ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി, കർണാടകയിലെ ബെൽത്തങ്ങടിയിലുള്ള,'എസ്ഐആർഐ മാതൃശ്രീ വ്യവസായ പാർക്ക്' ഉദ്ഘാടനം ചെയ്തു.
പോസ്റ്റഡ് ഓണ്‍:
31 MAY 2026 2:06PM by PIB Thiruvananthpuram
ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടിയിൽ നിർമ്മിച്ച ‘എസ്ഐആർഐ (SIRI) മാതൃശ്രീ വ്യവസായ പാർക്ക്’ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ധർമ്മസ്ഥലയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഉപജീവന മാർഗ്ഗങ്ങളും സംരംഭകത്വവും ഉറപ്പാക്കി ആയിരക്കണക്കിന് സ്ത്രീകളെയും ഗ്രാമീണ കുടുംബങ്ങളെയും ശാക്തീകരിക്കുന്ന ‘സിഐആർഐ’ പോലുള്ള സ്ഥാപനങ്ങളിലൂടെ മാത്രമേ സമൃദ്ധമായ ഒരു ഗ്രാമീണ ഇന്ത്യ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ശ്രീ ക്ഷേത്ര ധർമ്മസ്ഥല ഉയർത്തിപ്പിടിക്കുന്ന സാമൂഹിക മൂല്യങ്ങളെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഭാരതീയ സംസ്കാരമെന്നും, മതാതീതമായ ഭക്തി സാമൂഹിക സൗഹാർദ്ദത്തിനും ധാർമ്മിക ശക്തിക്കും അടിത്തറ പാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതേതരത്വത്തിന്റെ മനോഭാവം കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ മതങ്ങളെയും തുല്യമായ ആദരവോടെയും അന്തസ്സോടെയും കാണണം. അതേസമയം, ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത മതപരിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാ എംപിയും എസ്ഐആർഐയുടെ പ്രസിഡന്റുമായ ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയുടെ സാമൂഹിക സംഭാവനകളെ ഉപരാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചു. ഡോ. ഹെഗ്ഗഡെയുടെ ജീവിതം സമൂഹത്തിനൊരു വലിയ സന്ദേശമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആത്മീയതയെ എങ്ങനെ പരിവർത്തനാത്മകമായ സാമൂഹിക മുന്നേറ്റത്തിനുള്ള ശക്തമായ ഊർജ്ജമാക്കി മാറ്റാമെന്ന് കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഡോ. ഹെഗ്ഗഡെ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക ക്ഷേമത്തിനും ശ്രീമതി ഹേമാവതി വി. ഹെഗ്ഗഡെ നൽകിയ സംഭാവനകളെയും ഉപരാഷ്ട്രപതി ചടങ്ങിൽ അഭിനന്ദിച്ചു. ഏത് സാമൂഹിക ദൗത്യത്തിന്റെയും വിജയം പങ്കാളിയുടെ പിന്തുണയും പ്രതിബദ്ധതയും കൊണ്ട് കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സ്ത്രീകളുൾപ്പെടെ, മൂവായിരത്തിലധികം ആളുകൾക്ക് നേരിട്ടും പതിനായിരത്തിലധികം പേർക്ക് പരോക്ഷമായും 'എസ്ഐആർഐ' ഇന്ന് ഉപജീവനമാർഗ്ഗം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ "യഥാർത്ഥ അർത്ഥത്തിലുള്ള സാമൂഹിക പരിവർത്തനം" എന്നാണ് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്. യഥാർത്ഥ വികസനം മനുഷ്യജീവിതങ്ങളെ സ്പർശിക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അന്തസ്സും അവസരങ്ങളും ആത്മവിശ്വാസവും സൃഷ്ടിക്കുന്നതുമായിരിക്കണം. ഓരോ പൗരന്റെയും ഉൾക്കൊള്ളലോടെയുള്ള വികസനമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "വികസിത് ഭാരത് 2047" എന്ന കാഴ്ചപ്പാടിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിരോത്സാഹം, നവീകരണം, ത്യാഗം, സമർപ്പണം എന്നിവയിലൂടെ കെട്ടിപ്പടുത്ത 'എസ്ഐആർഐ' എപ്പോഴും ഗുണനിലവാരത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്ന് അതിന്റെ വളർച്ചാ ഘട്ടങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുതായി ഉദ്ഘാടനം ചെയ്ത എസ്ഐആർഐ മാതൃശ്രീ വ്യവസായ പാർക്കിൽ വനിതാ ജീവനക്കാർക്കായി ഒരുക്കിയിട്ടുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ, ക്വാർട്ടേഴ്സുകൾ, ശിശുസംരക്ഷണ സംവിധാനങ്ങൾ , വൃത്തിയുള്ള അടുക്കളകൾ, യാത്രാ സൗകര്യങ്ങൾ, മറ്റ് ക്ഷേമ ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മനുഷ്യകേന്ദ്രീകൃതമായ സമീപനത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പരമ്പരാഗത കഴിവുകളെ ആധുനിക മാനേജ്‌മെന്റ് രീതികളുമായി വിജയകരമായി സംയോജിപ്പിച്ച 'എസ്ഐആർഐ'യുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു. ഏതൊരു സ്ഥാപനത്തിന്റെയും വളർച്ചയ്ക്ക് കാര്യക്ഷമവും മാനുഷിക പരിഗണനയുള്ളതുമായ മാനേജ്‌മെന്റ് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ശാസ്ത്രീയവും എന്നാൽ കാരുണ്യം നിറഞ്ഞതുമായ ഒരു ഭരണരീതിയാണ് 'എസ്ഐആർഐ' സ്വീകരിച്ചിരിക്കുന്നത് എന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
സ്വാശ്രയത്വത്തിന്റെ ദേശീയ ദർശനത്തെക്കുറിച്ച് പരാമർശിക്കവേ, "പ്രാദേശികതയ്ക്കുവേണ്ടിയുള്ള ശബ്ദം", "ആത്മനിർഭർ ഭാരത്" എന്നിവയുടെ മനോഭാവം ഇന്ത്യയുടെ വികസന യാത്രയെ നയിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ദേശീയതലത്തിൽ തന്നെ മാതൃകയാക്കാവുന്ന ഒന്നാണ് 'എസ്ഐആർഐ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വ്യവസായങ്ങൾക്ക് എങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ളതും, സ്ത്രീകേന്ദ്രീകൃതവും, പരിസ്ഥിതി സൗഹൃദവും, അങ്ങേയറ്റം മാനുഷികവുമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ സ്ഥാപനം തെളിയിക്കുന്നതായി വ്യക്തമാക്കി. രാജ്യത്തുടനീളം സമാനമായ ഗ്രാമീണ വ്യവസായ ആവാസവ്യവസ്ഥകൾ ഉയർന്നുവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഉപരാഷ്ട്രപതി ധർമ്മസ്ഥലയിലെ ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് അന്നപൂർണ്ണ പ്രസാദ നിലയം സന്ദർശിച്ച അദ്ദേഹം ഭക്തരുമായി സംവദിക്കുകയും, കാരുണ്യത്തിലും സമത്വത്തിലും ഭക്തിയിലും അധിഷ്ഠിതമായ ക്ഷേത്രത്തിന്റെ സൗജന്യ സമൂഹസദ്യയെയും ജനസേവന പാരമ്പര്യത്തെയും ഏറെ പ്രശംസിക്കുകയും ചെയ്തു.
കർണാടക ഗവർണർ ശ്രീ താവർ ചന്ദ് ഗെഹ്‌ലോട്ട്, രാജ്യസഭാ എംപിയും എസ്ഐആർഐ പ്രസിഡന്റുമായ ഡോ. ഡി. വീരീന്ദ്ര ഹെഗ്ഗഡെ, ലോക്സഭാ എംപി ശ്രീ ബ്രിജേഷ് ചൗട്ട, എസ്ഐആർഐ സ്ഥാപക ശ്രീമതി ഹേമാവതി വി. ഹെഗ്ഗഡെ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2267283)
സന്ദര്‍ശക കൗണ്ടര്‍ : 8