രാജ്യരക്ഷാ മന്ത്രാലയം
അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ (പിവിഎസ്എം, എവിഎസ്എം, വിഎസ്എം) ഇന്ത്യൻ നാവികസേനയുടെ 27-ാമത് മേധാവിയായി ചുമതലയേറ്റു
പോസ്റ്റഡ് ഓണ്‍:
31 MAY 2026 4:01PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ 27-ാമത് മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ (പിവിഎസ്എം, എവിഎസ്എം, വിഎസ്എം) 2026 മെയ് 31-ന് ചുമതലയേറ്റു. 41 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠിയുടെ (പിവിഎസ്എം, എവിഎസ്എം, എൻഎം) പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
1987 ജൂലൈ ഒന്നിന് ഇന്ത്യൻ നാവികസേനയിൽ ചേർന്ന അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ വിഭാഗത്തിൽ വിദഗ്ധനാണ്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന തൻ്റെ ഔദ്യോഗിക ജീവിതത്തിൽ പ്രവർത്തനപരവും സ്റ്റാഫ് പദവിയിലുള്ളതും പരിശീലനപരവുമായ പല ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗൈഡഡ് മിസ്സൈൽ കപ്പലുകളായ ഐ.എൻ.എസ് വിദ്യുത്, ഐ.എൻ.എസ് വിനാശ്, ഗൈഡഡ് മിസ്സൈൽ കോർവെറ്റ് ഐ.എൻ.എസ് കുലിഷ്, ഗൈഡഡ് മിസ്സൈൽ ഡിസ്ട്രോയർ ഐ.എൻ.എസ് മൈസൂർ, വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യ എന്നിവയുടെ കമാൻഡിംഗ് ഓഫീസറായിരുന്നു അഡ്മിറൽ സ്വാമിനാഥൻ.
റിയർ അഡ്മിറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന്, കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫീസറായി (ട്രെയിനിംഗ്) അദ്ദേഹം സേവനമനുഷ്ഠിച്ചു. തുടർന്ന് ഫ്ലാഗ് ഓഫീസർ സീ ട്രെയിനിംഗ് ആയി നിയമിതനായ അദ്ദേഹം, പിന്നീട് ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ വിഭാഗമായ വെസ്റ്റേൺ ഫ്ലീറ്റിൻ്റെ കമാൻഡിംഗ് ഓഫീസറായി പ്രവർത്തിച്ചു. അതിനുശേഷം ഓഫ്‌ഷോർ ഡിഫൻസ് അഡ്വൈസറി ഗ്രൂപ്പിൻ്റെ ഫ്ലാഗ് ഓഫീസറായും, ഓഫ്‌ഷോർ സെക്യൂരിറ്റി ആൻഡ് ഡിഫൻസിൻ്റെ ഉപദേഷ്ടാവായും അദ്ദേഹം നിയമിതനായി.
വൈസ് അഡ്മിറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ, വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് പദവിയും, നാവിക ആസ്ഥാനത്തെ കൺട്രോളർ പേഴ്സണൽ സർവീസസ്, ചീഫ് ഓഫ് പേഴ്സണൽ, വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് എന്നീ പദവികളും അദ്ദേഹം വഹിച്ചു. നാവികസേന മേധാവിയായി ചുമതലയേൽക്കുന്നതിന് മുമ്പ്, അഡ്മിറൽ സ്വാമിനാഥൻ പ്രശസ്തമായ വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയിരുന്നു.
ഖഡക്‌വസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, യുകെ-യിലെ ഷ്രിവെൻഹാമിലുള്ള ജോയിൻ്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, കാരഞ്ചയിലെ കോളേജ് ഓഫ് നേവൽ വാർഫെയർ, റോഡ് ഐലൻഡിലെ ന്യൂപോർട്ടിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ വാർ കോളേജ് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നുള്ള ബിഎസ്‌സി ബിരുദം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) നിന്നുള്ള ടെലികമ്മ്യൂണിക്കേഷൻസിലെ എംഎസ്‌സി, ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എം.എ, മുംബൈ സർവ്വകലാശാലയിൽ നിന്നും സ്ട്രാറ്റജിക് സ്റ്റഡീസിൽ എം.ഫിൽ, മുംബൈ സർവ്വകലാശാലയിൽ നിന്നുള്ള ഇൻ്റർനാഷണൽ സ്റ്റഡീസിലെ പി.എച്ച്.ഡി എന്നിവ അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗ്യതകളിൽ ഉൾപ്പെടുന്നു.
വിശിഷ്ട സേവനത്തിനുള്ള പരമ വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ നല്കി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ രാജ്യം ആദരിച്ചിട്ടുണ്ട്.
CNS-BatonHandingOverZHE2.JPG)

OONY.jpeg)

****
( റിലീസ് ഐ.ഡി: 2267286)
സന്ദര്‍ശക കൗണ്ടര്‍ : 10