ആയുഷ്
അന്താരാഷ്ട്ര യോഗ ദിനം 2026: 25 ദിവസത്തെ കൗണ്ട്ഡൗൺ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കാൻ ലോക പൈതൃക കേന്ദ്രമായ ഖജുരാഹോ ഒരുങ്ങി
പോസ്റ്റഡ് ഓണ്‍:
26 MAY 2026 4:33PM by PIB Thiruvananthpuram
2026-ലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായുള്ള 25 ദിവസത്തെ കൗണ്ട്ഡൗൺ ചടങ്ങായ ‘യോഗ മഹോത്സവ്’ നാളെ മധ്യപ്രദേശിലെ ഛത്തർപൂരിലുള്ള പ്രശസ്തമായ ഖജുരാഹോ വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് ടെംപിൾസിൽ നടക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങിന് മുന്നോടിയായി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് ഇന്ന് ഖജുരാഹോയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിനായുള്ള രാജ്യവ്യാപക ഒരുക്കങ്ങളിലെ സുപ്രധാനമായൊരു നാഴികക്കല്ലാണ് ‘യോഗ മഹോത്സവ്–2026’ എന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ കേന്ദ്രമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ കോണുകളിലും യോഗയുടെ സന്ദേശം എത്തിക്കാനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും യോഗയെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കുന്നതിനുമായി ആയുഷ് മന്ത്രാലയം വിപുലമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 100 വിവിധ കേന്ദ്രങ്ങളിലായി, 100 പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് 100 ദിവസത്തെ കൗണ്ട്ഡൗൺ ക്യാമ്പയിൻ മന്ത്രാലയം നടത്തിവരികയാണെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ യോഗ, ഇന്ന് ആഗോളതലത്തിൽ സമഗ്ര ആരോഗ്യ പരിപാലനത്തിനായുള്ള ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുൻകൈ എടുത്തതിനെ തുടർന്ന് 2014-ൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര യോഗ ദിനം അംഗീകരിച്ചതോടെയാണ് യോഗ ആഗോള പ്രസ്‌ഥാനമായി മാറിയത്. ഇതിന് പുറമെ, ‘യോഗ 365 ദിനങ്ങൾ ’ (Yoga 365 Days) എന്ന പദ്ധതിക്ക് കീഴിൽ ആയുഷ് മന്ത്രാലയവും ഹാബിൽഡും (Habuild) മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും സംയുക്തമായി ജൂൺ 21 വരെ നീളുന്ന 100 ദിവസത്തെ സൗജന്യ യോഗ പരിശീലന പ്രചാരണം സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ലക്ഷത്തിലധികം പേർ ഇതിനകം തന്നെ ‘യോഗ മിത്ര’മാരായി ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .
"സമതുലിതവും സമഗ്രവും ആരോഗ്യകരവുമായ ഒരു ജീവിതശൈലിയുടെ പാത ലോകത്തിന് കാണിച്ചുകൊടുത്ത ഇന്ത്യയുടെ പുരാതന ജ്ഞാന പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സമ്മാനമാണ് യോഗ. ജീവിതശൈലീ രോഗങ്ങളും വെല്ലുവിളികളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ശാസ്ത്രീയ അടിത്തറയുള്ള ഉത്തമമായൊരു പരിഹാരമായി യോഗ മാറുകയാണ്. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് ഖജുരാഹോ. ചരിത്രപ്രസിദ്ധമായ ഇത്തരം ഒരു കേന്ദ്രത്തിൽ 25 ദിവസത്തെ യോഗോത്സവം സംഘടിപ്പിക്കുന്നത് ഇന്ത്യൻ പാരമ്പര്യവും ആധുനിക ആരോഗ്യ സങ്കൽപ്പങ്ങളും തമ്മിലുള്ള മനോഹരമായ യോജിപ്പാണ് പ്രതിഫലിപ്പിക്കുന്നത്. യോഗയുടെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും ഇത് ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനും ഈ ഉത്സവം വലിയ പങ്കുവഹിക്കുമെന്ന് എനിക്ക് പൂർണ്ണ ഉറപ്പുണ്ട്"എന്ന് ശ്രീ പ്രതാപ് റാവു ജാദവ് പറഞ്ഞു.
യോഗ മഹോത്സവ്: അന്താരാഷ്ട്ര യോഗ ദിനം 2026-നോടനുബന്ധിച്ചുള്ള 25 ദിവസത്തെ കൗണ്ട്ഡൗൺ
അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായുള്ള 25 ദിവസത്തെ കൗണ്ട്ഡൗൺ ആഘോഷങ്ങൾക്ക് രാജ്യത്ത് ഔദ്യോഗിക തുടക്കമായി. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും യോഗയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന വിപുലമായ ജനസമ്പർക്ക പരിപാടികളുടെ ആദ്യഘട്ടമാണിത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം യോഗാ പ്രദർശനങ്ങൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ, കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.
രാവിലെ 6:00 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗാഭ്യാസികൾ, വിദ്യാർത്ഥികൾ, ഗവൺമെൻറ് ഉദ്യോഗസ്ഥർ, ആരോഗ്യ സംരക്ഷണ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർ ഒത്തുചേർന്ന് കോമൺ യോഗ പ്രോട്ടോക്കോൾ (CYP) അവതരിപ്പിക്കും. ചടങ്ങിന്റെ ഭാഗമായി പങ്കാളികൾക്ക് പോഷകസമൃദ്ധമായ 'ആയുഷ് ഭക്ഷണവും' വിതരണം ചെയ്യും.
ഗംഭീരമായ ക്ഷേത്ര വാസ്തുവിദ്യയ്ക്കും ശാന്തമായ അന്തരീക്ഷത്തിനും ലോകപ്രശസ്തമായ ഖജുരാഹോയാണ് യോഗ മഹോത്സവം 2026-ന് വേദിയാകുന്നത്. ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളും സമഗ്രമായ ആരോഗ്യ സങ്കൽപ്പങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ എടുത്തുയർത്തുന്ന ഈ പരിപാടി 2026 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് (IDY 2026) വലിയ രീതിയിലുള്ള ജനപിന്തുണയും മുന്നേറ്റവും സമ്മാനിക്കും.




****
( റിലീസ് ഐ.ഡി: 2265609)
സന്ദര്‍ശക കൗണ്ടര്‍ : 11