രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട്, സൈനികരുടെ വ്യക്തിഗത അനുഭവങ്ങളും സാക്ഷ്യങ്ങളും രേഖപ്പെടുത്തുന്ന പ്രത്യേക പുസ്തകം രാജ്യരക്ഷാ മന്ത്രി പുറത്തിറക്കി.

സൈനിക തന്ത്രത്തെ വിജയത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ആധുനിക യുദ്ധങ്ങളുടെ മാനുഷിക മാനങ്ങളിലേക്ക് ഈ പ്രസിദ്ധീകരണം വെളിച്ചം വീശുന്നതായി ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

പോസ്റ്റഡ് ഓണ്‍: 29 MAY 2026 2:19PM by PIB Thiruvananthpuram
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട്, സൈനികരുടെ വ്യക്തിഗത അനുഭവങ്ങളും സാക്ഷ്യങ്ങളും രേഖപ്പെടുത്തുന്ന പ്രത്യേക പുസ്തകം 2026 മെയ് 29 ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പുറത്തിറക്കി. ദൗത്യത്തിൽ പങ്കെടുത്ത 100 ഓഫീസർമാർ, നാവികസേനാംഗങ്ങൾ, വ്യോമസേനാംഗങ്ങൾ, മറ്റ് സൈനികർ അടക്കമുള്ളവരുടെ വ്യക്തിഗത അനുഭവങ്ങളും സാക്ഷ്യങ്ങളും ഇതിൽ രേഖപ്പെടുത്തുന്നു.ഓപ്പറേഷനിൽ പങ്കാളികളായവരുടെ സമർപ്പണത്തിനും സ്ഥിരോത്സാഹത്തിനും  ഈ പുസ്തകത്തിലൂടെ പ്രണാമമർപ്പിക്കുന്നതായി ഒരു എക്സ് പോസ്റ്റിൽ  രാജ്യരക്ഷാ മന്ത്രി കുറിച്ചു. ഈ പുസ്തകത്തിലൂടെ രാഷ്ട്ര സുരക്ഷയും പരമാധികാരവും കാത്തുസൂക്ഷിക്കാനുള്ള മഹത്തായ ത്യാഗങ്ങൾക്കായി പ്രചോദിതരാകാൻ എല്ലാ പൗരന്മാരും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അഭൂതപൂർവമായ വിജയമെന്നാണ് ഓപ്പറേഷൻ സിന്ദൂറിനെ ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്.കേവലം  നാല് ദിവസത്തിനുള്ളിൽ ഇന്ത്യ പാകിസ്ഥാനെ വെടിനിർത്തൽ ആവശ്യപ്പെടാൻ നിർബന്ധിതരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ മറ്റ് യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ യുദ്ധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധീരരായ സൈനികരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനാൽ ഈ അനുസ്മരണ പുസ്തകം ഒരു ചരിത്ര രേഖയ്ക്ക് ഉപരിയായി പരിഗണയ്ക്കപ്പെടുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക യുദ്ധത്തിന്റെ മാനുഷിക വശവും ഈ പുസ്തകം ഉയർത്തിക്കാട്ടുന്നു. നേതൃത്വം, ധൈര്യം, സമ്മർദ്ദത്തിനിടയിലും ബുദ്ധിപൂർവ്വമായ തീരുമാനമെടുക്കാനുള്ള ശേഷി, സമർപ്പണം എന്നിവ സൈനിക തന്ത്രത്തെ എങ്ങനെ വിജയത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

പരമ്പരാഗതവും ഔദ്യോഗികവുമായ സൈനിക ചരിത്ര പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ പുസ്തകം. സാധാരണയായി, യുദ്ധ വിവരണങ്ങൾ സൈനിക ആസ്ഥാനത്തും ഓപ്പറേഷൻ റൂമുകളിലും കമാൻഡർമാർ എടുക്കുന്ന തീരുമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, തുടർന്ന് അവ ചർച്ച ചെയ്യുകയും വിലയിരുത്തകയും ചെയ്യുന്നു. എന്നാൽ, സാധാരണ സൈനികർക്ക് മാത്രം അനുഭവവേദ്യമാകുന്ന യുദ്ധത്തിന്റെ യഥാർത്ഥ വശങ്ങൾക്ക് പലപ്പോഴും പ്രാധാന്യം നൽകാറില്ല. നിയന്ത്രണ രേഖയിലെ സൈനികൻ ശത്രു ബങ്കറുകളെ ലക്ഷ്യം വയ്ക്കുന്നത്, ശത്രു ഡ്രോണുകളെ തടയുന്ന വ്യോമ പ്രതിരോധ ഓപ്പറേറ്റർ, ആയുധങ്ങൾ വർഷിക്കുന്ന സമയത്ത് കോക്ക്പിറ്റിലുള്ള പൈലറ്റിന്റെ അനുഭവങ്ങൾ, കപ്പൽപ്പടയ്ക്ക് ജാഗ്രത ആവശ്യമായി വരുമ്പോൾ  നാവികർ പ്രവർത്തനത്തിന് സജ്ജമാകുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

യുദ്ധത്തിന്റെ യഥാർത്ഥ അനുഭവങ്ങൾ അതേപടി അവതരിപ്പിക്കാൻ ഈ പുസ്തകം ശ്രമിക്കുന്നു. സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളിൽ നിന്നും, സൈനിക ആസ്ഥാനത്ത് നിന്നും ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിൽ നിന്നുമുള്ള വിവരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യുദ്ധവിമാനങ്ങളുടെ പൈലറ്റുമാർ, ഡ്യൂട്ടിയിലുള്ള നാവിക ഉദ്യോഗസ്ഥർ, മിസൈൽ ക്രൂ അംഗങ്ങൾ, പ്രത്യേക സേനാവിഭാഗത്തിലെ സൈനികർ, ആശയവിനിമയ രംഗത്തെ ജീവനക്കാർ, ലോജിസ്റ്റിക്സ് സംഘങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, സംയുക്ത പ്രതിരോധ വിഭാഗത്തിലെ അംഗങ്ങൾ എന്നിവരുടെ അനുഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ന്യൂഡൽഹിയിൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി, ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ എപി സിംഗ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ (സിഡിഎസ്) മാർഗനിർദേശത്തിലാണ് പുസ്തകം തയ്യാറാക്കിയത്. സായുധ സേനയിൽ നിന്നുള്ള വ്യക്തിപരമായ അനുഭവങ്ങൾ ശേഖരിച്ച് അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ, മീഡിയ ആൻഡ് പബ്ലിക് ഇൻഫർമേഷൻ സെൽ, ഡയറക്ടറേറ്റ് ഓഫ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് എന്നിവ ഈ ഉദ്യമത്തിന് സംഭാവനകൾ  നൽകി. യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള സഹായങ്ങൾ ലഭ്യമാക്കിയത്. 
 
*****

( റിലീസ് ഐ.ഡി: 2266664) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: Bengali , Bengali-TR , English , Urdu , Marathi , हिन्दी , Tamil , Telugu