വ്യോമയാന മന്ത്രാലയം
38 വിമാനത്താവളങ്ങളിലായി 10 കോടി പിന്നിട്ട് ഡിജി യാത്ര ഉപയോഗം
പോസ്റ്റഡ് ഓണ്‍:
30 MAY 2026 5:55PM by PIB Thiruvananthpuram
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനത്തിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഡിജി യാത്ര ആപ്പ്. ഐ-ഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലായി 2.4 കോടിയിലധികം ഡൗൺലോഡുകളുമായി 10 കോടിയിലധികം സുഗമമായ യാത്രകളാണ് ഡിജിയാത്ര സംവിധാനത്തിലൂടെ സാധ്യമാക്കിയത്. ആഗോള വ്യോമയാന രംഗത്തെ ഏറ്റവും വിജയകരമായ ഡിജിറ്റൽ നൂതനാശയങ്ങളിലൊന്നായി ഈ സംവിധാനം ഇന്ന് നിലകൊള്ളുന്നു.
രേഖകളുടെ പരമ്പരാഗത പരിശോധനയ്ക്ക് പകരമായി രൂപകല്പന ചെയ്ത ഈ സംവിധാനം വിമാനത്താവളത്തിലെ പ്രവേശന സമയം ഒരു യാത്രക്കാരന് ശരാശരി 15 സെക്കൻഡിൽ നിന്ന് വെറും 5 സെക്കൻഡായി കുറച്ചു. വേഗമേറിയ ഈ പ്രക്രിയ ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും തിരക്ക് കുറയ്ക്കാനും പരമ്പരാഗത രീതികളുടെ അധികച്ചെലവുകൾ ലഘൂകരിക്കാനും സഹായിച്ചു.
കൂടാതെ പ്രിൻ്റ് ചെയ്ത ബോഡിങ് പാസുകൾ ഒഴിവാക്കിയ ഈ സംരംഭം പദ്ധതിയുടെ ഭാഗമായ വിമാനത്താവളങ്ങളിൽ പ്രതിദിനം ആയിരക്കണക്കിന് കടലാസുകള്‍ ലാഭിക്കുകയും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പത്തുകോടി ഉപയോഗമെന്ന നാഴികക്കല്ല് കൈവരിച്ച ഡിജി യാത്ര ടീമിനെ അഭിനന്ദിക്കുന്നതായി നേട്ടത്തെക്കുറിച്ച് സംസാരിച്ച കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായിഡു പറഞ്ഞു. സുഗമവും കടലാസ് രഹിതവും സമ്പർക്കരഹിതവുമായ യാത്രകളിൽ യാത്രക്കാരുടെ വർധിച്ചുവരുന്ന വിശ്വാസത്തിൻ്റെ പ്രതിഫലനമാണ് സംരംഭം. ഡിജിയാത്രയുടെ ഈ വലിയ സ്വീകാര്യത വളരെ നിർണായകമായ ഘട്ടത്തിലാണ്. 2014-ൽ ശരാശരി 2 ലക്ഷത്തിൽ താഴെയായിരുന്ന പ്രതിദിന ആഭ്യന്തര യാത്രാ തിരക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പലതവണ 5 ലക്ഷം പരിധി പിന്നിട്ടു. വിമാനയാത്ര കൂടുതൽ പ്രാപ്യവും സൗകര്യപ്രദവുമാക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൻ്റെ പിന്തുണയോടെ രാജ്യത്തെ വിമാനത്താവളങ്ങളിലെ വാർഷിക യാത്രാ തിരക്ക് 2030-ഓടെ 50 കോടിയിലും 2040-ഓടെ ഇരട്ടിയായി ഏകദേശം 100 കോടിയിലും എത്തിച്ചേരുമെന്നാണ് പ്രവചിക്കുന്നത്. ദ്രുതഗതിയിലെ ഈ വളർച്ച ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വിമാനത്താവള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഡിജി യാത്ര, സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം, എയർ ട്രാഫിക് കൺട്രോൾ ഓട്ടോമേഷൻ സംവിധാനത്തിൻ്റെ വിപുലീകരണം, പരാതി പരിഹാരത്തിനായി ആവിഷ്കരിച്ച എയർസേവ പോർട്ടൽ, എഐ അധിഷ്ഠിത ഡിജിറ്റൽ ട്വിൻസ് തുടങ്ങി നിരവധി ഡിജിറ്റൽ സംവിധാനങ്ങള്‍ രാജ്യത്ത് നടപ്പാക്കി വരുന്നതായി അദ്ദേഹം അറിയിച്ചു.
ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാത്രികരെ കടത്തിവിടുന്ന സംവിധാനം വിപുലമായി വിന്യസിക്കുന്നത് സംബന്ധിച്ച് പല രാജ്യങ്ങളും ഇപ്പോഴും വിലയിരുത്തുന്നതേയുള്ളൂവെന്നും അതേസമയം വളരെ ചുരുങ്ങിയ സമയത്തിനകം ഇന്ത്യ വിജയകരമായി ഡിജിയാത്ര പ്രവർത്തനക്ഷമമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്തുവെന്നും ഭാവി കാഴ്ചപ്പാട് പങ്കുവെച്ച ശ്രീ രാം മോഹൻ നായിഡു കൂട്ടിച്ചേർത്തു. നിലവിൽ 38 വിമാനത്താവളങ്ങളിൽ ഡിജി യാത്ര സൗകര്യം ലഭ്യമാണ്. അടുത്ത വർഷത്തോടെ 27 വിമാനത്താവളങ്ങളിൽ കൂടി ഇത് സജ്ജീകരിക്കും. ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന പ്രമുഖ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതികളായ നവി മുംബൈ, ജേവർ, ഭോഗാപുരം എന്നിവയെല്ലാം പൂർണമായി ഡിജി യാത്ര സൗകര്യത്തോടുകൂടിയായിരിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിയാത്ര സംവിധാനത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ മാറ്റിയെടുക്കുകയാണെന്ന് വിമാനയാത്ര സുഗമമാക്കുന്നത് സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പറഞ്ഞു. നിലവില്‍ 11 ഭാഷകളെ പിന്തുണയ്ക്കുന്ന ഡിജി യാത്ര സംവിധാനത്തില്‍ ഈ വർഷാവസാനത്തോടെ 11 പ്രാദേശിക ഭാഷകൾ കൂടി ചേർക്കാൻ പദ്ധതിയുണ്ട്. വ്യോമയാന മേഖലയെ ജനകീയമാക്കുകയും സാധാരണക്കാരന് വിമാനയാത്ര പൂർണമായി പ്രാപ്യമാക്കുകയും ചെയ്യുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ഇത് മുന്നോട്ടുനയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'രൂപകല്പനയിലൂടെ സ്വകാര്യത' എന്ന സമീപനത്തിലൂന്നി സുരക്ഷയ്ക്കും യാത്രക്കാരുടെ സ്വകാര്യതയ്ക്കും കർശന മുൻഗണന നൽകുന്ന വിധത്തിലാണ് ഡിജി യാത്ര സംവിധാനം അടിസ്ഥാനപരമായി വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ എൻക്രിപ്റ്റ് ചെയ്ത് ഉപയോക്താവിൻ്റെ സ്വന്തം ഉപകരണത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഇത് തത്സമയ പരിശോധനാ ആവശ്യങ്ങൾക്ക് യാത്ര പുറപ്പെടുന്ന വിമാനത്താവളവുമായി പരിമിതമായ സമയത്തേക്ക് മാത്രമാണ് പങ്കിടുന്നത്.
രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രകള്‍ ആഗോള വ്യോമയാന രംഗത്തെ മാനദണ്ഡമാക്കി മാറ്റുകയെന്ന പ്രതിബദ്ധതയാണ് വ്യോമയാന മന്ത്രാലയം പുലര്‍ത്തുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ, എല്ലാവർക്കും വിമാനയാത്ര എന്നീ ഇരട്ട ദൗത്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന വ്യോമയാന മന്ത്രാലയം യാത്രക്കാർക്ക് വിമാനയാത്ര കൂടുതൽ സുഗമവും തടസ്സമില്ലാത്തതുമാക്കാൻ പ്രതിജ്ഞാബദ്ധമാണ്.
***
( റിലീസ് ഐ.ഡി: 2267126)
സന്ദര്‍ശക കൗണ്ടര്‍ : 7