യുവജനകാര്യ, കായിക മന്ത്രാലയം
മേഘാലയയിൽ നടക്കുന്ന 2027-ലെ ദേശീയ കായികമേള പുതിയ മാനദണ്ഡങ്ങൾ കുറിക്കുമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ; മേഘാലയയിൽ 150 കോടി രൂപയുടെ ഹൈ-ആൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രം പ്രഖ്യാപിച്ചു
39-ാമത് ദേശീയ കായികമേളക്കൊരുങ്ങി അഷ്ടലക്ഷ്മി സംസ്ഥാനങ്ങൾ; ഒരുക്കങ്ങൾ വിലയിരുത്തി ഡോ. മന്‍സുഖ് മാണ്ഡവ്യ; വൻകിട കായിക അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് തുടക്കം കുറിച്ചു
ഇന്ത്യയുടെ കായിക മുന്നേറ്റ കേന്ദ്രമായി വടക്കുകിഴക്കൻ മേഖല: ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി ഡോ. മാണ്ഡവ്യ; ഷില്ലോങിൽ വിവിധോദ്ദേശ സംയോജിത കായിക ഇൻഡോർ ഹാൾ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
30 MAY 2026 4:51PM by PIB Thiruvananthpuram
2027-ൽ 39-ാമത് ദേശീയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന മേഘാലയയിലെ ഒരുക്കങ്ങൾ വിലയിരുത്താന്‍ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല അവലോകന യോഗം ചേര്‍ന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, യുവജനകാര്യ-കായിക സഹമന്ത്രി രക്ഷാ ഖഡ്സെ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡൻ്റ് പി.ടി. ഉഷ, മേഘാലയ കായിക മന്ത്രി വൈലദ്മിക്കി ഷില്ല, എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കായിക ഉദ്യോഗസ്ഥർ, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി 39-ാമത് ദേശീയ കായികമേള മികച്ച കായിക വിരുന്ന് എന്നതിലുപരി മേഘാലയയുടെയും മുഴുവൻ വടക്കുകിഴക്കൻ മേഖലയുടെയും സമ്പന്ന സാംസ്കാരിക പൈതൃകവും വൈവിധ്യവും സവിശേഷ സ്വത്വവും രാജ്യത്തിനും ലോകത്തിനും മുന്നിൽ പ്രദർശിപ്പിക്കുന്ന വേദിയായി മാറണമെന്ന് ഡോ. മാണ്ഡവ്യ യോഗത്തിൽ വ്യക്തമാക്കി. കായികമേളയെ ഇന്ത്യൻ കായികരംഗത്തെ നാഴികക്കല്ലാക്കി മാറ്റാന്‍ ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളും തടസ്സമില്ലാത്ത സംഘാടനവും വിപുലമായ ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.


സുസ്ഥിരതയും വൈവിധ്യവുമാണ് 2027-ൽ മേഘാലയയിൽ നടക്കുന്ന 39-ാമത് ദേശീയ കായികമേളയിലെ നമ്മുടെ സന്ദേശമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പങ്കാളിത്തം വർധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി പ്രതിഭകളെ തിരിച്ചറിയുന്നതിലും അവരെ വളർത്തിയെടുക്കുന്നതിലും ദേശീയ കായികമേള ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞു. ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരായ ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിന് അവസരമായി ദേശീയ കായികമേളയെ ഉപയോഗിക്കണം. ഉത്തേജക മരുന്നുകളുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് കായികതാരങ്ങൾക്ക് കൃത്യമായ അറിവ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മേഘാലയയിൽ നടക്കാനിരിക്കുന്ന ദേശീയ കായികമേളയിൽ 'മൈ ഭാരത്' സന്നദ്ധപ്രവര്‍ത്തകരെ പങ്കാളികളാക്കണമെന്ന് ഡോ. മാണ്ഡവ്യ നിർദേശിച്ചു. അഷ്ടലക്ഷ്മി (വടക്കുകിഴക്കൻ) സംസ്ഥാനങ്ങളിലെ കായിക അടിസ്ഥാന സൗകര്യ വികസന പുരോഗതിയും കേന്ദ്രമന്ത്രി വിലയിരുത്തി.
2027-ലെ 39-ാമത് ദേശീയ കായികമേളയുടെ സമഗ്ര ഒരുക്കങ്ങൾ, കായിക വേദികളുടെ സജ്ജീകരണങ്ങള്‍, അടിസ്ഥാന സൗകര്യ പദ്ധതികളുടെ അവസ്ഥ, അവ പൂർത്തീകരിക്കേണ്ട സമയപരിധി, പ്രത്യേക ശ്രദ്ധ ആവശ്യമായ പ്രധാന മേഖലകള്‍ എന്നിവ മന്ത്രിക്ക് മുന്നിൽ വിശദമായി അവതരിപ്പിച്ചു. വടക്കുകിഴക്കൻ മേഖലയിലേക്ക് നടത്തിയ ത്രിദിന സന്ദർശനത്തിൻ്റെ ഭാഗമായി ഷില്ലോങിൽ അത്യാധുനിക വിവിധോദ്ദേശ സംയോജിത കായിക ഇൻഡോർ ഹാള്‍ ഡോ. മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു.
യുവ കായികതാരങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്ന ഈ സൗകര്യം കായിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വരുംതലമുറ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിലൂടെ മേഘാലയയിലെയും വിശാലമായ വടക്കുകിഴക്കൻ മേഖലയിലെയും കായികരംഗത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുമെന്ന് അഭിപ്രായപ്പെട്ടു.
മേഘാലയയിൽ വൈകാതെ 150 കോടി രൂപ ചെലവിൽ ലോകോത്തര നിലവാരത്തില്‍ അത്യാധുനിക ഹൈ-ആൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും ഡോ. മാണ്ഡവ്യ പ്രഖ്യാപിച്ചു.


മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയെ പ്രശംസിച്ച കേന്ദ്രമന്ത്രി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനം കായിക മേഖലയിൽ ശ്രദ്ധേയ പുരോഗതിക്ക് സാക്ഷ്യം വഹിച്ചതായി പറഞ്ഞു. മേഘാലയയിലെ കായിക മേഖലയെ ശക്തിപ്പെടുത്താന്‍ സമഗ്രവും ദീർഘവീക്ഷണപരവുമായ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. കായിക ശാസ്ത്രവും ആധുനിക പരിശീലന രീതികളും പ്രോത്സാഹിപ്പിക്കുന്നത് മുതൽ ശക്തമായ പ്രതിഭകളെ കണ്ടെത്തലും അടിത്തട്ടിലെ വികസന പരിപാടികളും യാഥാര്‍ത്ഥ്യമാക്കുന്നതടക്കം കാര്യങ്ങളില്‍ മറ്റ് സംസ്ഥാനങ്ങൾക്ക് മുഖ്യമന്ത്രി മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയുടെ കായിക രംഗത്ത് വടക്കുകിഴക്കൻ മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം ദേശീയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ മേഘാലയ പോലെ ഒരു സംസ്ഥാനം മുന്നോട്ട് വരുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്ന് പറഞ്ഞു. നിരന്തരമായി അസാധാരണമായ കായിക പ്രതിഭകളെ സംഭാവന ചെയ്ത ഈ പ്രദേശം കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് കായിക വികസനത്തിന് കൂടുതൽ കരുത്തേകുമെന്നും യുവ കായികതാരങ്ങൾക്ക് പ്രചോദനമേകുമെന്നും വടക്കുകിഴക്കൻ മേഖലയുടെ സമ്പന്ന സംസ്കാരവും ആതിഥേയത്വവും സാധ്യതകളും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.


“മേഘാലയയിൽ 39-ാമത് ദേശീയ കായികമേളയുമായി ബന്ധപ്പെട്ട് നടക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും ഒരുക്കങ്ങളുടെയും പുരോഗതി ഞാൻ വിലയിരുത്തിയിട്ടുണ്ട്; 2027-ലെ ദേശീയ കായികമേള ചരിത്രത്തിൽ പുതിയ മാനദണ്ഡം കുറിക്കുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും." - മന്ത്രി കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ മേഖലയിലെ കായിക വികസനത്തിൽ കേന്ദ്ര ഗവണ്മെൻ്റ് ഈയിടെ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എടുത്തുപറഞ്ഞ അദ്ദേഹം കായിക വിഭവങ്ങളും അവസരങ്ങളും അനുവദിക്കുന്നതിൽ സംസ്ഥാനത്തിൻ്റെ വലിപ്പമോ ജനസംഖ്യയോ ഇനി ഒരു നിർണായക ഘടകമല്ലെന്ന് വ്യക്തമാക്കി
ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 4 ശതമാനം മാത്രമാണ്. എന്നിട്ടും രാജ്യത്തെ ആകെ ഖേലോ ഇന്ത്യ കേന്ദ്രങ്ങളിൽ ഏകദേശം 25 ശതമാനവും ഈ മേഖലയിലാണ്. വടക്കുകിഴക്കൻ മേഖലയുടെ അപാര കായിക സാധ്യതകൾ പുറത്തെടുക്കുന്നതില്‍ കേന്ദ്ര ഗവണ്മെൻ്റിൻ്റെ ശക്തമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്. രാജ്യത്തുടനീളം മിക്ക ജില്ലകളിലും ഒരു ഖേലോ ഇന്ത്യ കേന്ദ്രമുണ്ട്. അതേസമയം, വടക്കുകിഴക്കൻ മേഖലയിലെ പല ജില്ലകൾക്കും രണ്ട് കേന്ദ്രങ്ങൾ വീതം നൽകിയത് മികച്ച പരിശീലനവും അടിത്തട്ടിലെ കായിക വികസനവും ഉറപ്പാക്കാന്‍ സഹായിക്കുന്നു. കായിക പ്രതിഭകളെ വളർത്തിയെടുക്കാനും മേഖലയിലുടനീളം ശക്തമായ കായിക അന്തരീക്ഷം കെട്ടിപ്പടുക്കാനും രാജ്യം നടത്തുന്ന സവിശേഷ ശ്രമത്തെയാണ് ഇത് കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2267115)
സന്ദര്‍ശക കൗണ്ടര്‍ : 5