ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
“ബിർസ ലിവ്സ് ഇൻ ന്യൂ ഭാരത് വീക്ക്": ഗോത്രവർഗ്ഗ സ്കോളർഷിപ്പ് ഗുണഭോക്താക്കളുമായി രാഷ്ട്രപതിയുടെ സവിശേഷ കൂടിക്കാഴ്ച
പോസ്റ്റഡ് ഓണ്‍:
01 JUN 2026 11:19AM by PIB Thiruvananthpuram
ദേശവ്യാപകമായി സംഘടിപ്പിക്കുന്ന “ജൻജാതീയ ഗരിമ ഉത്സവ്” ആഘോഷങ്ങളുടെ ഭാഗമായി, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിൻ്റെ മുൻനിര സ്കോളർഷിപ്പ് പദ്ധതികളുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികളുമായി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രത്യേക സംവേദനാത്മക കൂടിക്കാഴ്ച നടത്തും.
ധീരതയുടെയും സാമൂഹിക ഉണർവിൻ്റെയും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായ ആദരണീയ ബിർസ മുണ്ടയുടെ പ്രചോദനാത്മക പൈതൃകത്തിൻ്റെ സ്മരണാർത്ഥം, 2026 മെയ് 25 മുതൽ ജൂൺ 2 വരെ ആചരിക്കുന്ന “ബിർസ ലിവ്സ് ഇൻ ന്യൂ ഭാരത് വീക്ക്” പരിപാടികളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഗോത്രവർഗ്ഗ സമൂഹങ്ങൾ നൽകിയ സമ്പന്നമായ പൈതൃകത്തെയും സാംസ്കാരിക സംഭാവനകളെയും വിലമതിക്കാനാകാത്ത പങ്കിനെയും ആദരിക്കുന്നതിനായി 2026 മെയ് 10 മുതൽ ജൂൺ 9 വരെയാണ് “ജൻജാതീയ ഗരിമ ഉത്സവ്” ആഘോഷിക്കുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത 'വികസിത ഇന്ത്യ' എന്ന ലക്ഷ്യങ്ങളിലേക്ക് ഗോത്രവർഗ്ഗ യുവാക്കളെ വിദ്യാഭ്യാസത്തിലൂടെയും നേതൃത്വ പാടവത്തിലൂടെയും നവീകരണങ്ങളിലൂടെയും സജീവമായി പങ്കാളികളാകാൻ പ്രചോദിപ്പിക്കുകയെന്നതാണ് ഈ ഉത്സവാഘോഷങ്ങളുടെ ലക്ഷ്യം.
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിൻ്റെ വിവിധ സ്കോളർഷിപ്പ് പദ്ധതികളുടെ ഗുണഭോക്താക്കളായ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 200 ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ രാഷ്ട്രപതിയുമായുള്ള ഈ പ്രത്യേക കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസം, വിപുലമായ ഗവേഷണം, അന്താരാഷ്ട്ര തലത്തിലുള്ള അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയിൽ മികവ് പുലർത്തുന്ന ഗോത്രവർഗ്ഗ സമൂഹങ്ങളിലെ ഏറ്റവും മിടുക്കരായ യുവപ്രതിഭകൾ ഉൾപ്പെട്ടതാണ് ഈ വിദ്യാർത്ഥി സംഘം. 'വികസിത ഇന്ത്യ 2047' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിദ്യാഭ്യാസ ശാക്തീകരണം, സാമൂഹിക ഉൾച്ചേരൽ, രാഷ്ട്ര നിർമ്മാണം എന്നിവയോടുള്ള കേന്ദ്ര സർക്കാരിൻ്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ ശക്തവും സവിശേഷവുമായ സന്ദേശം രാജ്യത്തിന് നൽകാൻ ഈ കൂടിക്കാഴ്ച സഹായിക്കും.
വിദ്യാർത്ഥികൾ താഴെ പറയുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാണ്:
- ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ദേശീയ ഫെല്ലോഷിപ് (എൻ.എഫ്.എസ്.ടി).
- ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ദേശീയ സ്കോളർഷിപ്പ് പദ്ധതി.
- ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉന്നത പഠനം നടത്തുന്നതിനുള്ള സ്കോളർഷിപ്പ് പദ്ധതി.
ഇന്ത്യയിൽ പിഎച്ച്.ഡി പ്രോഗ്രാമുകൾ ചെയ്യുന്ന മിടുക്കരായ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പൂർണ്ണ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (എൻ.എഫ്.എസ്.ടി). ഈ പദ്ധതി പ്രകാരം ഓരോ വർഷവും 750 പുതിയ ഫെല്ലോഷിപ്പുകൾ അനുവദിക്കുന്നുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള 3000-ത്തോളം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുവരുന്നു.
എഞ്ചിനീയറിംഗ്, മെഡിസിൻ, നിയമം, മാനേജ്‌മെൻ്റ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളിലെ രാജ്യത്തെ 265 പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ- ബിരുദാനന്തര പഠനം നടത്തുന്ന ഗോത്രവർഗ്ഗ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് നാഷണൽ സ്കോളർഷിപ്പ് സ്കീം ഫോർ ഹയർ എഡ്യൂക്കേഷൻ. പ്രതിവർഷം ഏകദേശം 2,500 പുതിയ സ്കോളർഷിപ്പുകൾ ഈ പദ്ധതി വഴി അനുവദിക്കുന്നുണ്ട്. നിലവിൽ 7000-ത്തോളം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
മിടുക്കരായ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് ആഗോള റാങ്കിംഗിൽ മുന്നിൽ നിൽക്കുന്ന വിദേശ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (എൻ.ഒ.എസ്) സ്കീം. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളുടെ ഏകോപനത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി ഓരോ വർഷവും 20 പുതിയ സ്കോളർഷിപ്പുകൾ അനുവദിക്കുന്നു. നിലവിൽ എഴുപതോളം വിദ്യാർത്ഥികൾ ഈ പദ്ധതിയിലൂടെ അന്താരാഷ്ട്ര തലത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ പഠനം നടത്തിവരുന്നു.
ഈ പ്രത്യേക സംവേദനാത്മക കൂടിക്കാഴ്ച, ഗോത്രവർഗ്ഗ വിദ്യാർത്ഥികളെ അക്കാദമിക് മികവിലേക്കും നേതൃത്വപാടവത്തിലേക്കും നവീകരണങ്ങളിലേക്കും നയിക്കാൻ പ്രചോദിപ്പിക്കുന്നതോടൊപ്പം, എല്ലാവരെയും ഉൾക്കൊള്ളുന്നതും പരിവർത്തനാത്മകവുമായ ഗോത്രവർഗ്ഗ ശാക്തീകരണത്തോടുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
***
( റിലീസ് ഐ.ഡി: 2267478)
സന്ദര്‍ശക കൗണ്ടര്‍ : 12