ഉപരാഷ്ട്രപതിയുടെ കാര്യാലയം
ദാവൻഗരെയിലെ യൂണിവേഴ്സിറ്റി ബി.ഡി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
29 MAY 2026 4:13PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് യൂണിവേഴ്സിറ്റി ബി.ഡി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യയെ സാങ്കേതികമായി സ്വയംപര്യാപ്തവും വികസിതവുമായ ഒരു രാജ്യമാക്കുന്നതിനുള്ള പ്രയാണത്തിൽ യുവാക്കൾ സജീവമായി സംഭാവന നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സാങ്കേതിക പുരോഗതിയിലേക്കും ആഗോള വൈജ്ഞാനിക നേതൃനിരയിലേക്കും ഇന്ത്യയെ നയിക്കാൻ ശേഷിയുള്ള പ്രശ്നപരിഹാരകർ, നവസംരംഭകർ, ധാർമ്മിക മൂല്യങ്ങളുള്ള നേതാക്കൾ, രാഷ്ട്രശില്പികൾ എന്നിവരെ വാർത്തെടുക്കുന്നതിൽ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്ക് സുപ്രധാനമായ ഉത്തരവാദിത്വമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി പറഞ്ഞു.
സാങ്കേതികവിദ്യ, നൂതനാശയങ്ങൾ , യുവജനങ്ങളുടെ നൈപുണ്യം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു പരിവർത്തന യുഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെ പരാമർശിച്ച ഉപരാഷ്ട്രപതി, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ, സെമികണ്ടക്ടർ നിർമ്മാണം, ഹരിത ഊർജ്ജം, ആത്മനിർഭർ ഭാരത് തുടങ്ങിയ സംരംഭങ്ങൾ യുവ എഞ്ചിനീയർമാർ, ഗവേഷകർ, നവസംരംഭകർ എന്നിവർക്ക് വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
2047-ഓടെ വികസിത രാഷ്ട്രമാകുക എന്ന ഇന്ത്യയുടെ ലക്ഷ്യം പ്രധാനമായും എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, സംരംഭകർ എന്നിവരുടെ സംഭാവനകളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഗവേഷണവും നൂതനാശയങ്ങളും ശക്തിപ്പെടുത്തുന്നതിൽ സ്ഥാപനം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച അദ്ദേഹം, കോളേജ് വികസിപ്പിച്ചെടുത്ത AICTE IDEA ലാബ്, ഡ്രോൺ ടെക്നോളജി ലബോറട്ടറി, വിപുലമായ ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സംരംഭങ്ങളെ പ്രശംസിച്ചു.
പാരമ്പര്യത്തിൻ്റെയും ഭാവി പ്രത്യാശകളുടെയും സമന്വയമാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഈ സ്ഥാപനത്തിൻ്റെ 75 വർഷങ്ങൾ ദീർഘവീക്ഷണം, സ്ഥിരോത്സാഹം, അക്കാദമിക മികവ്, സാമൂഹിക സേവനം എന്നിവയുടെ പ്രതിഫലനമാണെന്ന് പറഞ്ഞു. ദീർഘവീക്ഷണമുള്ള സ്ഥാപകർ, പ്രതിജ്ഞാബദ്ധതയുള്ള അധ്യാപകർ, സമർപ്പിതരായ ഉദ്യോഗസ്ഥർ, കഠിനാധ്വാനികളായ വിദ്യാർത്ഥികൾ, പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ തലമുറകളായുള്ള സംഭാവനകളിലൂടെയാണ് മികച്ച സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീ ബ്രഹ്മപ്പ ദേവേന്ദ്രപ്പ തവനപ്പനവരുടെ ദീർഘവീക്ഷണത്തോടയുള്ള പ്രവർത്തനങ്ങൾക്കും സ്ഥാപനത്തിൻ്റെ അടിത്തറയ്ക്ക് പിന്തുണ നൽകിയ മഹാരാജാവ് ശ്രീ ജയചാമരാജേന്ദ്ര വോഡയാറിനും ഉപരാഷ്ട്രപതി ആദരം അർപ്പിച്ചു. ഇത്തരം സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തോടും രാഷ്ട്രനിർമ്മാണത്തോടുമുള്ള നിരന്തരമായ പ്രതിജ്ഞാബദ്ധതയിലൂടെ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിനയത്തോടും സത്യസന്ധതയോടും കാരുണ്യത്തോടും കൂടി വിജ്ഞാനത്തെ വിനിയോഗിക്കാൻ വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. നൂതനാശയങ്ങളുടെ ധാർമ്മിക വശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, "സാങ്കേതികവിദ്യ മനുഷ്യരാശിയെ സേവിക്കാനുള്ളതായിരിക്കണം" എന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ പുരോഗതി എപ്പോഴും പൊതുനന്മയാലും മാനവിക മൂല്യങ്ങളാലും നയിക്കപ്പെടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകിയ അദ്ദേഹം, ലഹരിമരുന്നുകളോട് "വേണ്ടാ" എന്ന് പറയാൻ വിദ്യാർത്ഥികളോടും സമൂഹത്തോടും ആഹ്വാനം ചെയ്തു. വ്യക്തികൾ സ്വന്തം മനസ്സിനെ എപ്പോഴും നിയന്ത്രണത്തിലാക്കണമെന്നും, ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരിക്കലും ഹാനികരമായ വസ്തുക്കൾക്ക് അനുവാദം നൽകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ഥാപനത്തിൻ്റെ ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, യൂണിവേഴ്സിറ്റി ബി.ഡി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മികവിൻ്റെ കേന്ദ്രമായി മാറുന്നത് തുടരുമെന്നും ഇന്ത്യയുടെ നൂതനാശയങ്ങൾ, സാങ്കേതിക പുരോഗതി, ദേശീയ വികസനം എന്നിവയിലേക്ക് അർത്ഥവത്തായ സംഭാവനകൾ നൽകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെലോട്ട്, ശ്രീ നിർമ്മലാനന്ദനാഥ സ്വാമിജി, കർണാടക മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം. സി. സുധാകർ, പാർലമെൻ്റ് അംഗം ശ്രീ യദുവീർ വാഡിയാർ, പാർലമെൻ്റ് അംഗം ഡോ. പ്രഭ മല്ലികാർജുൻ, കർണാടക മുൻമന്ത്രിയും ജില്ലാ ചുമതലയുള്ള നേതാവുമായ ശ്രീ എസ്. എസ്. മല്ലികാർജുൻ, നിഫ്റ്റം (NIFTEM) ഗവേണിംഗ് ബോർഡ് ചെയർമാൻ ഡോ. ടി. ജി. സീതാറാം, വി.ടി.യു വൈസ് ചാൻസലർ ഡോ. എസ്. വിദ്യാശങ്കർ, മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2266766)
സന്ദര്‍ശക കൗണ്ടര്‍ : 4