ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ പേയ്‌മെൻ്റുകളും സാമ്പത്തിക നവീകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആർ‌ബി‌ഐയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമും 2026 മെയ് 5-ന് ധാരണാപത്രം ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 29 MAY 2026 6:34PM by PIB Thiruvananthpuram

സാമ്പത്തിക നവീകരണം, ഡിജിറ്റൽ പേയ്‌മെൻ്റുകൾ എന്നിവയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമും 2026 മെയ് 5-ന് ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിവരങ്ങൾ പങ്കിടൽ, നിയന്ത്രണ ഏകോപനം, അതിർത്തി കടന്നുള്ള ക്യൂആർ കോഡ് അധിഷ്ഠിത വ്യാപാര പേയ്‌മെൻ്റുകൾക്കായുള്ള പേയ്‌മെൻ്റ്  സംവിധാനങ്ങളുടെ കണക്റ്റിവിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സാമ്പത്തിക നവീകരണം, ഡിജിറ്റൽ പേയ്‌മെൻ്റുകൾ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘവീക്ഷണത്തോടെയുള്ളതും സുപ്രധാനവുമായ ഒരു ചുവടുവെയ്പ്പാണ് ഈ ധാരണാപത്രം അടയാളപ്പെടുത്തുന്നത്. അതിർത്തി കടന്നുള്ള പേയ്‌മെൻ്റ്  ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയെ ഒരു പ്രമുഖ ഫിൻടെക് കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരുന്നതിനും ഇത് സഹായകമാകും.

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ, സാമ്പത്തിക നവീകരണം, ഡിജിറ്റൽ പേയ്‌മെൻ്റുകൾ എന്നീ മേഖലകളിലെ സഹകരണത്തിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമും 2026 മെയ് 5-ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള പണമിടപാടുകൾ സാധ്യമാക്കുന്നതിനായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള വ്യാപാര പേയ്‌മെൻ്റുകൾക്കായി പേയ്‌മെൻ്റ്  സംവിധാനങ്ങളുടെ കണക്റ്റിവിറ്റി വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സംയുക്ത നവീകരണ, ഡിജിറ്റൽ പേയ്‌മെൻ്റ് പദ്ധതികളും പരിപാടികളൂം സുഗമമാക്കിക്കൊണ്ട് സാമ്പത്തിക നവീകരണങ്ങളുടേയും ഡിജിറ്റൽ പേയ്‌മെൻ്റുകളുടേയും മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമും ലക്ഷ്യമിടുന്നു.

ധാരണാപത്രത്തിൻ്റെ ചുരുക്കം

1) സാമ്പത്തിക നവീകരണം, ഡിജിറ്റൽ പേയ്‌മെൻ്റുകൾ എന്നീ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടുള്ള   ആർബിഐ-യും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമും തമ്മിലുള്ള ഒരു താത്പര്യ പത്രമാണ് ഈ ധാരണാപത്രം. ഇരു കക്ഷികളേയും നിയന്ത്രിക്കുന്ന ബാധകമായ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും അനുവദിക്കുന്ന പരിധി വരെ, സഹകരണം, വിവരങ്ങൾ കൈമാറ്റം, നടപ്പാക്കൽ പിന്തുണ എന്നിവയ്ക്കായുള്ള വിശാലമായ ഒരു പൊതു ചട്ടക്കൂട് ഒരുക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

2)  ഉയർന്നുവരുന്ന വിപണി പ്രവണതകളേയും വികസനങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടൽ, ഡിജിറ്റൽ പേയ്‌മെൻ്റുകളിലേയും നൂതന സാങ്കേതികവിദ്യകളിലേയും മാനദണ്ഡങ്ങളും മികച്ച രീതികളും, നവീകരണങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂടുകൾ, സാമ്പത്തിക സേവനങ്ങളിലെ ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ വികസനവും മേൽനോട്ടവും എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ ധാരണാപത്രത്തിന് കീഴിലുള്ള സഹകരണത്തിൻ്റെ പരിധിയിൽ വരുന്നു. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള അതിർത്തി കടന്നുള്ള ക്യൂആർ കോഡ് അധിഷ്ഠിത വ്യാപാര പേയ്‌മെൻ്റുകൾക്കായുള്ള പേയ്‌മെൻ്റ് സംവിധാനങ്ങളുടെ കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള സാധ്യമായ സംയുക്ത പരിപാടികൾക്കും പദ്ധതികൾക്കും ഈ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

3)  ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള പണമിടപാടുകൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയും, ഈ പണമിടപാടുകൾ സുതാര്യവും (നിരക്കുകൾ മുൻകൂട്ടി കാണിക്കൽ), സൗകര്യപ്രദവും, തത്സമയ അടിസ്ഥാനത്തിലുള്ളതും, ചെലവ് കുറഞ്ഞതുമാക്കാനും ഈ ധാരണാപത്രം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇന്ത്യയിലെ ബിസിനസ്സുകൾക്ക് കൂടുതൽ കയറ്റുമതി അവസരങ്ങൾ നല്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും  ടൂറിസവും ഇത് സുഗമമാക്കുകയും ചെയ്യുന്നു.

4) ആർ‌ബി‌ഐ ഡെപ്യൂട്ടി ഗവർണറും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാം ഡെപ്യൂട്ടി ഗവർണറുമാണ്  ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടെയുള്ള  പ്രധാന സ്വാധീനം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമും തമ്മിലുള്ള ഈ ധാരണാപത്രം, പ്രധാനമായും അതിർത്തി കടന്നുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്തുന്നതിന് ആവശ്യമായ ഒരു നിയന്ത്രണ സഹകരണ ചട്ടക്കൂടാണ്. അതിവേഗ പേയ്‌മെൻ്റ്  സംവിധാനങ്ങൾ, സന്ദേശമയയ്ക്കൽ സംവിധാനം, കാർഡ് സ്വിച്ചുകൾ എന്നീ മേഖലകളിലെ സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ഒരു സംവിധാനമാണ് ഇത് പ്രധാനമായും വിഭാവനം ചെയ്യുന്നത്.

***


( റിലീസ് ഐ.ഡി: 2266852) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi