ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ശ്രീ കപീഷ് മെഹ്റ, പുസ്തകത്തിലേക്ക് തങ്ങളുടെ അനുഭവങ്ങൾ സംഭാവന ചെയ്ത ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും പങ്കെടുത്തു.
****
(रिलीज़ आईडी: 2268667)
आगंतुक पटल : 6